കല്യാണിമന്ദിരം

“ഹിമഗിരിശൃംഗത്തിലുരുവം കൊണ്ട സ്ഫടികശോഭയാർന്ന മഹാസിംഹാസനം ഉരുകിത്തുടങ്ങി. വേദാന്ത രൂപങ്ങൾ, ഘനപദങ്ങളേറി താഴ്വാരങ്ങൾ ലക്ഷ്യമാക്കി,ഒഴുകി. മഞ്ഞുകൂമ്പാരങ്ങളിൽ പാദമുദ്രകൾ വിടർന്നു.

ആൽമരത്തണലിൽ ആദ്യം ഇരുന്നു, പിന്നെ കിടന്നു തപം ചെയ്തു.

താമരപ്പൂവുകൾ നിറഞ്ഞുപൂത്ത വനസരോവരത്തിനു മീതെ നടന്നു. ഇല മുറിയാതെ പൂനോവാതെ.. വാ പിളർന്നുവന്ന കാളിയനെ ഊന്നുവടിയാക്കി. മരുഭൂവിലെ പാറ പിളർത്തിയൊഴുക്കിയ കുളിരിൽ മുങ്ങി നിവർന്നു.

മുതലകൾ നിറഞ്ഞ പേരാറും പെരിയാറും കടന്നു. മുനമ്പത്ത് ശിരോവസ്ത്രം അഴിച്ചുവച്ചൂ. കടലിലൂടെ നീന്തി. പാറയിലിരുന്നു ധ്യാനിച്ചു. താണു പറന്നുവന്ന ഗരുഡന്റെ ചിറകിലേറി പശ്ചിമ ദിക്കിലേക്കു പറന്നു. “

കലാലയങ്ങളൊന്നും കയറിയിറങ്ങാതെ കരയിലും കടലിലും നീന്തിത്തുടിച്ച് നിധികുംഭങ്ങളുമായി തിരികെയെത്തിയ ജീവൻ കല്യാണിയുടെ ഇന്നലത്തെ സ്വപ്നത്തെ, എന്നത്തേയും പോലെ ഞാൻ ആ ഡിജിറ്റൽ ഡയറിയിൽ പകർത്തി. കണ്ടതോ സ്വപ്നത്തിലുള്ളതോ കാണാനാഗ്രഹിക്കുന്നതോ… അതൊന്നുമറിയില്ല. തിരക്കഥകളെഴുതുക അതാണല്ലൊ എന്റെ പ്രധാന ജോലി. പിന്നെ ചില കൂട്ടിക്കൊടുക്കലുകൾ.

അടുത്ത ആഴ്ച എയറു ചെയ്യാം.. സാമി വ്യാഖ്യാനം ചെയ്യും..

വിയർപ്പു ഗന്ധം, അയഞ്ഞു തൂങ്ങിയ ഖദർ കുപ്പായം, നരച്ച ജീൻസ്, അസമത്വം നിറത്തിലും നീളത്തിലും പ്രതീകവൽക്കരിക്കപ്പെട്ട താടിരോമങ്ങൾക്കിടയിലെ തടിച്ചു മലർന്ന ചുണ്ടുകൾ, പൊകയിലക്കറ പുരണ്ട പല്ലുകൾ… ഇടറുന്ന വാക്കുകൾക്കിടയിലൂടൊഴുകുന്ന കാലഘടികാര നാഴികമുഴക്കങ്ങൾ.. ശരിക്കുള്ള പേരുപോലുമറിയില്ല, ഇവിടെയൊരുത്തനും.

എല്ലാ വാതിലുകളും അടഞ്ഞു കിടന്നിരുന്നു. മുട്ടുവിൻ തുറക്കപ്പെടും… ആരോ എഴുതിവെച്ച കഥ. അല്ല തൊറന്നല്ലൊ.. ജീവൻ കല്യാണിയുടെ കണങ്കാലിലണിഞ്ഞ ചിലങ്ക മണികളിലേക്ക്..

ആ മണികിലുക്കങ്ങൾ പകുത്തെടുത്തു നിശ്ശബ്ദമാക്കാൻ തുനിഞ്ഞിറങ്ങിയ ഒരു താടിവേഷം. നേരിൽ കണ്ടുമുട്ടിയിരുന്നപ്പോഴൊക്കെ അരിഞ്ഞു തള്ളാനുളള വിദ്വേഷം ഉള്ളിൽ പുകഞ്ഞിരുന്നു. എന്നിൽ മാത്രമല്ല, കല്യാണി നക്ഷത്രത്തിനു ചുറ്റും നൃത്ത പ്രദക്ഷിണം ചെയ്യ്തിരുന്ന ഗ്രഹങ്ങളിലൊക്കെയും.

സ്വപ്നങ്ങൾ.. അവറ്റകൾ തന്നെ ഒരു മായയല്ലേ? മായയിൽ മായം കലർത്തൽ. ഒരു പ്രത്യേക തരം ആത്മീയയാത്ര. എല്ലാ പദയാത്രകളുടേയും അന്തിമ ലക്ഷ്യം…വിജയമല്ലേ?…

പത്തു വർഷങ്ങൾക്ക് പുറത്തുള്ള രാഷ്ട്രീയസ്വപ്നം എന്റെയുള്ളിലൊരനുഭൂതിയായി പടർന്നു. ചില ചാനലുകൾ നിരീക്ഷക രൂപം ചാർത്തി പ്രതിഷ്ഠിച്ചു തുടങ്ങിയിരിക്കുന്നു… . പോര.. പോര..!!

“…. നാടകമേയുലകം…
പകർന്നാടുവതേ യോഗം..”

പുകച്ചുരുളുകളിൽ നിറഞ്ഞ സ്വർഗ്ഗീയാനുഭൂതിയായിഅയാളുടെ ഇഴഞ്ഞു നീണ്ട സ്വരതന്തുക്കൾ കല്യാണി മന്ദിരം നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു. നിസ്വാർത്ഥത മുഖമുദ്രയാക്കിയ, ആ വചനോത്സവങ്ങളിൽ ഞാനും അറിയാതെയറിയാതെ വിലയം പ്രാപിച്ചു. ലക്ഷ്യങ്ങൾ അന്നന്നത്തെ അപ്പത്തിലേക്കു ചുരുങ്ങി.

എങ്കിലും സ്വപ്നങ്ങൾ ഉരുട്ടിയുരിട്ടി, ഉച്ചസ്ഥായിലെത്തിച്ച് താഴേക്കിട്ട് ചെതറിച്ച് ആർത്താർത്തു ചിരിച്ചു..

ദ്വൈവാര കാബിനെറ്റിന് ഞാൻ തയ്യാർ..  നിർമ്മാണ പ്രവർത്തനങ്ങളുടെ വരവുചെലവുകണക്കുമായി സാമുവേൽ തയ്യാർ. നിർവ്വികരമുഖഭാവം. ശരിയ്ക്കുമൊരു ശിലാരൂപം.

പകർത്തിയെഴുതാൻ പുത്തൻ സെക്രട്ടറിയും തയ്യാർ.

പതിനഞ്ച് ദിവസം ഔദ്യോഗികം. മൂന്നു ദിവസം വൈയക്തികം. വർഷാന്ത്യം പതിനഞ്ചു ദിവസം.. തീർത്ഥാടനം. അതാണ് ജീവൻ കല്യാണിയുടെ വാർഷിക ഷെഡ്യൂൾ. സാമി മാത്രമേ പൊതുഘടകമായുള്ളു. ഓഫീസിലും, കല്യാണി മന്ദിരത്തിലും, തീർത്ഥാടനങ്ങളിലും.

മർത്യതയിൽ നിന്ന് അമർത്യതയിലേക്ക്.. ബന്ധുരശരീരവടിവുകളുടയാത്തൊരാത്മീയ യാത്രയിലേക്ക്. നിത്യകല്യാണ സൗഗന്ധിക ത്തെരച്ചിലിൽ. കല്യാണി അമ്മ മരിച്ച കാലഘട്ടം മുതലു കൂടെക്കൂട്ടിയതാ..

“ഉറങ്ങാതിരിക്കൂ… ഇരവുകൾ പകലുകളൊരുപോലുരുക്കൂ..” ചുറ്റും പുകനിറയുമ്പോൾ സാമി ഉറക്കെപ്പാടും.. ജീവൻ താളത്തിലൂറിച്ചിരിക്കും.

നാറാണത്ത് ഭ്രാന്തൻ ഉച്ചയ്ക്ക് അറിയാണ്ടുറങ്ങിപ്പോയിരുന്നു പോലും..

‘ഉറങ്ങിപ്പോകട്ടവനുച്ചയ്ക്ക്,
മലയുടെ, ഉച്ചിയിലുരുളൻ
കരിങ്കല്ലുമായിട്ട്…’ എന്നു ദൈവം അയാളെ ശപിച്ചിരുന്നുപോലും..

അല്ലെങ്കിൽ എപ്പൊളേ സ്വർഗ്ഗം നിറഞ്ഞേനെ കല്ലുകൊണ്ട്…

“മെഡിക്കൽ ഗ്യാസിന്റെ ആളു വന്നിട്ടുണ്ട്..”

‘ഇയാളു ഹോസ്പിറ്റല്‍ തൊടങ്ങുവോ?… ആരും പറഞ്ഞു കേട്ടില്ലല്ലോ?’

“വെയിറ്റ് ചെയ്യട്ടെ…” ഫാംഫ്രഷ് മിക്സഡ് ഫ്രൂട്ട് ജ്യൂസ് ആസ്വദിച്ച് നുണഞ്ഞിറക്കുന്നതിനിടയിൽ ജീവൻ മെല്ലെ പറഞ്ഞു.

ജീവന്റെ ജാഗ്രത് ഊതിയൂതി തെളിയിച്ചതിന്റെ നീറ്റൽ സെക്രട്ടറിയുടെ നനുത്ത കൺപോളകളിൽ വിതുമ്പി നിന്നിരുന്നു. അവൾ പുതുതാണ്, മാസാമാസം ആളു മാറിക്കണ്ടേയിരിക്കും..

ഈയിടെയായി തീർത്ഥാടനങ്ങൾ വനയാത്രകളാണ്. അതും സാമിയുടെ പരീക്ഷണം. ഉളിയുടെ മൂർച്ച തൊട്ടു നക്കാത്ത ശിലാ രൂപങ്ങളോടുള്ള പ്രണയങ്ങൾ. അനാഥന്റെ അഭയശിലകൾ. അക്ഷരാർത്ഥത്തില്‍ “സംപൂജ്യർ”.. ഉത്സവങ്ങളുടെയും, അനുഷ്ഠാനങ്ങളുടെയും കാറ്റലോഗുകൾ നഷ്ടപ്പെട്ട അമൂർത്ത ഭാവങ്ങൾ.
… ഓഡിറ്റിംഗെന്നോ ഐ. ടി. റിട്ടേൺസെന്നോ കേട്ടു കേൾവി പോലുമില്ലാത്ത പട്ടിണിപ്പാവങ്ങള്‍…

അവരു ഡിഡക്ഷൻ അറ്റ് സോഴ്സ് ഒന്നുമില്ലാതെ വരങ്ങൾ മുഴുവനായും തരും… ഒറപ്പ്.. ശരിക്കുമൊരു ലോജിക്കൽ കൺസെപ്റ്റ്.

അനാഥത്വം അമർത്യതയിലേക്കുള്ള ചുവടുവെപ്പാണ്. ഒരവകാശവാദത്തിന് എന്തുകൊണ്ടും ഞാൻ യോഗ്യൻ.. ജീവൻ ആണയിട്ടുറപ്പിച്ചു

“ആർകിടെക്ടും, രമേശൻ കോൺട്രാക്ടറും വന്നിട്ടുണ്ട്” സാമുവേൽ നിർവ്വികാരം അറിയിച്ചു..

“ഇരിക്കാൻ പറയൂ, ദാ എത്തി”

“ഗുഡ് മോണിങ് ജന്റിൽമെൻ.. പ്ളീസ്, ഇരിക്കൂ..”

പുതിയ മാൻഷനുള്ളിൽ വേണ്ട ആധുനിക സംവിധാനങ്ങളൊക്കെ പറഞ്ഞുറപ്പിച്ചു. പ്രത്യേകിച്ച് പ്രാർത്ഥന മുറിയുടെ ഒത്ത നടുക്കള്ള ശിലാ പ്രതിഷ്ഠയെക്കുറിച്ചൊരു ധാരണയിലെത്തി.

“കിച്ചൺ മെയിൻ ബിൽഡിംഗിൽ നിന്ന് നൂറു മീറ്ററോളം അകന്നായിരിക്കണം. എല്ലാ എലക്ട്രിക്കൽ എക്വിപ്മെന്റ്സും ഡബ്ളി ഫയർ പ്രൊട്ടക്ടടാവണം”

“അതെന്താ?”

“അത്.. വീടിന്റെ ചുറ്റും, ഉള്ളിലും ഒരു സ്പെഷൽ ഓക്സിജൻ റിച്ച് സോണ് ഉണ്ടാക്കുന്നുണ്ട്..”

“ഓ കേ.!”

“റൈറ്റ്… സീ യൂ സൂൺ… “

‘ഒരു ഐ സി യു ആബുലൻസ് പോരെ.. വീടൊരാശുപത്രിയാക്കണോ?’

“താൻ എത്ര നാളായി, ഫീൽഡില്? എന്താ തന്റെ പേര്? “

“സനൽ കുമാർ… വീട്ടില്‍ ആദ്യമാ ഇങ്ങനെ.. ഒരാവശ്യം..  ടൗണിലെ പലഹോസ്പിറ്റലുകളിലും.. ഞങ്ങളാ.. സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ സെറ്റ് ചെയ്തേക്കുന്നെ.. “

ജീവൻ കല്യാണിയുടെ അനാഥത്വം ഊട്ടിയുറപ്പിച്ച് കല്യാണിയമ്മ ആശുപത്രിയിലെത്തും മുന്നേ മരിച്ചിരുന്നു. അതായിരിക്കും അയാളിൽ പ്രാണവായു പ്രേമം മുളപ്പിച്ചത്. അമർത്യതയ്ക്കൊരു കുറിമാനം അയപ്പിച്ചത്. മരണചിന്തകൾ വിരിയിച്ചത്..

കൽക്കത്ത… ഡാർജിലിംഗ്…. സെവൻസിസ്റ്റേഴ്സ്…..സാമിയുടെ യാത്രാ ഭൂപടത്തിലെ പുകച്ചുരുളുകൾ വഴിമാറുന്നു.

അന്നാണ് രുദ്രാരുദ്രന്മാരുടെ നൃത്തച്ചുവടുകൾ വിരൽത്തുമ്പുകളിലേക്കാവഹിക്കപ്പടുന്ന നാഡീമർമ്മ ചികിത്സയേക്കുറിച്ച്, അത് പാരമ്പര്യമായി കൊണ്ടു നടന്നിരുന്ന മശായിമാരെക്കുറിച്ച്.. ജീവൻ മശായി യേക്കുറിച്ച്.. സാമി ദീർഘപ്രഭാഷണം നടത്തിയത്.

വംഗദേശത്തെവിടെയെങ്കിലും മശായിമാരുടെ ഇളമുറക്കാർ കാണാതെ വരില്ല. കണ്ടുപിടിച്ചേ പറ്റൂ. ജീവനുറപ്പിച്ചു. ഉൾവനങ്ങളിൽ കണ്ടെടുക്കപ്പെട്ടക്കാവുന്ന ശിലാപ്രതിഷ്ഠകകളേക്കാൾ ഗംഗാസ്നാനങ്ങളേക്കാളൊക്കെ ജീവൻ കല്യാണിയേ ഉന്മേഷവാനാക്കിയത് മശായിമാരുടെ നാഡീശാസ്ത്രമാണ്.

പോകണം പോയേ ഒക്കൂ.

അറിയണം… എല്ലാം.. യൗവ്വനം.. വാർദ്ധക്യം… രോഗം ചികിത്സ… . ജയം… തോൽവി.. സർവ്വതും… മരണവും
പുർജ്ജനനവും.. എല്ലാം.

ഡോക്ടർ റോയി ഏബ്രഹാം കള്ളിവയലിലിന്റ മുന്നിൽ ഇരിക്കും മുമ്പ്, അദ്ദേഹത്തിന്റെ മേശമേലിരുന്ന രണ്ട് പുസ്തകങ്ങളുടേയും പുറം ചട്ടകളിലൂടെ എന്റെ ദൃഷ്ടി ചൂഴ്ന്നിറങ്ങി. കാല്പാദങ്ങളിലൊരു തണുപ്പനുഭവ പ്പെട്ടു… കാൽമുട്ടുകൾ വിറച്ചു.

ഒന്നാമത്തെത് ഒരു കേസ് ഷീറ്റ്. ജീവൻ കല്യാണി 48 വയസ്സ്, ആണ്. ഐ. പി. നം. 131/01/21,സൈക്യാട്രി 1.
രണ്ടാമത്തേത്…. അതെന്റെ സ്വപ്ന വിവരങ്ങൾ നിറച്ചു വച്ചിരുന്ന, ജീവന്റെ ഡയറി..

“നിങ്ങൾ ജീവന്റെ ബന്ധുവാണോ?” ഡോക്ടർ ചോദിച്ചു തുടങ്ങി.

“അല്ല”

താളുകളൊന്നൊന്നായി മറിഞ്ഞു..

“ഈ എഴുത്തുകൾ നിങ്ങളുടേതല്ലേ?”

“അതേ”

“ജീവൻ പറഞ്ഞുതന്നെഴുതിച്ചതാണോ?”

‘എന്തു പറയണം,… സത്യം വെളിപ്പെടുത്തിയാൽ ജീവന്റെ പൊതുവിടങ്ങളിലുള്ള ഇമേജ് തകരും.
പറഞ്ഞില്ലെങ്കിലതു ചികിത്സയേ ബാധിക്കുമോ’

ഡോക്ടർ തന്നെ കൺഫ്യൂഷൻ തീർത്തു.

“ഒക്കെ നിങ്ങളെഴുതിയ തിരക്കഥകൾ…. അയാൾ  പറഞ്ഞിരുന്നു. പക്ഷേ ഈ അവസാന പേജുകൾ നോക്കൂ.. ഇതേതായാലും നിങ്ങളെഴുതിയവയല്ല. ആരാണിതെഴുതിയത്? ജീവനോ? സാമിയോ?”

“അവർ അകലെയുള്ള ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. സംസാരിക്കുകയും വാദിക്കുകകയും ചെയ്തു കൊണ്ടു പോകുമ്പോൾ ഞാനും അടുത്തെത്തി അവരോടൊപ്പം യാത്ര ചെയ്തു. എന്നാല്‍ തിരിച്ചറിയാൻ കഴിയാത്ത വിധം അവരുടെ കണ്ണുകൾ മൂടപ്പെട്ടിരുന്നു..

… മരിച്ചവൻ ഉയർപ്പിക്കപ്പെട്ടിരിക്കുന്നു…

മുനമ്പത്ത് നിന്ന് പശ്ചിമഘട്ടവും പീഠഭൂമിയും കടന്നു ഹിമാലയത്തിലേക്ക് ഞങ്ങൾ ഒരുമിച്ച് നടന്നു കയറി”

“ആരെഴുതിയതാകാം?..സാമിയോടു ചോദിച്ചു കൂടെ? “

“അയാൾ മരിച്ചു…. അതാണ് കൊഹിമയിൽ നിന്നുള്ള റിപ്പോർട്ട്. ഉൾക്കാട്ടിൽ, വിഷം പുരട്ടിയ അമ്പുകൊണ്ട്”

“ദൈവമേ”

“പക്ഷേ ജീവന്റെ മനസ്സിൽ അയാളു മരിച്ചിട്ടില്ല. നമുക്കയാളെ വിശ്വസിപ്പിക്കെണ്ടേ? പഴയ ജീവിതം തിരിച്ചു നല്കെണ്ടേ?.. അയാളു പറയുന്നെ, സാമിയെനിക്കുവേണ്ടി പീഢകൾ സഹിച്ചു, മുതുകിൽ കൂരമ്പു കൊണ്ടു പിടഞ്ഞു… ഞാനുണർന്നപ്പോൾ അവന്റെ ശരീരം അവിടെയുണ്ടായിരുന്നില്ല…!!”

എന്നെയും കൂട്ടി അവർ ജീവന്റെ മുറിയിലേക്കു നീങ്ങി.

“ആ…. നീ വന്നോ…  ഇനിയിപ്പം തിരക്കഥകളുണ്ടാക്കേണ്ടകേട്ടോ.. ഞാൻ തിരിച്ചു പോകുവാ… എനിക്ക് വേണ്ടി അമ്പേറ്റവൻ അവിടെ പൂഴിയുണ്ടിഴയുന്നു”

“തിരികെ വരുമോ.. അറിയില്ല.. എങ്കിലും കല്യാണി മന്ദിരത്തില്‍ ഒരുമുറി ഒഴിച്ചിട്ടേക്കൂ.. ജനലുകൾ തുറന്നിടാവുന്നത്..കിടക്കാൻ രണ്ട് ബെഞ്ചുകൾ ഒരുക്കിയേക്കൂ… ”

കോട്ടയം ജില്ലയിലെ അമയന്നൂരിൽ ജനനം. ഇപ്പോള്‍ കോഴിക്കോട് കണ്ണാടിക്കലിൽ താമസം. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ സീനിയർ കണ്‍സൽട്ടന്റ് ഓർത്തോപീഡിക് സർജ്ജനാണ്. ഭാഷ ബുക്സ് 'ആപ്പിൾ 'എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.