“ചായ…., കാപ്പി …. “
ഉറക്കെ വിളിച്ചു പറയുന്ന ശബ്ദം കേട്ടപ്പോൾ ആണ് പാതിയുറക്കത്തിൽ നിന്ന് സുനിൽ ഉണർന്നത്, ചുറ്റിലും നോക്കി, നേരം വെളുത്തിരിക്കുന്നു. ട്രെയിനിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ ഒരു ചായ വാങ്ങി. വലിയ കുഴപ്പമില്ല, ചായ ഊതി കുടിച്ചുകൊണ്ട് വീണ്ടും ചിന്തകളിലേക്ക് അയാൾ ഊളമിട്ടു.
ഇന്നലെ അർദ്ധരാത്രി 12 :20 നാണ് ചെങ്കൽപ്പെട്ട് സ്റ്റേഷനിൽ നിന്ന് താൻ ഈ ട്രെയിനിൽ കയറിയത്, ഇപ്പോൾ സമയം ആറു മണി കഴിഞ്ഞു, കാരൂർ ജംഗ്ഷനിൽ എത്തിയതേ ഉള്ളൂ, ഇനിയും ഏറെ നേരം യാത്ര ചെയ്യാനുണ്ട്, മൊബൈൽ എടുത്ത് റെയിൽവേ ആപ്പുകളിൽ നോക്കി, ഇനിയും ഇരുപതിലേറെ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്, വൈകുന്നേരം ആകും കണ്ണൂരിലെത്താൻ. ചായകുടിച്ച ഗ്ലാസ് പുറത്തേക്കിട്ട് അയാൾ അല്പസമയം ആ വാതിലിനരികിൽ നിന്നു. സഹയാത്രികരിൽ പലരും പ്രഭാത കൃത്യങ്ങൾ നടത്താനുള്ള തിരക്കിലാണ്,
കാരൂർ ജംഗ്ഷനിൽ നിന്ന് വണ്ടി പുറപ്പെട്ടപ്പോൾ അയാൾ തിരിച്ചു തന്റെ സീറ്റിലേക്ക് വന്നു. അപ്പർ ബർത്ത് ആണ് കുറച്ചു സമയം കൂടി കിടക്കാം എന്ന് കരുതി മുകളിലേക്ക് കയറി. കണ്ണടച്ചു കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല. ഓർമ്മകൾ തിരമാല കണക്കെ അയാളുടെ മനസ്സിനെ പ്രക്ഷുബ്ധമാക്കി. ഇന്ത്യയിലങ്ങോളമിങ്ങോളം പല സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. ചില വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്, പക്ഷെ അതിനേക്കാളൊക്കെ പ്രത്യേകത ഈ യാത്രക്ക് ഉണ്ട്.
ആറാം ക്ലാസ്സിൽ പഠിക്കുന്നകാലം മുതലാണ് വീട്ടിൽ മിക്കപ്പോഴും വരുന്ന കറുപ്പയ്യനെ അയാൾ ശ്രദ്ധിച്ചുതുടങ്ങുന്നത്. പഴയ പത്രങ്ങൾ, പുസ്തകങ്ങൾ, പ്ലാസ്റ്റിക് അലുമിനിയം സാധനങ്ങൾ, അങ്ങിനെ ഉപയോഗശൂന്യമായതൊക്കെ ശേഖരിക്കലാണ് കറുപ്പയ്യൻറെ ജോലി. രണ്ടോ മൂന്നോ മാസങ്ങളിൽ ഒരിക്കൽ അയാൾ സുനിലിന്റെ വീട്ടിലെത്തും.
നല്ല എണ്ണകറുപ്പ് എന്നൊക്കെ പറയുന്ന നിറമാണ് കറുപ്പയ്യന്, വെളുത്ത ഒറ്റ മുണ്ടും ഷർട്ടുമായിരിക്കും മിക്കപ്പോഴും വേഷം, ആക്രി സാധനങ്ങൾ ശേഖരിക്കാൻ വരുന്ന മറ്റുള്ള തമിഴരിൽ നിന്ന് കറുപ്പയ്യനെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം വൃത്തിയുള്ള വേഷം തന്നെയാണ്.
മിക്കവാറും ഉച്ച ഭക്ഷണത്തിന്റെ സമയത്തായിരിക്കും കറുപ്പയ്യന്റെ വരവ്
“ശാപ്പാട് വേണ്ടമ്മ, കൊഞ്ചം തണ്ണി കൊട് ” എന്ന് കറുപ്പയ്യൻ പറഞ്ഞാലും സുനിലിന്റെ അമ്മ ലക്ഷ്മി നിർബന്ധിച്ചു ഭക്ഷണം കൊടുക്കും. അതും വാഴയില മുറിച്ചു, അവർ ഉണ്ടാക്കിയ എല്ലാ കറികളും വിളമ്പി , പപ്പടവും ഒക്കെ ഉള്ള നല്ലൊരു ഊണ്. അയാളുടെ കുടുംബത്തെ കുറിച്ചൊക്കെ വിശദമായി സുനിലിന്റെ അമ്മയോട് പറയാറുണ്ട്.
സുനിലിന്റെ വീട്ടിൽ മാത്രമല്ല ആ നാട്ടിൽമിക്കവർക്കും കറുപ്പയ്യനോട് സ്നേഹമാണ്, ചോദിക്കാതെ ഒരു സാധനം പോലും അയാൾ ഒരു വീട്ടിൽ നിന്നും, പറമ്പിൽ നിന്നും എടുക്കാറില്ല.
സുനിലിന്റെയും ചേട്ടൻ സുധീറിന്റെയും അനുജത്തി സുഗന്ധിയുടെയും നോട്ടു പുസ്തകങ്ങളൊക്കെ വർഷാവസാനം പരീക്ഷാഫലം വന്നു കഴിഞ്ഞാൽ കറുപ്പയ്യന് കൊടുക്കും. കൈയിലുള്ള ത്രാസിൽ വച്ച് തൂക്കി നോക്കി എല്ലാറ്റിനും കൂടി ഒരു ചെറിയ കാശ് അമ്മ ലക്ഷ്മിക്ക് കൊടുക്കും. അമ്മയാകട്ടെ വില പേശാനൊന്നും നിൽക്കാറില്ല.
പത്താം ക്ലാസ് പരീക്ഷയൊക്കെ നല്ല മാർക്കിൽ ജയിച്ചു പ്രീ-ഡിഗ്രി പ്രവേശനത്തിനു അപേക്ഷയൊക്കെ അയച്ചു നിൽക്കുന്ന കാലം. കൂട്ടുകാരോടൊത്തുള്ള കളിയൊക്കെ കഴിഞ്ഞു വിശന്നു ഉച്ചയൂണിന് വീട്ടിൽ വരുമ്പോൾ കറുപ്പയ്യൻ വരാന്തയിലിരുന്നു സംസാരിക്കുന്നു, അമ്മയും സുഗന്ധിയും കേൾവിക്കാരായുണ്ട്.
“അണ്ണാ ശാപ്പാട് കഴിച്ചാ ? ” അവരുടെ സംസാരത്തിനിടയിൽ സുനിൽ ചോദിച്ചു
“കളിച്ചു സുനി കുഞ്ഞേ ” കറുപ്പയ്യൻ തന്റെ മലയാളത്തിൽ പറഞ്ഞു.
“അമ്മേ ചോറ് താ ” എന്ന് ഉറക്കെ പറഞ്ഞു സുനിൽ അകത്തു കയറി
“ദാ വരുന്നു .. കറുപ്പയ്യൻ ഇരിക്ക് അവനു ചോറ് കൊടുത്തിട്ടിപ്പോ വരാം ” ലക്ഷ്മി അതും പറഞ്ഞു അകത്തേക്ക് പോയി
സുനിലിന് ഊണും വിളമ്പി കൊടുത്ത് ലക്ഷ്മി വീണ്ടും വരാന്തയിലേക്ക് വന്നു. അമ്മ ഇത്രയും ധൃതി പിടിച്ചു പുറത്തേക്കു പോകാൻ എന്തായിരിക്കും കാരണം എന്നാലോചിച്ചു തന്റെ പ്ലേറ്റുമായി സുനിലും വരാന്തയിലേക്ക് വന്നു.
കറുപ്പയ്യൻ കാഞ്ചീപുരത്തുള്ള തന്റെ ഭാര്യയെയും മക്കളെയും കുറിച്ചാണ് പറയുന്നതെന്ന് സുനിലിന് മനസ്സിലായി.ഇവിടെ വന്നു പഴയ സാധനങ്ങൾ പെറുക്കി വിറ്റു കിട്ടിയ കാശു മിച്ചം വെച്ച് വീട് പണിതതൊക്കെ മുൻപ് കേട്ടിട്ടുണ്ട്.
അയാളുടെ ഭാര്യക്ക് എന്തോ അസുഖം ഉണ്ടെന്നും അതിനെ പറ്റിയാണ് അമ്മയോട് പറയുന്നതെന്നും സുനിലിന് മനസ്സിലായി, അയാളുടെ കലങ്ങിയ കണ്ണുകൾ നോക്കി എന്താണ് അസുഖം എന്ന് ചോദിക്കാൻ അവന് പറ്റിയില്ല.ഭാര്യയുടെ ചികിത്സയെ പറ്റിയൊക്കെ പറഞ്ഞു കരഞ്ഞു കണ്ണ് തുടച്ചു , അയാൾ പോകാനിറങ്ങി
“ഒരു മിനുട്ട് ” എന്ന് പറഞ്ഞു നിറഞ്ഞ കണ്ണുകളുമായി അമ്മയും അകത്തേക്ക് പോയി
അമ്മയുടെ രണ്ട് സാരിയും സുധീറിന്റെ പഴയ രണ്ടു മൂന്നു പാന്റും ഷർട്ടും അച്ഛന്റെ പഴയമുണ്ടും ഒരു കവറുമായി അമ്മ വന്നു.സാരിയും മുണ്ടും കറുപ്പയ്യന് കൊടുത്തിട്ട് അമ്മ ചോദിച്ചു
“ഈ പാന്റും ഷർട്ടും സെൽവ മണിക്ക് പാകമാകുമോ ? “
“നന്നായിരിക്കും അമ്മാ, ഇവിടത്തെ സുധീറിന്റെ അതെ പ്രായമല്ലേ ..” കറുപ്പയ്യൻ അതും പറഞ്ഞു പാന്റും ഷർട്ടും നിവർത്തി നോക്കി
“പാന്റ് കൊഞ്ചം ചെറുതാക്കേണ്ടി വരും ”
“സെൽവമണിയുടെ റിസൾട്ട് വന്നോ ” ലക്ഷ്മി ചോദിച്ചു
“പരീക്ഷയൊക്കെ നല്ലായിരുക്ക് , അടുത്ത മാസം വരുമെന്നാ പറഞ്ഞത് “
“എല്ലാം നന്നായി വരും, കറുപ്പയ്യൻ സമാധാനത്തോടെ ഇരിക്ക് … ഇത് കുറച്ചു പൈസയാണ് മരഗതത്തിന്റെ ചികിത്സക്ക് ” കൈയിലെ കവർ കറുപ്പയ്യന് നേരെ നീട്ടിക്കൊണ്ട് ലക്ഷ്മി പറഞ്ഞു.
“വേണ്ടമ്മാ .. ഈ കടമെല്ലാം നാൻ എങ്ങിനെ വീട്ടും ” കറുപ്പയ്യൻ പറഞ്ഞു. ഒടുവിൽ ലക്ഷ്മിയുടെ നിർബന്ധത്തിന് വഴങ്ങി കറുപ്പയ്യൻ കാശു വാങ്ങി
ഒരു ചെറിയ ചാക്കുകെട്ട് തലയിലും വലുതൊരെണ്ണം ചുമലിലേറ്റിയും കറുപ്പയ്യൻ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി.
കണ്ണും തുടച്ചു ലക്ഷ്മിയും സുഗന്ധിയും അകത്തേക്ക് കയറുമ്പോൾ സുനിൽ ചോദിച്ചു
“അമ്മയെന്തിനാ അയാൾക്ക് പൈസ കൊടുത്തേ , ഇതൊക്കെ ചിലപ്പോ തട്ടിപ്പായിരിക്കും “
“ദോഷം പറയാതെടാ … അയാളൊരു പാവമാ …. നിനക്കറിയില്ലേ അയാളെ …” അതും പറഞ്ഞു അകത്തുകയറാനിരുന്ന ലക്ഷ്മി പുറത്തിറങ്ങി കസേരയിൽ ഇരുന്നു
കറുപ്പയ്യനെ കുറിച്ച്, അയാളുടെ ഭാര്യ മരഗതത്തെയും അവരുടെ കാൻസർ രോഗത്തെയും കുറിച്ചും ഡിഗ്രി ഫൈനൽ ഇയർ പരീക്ഷ എഴുതി ഫലം കാത്തു നിൽക്കുന്ന സെൽവമണി എന്ന മകനെ കുറിച്ച്, പ്രീ -ഡിഗ്രി കഴിഞ്ഞ മകൻ ശിവമണിയെ കുറിച്ച് പത്താം ക്ലാസ്സിൽ പഠിക്കുന്ന മകൾ മുത്തുമണിയെ കുറിച്ച് ഒക്കെ വാചാലമായി പറഞ്ഞിട്ടാണ് ലക്ഷ്മി സംസാരം നിർത്തിയത്.
അയാളുടെ മക്കൾ പഠിക്കുന്നതൊക്കെ ഇടക്ക് സുനിൽ കേട്ടിരുന്നെങ്കിലും ഡിഗ്രിക്ക് പഠിക്കുന്നത് അറിയില്ലായിരുന്നു. ആക്രിയൊക്കെ പെറുക്കി അയാൾ മക്കളെ പഠിപ്പിക്കുന്നുണ്ടല്ലോ അതോർത്ത് അയാളോട് ഒരു വല്ലാത്ത ബഹുമാനം അവന്റെ മനസിൽ നിറഞ്ഞു .
അന്ന് രാത്രി അത്താഴം കഴിക്കുമ്പോൾ ചർച്ച കറുപ്പയ്യനും കുടുംബവും ആയിരുന്നു.സുനിലിന്റെ അച്ഛനും ചേട്ടൻ സുധീറിനുമൊക്കെ കറുപ്പയ്യനെ വലിയ ഇഷ്ടമായിരുന്നു. മരഗതത്തിന് കാൻസർ ബാധിച്ചത് അവരെ എല്ലാവരെയും വല്ലാതെ സങ്കടപ്പെടുത്തി.
പിന്നീട് കുറെ നാളുകൾ കറുപ്പയ്യൻ ആ നാട്ടിലെത്തിയിരുന്നില്ല.
സുനിലാകട്ടെ പ്രീ-ഡിഗ്രി കഴിഞ്ഞു എൻട്രൻസ് എഴുതി ബിടെക് ഇലക്ട്രോണിക് കോഴ്സ് മൂന്ന് സെമസ്റ്റർ കഴിഞ്ഞു, ചേട്ടൻ സുധീർ അച്ഛന്റെ പാത തന്നെ തിരഞ്ഞെടുത്തു അദ്ധ്യാപകനായി, ആദ്യ ചാൻസിൽ തന്നെ പിഎസ്സി ലിസ്റ്റിൽ വന്നു കണ്ണൂർ ജില്ലയിൽ തന്നെ നിയമനവും കിട്ടി.
സുനിൽ അവധിക്ക് നാട്ടിലെത്തിയപ്പോൾ ആയിരുന്നു വീട്ടിൽ പെയിന്റിംഗ് ജോലികൾ നടന്നത്, മൂന്നു പേരുടെയും കുറെ പുസ്തക കെട്ടുകൾ തട്ടിന് മുകളിൽ ഉണ്ടായിരുന്നു, അതൊക്കെ മാറ്റുമ്പോൾ ലക്ഷ്മി പറഞ്ഞു ..
“കറുപ്പയ്യൻ വരുമെന്ന് കരുതിയാണ് മറ്റാർക്കും വിൽക്കാതെ വെച്ചത്. ഇനി ആരെങ്കിലും വന്നാൽ കൊടുക്കണം “
സുനിലിന്റെ മനസ്സിൽ വീണ്ടും കറുപ്പയ്യന്റെ മുഖം തെളിഞ്ഞു
“എന്ത് പറ്റിയതാവും , ഭാര്യയുടെ അസുഖം കൂടിയത് കൊണ്ടാണോ ? അതോ അയാൾക്ക് വല്ല അസുഖവും വന്നോ ? സെൽവമണിയും ശിവമണിയും പഠിച്ചു ജോലി നേടിയിട്ടുണ്ടാകുമോ ?
മുത്തുമണിയുടെ കല്യാണം കഴിഞ്ഞിട്ടുണ്ടാകുമോ ? “
ഒരുപാട് ചോദ്യങ്ങൾ അവന്റെ മനസ്സിൽ നിറഞ്ഞു, അമ്മയോട് പറഞ്ഞപ്പോൾ ഇതേ ഉൽകണ്ഠ തന്നെയാണ് അവർക്കും
പിന്നെയും ദിവസങ്ങൾ കടന്നു പോയി, രണ്ടു ദിവസം കൂടി കഴിഞ്ഞാൽ വീണ്ടും ഹോസ്റ്റലും കോളേജ്ഉം
ആ രാത്രിയിലും അവന്റെ മനസ്സിൽ കറുപ്പയ്യന്റെ മുഖം തെളിഞ്ഞു വന്നു
അടുത്ത ദിവസം രാവിലെ വായനശാലയിൽ ഒക്കെ പോയി തിരിച്ചു വന്നതിന് ശേഷം ബാഗൊക്കെ റെഡി ആക്കി വെച്ചു. ഊണും കഴിഞ്ഞു ടിവിയിൽ സിനിമയും കണ്ടു സോഫയിൽ കിടന്നതായിരുന്നു, പക്ഷെ ഉറങ്ങിപ്പോയി .
“അമ്മാ .. ലക്ഷ്മി അമ്മാ .. സുഗന്ധി കൊച്ചേ … ഇങ്കെയാരുമില്ലേ ? “
കറുപ്പയ്യന്റെ ശബ്ദം …. ! ലക്ഷ്മിയും സുനിലും വരാന്തയിലെത്തി …
വരാന്തയിലെ തൂണും ചാരി കറുപ്പയ്യൻ ഇരുന്നു.
“എവിടെ ആയിരുന്നു ഇതുവരെ ? മരഗതത്തിന് സുഖം തന്നെ അല്ലേ ? ” ലക്ഷ്മി ചോദിച്ചു.
“അവള് പോയി അമ്മാ ..” വിതുമ്പി കൊണ്ടാണ് കറുപ്പയ്യൻ പറഞ്ഞത്.
കാഞ്ചീപുരത്തെ കാരപ്പേട്ടയിൽ ഉള്ള അണ്ണാ മെമ്മോറിയൽ ക്യാൻസർ ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ, പക്ഷെ രക്ഷപ്പെടുത്താനായില്ല. മരഗതം അനുഭവിച്ച വേദനകൾ അയാളുടെ ഓരോ വാക്കുകളിലും വായിച്ചെടുക്കാം.
അയാൾ അമ്മയോട് കുറച്ചു വെള്ളം ചോദിച്ചു, അമ്മ വെള്ളം കൊടുത്തു. വീണ്ടും കുറെ സംസാരിച്ചു, സെൽവമണി ബി എഡ് കഴിഞ്ഞു, ഇപ്പൊ ട്യൂഷൻ എടുക്കുന്നുണ്ട്, മരഗതത്തെ നോക്കാൻ കൂടെ നിന്നതോടെ ശിവമണിയുടെ പഠിപ്പ് നിർത്തി, ഇപ്പൊ സിമെന്റ് കട്ടയുണ്ടാക്കുന്ന ഒരു കമ്പിനിയിൽ പണിയെടുക്കുന്നു. മുത്തുമണിയെ പഠിപ്പിക്കണം എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് ശിവമണിക്ക് ..
ഒരു നെടുവീർപ്പിന് ശേഷം അയാൾ എഴുന്നേറ്റു, അമ്മ നിർബന്ധിച്ചിട്ടും ഊണ് വേണ്ട എന്ന് പറഞ്ഞു.
ഒരു ദിവസം മരഗതത്തെയും മുത്തുമണിയേയും കൂട്ടി വന്നു അമ്മയുടെ ശാപ്പാട് കഴിക്കണം എന്നൊക്കെ അയാൾ മുൻപ് പറഞ്ഞിരുന്നു. അതൊക്കെ അയാളുടെ മനസ്സിൽ വന്നത് കൊണ്ടാകാം കഴിക്കാതെ പോകുന്നത്.
ലക്ഷ്മിയും മക്കളും തരിച്ചിരുന്നു, ഒരുപാട് പുസ്തകങ്ങളും പഴയ കസേരയുമൊക്കെ കറുപ്പയ്യന് കൊടുക്കാനായി വെച്ചതായിരുന്നു, ഒന്നും കൊടുത്തില്ല, അയാളുടെ സങ്കടങ്ങൾക്ക് മുൻപിൽ എല്ലാം മറന്നുപോയി.
കാലം പിന്നെയും കടന്നു പോയി ….
സുനിൽ ഫൈനൽ സെമെസ്റ്ററിന് പഠിക്കുന്ന സമയത്തായിരുന്നു അമ്മാവന്റെ മകൾ സ്മിതയുടെ കല്യാണം
അച്ഛനും അമ്മയും സുധീറും സുനിലും സുഗന്ധിയുമെല്ലാം തലേ ദിവസം തൊട്ടേ കല്യാണ വീട്ടിൽ ആയിരുന്നു
കല്യാണം കഴിഞ്ഞു വൈകുന്നേരം നാലരയോടെ ആണ് അവർ വീട്ടിലെത്തിയത്, ഗേറ്റ് തുറന്നു കിടക്കുന്നു , വണ്ടി മുറ്റത്തേക്കെടുക്കുമ്പോൾ സുധീർ പറഞ്ഞു ..” ഗേറ്റ് അടക്കാൻ മറന്നതായിരിക്കും “
കാറിൽ നിന്നിറങ്ങി താക്കോലെടുത്ത് വീട് തുറക്കാൻ നോക്കിയത് അച്ഛൻ ആയിരുന്നു
മുൻവശത്തെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ …
“അയ്യോ പൂട്ടു പൊളിച്ചു കള്ളൻ അകത്തു കയറി എന്നാ തോന്നുന്നത് ” സുനിലിന്റെ അച്ഛൻ പറഞ്ഞു
അപ്പോഴേക്കും ലക്ഷ്മി നിലവിളി തുടങ്ങി
സുധീറും സുനിലും സുഗന്ധിയും എല്ലായിടത്തും നോക്കി. താഴത്തേയും മുകളിലത്തെയും ബെഡ് റൂമുകളിലെ ഷെൽഫുകൾ എല്ലാം തുറന്നു കിടക്കുന്നു, തുണികൾ എല്ലാം വാരി വലിച്ചിട്ടിട്ടുണ്ട് , സുനിലിന്റെ അച്ഛന്റെ ബാഗ് അവരുടെ മുറിയിൽ നിലത്തു കിടക്കുന്നു, അതിൽ ഉള്ള 15000 രൂപ കാണാനില്ല ..
ലക്ഷ്മിയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിക്കൂടി. സുനിലിന്റെ അച്ഛൻ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു, ആകെ ബഹളമയം
സുനിലിന്റെ സുഹൃത്തുക്കളും വിവരമറിഞ്ഞു അവിടെ എത്തിയിരുന്നു
തെക്കേ വീട്ടിലെ ശ്രീകുമാർ സുനിലിനെ വിളിച്ചു മാറ്റി നിർത്തി എന്തോ പറയുന്നു …
സുധീർ ചോദിച്ചു , “എന്താ ശ്രീകുമാറെ വല്ല വിവരവും ഉണ്ടോ ?” മറുപടി പറഞ്ഞത് സുനിൽ ആയിരുന്നു
“കറുപ്പയ്യൻ ഇവിടെ നിന്ന് ഇറങ്ങിപോകുന്നത് ശ്രീകുമാർ കണ്ടിരുന്നു “
ഒരു നിമിഷത്തെ നിശബ്ദത . ലക്ഷ്മിയും സുധീറും ഒരു മിച്ചു പറഞ്ഞു ..
“അയാൾ കാക്കാനൊന്നും നിൽക്കില്ല , അതും ഇവിടെ നിന്ന് ” അതെ അവിടെ കൂടിയ ആർക്കും വിശ്വാസം വരുന്നില്ല
സുനിൽ ഒന്നുകൂടെ ശ്രീകുമാറോട് ചോദിച്ചു, അയാൾ ഇറങ്ങിപോകുന്നത് താൻ കണ്ടതാണെന്ന് ശ്രീകുമാർ തറപ്പിച്ചു പറഞ്ഞു.
“ചിലപ്പോൾ അയാൾ കവലയിൽ ഉണ്ടാകും , അവിടം വരെ പോയി നോക്കാം ” ശ്രീകുമാർ സുനിലിനോട് പറഞ്ഞു
സുനിലും ശ്രീകുമാറും സുധീറും മറ്റു ചിലരുമൊക്കെ കവലയിലേക്ക് നടന്നു
താൻ അന്ന് ശേഖരിച്ച സാധനങ്ങളൊക്ക മൂന്നു ചാക്കിലാക്കി കെട്ടിവെച്ചു രവിയേട്ടന്റെ ചായക്കടയിൽ ഇരുന്നു ചായകുടിക്കുകയാണ് കറുപ്പയ്യൻ
കറുപ്പയ്യനെ തേടി പോയവർ ചായക്കടയിലേക്ക് കയറി “അല്ല എന്താ ഇത് എല്ലാവരും കൂടെ , വല്ല പ്രശ്നവും ഉണ്ടോ ? ” രവിയേട്ടൻ ചോദിച്ചു.
മറുപടി ആരും പറഞ്ഞില്ല. അതിനു മുൻപ് തന്നെ സുനിലിന്റെ അടി കറുപ്പയ്യന്റെ മുഖത്ത് വീണിരുന്നു
“എന്തിനാ കുഞ്ഞേ എന്നെ അടിക്കുന്നേ ..” എന്ന് പറഞ്ഞു കറുപ്പയ്യൻ എഴുന്നേൽക്കുമ്പോഴേക്കും അടുത്ത അടി. അയാളുടെ കൈയിൽ നിന്ന് ഗ്ലാസ് നിലത്തു വീണു പൊട്ടിച്ചിതറി, ചൂട് ചായ അയാളുടെ കാലിലുമായി
“അടിക്കല്ലേ …അടിക്കല്ലേ … ” എന്ന് അയാൾ നിലവിളിക്കുന്നുണ്ടായിരുന്നു.
“ഫാ തെണ്ടി പരദേശി നായെ, നിനക്ക് ചോറ് തരുന്ന ഞങ്ങളുടെ വീട്ടിൽ തന്നെ നീ കക്കാൻ കയറി, അല്ലേട ”
എന്ന് പറഞ്ഞായിരുന്നു അടുത്ത അടി. സുധീർ പിടിച്ചു വെക്കാൻ ശ്രമിക്കുമ്പോഴേക്കും ശ്രീകുമാറിന്റെ അടി കറുപ്പയ്യന്റെ പുറത്തു വീണിരുന്നു
അടികൊണ്ട് കറുപ്പയ്യൻ നിലത്തു വീണു
“ഞാനൊന്നും കട്ടിട്ടില്ല ” എന്ന് അയാൾ പറയുന്നുണ്ടായിരുന്നു.അപ്പോഴേക്കും ശ്രീകുമാർ അയാളുടെ ദേഹ പരിശോധന തുടങ്ങിയിരുന്നു
ട്രൗസറിന്റെ പോക്കറ്റിൽ നിന്ന് കുറച്ചു രൂപയും കിട്ടി
അപ്പോഴേക്കും അവിടെ ആളുകൾ കൂടി തുടങ്ങി, കളവ് കേസാണ് എന്നറിഞ്ഞു അവിടെയെത്തിയ മറ്റുപലരും കറുപ്പയ്യനെ കൈകാര്യം ചെയ്തു. ഒടുവിൽ പോലീസ് എത്തി, അപ്പോഴേക്കും അയാൾ അവശനായിരുന്നു.
അയാളുടെ കൈയിൽ നിന്ന് കിട്ടിയ കാശ് സുനിലിന് കൊടുത്ത് പോലീസ് അയാളെയും കൊണ്ട് സ്റ്റേഷനിലേക്ക് പോയി ..
പിന്നെ ചെമ്പകശ്ശേരി ഗ്രാമക്കാർ കറുപ്പയ്യനെ കണ്ടിട്ടില്ല
സുനിലിന്റെ അച്ഛനും അമ്മക്കും ചേട്ടൻ സുധീറിനും സുഗന്ധിക്കും കറുപ്പയ്യൻ കളവ് നടത്തി എന്നത് അവിശ്വസനീയമായിരുന്നു, സുനിലാകട്ടെ അമ്മയെ വഴക്ക് പറയുന്ന തിരക്കിലും.
“ഓരോ നുണകഥകളുമായി എത്തുന്ന ഇത്തരം ആൾക്കാരെ ഇനിയും വിളിച്ചു സദ്യ കൊടുക്കൂ …” എന്നൊക്കെ സുനിൽ ലക്ഷ്മിയോട് പറയുന്നുണ്ടായിരുന്നു.
നല്ല വിശപ്പ് തോന്നിയപ്പോഴാണ് സുനിൽ അപ്പർ ബർത്തിൽ നിന്ന് താഴെ ഇറങ്ങിയത്
ഈറോഡും തിരുപ്പൂരും ഒക്കെ പിന്നിട്ട് ട്രെയിൻ കോയമ്പത്തൂർ എത്താറായി. സമയം 10 മണി ആയെങ്കിലും പ്രഥമമിക കൃത്യങ്ങൾ ഒന്നും നടത്തിയിരുന്നില്ല. ബാഗിൽ നിന്ന് ബ്രഷും പേസ്റ്റും എടുത്ത് ടോയ്ലെറ്റ് ലക്ഷ്യമാക്കി അയാൾ നടന്നു.പല്ലുതേപ്പിനിടയിലും കറുപ്പയ്യൻ തന്നെ ആയിരുന്നു അയാളുടെ മനസ്സിൽ
അധികം താമസിയാതെ ട്രെയിൻ കോയമ്പത്തൂർ എത്തി, നല്ല വിശപ്പുണ്ടായിരുന്നുവെങ്കിലും പ്രാതൽ ഒരു ചായയിലും വടയിലും ഒതുക്കി. അർദ്ധരാത്രി ട്രെയിനിൽ കയറിയത് കൊണ്ട് സഹയാത്രികരെ ഒന്നും അയാൾ ശ്രദ്ധിച്ചിരുന്നില്ല. അപ്പർ ബർത്തിലേക്ക് കയറാതെ ഒഴിഞ്ഞു കിടന്ന സീറ്റിൽ അയാൾ ഇരുന്നു, അപ്പോഴാണ് അവിടെ ഉള്ള മറ്റുള്ളവരുടെ സംഭാഷണങ്ങൾ അയാൾ ശ്രദ്ധിച്ചു തുടങ്ങിയത്. ചെന്നൈയിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്ന ഒരു ഫാമിലിയാണ് മറ്റുള്ള അഞ്ചുപേരും. അതിലെ പ്രായമുള്ള അമ്മൂമ്മയാണ് സുനിലിനോട് സംസാരിച്ചു തുടങ്ങിയത്..
“മോനെവിടെയാ പോകേണ്ടത് ? ” അവർ ചോദിച്ചു
“കണ്ണൂർ ” സുനിൽ മറുപടി പറഞ്ഞു
“ഞാള് തലശ്ശേരിയിലാണ് , എന്റെ മോനും ഭാര്യയും മക്കളുമാണ് ” അവർ പറഞ്ഞു
പിന്നെ കുറെ നേരം അവരോടും മകനോടും ഭാര്യയോടും ഒക്കെ സുനിൽ സംസാരിച്ചു. അവരുടെമകൻ ബാലകൃഷ്ണന് ചെന്നൈയിൽ ആണ് ജോലി എന്നും മക്കളൊക്കെ ചെന്നൈയിൽ തന്നെ ആണ് പഠിക്കുന്നത് എന്നൊക്കെ അവർ പറഞ്ഞു.
“സുനിൽ എവിടെ നിന്നാണ് വരുന്നത് ? എന്താണ് ജോലി ? ” ബാലകൃഷ്ണൻ ചോദിച്ചു.
“ജോലി ചെയ്യുന്നത് പൂനെയിൽ ആണ്, ഇപ്പോൾ വരുന്നത് കാഞ്ചീപുരത്തു നിന്നാണ്, ചെങ്കൽപ്പെട്ടു നിന്നാണ് ട്രെയിനിൽ കയറിയത്, സുഹൃത്തിനെ കാണാൻ പോയതാണ് ” സുനിൽ പറഞ്ഞു. അവരുടെ സംസാരം പലവിഷയങ്ങൾ ആയി അങ്ങിനെ നീണ്ടു
അപ്പോഴേക്കും ട്രെയിൻ പോത്തന്നൂരും പാലക്കാടും ഒറ്റപാലവും ഒക്കെ പിന്നിട്ട് ഷൊർണൂരിൽ എത്തിയിരുന്നു. ട്രെയിനിൽ നിന്നിറങ്ങി ഒരു കുപ്പി വെള്ളവും വാങ്ങി സുനിൽ വന്നു
ട്രയിൻ ഷൊർണൂരിൽ നിന്ന് പുറപെട്ടപ്പോൾ സുനിൽ ” കുറച്ചു സമയം കിടക്കട്ടെ ” എന്ന് പറഞ്ഞു വീണ്ടും അപ്പർ ബർത്തിലേക്ക് കയറി
കുറച്ചു വെള്ളം കുടിച്ചതിന് ശേഷം അയാൾ കിടന്നു. ഓർമ്മകൾ ഒരു തിരശീലയിൽ എന്ന പോലെ അയാളുടെ മനസ്സിൽ തെളിഞ്ഞു കൊണ്ടേയിരുന്നു.
കറുപ്പയ്യനെ പിടിക്കൂടി പോലീസിൽ ഏൽപ്പിച്ചു വർഷങ്ങൾ കഴിഞ്ഞു…
സുനിൽ എഞ്ചിനീയറിംഗ് കഴിഞ്ഞു പുണെയിലെ ഒരു ഐടി കമ്പനിയിൽ ജോലി നേടി …
അഞ്ചോ ആറോ മാസം കൂടുമ്പോൾ നാട്ടിൽ വരും. നാട്ടിലെത്തിയാൽ പതിവ് പോലെ സുഹൃത്തുക്കളുടെ ഒപ്പംതന്നെ. ഇത്തവണ എത്തിയപ്പോൾ പ്രദീപനും രാഹുലും അലക്സും ഒക്കെ ഉണ്ട് , ശ്രീകുമാറിനെ വിളിച്ചിട്ടൊന്നും കിട്ടുന്നില്ല സുനിൽ സുഹൃത്തുക്കളോട് ശ്രീകുമാറിനെപറ്റി ചോദിച്ചു.
പ്രദീപനാണ് പറഞ്ഞത് ……
“നിന്നോട് നാട്ടിലെത്തിയാൽ പറയാമെന്നു കരുതി ആണ് നീ വിളിച്ചപ്പോൾ പറയാതിരുന്നത്…… അവന് ഒരു ചുറ്റിക്കളിയൊക്കെ ഉണ്ടായിരുന്നു…. അത് കൈയ്യോടെ പിടിച്ചു “
“നീ കാര്യം തെളിച്ചു പറ പ്രദീപാ ” സുനിൽ കാര്യം അറിയാനുള്ള വ്യഗ്രതയോടെ പറഞ്ഞു
“അതെ , നമ്മുടെ പുതിയ വീട്ടിലെ ദിനേശേട്ടന്റെ ഭാര്യ രമണി ചേച്ചിയുമായി എന്തൊക്കെയോ ഇടപാട്
ദിനേശേട്ടൻ കൈയ്യോടെ പൊക്കി “
“കുറെ നാളായി അവൻ ഫോണും സ്വിച്ച് ഓഫ് ചെയ്ത് വീട്ടിൽ ഇരിപ്പാണ് ” അലക്സ് കൂട്ടിച്ചേർത്തു
“ഛെ .. ആകെ പ്രശ്നമായല്ലോ ? ” സുനിൽ എല്ലാവരെയും നോക്കി
“ഈ ബന്ധം കുറെ വർഷങ്ങളായി എന്നാണ് ആളുകൾ പറയുന്നത് ” പ്രദീപൻ സുനിലിനോടായി പറഞ്ഞു
“ഇനിയിപ്പോ എന്ത് പറഞ്ഞിട്ടും കാര്യമില്ല, പറ്റാനുള്ളത് പറ്റി, മറുനാട്ടിലെവിടെയെങ്കിലും ഒരു ജോലി കിട്ടിയാൽ അവന് ഇവിടത്തെ സാഹചര്യത്തിൽ നിന്ന് മാറിനിൽക്കായിരുന്നു ” രാഹുൽ തന്റെ അഭിപ്രായം സുഹൃത്തുക്കളുടെ മുന്നിൽ വച്ചു.
രമണിച്ചേച്ചി പിള്ളേരെയും കൂട്ടി സ്വന്തം വീട്ടിൽ പോയതൊക്കെ കേട്ടപ്പോൾ സുനിലിന് ദേഷ്യവും സങ്കടവും ഒക്കെ വന്നു .അന്നത്തെ ദിവസം അവരുടെ സംസാര വിഷയം ശ്രീകുമാറും രമണിച്ചേച്ചിയും തന്നെ ആയിരുന്നു.
വീട്ടിലെത്തി ഉറങ്ങാൻ കിടന്നപ്പോഴും ശ്രീകുമാറിനെ കുറിച്ചാണ് സുനിൽ ആലോചിച്ചത്.
അടുത്ത ദിവസം രാവിലെ കവലയിലേക്ക് പോകുമ്പോൾ ശ്രീകുമാറിന്റെ വീടിനടുത്തുകൂടെ ആണ് സുനിൽ പോയത്. സുനിലിനെ കണ്ടതും ശ്രീകുമാർ മുറ്റത്തും നിന്നും അകത്തേക്ക് കയറി സുനിൽ പിന്നാലെ ചെന്ന് വിളിച്ചപ്പോൾ പുറത്തിറങ്ങി.
രണ്ടുപേരും മുറ്റത്തെ മൂലയിലുള്ള മാവിൻ ചുവട്ടിലേക്ക് മാറി നിന്ന് കുറെ നേരം സംസാരിച്ചു.
ശ്രീകുമാറിന്റെ തൊണ്ട ഇതറിത്തുടങ്ങി
“എടാ സുനി, നീ എന്നോട് ക്ഷമിക്കണം , ഞാൻ നിന്നോടും ഒരു തെറ്റ് ചെയ്തു , മാപ്പാക്കണം “
“ഒക്കെ വിട് , നീ പുറത്തെവിടെയെങ്കിലും ഒരു ജോലി നോക്ക് .. ” സുനിൽ പറഞ്ഞു.
“എടാ , അതല്ല , ഇതെനിക്ക് നിന്നോട് പറഞ്ഞെ പറ്റൂ …”
എന്താണെന്നറിയാനുള്ള ജിജ്ഞാസ സുനിലിനും ആയി. ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം ശ്രീകുമാർ തുടർന്നു …
“അന്ന് നിന്റെ വീട്ടിൽ കള്ളൻ കയറിയത് ഓർക്കുന്നുണ്ടോ ? നമ്മൾ രവിയേട്ടന്റെ ചായക്കടയിൽ നിന്ന് കറുപ്പയ്യനെ പിടികൂടിയത് ? “
“ആ .. അത് ” സുനിൽ ചോദിച്ചു
“അത് കറുപ്പയ്യൻ അല്ല .. അത് … ഞാൻ എല്ലാം പറയാം ..”
അന്ന് നിന്റെ അമ്മാവന്റെ വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങി ഞാൻ പോയത് രമണി ചേച്ചിയുടെ അടുത്തേക്കായിരുന്നു. കാണാൻ പറ്റാത്ത സാഹചര്യത്തിൽ ഞങ്ങളെ കറുപ്പയ്യൻ കണ്ടു. ആരോടെങ്കിലും പറഞ്ഞാലോ എന്ന് കരുതി ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ആണ് നിന്റെ അമ്മയുടെ നിലവിളി കേട്ട് അങ്ങോട്ടേക്ക് വന്നത്. കറുപ്പയ്യനെ ഒഴിവാക്കാൻ ആ അവസരം ഞാൻ മുതലെടുത്തു … കറുപ്പയ്യൻ നിന്റെ വീട്ടിൽ നിന്ന് വരുന്നതൊന്നും ഞാൻ കണ്ടിരുന്നില്ല … കറുപ്പയ്യൻ അല്ല കള്ളൻ മറ്റാരോ ആണ്
എന്നോട് ക്ഷമിക്കെടാ … “
പൊട്ടിക്കരഞ്ഞു കൊണ്ട് ശ്രീകുമാർ പറഞ്ഞു.
“നീ എന്തൊരു മനുഷ്യനാണെടാ, ആ പാവത്തെ കള്ളനെന്നു മുദ്ര കുത്തി, നാട്ടിൽ നിന്ന് തല്ലി ഓടിച്ചില്ലേ ? “
സുനിലിന് അമർഷം അടക്കിവെക്കാൻ കഴിഞ്ഞില്ല
“എന്നോട് ക്ഷമിക്കെടാ … പറ്റിപ്പോയി ” എന്നൊക്കെ ശ്രീകുമാർ ആവർത്തിക്കുന്നുണ്ട് . പക്ഷെ ഒന്നും പറയാതെ ശ്രീകുമാറിന്റെ മുറ്റത്തു നിന്ന് സുനിൽ ഇറങ്ങി. കവലയിലേക്ക് പോകാതെ അസ്വാസ്ഥമായ മനസ്സുമായി നേരെ വീട്ടിലേക്ക് നടന്നു.
കറുപ്പയ്യനെ കുറിച്ച് അമ്മയോട് ചോദിക്കണം, പക്ഷെ എന്ത് പറയും, ഇതൊന്നും വീട്ടിൽ പറയാൻ പറ്റില്ല.
അങ്ങിനെ പലവിധ ചിന്തകളുമായി സുനിൽ വീട്ടിലെത്തി. അടുക്കളയിൽ ചുറ്റിപറ്റി നിന്ന് അമ്മയോട് ഒരു കാപ്പി വെക്കാൻ പറഞ്ഞു.
“എന്തേ പതിവില്ലാതെ ഈ സമയത്തൊരു കാപ്പികുടി ” കാപ്പിവെക്കാനായി പാത്രം സ്ററൗവിൽ വെച്ച് കൊണ്ട് ലക്ഷ്മി ചോദിച്ചു.
“ഏയ് ഒന്നുമില്ല ” അലസമായ ഒരുമറുപടി
“അമ്മേ , ആ കറുപ്പയ്യൻ പിന്നെ ഇവിടെ വന്നിരുന്നോ ? ” സുനിൽ ചോദിച്ചു
“ഇവിടെ എന്നല്ല , ഈ നാട്ടിൽ പിന്നെ അവൻ വന്നിട്ടില്ല എങ്ങിനെ വരും, ചോറ് കൊടുത്ത കൈക്ക് തന്നെ അല്ലെ അവൻ കടിച്ചത് കുറ്റബോധം ഉണ്ടാകും , പോയി തുലയട്ടെ ..” ലക്ഷ്മി ദേഷ്യത്തിൽ പറഞ്ഞു നിർത്തി.
തന്റെയും കുടുംബത്തിന്റെയും സ്നേഹത്തിന് അയാൾ തിരിച്ചു തന്നത് ചതി ആയിരുന്നു , എന്നത് അവരെ ഇപ്പോഴും അലട്ടാറുണ്ട്.
എന്നിട്ടും സുനിൽ അയാളുടെ പഴയ കാര്യങ്ങൾ അമ്മയോട് ചോദിച്ചു. അങ്ങിനെ കാഞ്ചീപുരത്തെ ഏകദേശ സ്ഥലം അമ്മയിൽ നിന്ന് സുനിൽ മനസ്സിലാക്കി.
കാപ്പി കുടി കഴിഞ്ഞപ്പോഴേക്കും സുനിൽ ഒരു തീരുമാനത്തിൽ എത്തി.കാഞ്ചീപുരത്ത് പോകണം, കറുപ്പയ്യനെ കാണണം, മാപ്പ് ചോദിക്കണം.
ആ തീരുമാനം ആണ് ആ യാത്ര. സുനിൽ കണ്ണൂരിൽ നിന്ന് ചെന്നൈയിലേക്ക് വണ്ടി കയറിയതും ചെങ്കൽപ്പെട്ട് സ്റ്റേഷനിൽ ഇറങ്ങിയതും അവിടെ നിന്ന് 36 കിലോമീറ്റര് അകലെ ഉള്ള കാഞ്ചീപുരത്തേക്ക് പോയതും. കാഞ്ചീപുരത്തു നിന്ന് തിരിച്ചു നാട്ടിലേക്ക് വരികയാണ് സുനിൽ
മൂന്ന് മണി ആയപ്പോഴേക്കും ട്രെയിൻ കോഴിക്കോട് എത്തി, ബാലകൃഷ്ണൻ സുനിലിനെ തട്ടി വിളിച്ചു
“സമയം മൂന്ന് മണിയായി ഊണ് കഴിച്ചില്ലലോ ? ”
“ഓ മൂന്ന് മണിയായോ ? ” സുനിൽ എഴുന്നേറ്റു ” നിങ്ങൾ കഴിച്ചോ “
“ഞങ്ങൾ നേരത്തെ കഴിച്ചു , ഉറക്കത്തിലാണെങ്കിൽ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി വിളിക്കാതിരുന്നതാ ” ബാലകൃഷ്ണൻ പറഞ്ഞു.
“യാത്രാക്ഷീണം കാരണം മയങ്ങിപ്പോയി ” അതും പറഞ്ഞു സുനിൽ ട്രെയിനിന് പുറത്തിറങ്ങി
ഒരു ചായ, ഒരു വട, ഒരു എഗ്ഗ് പഫ്സ് വിശപ്പിന് താൽകാലിക ശമനമായി
ട്രെയിൻ കോഴിക്കോട് നിന്നും പുറപ്പെട്ടു, ഒന്നര മണിക്കൂർ കൂടി ഉണ്ട് കണ്ണൂരിലേക്ക് ബാലകൃഷ്ണനും കുടുംബവും തലശ്ശേരിയിൽ ഇറങ്ങുന്നത് വരെ അവരുമായി സംസാരിച്ചിരുന്നു.
നാലരയോടെ ട്രെയിൻ കണ്ണൂരിലെത്തി അവിടെ ഇറങ്ങി ചെമ്പകശ്ശേരിയിലേക്ക് ഒരു ഓട്ടോയിൽ കയറി
സുനിലിന്റെ മനസ്സിൽ കാഞ്ചീപുരത്തെ യാത്രാനുഭവങ്ങളും കറുപ്പയ്യനും അയാളുടെ കുടുംബവും തന്നെ ആയിരുന്നു.
വീട്ടിലെത്തി കുളി കഴിഞ്ഞു ഭക്ഷണവും കഴിച്ചു സോഫയിലിരുന്നു. ആകെ അസ്വസ്ഥനാണ്, ഇരുപ്പുറക്കുന്നില്ല…. അയാൾ മുകളിലെ റൂമിലേക്ക് പോയി കുറച്ചു സമയം കിടന്നു
കറുപ്പയ്യനെ തേടി കാഞ്ചീപുരത്തു ഒരുപാട് അലയേണ്ടി വന്നു, ഒടുവിൽ അയാളുടെ മകൻ ശിവമണിയെ കണ്ടു മുട്ടി.
അപ്പനെ അന്വേഷിച്ചു കേരളത്തിൽ നിന്നൊരാൾ വന്നതിൽ അയാൾക്ക് അത്ഭുതമായി
“ഉങ്കളെ പേരെന്നാ “
“സുനിൽ “
“ഊര് ?”
“കണ്ണൂർ , ചെമ്പകശ്ശേരി “
“ചെമ്പകശ്ശേരിയാ .. അങ്കെ നിറയെ ഫ്രണ്ട്സ് ഇരിക്കെന്ന് അപ്പ പറഞ്ഞിരുന്നു “
“ഉം .. കറുപ്പയ്യൻ വീട്ടിലാണോ ഉള്ളത് ? “
അതിന് മറുപടി ഒന്നും പറയാതെ ശിവമണി തന്റെ ടിവിഎസ് നു പുറകിൽ കയറാൻ പറഞ്ഞു
കാഞ്ചീപുരത്തെ ഗ്രാമ വഴികളിലൂടെ ഒരു കൊച്ചു വീടിനു മുൻപിൽ ശിവമണി വണ്ടി നിർത്തി.
അയാൾ സുനിലിനെ വീട്ടിലേക്ക് ക്ഷണിച്ചു .. ” തമ്പി ഉള്ളെ വാ “
ഒരു പ്ലാസ്റ്റിക് കസേര നീക്കി വെച്ച് പറഞ്ഞു . ” ഉക്കാരുങ്കാ “
സുനിൽ അവിടെ ഇരുന്നു
അപ്പോഴാണ് അയാൾ ചുവരിലെ ഫോട്ടോ ശ്രദ്ധിച്ചത്, കറുപ്പയ്യന്റെ ഫോട്ടോ, എണ്ണകറുപ്പ് ആ മുഖത്തിന് ഇപ്പോഴും ഉണ്ട് . ഒരു ചെറിയ ബൾബ് അവിടെ കത്തിക്കൊണ്ടിരിക്കുന്നു. കറുപ്പയ്യന്റെ പ്രാണനാണ് ആ തെളിഞ്ഞു നിൽക്കുന്നത് എന്ന് സുനിലിന് ഒരുവേള തോന്നി
“അപ്പന് എന്താ പറ്റിയത് ? ” സുനിൽ ചോദിച്ചു
” അവര് ഇരന്തുവിട്ടാർ “
ഒരു വർഷവും രണ്ടു മാസവും മുൻപാണ് കറുപ്പയ്യൻ മരിച്ചു പോയത്, ഒരു പനി വന്നതായിരുന്നു, ആശുപത്രിയിൽ പോയെങ്കിലും രക്ഷപ്പെട്ടില്ല.
“മുത്തു മണി, ഒരു ടി വേണം, കേരളവിൽ നിന്ന്അപ്പയുടെ നൻപൻ വന്തിറിക്ക് “
ഇരുനിറമുള്ള ഒരു യുവതി പുറത്തേക്ക് വന്നു.സുനിലിനെയും ശിവമണിയേയും നോക്കി
സുനിൽ കറുപ്പയ്യൻ തന്റെ വീട്ടിൽ വരാറുള്ള കാര്യവും തന്റെ കുടുംബവുമായുള്ള അടുപ്പവും എല്ലാം അവരോട് പറഞ്ഞു. ചിരപരിചിതരെ പോലെ ആണ് തന്റെ വീട്ടുകാർ അവർക്കെന്നു സുനിലിന് മനസ്സിലായി
കറുപ്പയ്യൻ ഒരൊരാളെ കുറിച്ചും കൃത്യമായ ചിത്രം നൽകിയിട്ടുണ്ട്.
അവര് നൽകിയ ചായ കുടിച്ചു സുനിൽ സെൽവമണിയെ കുറിച്ച് ചോദിച്ചു.സെൽവമണി അവിടെ ഒരു സർക്കാർ സ്കൂളിൽ അദ്ധ്യാപകനാണ്, നാട്ടുകാർക്ക് പ്രിയങ്കരനാണ് എന്നൊക്കെ ശിവമണിയുടെയും മുത്തുമണിയുടെയും സംസാരത്തിൽ നിന്ന് മനസ്സിലാക്കി.
ആക്രി സാധനങ്ങൾ പെറുക്കി നടന്ന കറുപ്പയ്യന്റെ ഒരു സ്വപ്നം സഫലമായതിൽ സുനിലിനും സന്തോഷമായി. മുത്തുമണി നേഴ്സ് ആണെന്നും കാഞ്ചീപുരത്തു ഉള്ള ഒരു ഹോസ്പിറ്റലിൽ ആണ് ജോലി എന്നും ശിവമണി സുനിലിനോട് പറഞ്ഞു.
എല്ലാ ഇല്ലായ്മകളോടും പ്രതിബന്ധങ്ങളോടും പൊരുതിയ കറുപ്പയ്യനോട് അയാൾക്ക് വലിയ ബഹുമാനം തോന്നി.
വൈകുന്നേരം ഏതാണ്ട് ആറു മണി ആകുമ്പോഴേക്കും സെൽവമണിയും എത്തി.
തന്റെ മാപ്പു കേൾക്കാൻ നിൽക്കാതെ കറുപ്പയ്യൻ പോയി, അവിടെ നിന്ന് ഇറങ്ങുന്നതിനു മുൻപ് തൻ വന്ന കാര്യം കറുപ്പയ്യന്റെ മക്കളോട് പറയണം, സുനിൽ ഉറപ്പിച്ചു.
തല്ലു കിട്ടിയാലും സാരമില്ല, പറഞ്ഞിട്ടേ ഇറങ്ങു എന്ന് തീരുമാനിച്ചു.
അത്താഴം കഴിച്ചിട്ടേ പോകാൻ പറ്റൂ എന്ന് കറുപ്പയ്യന്റെ മൂന്നു മക്കളും ഒരേ സ്വരത്തിൽ ആണ് പറഞ്ഞത്.
അത്താഴം കഴിക്കുന്നതിന് മുൻപ് കാര്യം പറയണം സുനിൽ കരുതി.
കറുപ്പയ്യന്റെയും മരഗതത്തിൻേറയും ഫോട്ടോ നോക്കി നിന്ന സുനിലിന്റെ ചുമലിൽ കൈവെച്ചു സെൽവമണി പറഞ്ഞു
“ഇപ്പോഴെങ്കിലും സുനിൽ വന്നല്ലോ, അപ്പാക്ക് സന്തോഷമായിട്ടുണ്ടാകും ” സുനിലിന്റെ കണ്ണ് നിറഞ്ഞു, അന്ന് കറുപ്പയ്യനെ കള്ളനെന്നു പറഞ്ഞു തല്ലിയതും പോലീസിൽ ഏൽപ്പിച്ചതും ഒക്കെ സുനിൽ വിശദമായി തന്നെ അവരോട് പറഞ്ഞു.
എല്ലാം കേട്ടപ്പോൾ മുത്തുമണി കരച്ചിലോട് കരച്ചിൽ . ശിവമണി സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് , പക്ഷെ മുത്തുമണി കരച്ചിൽ നിർത്തുന്നില്ല.
“എന്നോട് ക്ഷമിക്കണം, പറ്റിപ്പോയതാ, സുഹൃത്തിന്റെ വാക്ക് വിശ്വസിച്ചു പോയി … മാപ്പ് ” സുനിലും കരഞ്ഞുകൊണ്ട് തന്നെ ആണ് പറഞ്ഞു തീർത്തത്.
ശിവമണി സുനിലിന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.
“അപ്പൻ അന്നേ പറഞ്ഞിരുന്നു, നിങ്ങൾക്ക് തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചതാകാം… അല്ലെങ്കിൽ ഒരിക്കലും അങ്ങിനെ ചെയ്യില്ല , അപ്പനെ അടിക്കില്ല…. നിങ്ങൾ ഒരു ദിവസം മാപ്പു ചോദിച്ചു അപ്പനെ കാണാൻ വരും , ലക്ഷ്മി അക്കയുടെ മോനാണ് അവൻ , തീർച്ചയായും വരും “
“അപ്പന്റെ കൈയിൽ നിന്ന് കിട്ടിയ കാശ്, അപ്പൻ സാധനങ്ങൾ കൊടുക്കുന്ന കടയിൽ നിന്ന് കൊടുക്കാനുള്ളതും പിന്നെ കുറച്ചു അവിടെ നിന്ന് കടമായി വാങ്ങിയതുമായിരുന്നു ” സെൽവമണി കൂട്ടിച്ചേർത്തു.
അതുകൂടി കേട്ടപ്പോൾ സുനിലിനും കരച്ചിലടക്കാൻ കഴിഞ്ഞില്ല. എന്നാലും താൻ മാപ്പുപറയാൻ എത്തുമെന്ന് മക്കളോട് കറുപ്പയ്യൻ പറഞ്ഞിരുന്നു എന്നത് സുനിലിന് വിശ്വസിക്കാനേ കഴിഞ്ഞില്ല .ശ്രീകുമാർ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതും ശ്രീകുമാറും രമണിച്ചേച്ചിയും തമ്മിലുള്ള ബന്ധവും എല്ലാം സുനിൽ അവരോട് പറഞ്ഞു.
ഒരു പെരും മഴ പെയ്തൊഴിഞ്ഞ പ്രതീതി ആയിരുന്നു ആ വീട്ടിലും സുനിലിന്റെ മനസ്സിലും …
നിറഞ്ഞ സന്തോഷത്തോടെ ആണ് കറുപ്പയ്യന്റെ മക്കൾ അത്താഴവും തന്ന് സുനിലിനെ യാത്രയാക്കിയത്.
വീണ്ടും വരുമെന്നും കാണുമെന്നും ഉറപ്പ് പറഞ്ഞാണ് സുനിൽ അവിടെ നിന്നറങ്ങിയത്, ആ രാത്രിയിലാണ് ചെങ്കപ്പെട്ട് സ്റ്റേഷനിൽ നിന്ന് നാട്ടിലേക്ക് അയാൾ ട്രെയിൻ കയറിയത്.
സുനിലിന്റെ മനസ്സിൽ മൂടിക്കെട്ടിയ കാർമേഘം കാഞ്ചീപുരത്തെ കൊച്ചു വീട്ടിൽ പെയ്തിറങ്ങിയിരുന്നു
അയാളുടെ മനസ്സിൽ മുത്തുമണിയുടെ ചിരിക്കുന്ന മുഖമാണ് തെളിഞ്ഞു വന്നത്
“മുത്തുമണിക്ക് തന്നെ ഇഷ്ടമാകുമോ ? “
അടുത്ത കാഞ്ചീപുരം യാത്രയെ കുറിച്ചാലോചിച്ചാണ് ആ രാത്രി അയാൾ ഉറക്കത്തിലേക്ക് വഴുതി വീണത്.