കമീനോ സാൻറ്റിയാഗോ – 3

പുറപ്പാട്

“ആൻഡ് നൗ, ദി ഏൻഡ് ഈസ് നിയർ, ആൻഡ് സൊ ഐ ഫേസ്, ദാറ്റ് ഫൈനലിൽ കർട്ടൻ”.
എ ഐ സാങ്കേതിക വിദ്യ മനുഷ്യനെ ഏറെ അടുത്തറിയാൻ തുടങ്ങിയിരിക്കുന്നു. അതല്ലെങ്കിൽ പണ്ടൊരുകാലത്ത് കേട്ടുമറന്ന ഫ്രാങ്ക് സിനാട്രയുടെ “മൈ വേ” ഇപ്പോൾ ഈ അവസരത്തിൽ സൗണ്ട് ക്‌ളൗഡ്‌ എനിക്കായി എന്തിനു പാടിതരണം.?

നാളെ ലീവ് തുടങ്ങുന്നതിനു മുൻപുള്ള അവസാന ജോലി ദിവസമാണ്. രാവിലെ ജോലിക്കുപോകുന്നു, ഉച്ചക്കുശേഷം 4 മണിയോടെ ജോലി അവസാനിപ്പിച്ച് നേരെ ലിസ്ബൺ കത്തീട്രലിലേക്ക് പോകണം. അവിടെനിന്നും കമീനോ പാസ്പോർട്ട് കൈപറ്റി അതിൽ ആദ്യ സീൽ പതിച്ചുവാങ്ങി നടത്തമാരംഭിക്കണം. കമീനോ നടക്കുന്ന പിൽഗ്രിമുകൾക്കായി ഒരു കമീനോ പാസ്പോർട്ട് ലഭ്യമാണ്. പേരും വിലാസവും ബ്ലഡ് ഗ്രൂപ്പും എമെർജൻസി നമ്പറും യാത്ര തുടങ്ങിയ തിയതിയും സ്ഥലവും അടങ്ങുന്ന ഒരു ഫ്രണ്ട് പേജും 5 – 6 കാലി പേജുകളും അടങ്ങിയ ഒരു നീളൻ കടലാസിനെ അങ്ങോട്ടും ഇങ്ങോട്ടും മടക്കി മടക്കി ഒരു കൊച്ചു പാസ്പോർട്ട് പുസ്തക രൂപത്തിലാക്കിയതിനെയാണ് കമീനോ പാസ്പോർട്ട് എന്ന് വിളിക്കുന്നത്.

കാലി പേജുകളിൽ കമീനോ ദിവസത്തിൽ പിൽഗ്രിം നിർബന്ധമായും 2 സീലുകളെങ്കിലും പതിപ്പിച്ചിരിക്കണം എന്നാണ് നിയമം. അതായത് ഒരു പിൽഗ്രിം നടന്നുനീങ്ങുന്നതിനിടയിൽ കാണുന്ന പള്ളിയിൽനിന്നോ, ടൂറിസ്റ്റ് ഇൻഫർമേഷൻ സെൻറർകളിൽ നിന്നോ, താമസിക്കുന്ന ആൽബർഗുകളിൽ നിന്നോ, ഭക്ഷണം കഴിക്കുന്ന റെസ്റ്റോറണ്ട്കളിൽ നിന്നോ ഈ പാസ്പോർട്ട് കാണിച്ച് അതിൽ അവരുടെ സീൽ പതിപ്പിക്കണം. കമീനോയിൽ (റൂട്ട്/ വഴി) എല്ലാ സ്ഥാപനത്തിലും ഒന്നുകിൽ ഒരു മൂലയിൽ സീലും മഷിയും പിൽഗ്രമുകൾക്കായി വച്ചിരിക്കും. അല്ലാത്തപക്ഷം ചോദിച്ചാൽ സൗജന്യമായി അവർതന്നെ പതിച്ചുതരും. ഇപ്രകാരം കമീനോ തുടങ്ങിയ ദിവസം മുതൽ അവസാനിക്കുന്ന ദിവസംവരെ ഓരോ ദിവസവും കുറഞ്ഞത് 2 സീലുകൾ വാങ്ങുന്നതുവഴി പിന്നീട് പിൽഗ്രമുകൾക്കും യാത്ര അവസാനിക്കുമ്പോൾ സാൻറ്റിയാഗോ കോംപോസ്റ്റല്ല പള്ളിയിലെ അധികൃതർക്കും പിൽഗ്രിം കടന്നുവന്ന ഗ്രാമങ്ങളും പട്ടണങ്ങളും ഒപ്പം ദിവസങ്ങളും കൃത്യമായി മനസിലാകും. അഥവാ വഴിയിൽ പിൽഗ്രമിന് ആരോഗ്യപരമായോ മറ്റോ എന്തെങ്കിലും പ്രയാസം നേരിടേണ്ടിവന്നാൽ ആളുകൾക്ക് ഈ പാസ്പോർട്ട് ഉപയോഗിച്ച് ആളെ തിരിച്ചറിയാനും സാധിക്കും. മാത്രമല്ല കമീനോ കഴിഞ്ഞാലും പിൽഗ്രിമുകൾക്ക് ഈ പാസ്പോർട്ട് ഒരു സുവനീർ ആയി സൂക്ഷിക്കാം.

പതിവിലും നേരത്തെ എഴുന്നേറ്റു, വ്യായാമവും ദിനചര്യകളും നടത്തി ജോലിക്കുപോവാൻ ഇറങ്ങി. വീട്ടിൽ നിന്നും 2 കിലോമീറ്റർ അകലെയാണ് ജോലിചെയ്യുന്ന സ്ഥാപനം. കുറച്ചുമാസങ്ങളായി നടക്കാൻ ലഭിക്കുന്ന ഒരവസരവും ഉപയോഗിക്കാതിരിക്കില്ല. ജോലിക്കുപോകുന്നതും വരുന്നതുമെല്ലാം നടന്നുതന്നെ. ഇന്നും നടന്നുതന്നെയാണ് പോകുന്നത്. സാധാരണയായി എല്ലാ നേരത്തെ ഭക്ഷണവും ഞാൻ തന്നെയാണ് പാകംചെയ്യാറുള്ളത്. പക്ഷെ ഈ ഇടയായി ഏറ്റവും ചെലവ് ചുരുക്കി പുറത്തുനിന്നും ഒരു പരിശീലനം എന്നരീതിയിൽ കഴിക്കാൻ ആരംഭിച്ചു. പരമാവധി അസംസ്‌കൃത ഭക്ഷണങ്ങൾ ആണ് ഇപ്പോൾ കഴിക്കുന്നത്. പഴങ്ങളും പച്ചക്കു കഴിക്കാവുന്ന പച്ചക്കറികളും ധാന്യങ്ങളും ധാന്യങ്ങളുടെ പാലും വീഗൻ ബ്രെഡ് തുടങ്ങി സൂപ്പർമാർക്കെറ്റിൽനിന്നും വാങ്ങി നേരെ കഴിക്കാൻ സാധിക്കുന്നവ ആവർത്തനചക്രത്തിൽ പെടാതെ മാറ്റി മാറ്റി കഴിക്കുന്നു.

ബ്രേക്ക് ഫാസ്റ്റ് കഴിച്ച് അൽപ്പം നേരത്തെതന്നെ ജോലിസ്ഥലത്ത് എത്തി. രാവിലെ ജോലി ആരംഭിക്കുന്നതിനുമുൻപ് ഒപ്പം ജോലിചെയ്യുന്നവരുടെ അടുക്കൽ ചെന്ന് അവരെ ഒന്ന് സ്പർശിച്ച് ശുഭദിനം നേരുന്ന പതിവുണ്ട് എനിക്ക്. പക്ഷെ ഇന്ന് ഓരോരുത്തരും എന്നെ അവരുടെ അടുക്കൽ ഏറെനേരം പിടിച്ചുനിർത്തി സംസാരിക്കുന്നു. അവർ എന്നോളം ഒരുപക്ഷെ എന്നേക്കാൾ ആകാംക്ഷഭരിതരാണ്. ഒരുപാടുപേർ അവരുടെയും അവരുടെ സുഹൃത്തുക്കളുടെയും കുടുംബത്തിൻറെയുമെല്ലാം ആഗ്രഹങ്ങൾ എഴുതിയ കത്തുകൾ ഇന്ന് എനിക്ക് കൈമാറി.

ഞാൻ ഇപ്പോൾ വെറുമൊരു പിൽഗ്രിം മാത്രമല്ല, ഞാൻ ഒരു ദൂതൻ ആണ്, ഞാൻ ഒരു പ്രതിനിധി കൂടിയാണ്. എൻ്റെ ഈ യാത്രയെപ്പറ്റി അറിയുന്നവരുടെ, അവരാൽ ഇങ്ങനെയൊരു യാത്ര ചെയ്യാൻ സാധിക്കാത്തവരുടെ, കമീനോ നടക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ, ഒരു വീഗൻ കമീനോ നടന്നാൽ അയാൾക്ക് ആ യാത്ര മുഴുവിപ്പിക്കാനാകുമോ എന്ന് സംശയിക്കുന്നവരുടെ, എന്നെ അറിയാവുന്ന ലിസ്ബണിലെ വീഗൻ കമ്മ്യൂണിറ്റിയുടെ അങ്ങനെ ഒരുപാട് മനുഷ്യരുടെ ഒരു പ്രതിനിധി.

ചിന്തകളുടെ കമീനോ എൻ്റെ ഇന്നത്തെ ജോലിദിവസം ഏറെ വേഗത്തിൽ പായിച്ചു.

സമയമായി. ഞാൻ മാസങ്ങളായി, വർഷങ്ങളായി കാത്തിരുന്ന എന്നിലേക്കുള്ള കേന്ദ്രീകരണത്തിൻ്റെ കുറച്ചു നാളുകളിലേക്ക് കയറാൻ നേരമായി. ജോലിയവസാനിപ്പിച്ച് വർക്ക് സ്റ്റേഷൻ വൃത്തിയാക്കി ഞാൻ പതിയെ നടന്നു. ഒപ്പം ജോലിചെയ്യുന്നവരെ ഓരോരുത്തരെയായി കണ്ടു യാത്രപറഞ്ഞു. എല്ലാവരും ഒരിക്കൽക്കൂടി ആശംസകൾ നേർന്നു ആലിംഗനം ചെയ്തു, ചിലർ എന്നെ ചുംബിച്ചു, മറ്റുചിലർ ഒരു അനിയനോടെന്നപോലെ തോളിൽത്തട്ടി ആത്മവിശ്വാസമേകി. പതിയെ നടന്നുനീങ്ങി പുറത്തോട്ടുള്ള വാതിലിൽ എത്തിയ ഞാൻ, ഒരുനിമിഷം തിരിഞ്ഞുനോക്കി. ദിവസവും കാണുന്ന ഒരു കൂട്ടം മനുഷ്യരും നൂറുകണക്കിന് ബൈസൈക്കിളുകളും എന്നെനോക്കി യാത്രപറയുന്നു. ഞാൻ ഏറെ വികാരഭരിതനായി എൻ്റെ ഐ ഡി കാർഡ് സ്കാൻ ചെയ്ത് ഉറക്കെ പറഞ്ഞു.

“അത്തെ ജാ.. ബെജിനോസ്.” (വൈകാതെ വീണ്ടും കാണുംവരെക്കും, ഉമ്മകൾ )

ലിസ്ബൺ മുനിസിപ്പാലിറ്റിയുടെ മൊബിലിറ്റി വിഭാഗത്തിൽ രൂപീകൃതമായിട്ടുള്ള ഒരു പബ്ലിക് സ്ഥാപനത്തിലാണ് ഞാൻ ജോലിചെയ്യുന്നത്. നഗരങ്ങളിൽ മലിനീകരണം കുറക്കുക, കുറഞ്ഞ ചിലവിൽ യാത്ര, ആരോഗ്യപരമായ യാത്രാശീലം എന്നിങ്ങനെയുള്ള സാമൂഹിക പുരോഗമന ആശയങ്ങൾ ഉൾക്കൊണ്ട് രൂപംകൊണ്ട ഒരു പുത്തൻ യാത്രാമാർഗമാണ് “ബൈക്ക് ഷെറിങ്”. ലിസ്ബണിൽ ഈ നഗരവാസികൾക്ക് സൗജന്യമായി ബൈക്ക് ഷെറിങ് നൽകുന്നത് സർക്കാർ നേരിട്ടാണ്. ലിസ്ബണിന് പുറമെ മാഡ്രിഡ്, ബാർസലോണ മുതലായ സ്പാനിഷ് നഗരങ്ങളിലും സാമൂഹിക, പാരിസ്ഥിതിക പ്രതിബദ്ധതയുള്ള ഇടതു സർക്കാരുകൾ ഭരിക്കുന്ന ഇടങ്ങളിലും സർക്കാർ നേതൃത്വത്തിൽ ഈ സംവിധാനം ലഭ്യമാണ്. മറ്റിടങ്ങളിൽ പ്രൈവറ്റ് കമ്പനികളും ബൈക്ക് ഷെറിങ് നടപ്പിലാക്കുന്നു.

“ജീര” എന്നാണ് ഞാൻ ജോലിചെയ്യുന്ന പ്രോജെക്ടൻറെ പേര്. ജീര എന്ന വാക്കിന് പൂർത്തുഗീഷ് ഭാഷയിൽ മനോഹരം, ചക്രം എന്നിങ്ങനെ അർഥം വരുന്നു. “ജീര” ഒരു ഇലക്ട്രിക്ക് സൈക്കിൾ ആണ്. നഗരത്തിൽ ഓരോ 300 മീറ്ററിലും ജീര ചാർജിങ് ഡോക്കുകൾ കാണാം. സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴിയാണ് ഉപഭോക്താക്കൾ സൈക്കിൾ എടുക്കുന്നതും തിരികെ വക്കുന്നതും. നഗരമൊട്ടാകെ ബൈക്ക് ലൈനുകൾ ഉണ്ട്. അതുവഴി സൈക്കിളുകൾ മാത്രമാണ് സഞ്ചരിക്കുക.

ഞാൻ കേടുവരുന്ന ജീരയെ നന്നാക്കുന്ന ഒരു മെക്കാനിക് ആയാണ് ജോലിചെയ്യുന്നത്. 2017 മുതൽ സൈക്ലിംഗ് മേഖലയിലാണ് ഞാൻ ജോലിചെയ്യുന്നത്. ചിലപ്പോഴെല്ലാം നഗരത്തിലൂടെ നടക്കുമ്പോൾ പഴയ ലിസ്ബൺ മേയർ, യൂണിവേഴ്‌സിറ്റി കോളേജിലെ ചാൻസിലർ, വലിയ ബിസിനസുകാർ, സെലിബ്രിറ്റികൾ എന്നിങ്ങനെ സമൂഹത്തിലെ ഉന്നതരും അത്യാവശ്യം ഒരു കാർ വാങ്ങാൻ സാഹചര്യമുള്ളവരുമെല്ലാം ജീരയെ ഉപയോഗിക്കുന്നത് കാണുമ്പോൾ എനിക്ക് ഉള്ളിൽ വളരെ സംതൃപ്തി തോന്നാറുണ്ട്. കാരണം ഈ ജീര പ്രൊജക്റ്റ് കാരണം എത്ര പേർ തങ്ങളുടെ കാറുകൾ ഉപയോഗിക്കുന്നത് കുറച്ചിരിക്കുന്നു, അതുവഴി മലിനീകരണത്തിൻറെയും ഉപഭോഗത്തിൻറെയും തോതിൽ കുറവുസംഭവിക്കുന്നു. ഈ പ്രോജെക്ടിൽ ഭാഗമായതിലും, പ്രോജെക്ടിൽ ആദ്യമായി സ്ഥിരമായ കോൺട്രാക്ടിൽ ജോലിചെയ്യുന്ന ഏഷ്യൻ ആയതിലും ഞാൻ അഭിമാനിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് ശമ്പളം കിട്ടുന്നത് ഒന്ന് ഓർത്തുനോക്കൂ.. എത്ര മനോഹരമാണല്ലേ..?

വൈകാതെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു. ലിസ്ബൺ കത്തീട്രൽ അഥവാ “ഇഗ്രെജ (പള്ളി) സെ” അഥവാ “സെ ലിഷ്ബോവ” എന്നെല്ലാം അറിയപ്പെടുന്ന ആ പള്ളിയിലേക്കാണ് എനിക്ക് പോകേണ്ടുന്നത്. ലിസ്ബൺ നഗരത്തെ പൂർത്തുഗീഷ് ഭാഷയിൽ “ലിഷ്ബോവ” എന്നാണ് വിളിക്കുന്നത്. ഇത്രയും നേരം ഞാൻ പൊച്ചുഗലിനെ പോർത്തുഗൽ എന്ന് എഴുതിയത് മനപ്പൂർവ്വമായാണ്. പോർച്ചുഗീസിൽ “പൂർത്തുഗൽ” “പൂർത്തുഗീഷ്” എന്നിങ്ങനെയാണ് യഥാർത്ഥ ഉച്ചാരണം.

സിറ്റി സെൻറർലേക്ക് പോകുന്ന ഏതുബസിൽ കയറിയാലും “റ്റെറയ്‌ററോ പാസോ” എന്ന സ്റ്റോപ്പിൽ ഇറങ്ങി അൽപ്പം നടന്നാൽ എനിക്ക് “സെ” യിൽ എത്താം. ജീരക്കു വേണ്ടി ജോലിചെയ്യുന്നതിനാൽ ലിസ്ബൺ ജില്ലയിൽ എവിടേക്ക് യാത്രചെയ്യാനും എനിക്ക് സൗജന്യമാണ്. ബസ്, ട്രാം, ട്രെയിൻ, മെട്രോ, ബോട്ട് അങ്ങനെ എല്ലാ യാത്രാ സംവിധാനങ്ങളും സൗജന്യമാണ്. ആറ് മണിക്ക് മുൻപായി എനിക്ക് സെ യിൽ എത്തണം. എങ്കിൽമാത്രമേ ഇന്ന് കമീനോ പാസ്പോർട്ടിൽ സീൽ വച്ചുകിട്ടുക. ഏകദെശം 4 : 40 ഓടെത്തന്നെ ഞാൻ സെ യിൽ എത്തി.

സെ പള്ളിയാണ് ലിസ്ബണിലെ പഴക്കമേറിയ പള്ളി. 1100 കളിൽ പൂർണമായും കരിങ്കല്ലുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട പള്ളി, റോമൻ – ഗോത്തിക് ശൈലിയിൽ ആണ് നിർമ്മിച്ചുതുടങ്ങിയതെങ്കിലും പലകാലങ്ങളിലായുള്ള പുതുക്കിപ്പണിയലുകൾക്കൊടുവിൽ നിലവിൽ പ്രത്യേകിച്ച് ഒരു ശൈലി മാത്രമായി പറയാനാകില്ല. ബറോഖ്, പ്രീ മോഡേൺ വെസ്റ്റേൺ യൂറോപ്യൻ അങ്ങനെ പല പല ശൈലികൾ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു.

നാലാം നൂറ്റാണ്ടു മുതൽക്കെത്തന്നെ മെത്രാൻ നിയന്ത്രിക്കുന്ന സഭാ വ്യവസ്ഥ നിലവിലുള്ള നഗരമാണ് ലിസ്ബൺ. എന്നാൽ എട്ടാം നൂറ്റാണ്ടിൽ അറബ് (മൂർ) വംശജർ ഇന്നത്തെ എസ്പാനിയ (സ്പെയിൻ) യും പോർത്തുഗലും അടങ്ങുന്ന ഇബേറിയൻ ഉപദ്വീപ് കീഴടക്കിയതോടെ കത്തോലിക്കരുടെ പുരോഗതിയിൽ അൽപ്പം കുറവുണ്ടായി. മൂർ കാലഘട്ടത്തിൽ ലിസ്ബൺ നഗരത്തിൽ കത്തോലിക്കർ അവരുടെ മതാചാരങ്ങൾ തുടർന്നുപോന്നിരുന്നെങ്കിലും മൂറുകൾ പതിനൊന്നാം നൂറ്റാണ്ടിൽ പുറംതള്ളപ്പെട്ടതിനുശേഷം നഗരം പൂർണമായും കത്തോലിക്കാ വിശ്വാസത്തിലാഴുകയായിരുന്നു.

ലോക ഘടനയുടെ തലവരമാറ്റിയ പല ഉത്തരവുകളും പുറപ്പെടുവിച്ച ഒരു നഗരമാണല്ലോ ലിസ്ബൺ. വാസ്കോ (വാഷ്കോ – ശരിയായ ഉച്ചാരണം) ഡ ഗാമ കേരളത്തിലെത്തിയതും അങ്ങനെയൊരു ഉത്തരവിൻറെ ഭാഗമായാണ്. പക്ഷെ ഈ പര്യവേഷണങ്ങളുടെയെല്ലാം പുറകിൽ പ്രേരകം ആയ അഥവാ സമ്പത്തിൻറെ ആവശ്യകത വർധിപ്പിച്ച ഒരു വലിയ പ്രകൃതി ദുരന്തത്തിൻറെ ചരിത്രമുണ്ട്. ഓരോ 300 – 400 വർഷത്തിനിടയിലും ലിസ്ബൺ നഗരത്തെ പിടിച്ചുകുലുക്കി സംഹാരതാണ്ഡവമാടുന്ന ഭൂമികുലുക്കങ്ങൾ പതിവാണ്. അവസാനമായി അത്തരം ഒരു ഭൂകമ്പം ഉണ്ടായത് 1755 ഇൽ ആയിരുന്നു. പൂർണമായും തകർന്നടിഞ്ഞ നഗരത്തിൽ അവശേഷിച്ച ചില നിർമ്മിതികളിൽ ഒന്നാണ് ഇഗ്രെജ സെ. ഇന്നും പള്ളിയകത്തിൽ ഭൂകമ്പത്തിൽ പള്ളിക്കേറ്റ പരിക്കുകൾ അതേപടി സൂക്ഷിച്ചിരിക്കുന്നു.

1755 നു മുൻപ് 1321 മുതൽ 1530 വരെയുള്ള കാലയളവിൽ പലതവണ ഭൂകമ്പങ്ങളും സുനാമിയുമെല്ലാം ഉണ്ടായതായി പറയപ്പെടുന്നു. ഓരോ തവണ ഭൂചലനമുണ്ടാകുമ്പോളും അത്രയുംനാൾ ഉടലെടുത്ത ചരിത്രം, സംസ്കാരം, പഠനങ്ങൾ, കല എന്നിവയെല്ലാം നശിക്കപ്പെടുന്നു. ആ കാലഘട്ടത്തിൽ അപ്രകാരം തുച്ഛമായ സാങ്കേതിക മികവുമാത്രമാണല്ലോ നിലനിന്നിരുന്നത്. എഴുത്തുകൾ തുണിയിലോ കടലാസിലോ, കെട്ടിടങ്ങൾ മണ്ണുകുഴച്ചു നിർമ്മിക്കുന്നവ, മേൽക്കൂരകൾ പുല്ലോ വൈക്കോലോ, മെഴുതിരി വെളിച്ചം. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ ഉണ്ടാകുന്ന ഭൂകമ്പങ്ങളിൽ തീപ്പിടുത്തം പതിവാണ്. തീ അതുവരെ എഴുതിസൂക്ഷിച്ച എല്ലാത്തിനെയും ചാരമാക്കുന്നു.

Church

പള്ളിയുടെ മുൻപിൽ ഒരുനിമിഷം അതിനെ നോക്കിനിന്നു. ഞാൻ പള്ളിക്കകത്തുകയറി. നേരെ കമീനോ കൗണ്ടറിൽ എത്തി. മുൻപ് പലതവണ ഞാൻ ഈ പള്ളിയിൽ വന്നിട്ടുണ്ട്. ചിലപ്പോൾ ഞായറാഴ്ചകളിൽ കുർബ്ബാന സമയത്ത്, മറ്റുചിലപ്പോൾ ആളും ബഹളവും ഒന്നും ഇല്ലാത്ത സമയത്ത്. കുർബ്ബാന സമയത്ത് വരുന്നതിലെ പ്രധാന ഉദ്ദേശം നൂറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പ് ഓർഗൻ വായിച്ചുകൊണ്ടുള്ള ഗ്രിഗോറിയൻ, ബോറാഖ് ശൈലിയിലുള്ള പ്രാർത്ഥനാ സംഗീതം ആസ്വദിക്കുക എന്നതാണ്. ഓരോ തവണ പള്ളിയിൽ വരുമ്പോഴും കമീനോ കൗണ്ടറിലെ ആളുമായി സംശയനിവാരണവും പുതിയ അറിവുതേടലുമൊക്കെയായി അൽപ്പനേരം പങ്കിടൽ പതിവായിരുന്നു. അങ്ങനെ അദ്ദേഹത്തിന് എൻ്റെ മുഖം പരിചിതമാണ്.

ഞാൻ ഏറെ സന്തോഷത്തോടെ കൗണ്ടറിലെത്തി. എനിക്ക് പരിചിതനായ അതേ വ്യക്തി. എൻ്റെ മുഖം കണ്ടതോടെ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് എന്നെ വരവേറ്റു.

“ഓളാ, ബോവ താർദേ, തുദോബേം.?” (നമസ്കാരം, ശുഭ സായാഹ്നം, എല്ലാം നന്നായി നടക്കുന്നല്ലോ .?)

“ബോവ താർ ദേ സിന്ന്യോർ. ത തുദോ, ഈ വൊസേ ?” (ശുഭ സായാഹ്നം കാരണവരെ, എല്ലാം ഭേഷ്, അങ്ങേക്കൊ ?)

“ത അൾട്ടിമോ, എന്താവ്, ക്വാണ്ടോ വൊസേ എസ്റ്റാ കാമിനാണ്ടോ?”
(എല്ലാം അതിൻ്റെ പാരമ്മ്യത്തിൽ നടന്നുപോകുന്നു, അല്ല താങ്കൾ എന്നാണ് കമീനോ നടക്കാൻ ആലോചിക്കുന്നത്)

“എ ഹോജ് സിന്ന്യോർ” (അത് ഇന്നാണ് കാരണവരെ)

” ഒലെ ഒലെ ഒലെ.. മുഇതൊ ബേം, ഫൈനൽമെൻറ് മ്മ്!!” (അമ്പമ്പോ, വളരെ നല്ലത്, അവസാനം ആ ദിവസം വന്നെത്തിയല്ലേ?)

അദ്ദേഹം ഏറെ സന്തോഷത്തോടെ എൻ്റെ പാസ്പോർട്ടിനുവേണ്ടിയുള്ള നടപടികളെല്ലാം പൂർത്തിയാക്കി. ആദ്യ സീൽ വച്ച പാസ്പോർട്ട് രണ്ടുകൈകൾകൊണ്ട് എനിക്ക് കൈമാറി. പാസ്പോർട്ടിൻറെ വില രണ്ട് യൂറോ ആണ്. ഞാൻ ആ പണം അദ്ദേഹത്തിന് നൽകി.

“ബോം കമീനോ” (ശുഭ യാത്ര/ശുഭ പാത)

ഒരു പിൽഗ്രിമിനെ കണ്ടുമുട്ടിയാൽ അയാളെ അഭിസംബോധനചെയ്യേണ്ടുന്ന പൂർത്തുഗീഷ് വാചകമാണ് “ബോം കമീനോ”. എനിക്ക് ലഭിക്കുന്ന ആദ്യ ബോം കമീനിനോ.

അദ്ദേഹത്തോട് യാത്രപറഞ്ഞശേഷം പള്ളിയുടെ അൾത്താരക്ക് നേരെ നിരത്തിയിട്ടിരിക്കുന്ന ബെഞ്ചുകളിലൊന്നിൽ ഞാൻ അൽപ്പനേരം ഇരുന്നു. ഒരുപാട് നാളുകളായി മനസിൽ ആഗ്രഹിച്ച ഒരു നിമിഷമാണ് ഇത്. അവിടെ ബെഞ്ചിലിരുന്നുകൊണ്ട് ആ നിമിഷത്തിൻറെ ഭംഗി ഞാൻ ആവോളം ആസ്വദിച്ചു. ചിന്തകളുടെ കുത്തൊഴുക്ക് നിലച്ചു മനസ് ശാന്തമായി, സാവധാനം ഞാൻ പൂർണമായും ആ നിമിഷത്തിലായി.

” ട്ടെൽ എവരിബഡി ഐഎം ഓൺ മൈ വേ, ന്യൂ ഫ്രെണ്ട്സ് ആൻഡ് പ്ലെസസ് ടു സീ” പള്ളിയിൽനിന്നും പുറത്തിറങ്ങുമ്പോൾ മനസിൽ അറിയാതെ ഞാൻ മൂളി.

കഴിഞ്ഞ നാലുവർഷത്തിനിടയിൽ ഒരുപാട് തവണ ഞാൻ ഈ പള്ളിമുറ്റത്ത് വന്നുനിന്നിട്ടുണ്ട്. ഒരുപാട് സംഭവങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. എന്തിനേറെ രാജ്യത്തിൻറെ പ്രസിഡണ്ടിനോട് ഈ പള്ളിമുറ്റത്ത് വച്ച് ഹസ്തദാനം ചെയ്ത് സംസാരിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഇവിടെനിൽക്കുമ്പോൾ അപ്പോളൊന്നുമില്ലാത്ത ഒരു പ്രത്യേക അനുഭൂതിയാണ്.

പള്ളിമിറ്റത്തുനിന്നും ട്രാം ലൈൻ മുറിച്ചുകടന്ന് റോഡിൻറെ മറുവശത്തുനിന്നും പള്ളിയിലേക്ക് ഒരുവട്ടംകൂടി നോക്കി. അതിനുശേഷം നേരെ തൊട്ടടുത്തുള്ള “സാന്തോ അന്തോണിയോ” പള്ളിയിലേക്ക് നടന്നു. വിശുദ്ധ അന്തോണീസ് പുണ്ണ്യവാൻ ജനിച്ചുവളർന്ന വീടും സ്ഥലവും അടങ്ങുന്ന ഒരു പള്ളിയാണ് അത്. ശുദ്ധമായ സസ്യ മെഴുകിൽ ഉണ്ടാക്കിയ മെഴുതിരികളും, ബ്ലാസ്റ്റഡ് ബ്രെഡും അവിടെ വാങ്ങാൻ കിട്ടും. ബ്രെഡിനെ അമിതമായ ചൂടിൽ കത്തി തുടങ്ങും വരെ വേവിച്ചെടുക്കുന്നതിനെയാണ് ബ്ലാസ്റ്റഡ് ബ്രെഡ് എന്ന് പറയുന്നത്. ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന ഒന്നാണ് ബ്ലാസ്റ്റഡ് ബ്രെഡ്. വെറും മാവുമാത്രമാണ് അതിൽ ഉപയോഗിക്കുന്നത്, മാത്രമല്ല കനം തീരെ കുറഞ്ഞ ഒന്നാണ് ബ്ലാസ്റ്റഡ് ബ്രെഡ്. വിശ്വാസികൾ ഈ ബ്രെഡിനെ അന്തോണീസ് പുണ്ണ്യവാൻറെ ദിവസമായ ജൂൺ 13 വരെ ഓരോവർഷവും വീട്ടിൽ സൂക്ഷിക്കുന്നു. എന്നിട്ട് പതിമൂന്നാം തിയതി അത് കഴിക്കുന്നു. ഇങ്ങനെ ചെയ്യുന്നതുവഴി വീട്ടിൽ ആഹാരത്തിനു കുറവുവരില്ലെന്നാണ് വിശ്വാസത്തിൻറെ നേട്ടം. പക്ഷെ ഞാൻ ഈ ബ്രെഡ് ഇപ്പോൾ വാങ്ങുന്നത് അത്യാവശ്യഘട്ടത്തിൽ ഭക്ഷിക്കാനായി ഭാണ്ഡത്തിൽ സൂക്ഷിക്കാൻ ഇതിലും കനം കുറഞ്ഞതും എന്നാൽ അത്യാവശ്യം വിശപ്പുമാറ്റാൻ ഉപകരിക്കുന്നതും വീഗനുമായ മറ്റൊന്നും ഓർമയിൽ വരാത്തതുകൊണ്ടാണ്.

ബ്രെഡ്ഡും വാങ്ങി ഞാൻ നടന്നുതുടങ്ങി. ഇന്ന് നേരെ വീട്ടിലേക്ക് നടക്കുക. രാത്രി ഉറങ്ങിയശേഷം അതിരാവിലെ വീട്ടിൽനിന്നും നടത്തം ആരംഭിക്കുക, അതാണ് പദ്ധതി.

“അൽഫാമ” വഴി നേരെ വീണ്ടും “റ്റെറയ്‌റോ പാസോ” യിലേക്ക് നടന്നു. അൽഫാമയിലെ “മിറാഡോറോ ദസ് പോർട്ടസ്‌ ദോ സോൾ” (സൂര്യൻറെ വാതിൽ) എത്തിയപ്പോൾ ഒരു നിമിഷം നിന്നശേഷം താഴെ താഗസ് നദിക്കരയിൽ പരന്നുകിടക്കുന്ന ലിസ്ബൺ നഗരത്തിലൂടെ ഒന്ന് കണ്ണോടിച്ചു.

പൂർത്തുഗീഷ് ഭാഷയിൽ “അ” ശബ്ദത്തിൽ അവസാ നിക്കുന്ന വാക്കുകൾ സ്ത്രീലിംഗമായി കണക്കാക്കുന്നു. അപ്പോൾ “ലിസ്ബോവ” ഒരു സ്ത്രീയാണ്. അതേ.. അവൾ ഏറെ സുന്ദരിയായ സ്ത്രീയാണ്.!

ഏഴുമലകളിലായി സ്ഥിതിചെയ്യുന്ന നഗരമാണ് ലിസ്ബൺ. ഇറ്റലിയുടെ റോമയും ലിസ്ബണും അറിയപ്പെടുന്നത് “സിറ്റിസ് ഓഫ് സെവൻ ഹിൽസ് എന്നാണ്”. അക്കാരണം കൊണ്ടുതന്നെ ലിസ്ബൺ സിറ്റിയിലൂടെ ഉള്ള നടത്തം ചിലപ്പോഴെല്ലാം കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതാണ്. അൽഫാമയിൽനിന്നും പുരാതന കെട്ടിടക്കൂട്ടങ്ങൾക്കിടയിലൂടെയുള്ള ചെങ്കുത്തായ ഇറക്കം ഇറങ്ങി ഞാൻ റ്റെറയ്‌റോ പസോയിലെത്തി. ഇനി നദിക്കരപിടിച്ച് “ഒറിൻറ്റെ” (കിഴക്ക്) എന്നറിയപ്പെടുന്ന പുതിയ നഗരഭാഗത്തേക്ക് നടക്കുക. “സാന്താ അപ്പലോണിയ” യിലെ ക്രൂസ് ഷിപ്പുകളുടെ പോർട്ടിൽ എപ്പോഴത്തെയും പോലെ ഇന്നും ഏതാനും പടുകൂറ്റൻ കപ്പലുകൾ ആകാശത്തേക്ക് പുകയും തുപ്പി പുറപ്പെടാൻ തയ്യാറെടുക്കുന്നുണ്ട്. സൂര്യാസ്തമയത്തിനുമുൻപ് അവ പുറപ്പെട്ട് പുറംകടലിൽ എത്തും. ചുറ്റും കടലും ചുവന്ന അന്തരീക്ഷവും കപ്പലിലെ യാത്രീകർക്ക് ഒരു പ്രത്യേക അനുഭവമായിരിക്കുമല്ലോ. ഈ കപ്പലുകൾ പോകുമ്പോൾ അവയുടെ സ്ഥാനം പിടിക്കാൻ പുതിയ കപ്പലുകൾ എത്തിച്ചേരും. നോർവീജിയൻ സൺ, പി ആൻഡ് ജി, വൈക്കിങ് തുടങ്ങി ലോകത്തെ വലിയ കമ്പനികളുടെ ആഡംബരകപ്പലുകൾ അടുക്കുന്ന പ്രധാന ഒരു തുറമുഖനഗരമാണ് ലിസ്ബൺ. ലിസ്ബണിൽ രണ്ടു പോർട്ടുകളാണ് പ്രധാനമായുമുള്ളത്. “ആൽക്കന്തറ”, “സാന്താ അപ്പലോണിയ” എന്നിവയാണവ.

നദിക്കരപിടിച്ചു നേരെ നടന്നാൽ ഏകദെശം 8 – 9 കിലോമീറ്റർ ദൂരമാണ് വീടുവരെ. ഞാൻ ആദ്യ ദിവസസത്തെ നടത്തം ഏറെ ആസ്വദിച്ചാണ് നടക്കുന്നത്. സൂര്യൻ താഴ്ന്നുതുടങ്ങും മുൻപേ ഒറിൻറ്റെ എത്തി. 1998 ൽ നടന്ന ഒരു വേൾഡ് എക്സ്പോക്കായി നിർമ്മിച്ചെടുത്ത നഗരത്തിൻറെ ഒരു പുതിയ മുഖമാണ് ഒറിൻറ്റെ അഥവാ “പാർക്ക് ദസ് നസോയിഷ്”. മൈക്രോസോഫ്റ്റ് പോലെയുള്ള വലിയ കമ്പനികൾ, ചാനലുകൾ എന്നിവയുടെ പൂർത്തുഗീസ് ആസ്ഥാനങ്ങൾ പ്രവർത്തിക്കുന്നതും, വലിയ ധനാഢ്യന്മാർ താമസിക്കുന്നതും, അൾട്ടിസ് അരീന പോലെയുള്ള വലിയ കലാപരിപാടികളുടെ കേന്ദ്രങ്ങളുമെല്ലാം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

ചരിത്രത്തിൽ ദ്വിമാനതയുള്ള ചില മനുഷ്യന്മാരെ നമുക്ക് കാണാനാകും. അത്തരം ഒരാളാണ് വാസ്കോ ഡ ഗാമ. നമ്മുടെ നാട്ടിൽ അദ്ദേഹത്തിന് ഒരു കൊടും ക്രൂര പരിവേഷമാണ് ഉള്ളതെങ്കിൽ ഇവിടെ ആദ്ദേഹത്തിൻറെ പേരിൽ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് കോംപ്ലക്സ്റ്റ്കളിൽ ഒന്ന്, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ പാലം എന്നിങ്ങനെ പ്രൗഢിയുടെ പ്രതീകങ്ങൾ നിലകൊള്ളുന്നു. ഇവയെല്ലാം മേൽപ്പറഞ്ഞ പാർക്ക് നസോയിഷ് പരിസരത്താണ് സ്ഥിതിചെയ്യുന്നത്. വാസ്കോ ഡാ ഗാമക്ക് ഈ നാട്ടിൽ ഒരു രക്ഷക പരിവേഷമാണുള്ളത്. ഏറെ ഇടങ്ങളിൽ നികുതി കൊടുത്തശേഷം കരമാർഗം ഇവിടെയെത്തിയിരുന്ന നമ്മുടെ സുഗന്ധവ്യഞ്ജനങ്ങളെ നേരിട്ട് കടൽ മാർഗം ഇവിടെ എത്തിക്കാൻ വഴി വെട്ടിയ ആളാണല്ലോ അദ്ദേഹം. അതുവഴി ലിസ്ബൺ നഗരം യുറോപ്പിൻറെ സ്പൈസ് ക്യാപ്പിറ്റൽ ആവുകയും ഇവിടെ സമ്പൽസമൃദ്ധി കൈവരികയും ചെയ്തു.

പാർക്ക് നസോയിഷ് ഇൽ നിന്നും ഒരു കിലോമീറ്റർ നടന്നാൽ ഞാൻ താമസിക്കുന്ന വീട്ടിലെത്തും. സൂര്യാസ്തമയസമയത്ത് തന്നെ ഞാൻ വീട്ടിൽ വന്നുകയറി. നേരെ ഒരു കുളി പാസാ ക്കി. വൈകാതെ അൽപ്പം ആഹാരം കഴിച്ചു. അവസാനഘട്ട പാക്കിങ് നടത്തി. വരാൻപോകുന്ന ദിവസങ്ങൾ ഏറെ സംഘർഷഭരിതമായവയായിരിക്കും അതിനുമുമ്പുള്ള അവസാനത്തെ സുഖകരമായ ഉറക്കം നേരത്തെ തന്നെ ആസ്വദിക്കാൻ ഞാൻ തീരുമാനിച്ചു.

ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശി. പോർത്തുഗൽ തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.