കവിത കവിയെ വരയ്ക്കുമ്പോൾ

കവിത തീണ്ടിയവനെ
ബന്ധിക്കാൻ,
ഒരു തൂവലിഴ മതി.

ഇല ഞരമ്പോളം
തണൽ മതി,
വേനലിനെ ഒതുക്കി
വെച്ചു കൊള്ളും.

ഒരലയടിയാൽ ചേർത്തു വെച്ചത്
ഒരു ഉപ്പു കണത്തിൽ
ഒളിപ്പിച്ചു കളയും.

മലയും പുഴയും
പൂവും മഞ്ഞുമെല്ലാം
അവന്,
കരിങ്കല്ലത്താണികൾ.

അവനെപ്പോഴും
കണ്ണീരിൽ തൂങ്ങി മരിക്കുകയും
പൂമ്പൊടി നുകർന്നുകൊണ്ട്
സുഗന്ധത്തിനൊപ്പം
പരന്നൊഴുകുകയും ചെയ്യും.

കാറ്റിന് കൈകൾ ഉണ്ടെന്നും
സമുദ്രം സ്നേഹമാണെന്നും
വീമ്പു പറയും.

മനസ്സ് തൊട്ടിട്ടുണ്ടെന്നും
അത്,
ആഴങ്ങളൊളിപ്പിച്ചു വെക്കുന്ന
മരീചികയാണെന്നും
സാക്ഷ്യപ്പെടും.

കറുത്ത മറവിയെ
വകഞ്ഞുമാറ്റി
എത്തിനോക്കുന്ന
ഓർമ്മയാണ് നിലാവ് എന്ന്
ശൂന്യതയിൽ കയറിവന്ന്
വിളിച്ചുകൂവും.

എല്ലാത്തിനുമൊടുവിൽ,
ഇയാംപാറ്റയുടെ ചിറകിൽ
തളർന്നുറങ്ങിപ്പോയ
വാക്കുകളെ തേടിയിറങ്ങും.

അവനെപ്പോഴും
നിറയാതെ തന്നെ
ഒഴുകിപ്പരക്കുന്ന
ഒരു
കവിതയായി പരിണമിക്കും.

മലപ്പുറം ജില്ലയിലെ പെരുവള്ളൂർ GHSS ലെ അദ്ധ്യാപികയാണ്. "ഒരേ ഒരു സൂര്യൻ" ആദ്യ കവിതാ സമാഹാരം. ആനുകാലികങ്ങളിലും ഓൺലൈൻ മീഡിയകളിലും സജീവമായി എഴുതുന്നു.