കലികാലവ്യാസൻ

ഉപജീവനത്തിനും ഉപരിജീവനത്തിനും ജീവിത പരിണാമത്തിനും പട്ടിണി അത്യന്താപേക്ഷിതമാണെന്ന പ്രാഥമിക തത്വത്തെ മനസ്സിലിട്ട് താലോലിച്ചങ്ങനെ, പാതിമയക്കത്തിൽ വ്യാസകവി ചുരുണ്ടുകൂടിക്കിടന്നു, ഒരു ചൂണ്ടക്കൊളുത്തുപോലെ.

അന്നേരം, ജന്നലഴിയിലൂടെ ഇത്തിരി വെട്ടം എത്തിച്ച് സൂര്യൻ തോണ്ടിവിളിച്ചു. അസ്വസ്ഥനായ കവി കണ്ണുകൾ പാതിതുറന്ന് ആലോചിച്ചു, ഇന്നത്തെ കലാപരിപാടി എന്താണ്?

കലികാലവ്യാസനാണ് കവി. അത്യന്താധുനികമാണ് ശൈലി എന്നതുകൊണ്ട് ഉച്ചാരണശുദ്ധിക്കായി നാക്ക് വടിക്കണ ശീലമില്ലാത്ത ആധുനികൻ. നാരായം ഓൾഡ് ഫാഷൻ ആയിട്ട് നൂറോളം വർഷങ്ങൾ കഴിഞ്ഞൂത്രേ! ഓലയും പേപ്പറും കാണാണ്ടായിട്ട് ദശാബ്ദങ്ങൾ കഴിഞ്ഞു. ഇപ്പോൾ മനസ്സുകൊണ്ട് ചുമ്മാതെ ഓർത്താൽ മതി, അക്ഷരങ്ങൾ ഓൺലൈനിൽ വായിക്കാം. എന്താല്ലേ! ശാസ്ത്രം ജയിക്കും. എങ്കിലും കവികൾ പട്ടിണിയിൽ അഭിരമിക്കട്ടെ. എന്നാലേ സാഹിത്യം വളരൂ. വളർന്നു പന്തലിക്കൂ…

ആലോചനയിൽനിന്നും പതുക്കെ മൂരിനിവർത്തി, കൈനീട്ടി വ്യാസകവി മൊബൈലിന്റെ വാലറ്റം വിരലുകൾകൊണ്ടടർത്തി മാറ്റി, വൈദ്യുതിവിഛേദനം നടത്തിയപ്പോൾ പ്രകാശം ചൊരിഞ്ഞ മൊബൈൽ സ്‌ക്രീനിൽ ഭഗവദ് രൂപം തെളിഞ്ഞു. ഹോ! വ്യാസവിരചിതം മഹാകാവ്യം.

കലികാലവൈഭവം…
കിടന്ന കിടപ്പിൽ കവിതയുടെ വൺ ലൈൻ ടാഗ് എഫ്ബീയിൽ ഇട്ട ശേഷം വ്യാസൻ അമർത്തിച്ചിന്തിച്ചു. പോരാഞ്ഞിട്ട് കുന്തിച്ചിരുന്നും ചിന്തിച്ചു. ചിന്തയുടെ രസത്തിൽ വയറ്റിൽ ആസിഡു കൂടി. അങ്ങനെയാണ് തീറ്റയുടെ ഭ്രാന്തിൽ അഭിരമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്.

ഇന്നത്തെ വിഷയം ‘ഭക്ഷണം അഥവാ ഊർജം’ ആക്കിയാലോന്നൊരു ചിന്ത വ്യാസമനസ്സിൽ കൊള്ളിയാൻ പോലെ മിന്നിമറഞ്ഞു.
ആ ഷോക്കിൽ കവിമാനസം തുടിച്ചു…
ആ… ആഹാ… വികാരത്താൽ ചില സ്വരങ്ങൾ തൊണ്ടപൊട്ടിയൊഴുകി.

വാട്ട്‌സ് ആപ്പിൽ പുതിയ ശ്ലോകം ഒട്ടിക്കണം. വ്യാവസായികാടിസ്ഥാനത്തിലാണ് എഴുത്തും ചർച്ചയും അഭിപ്രായം പറച്ചിലും നടക്കുന്നത്, ഗ്രൂപ്പിൽ. മഹാമാരി വന്നോണ്ട് വണ്ടിക്കാശ് ലാഭം. കവിയരങ്ങ് വീട്ടിലിരുന്നും നടത്താം. ദിവ്യചക്ഷുസ്സ് നെറ്റ് വഴി കിട്ടും.

കവിതാചർച്ച കണ്ടാലോ, മഹാഭാരതയുദ്ധം നടക്കുന്ന മട്ടിലാണ്. വേണമെങ്കിൽ അങ്കത്തട്ടിൽ വാൾപ്പയറ്റും കൂട്ടത്തിൽ പൂഴിക്കടകൻ പ്രയോഗവും ഉണ്ട്. എല്ലാം വാക്കാൽ കരാർ മാത്രം. അതുമതി, അത്രേവയ്ക്കൂ.

അങ്ങനെ, വ്യാസഭഗവാൻ ഗണപതിക്കു കുറിച്ച് വിരലനക്കി. ചിന്ത വിരിഞ്ഞു, കഥയൊഴുകുന്ന മട്ട് കണ്ടാൽ ആകാശഗംഗ പോലും നാണിച്ചുപോകും.

സ്‌ക്രീനിൽ അക്ഷരപ്പൂക്കൾ ചിതറിവീണു. കവിത വിരിഞ്ഞു.

“കനവുകൾ തിന്നത് മധുരംതൊട്ട്,
വെയിലു തിന്നതോ നെല്ലിക്കപോലെ,
നിഴലു തിന്നത് തല്ലിപ്പഴുപ്പിച്ച മാങ്ങ പോലെ,
നിലാവു തിന്നതോ പട്ടിണികിടന്നു സദ്യയുണ്ടതുപോലെ”.

ചുരുക്കത്തിൽ, എഴുത്തിലും ദാരിദ്ര്യം നിറഞ്ഞുവെങ്കിലും പ്രകൃതി ബിംബങ്ങളും കിട്ടാക്കനികളും ധ്വനികളായി. തീറ്റയാണ് പ്രധാനം.

കവിചിന്ത പശതേച്ച് ഒട്ടിച്ചപ്പോൾ കവികല്പനയെ വെള്ളംതൊടാതെ മൊബൈൽ വിഴുങ്ങി. സ്വരാക്ഷരങ്ങൾ തൊണ്ടയറിയാതെയിറങ്ങി. പാതി വെന്ത വ്യഞ്ജനാക്ഷരങ്ങൾ മുരിങ്ങക്കോലുപോലെ ചവച്ചുതുപ്പി.
ചില്ലക്ഷരങ്ങൾ മാറ്റിവച്ചതവസാനം സ്വാദറിഞ്ഞു, തിന്നാൻ. മൊരിഞ്ഞ മീൻമുള്ള് ചവച്ചുതിന്നണതുപോലെ. അല്ലേലും മീൻ തൊട്ടുനക്കി കഞ്ഞിവെള്ളം കുടിക്കാനാണ് പേരുകേട്ട വരേണ്യവർഗ്ഗത്തിലെ വിജിഗീഷുകളായ സാഹിത്യകാരന്മാർ നിർബന്ധിക്കുന്നത്.

കൂട്ടക്ഷരങ്ങൾ കറിവേപ്പിലപോലെയൊന്നു നക്കിമാറ്റി. ഒടുക്കം ബാക്കിയായത് ധ്വനികളും സന്ദേശങ്ങളും എച്ചിലും മാത്രം! മൊബൈൽ സ്ക്രീൻ പോലും സെലക്റ്റീവ് ആണല്ലോ!

കവി വീണ്ടും ചിന്താവിഷ്ടനായ രാമനെപ്പോലെ കുന്തിച്ചിരുന്നു. പുറം ചൊറിഞ്ഞുവരുന്നുണ്ട്. ഭക്ഷണം തന്നെയാണ് ചിന്തയിൽ കുരുപൊട്ടുന്നത്.

ഉച്ചക്കഞ്ഞി കുടിച്ചുവറ്റിച്ചാലടുത്ത ഭാഗം എന്താവും?

ഉച്ചയ്‌ക്ക് തിന്നത് ദഹിച്ചശേഷം നാലുമണി കടിയ്ക്ക് നല്ല കടുംകാപ്പിയ്ക്കൊപ്പം മുളകുവടയാവാം.
രസിച്ചു കേൾക്കാൻ, ‘ന്റമ്മേടെ ജിമ്മിക്കിക്കമ്മൽ’ യൂട്യൂബിലുണ്ട്… അതുമതിയാവും രാത്രിഭക്ഷണം വരെ കിടന്നു മദിക്കാൻ, മദിച്ചുമരിക്കാൻ, പുനർജനിക്കാൻ!

ഇന്നത്തെ ദിവസം കുശാൽ. ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടാൻ പോകുന്ന കൃതിയും ഇതാവും, വ്യാസവിരചിതം ജയം, ധർമ്മം, കാവ്യം!

ഹോ! രോമാഞ്ചംപൂണ്ടു കവി പാതി വാ തുറന്നങ്ങു വിട്ടു, ആത്മവിശ്വാസനിശ്വാസം.

ഈ ചിന്താശകലത്തോടെ പരിണാമഗുപ്തി ഉറപ്പ് വരുത്തി, കവി ഏതോ ഒരു ഗ്രൂപ്പിൽ ചൂടോടെ ‘ഭാരതഗാഥ’ കവിത ഇട്ടു. അതോടെ അന്തരാത്മാവിന്റെ ദാഹവും വിശപ്പും ഒന്നൊതുങ്ങി. ഇനി വയറിന്റെ വിശപ്പുണ്ട്. അതു തീരണേൽ നല്ല സമീകൃതാഹാരം അകത്തോട്ടു ചെല്ലണം.

തല്ക്കാലം കട്ടൻച്ചായ മതി. വേറെ നിവർത്തിയില്ലാതെ വ്യാസൻ വിറകടുപ്പ് കത്തിച്ചു കാപ്പി അനത്താൻ തുടങ്ങി. കട്ടനടിച്ചാൽ ചൂടോടെ വയറ്റീന്നും പോകും.

കവിയുടെ വയറും അടുപ്പും ഒരുപോലെ പുകഞ്ഞു. അടുപ്പിൽനിന്നും പുകച്ചുരുൾ കാവ്യഭംഗിയോടെ ഒഴുകിയിറങ്ങി മേഘങ്ങളായി വ്യാസനരികെ നിന്നു, ‘പ്രണാമം ഗുരോ എന്നും വചിച്ചു’. അതിന്റെ നറുമണം ചിന്തയിലേക്കാഴ്ന്നിറങ്ങി. ഭ്രമമോ മതിഭ്രമമോ?

കൊതിയോടെ വ്യാസൻ അൽപനേരം പുകപടലങ്ങളുടെ ഗതിവിഗതികൾ നോക്കിനിന്നു. മൂക്ക് അറിയാതെ വിടർന്നു. കഞ്ചാവടിച്ചു കിറുങ്ങുന്ന അനുഭൂതിയോടെ പുകവലിച്ചു മൂക്കിൽകേറ്റി അയാൾ. അങ്ങനെ നിന്നപ്പോൾ പുകച്ചുരുൾമുടി വകഞ്ഞുമാറ്റി ഒരു സുന്ദരി വ്യാസന്റെ മുൻപിൽ നാണിച്ചുനിന്നു. ഓളെ കണ്ടാലേ കല്പനകൊതിച്ചുനിൽക്കും. പ്രണയസരോവരത്തിൽ മുനിയുടെ കളിയോടം പൊങ്ങിത്താഴും. തുഴയില്ലാതെ ഒഴുകാം. മഴപെയ്യുമ്പോൾ കുളിരിൽ രതിനിർവേദമുണ്ടാകും.

അവളെ പ്രാപിക്കുവാനുള്ള വ്യഗ്രതയിൽ വ്യാസൻ കഥയും കവിതയും വിശപ്പും മറന്നു. ദാഹം മാത്രം.
കലികാലത്തും വ്യാസൻ അവതരിച്ചത് ഇതിനുവേണ്ടി ആയിരുന്നല്ലോ. ഇല്ലായ്മയിലും വല്ലായ്മയിലും വ്യാസഭാവന വിജ്റുംഭിതമായി. കുരുക്ഷേത്രമൊരുങ്ങി.

പൊക! ശുദ്ധപൊക.

തിളച്ചുതുടങ്ങിയ കട്ടൻ കപ്പിലൊഴിച്ചൂതിയൂതി പതുക്കെ കുടിച്ചുതുടങ്ങി കവി.

അധ്യാപകനായി 30 വർഷമായി ല്സോത്തോയിൽ ജീവിച്ചു. Rhodes University യിൽ നിന്നും maths എഡ്യൂക്കേഷനിൽ 2016 ൽ PhD എടുത്തു. അധ്യാപകവൃത്തിയിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ Seliba Sa Boithuto (Self Learning Center) എന്ന സ്ഥാപനത്തിനു കീഴിൽ, ipips (Durham University) മായി ചേർന്നു പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ പഠന ശേഷിയെ കുറിച്ച് റിസർച്ച് ചെയുന്നു. താമസം Maseru വിൽ. ജനിച്ചതും വളർന്നതും പഠിച്ചതും എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ.