കവിതയുടെ കാല്‍വരി (ലൂയിസ് പിറ്ററിന്)

കവിതയുടെ കാല്‍വരിയിലേക്ക്
സ്വന്തം കുരിശുമെടുത്ത്
വേച്ചു വേച്ച് നടന്നവന്‍.

നിരന്തരം
ചവിട്ടേൽക്കുന്ന പാതയിൽ
അപമാനങ്ങളെ
പച്ചവെള്ളം പോലെ കുടിച്ചു വറ്റിച്ചു.

വിജയം
വിലാപത്തിന്‍റെ
മറുപുറമെന്നവന്‍
പറഞ്ഞുകൊണ്ടേയിരുന്നു.

മനുഷ്യരോടായിരുന്നില്ല
കഠിന വേദന കരളില്‍ത്തന്ന
ദൈവത്തോടായിരുന്നു-
നിന്‍റെ കലഹം;
ദയാരഹിതനായ ദൈവത്തോട്.
മുള്ളും പറക്കാരയും നിറഞ്ഞ
മണ്ണിലേക്കാണ് ഇറങ്ങിപ്പോയതും.

ദൈവം തെരുവിൽ
വിതറിയിട്ട സ്നേഹത്തിന്‍റെ
ധാന്യമണികള്‍ പെറുക്കനാവണം
നീ ലോകത്തോട് കലഹിച്ചത്.

വിഷം തീണ്ടാത്ത
ലോകങ്ങള്‍ക്കു വേണ്ടി
കാളകൂടം മുഴുവന്‍ കുടിച്ചു തീര്‍ത്തവൻ

കല്ലുകളെ
വനമുല്ല ചിരിയാക്കി മാറ്റിയോനേ
പൂക്കളില്‍ രക്തം പടരുന്നത്
നീ എത്രയോ മുമ്പേ അറിഞ്ഞു !

സൗഹൃദങ്ങളുടെ തെരുവിൽ നിന്നും
പ്രിയ സഖീ, എന്നെ മറന്നേക്കൂ
എന്ന് മൊഴിഞ്ഞ്,
നക്ഷത്രങ്ങൾ പൂക്കുന്ന മഹാശാഖിയിലേക്ക്
നടന്നു മറഞ്ഞവൻ.
ഉദയങ്ങളില്ലാതെ അസ്തമയങ്ങൾക്കു മാത്രം
സക്ഷിയായവന്‍.

കണ്ണുകളില്‍
അണയാതെ നില്‍ക്കുന്ന
നിലാവുമായി നീയീ നിശിഥം കടക്കണം.
ചിതയിലേക്ക് മടങ്ങും മുമ്പ്,
നിനക്കൊന്നും ഇവിടെ മറന്നുവെക്കാനില്ല.

കുളിരുന്ന കല്ലറകള്‍
തെരഞ്ഞെടുത്തവനേ,
മൗനാക്ഷരങ്ങൾ കുറിച്ച
കടലാസു പൂക്കള്‍ കൊണ്ട്
നിന്നെ ഞങ്ങള്‍ പുതപ്പിക്കുന്നു.

ഉടഞ്ഞുവീണ ആകാശങ്ങൾക്കു
നടുവില്‍-
നിന്‍റെ ജന്മം
എരിഞ്ഞു നിൽക്കട്ടെ !

2014 ൽ 'മേരീ നീയൊരു നാടൻ പ്രേമം' എന്ന ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.1990 കൾ മുതൽ മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളിലെല്ലാം കവിത പ്രസിദ്ധീകരിച്ചു വരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യം. കവിതക്കുള്ള ആനപ്പുഴ പണ്ഡിറ്റ് കറപ്പൻ അവാർഡ്, കിളിമാനൂർ രമാകാന്തൻ പുരസ്ക്കാരം, കുഴിക്കാട്ടുശ്ശേരി ഗ്രാമിക പുരസ്ക്കാരം, എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങൾ. 'ലെ എന്ന രാജ്യത്ത്'എന്ന നാടകത്തിൻ്റെ രചന നിർവ്വഹിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. ജേർണലിസത്തിൽ ഡിപ്ലോമ. വിവിധ പത്രങ്ങളിൽ പത്രപ്രവർത്തകനായിരുന്നു. നിരവധി സിനിമാ സംബന്ധിയായ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. സാംസ്കാരിക പ്രവർത്തകനും, സഞ്ചാരിയുമാണ്