
ഏകാന്തം സുന്ദരം
സുഖപ്രദമായ ഉറക്കം ആയതിനാൽ വൈകിയാണ് ഉറങ്ങിയതെങ്കിലും ആറുമണി ആയപ്പോഴേക്കും ഉണർന്ന് യാത്രക്ക് തയ്യാറെടുത്തു. രാവിലെ പുറത്തിറങ്ങുമ്പോൾ, പുറത്തുനിന്നും വാതിൽ പൂട്ടേണ്ടുന്ന വിധം ഇന്നലെ രാത്രിയിൽ കരീന പറഞ്ഞുതന്നിരുന്നു. 6 : 40 ഓടെ ഞാൻ നടത്തം ആരംഭിച്ചു. മിച്ചമുള്ളത് ഇന്ന് രാവിലെ കഴിക്കാം എന്ന ധാരണയിലാണല്ലോ ഇന്നലെ നമ്മൾ പാസ്തക്കായുള്ള സാധനങ്ങൾ വാങ്ങിയത്. പക്ഷെ ഇന്നലത്തെ വിശപ്പ് അത് എന്നെ ഒരു കുംഭകർണനാക്കിയിരുന്നു. ഉണ്ടാക്കിയ പാത്രത്തിൽ ഒരു അടയാളം പോലുമില്ലാതെ ഞാൻ മുഴുവൻ പാസ്തയും രാത്രിതന്നെ തിന്നുതീർത്തിരുന്നു.
ഇത്തരത്തിലുള്ള നീണ്ട യാത്രകളിൽ ഇതുപോലെ ഇടക്കുള്ള അമിതാഹാരം അത്ര നല്ലതല്ല. കാരണം മിതമായ അളവിൽ ലഭിക്കുന്ന ആഹാരത്തെ കൈകാര്യം ചെയ്യാൻ ശീലിച്ച ശരീരത്തിന് പെട്ടന്ന് ഇതുപോലുള്ള കട്ടികൂടിയ ആഹാരം ധാരാളമായി ലഭിച്ചാൽ ഒരുപക്ഷെ അത് ദഹനക്കേടിന് കാരണമായേക്കാം. അത്തരത്തിൽ ഒരു ദഹനക്കേട് ഇപ്പോൾ താങ്ങാനാവുന്ന അവസ്ഥയിലല്ല ഞാനുള്ളത്. “തീർത്തും കയറൂരിവിട്ട അവസ്ഥയിലാണ് ഇപ്പോൾ ജീവിതമെങ്കിലും അതിലും ചില ചിട്ടകൾ പാലിക്കുന്നത് നിലനിൽപ്പിന് അനിവാര്യമാണ്”. ഞാൻ എന്നെത്തന്നെ ഓർമ്മപ്പെടുത്തി.

അല്പദൂരം നടന്നപ്പോഴേക്കും ആൽബർഗേറിയ അ വെല ഗ്രാമത്തിൻറെ പ്രധാന വീഥിയിലെത്തി. ആളുകൾ അവിടെ ഇവിടെയായി ഓരോരുത്തർ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ചിലർ നടക്കാൻ ഇറങ്ങിയിരിക്കുന്നു, മറ്റുചിലർ ജോലിക്കായി ഉള്ള യാത്രയിൽ. അത്തരം കാഴ്ചകൾ കണ്ടുനടക്കവെ ഒരിടത്ത് ഒരു കടയിൽ ആളുകൾ കൂടിനിൽക്കുന്നതായി കണ്ടു. അത് ഒരു കഫെ ആണ്. കൃത്യമായി പറഞ്ഞാൽ ഒരു “പാസ്റ്റലേറിയ”. ബ്രഡുകൾ, കേക്കുകൾ, റോളുകൾ, സാൻഡ്വിച്, ജ്യൂസ്, കോഫി മുതലായ വസ്തുക്കൾ വിൽക്കുന്ന ഒരു കട. ഞാൻ മെല്ലെ അവിടേക്ക് നടന്നു. അൽപ്പനേരം മാറിനിന്ന് ചില്ലുകൂട്ടിൽ വച്ചിരിക്കുന്ന വിഭവങ്ങൾ നോക്കി മനസ്സിലാക്കി. അൽപനേരം കഴിഞ്ഞു കടയിലെ തിരക്ക് ഒന്ന് ഒതുങ്ങി എന്നായപ്പോൾ ഞാൻ കൗണ്ടറിലെ സ്ത്രീയോട് നേരത്തെ നോക്കിവെച്ച വിഭവങ്ങളിൽ ഏതെങ്കിലും വീഗൻ വിഭവങ്ങൾ ഉണ്ടോ എന്ന് ആരാഞ്ഞു. അവർ ബീറ്റ്റൂട്ട് ബ്രെഡ്ഉം, “ഫൊക്കാചെയും” വീഗൻ ആണെന്ന് സ്ഥിതീകരിച്ചു. ഞാൻ ബീറ്റ്റൂട്ട് ബ്രെഡ് പൊതിഞ്ഞും, ഒരു ഫൊക്കാചെ ഇപ്പോൾ കഴിക്കാൻ തരാനും ആവശ്യപ്പെട്ടു. ഞാൻ ഒരു പിൽഗ്രിം ആണെന്ന് മനസ്സിലാക്കിയ അവർ, ബീറ്റ്റൂട്ട് ബ്രെഡ് ആദ്യം കടലാസ്സ് ബാഗിലും അതിനുശേഷം അതിനെ ഒരു പ്ലാസ്റ്റിക് കവറിലുമായി വൃത്തിയായി പൊതിഞ്ഞു തന്നു. ശേഷം ഒരു പേപ്പർ ബാഗിൽ ഇട്ട് അതിനോടൊപ്പം ടിഷ്യുപേപ്പറുകളും വച്ചുകൊണ്ട് ഫൊക്കാചെ കയ്യിൽത്തന്നു. ഞാൻ അവരോട് നന്ദിപറഞ്ഞു ഫൊക്കാചെയും കഴിച്ചുകൊണ്ട് നടത്തം തുടർന്നു.
സൂര്യോദയത്തിനുമുൻപേ ആൽബർഗേറിയ അ വെല ഗ്രാമവും ജനവാസമേഖലയും പിന്നിട്ട് കാനന പാതയിലേറി. അതിരാവിലെ യൂക്കാലിമരങ്ങൾ നിറഞ്ഞ കാടിനുള്ളിലൂടെ കിളികളുടെ കളകളം കേട്ടു നടക്കുമ്പോൾ, വഴിയോരം അലംകൃതമാക്കി പുൽക്കൊടികളും പൂത്തുനിൽക്കുന്നു. യൂക്കാലി മരങ്ങളുടെ രൂക്ഷഗന്ധം ഏതോ ലഹരി വസ്തു ഉപയോഗിച്ചപോലുള്ള മത്ത് നൽകുന്നു, ശാന്തം സുന്ദരം.

പക്ഷെ എൻ്റെ ഉള്ളിൽ ചിന്തകൾ മറിച്ചാണ്. ഇതുവരേക്കും കടന്നുവന്ന ദൂരമത്രയും കണ്ട യൂക്കാലി കാടുകൾ കണക്കുകൂട്ടിയാൽ അത് വലിയൊരു ഭൂപ്രദേശമാണ്. അതായത് ഞാൻ കടന്നുവന്ന മൊത്തം ഭൂമിയുടെ മൂന്നോ നാലോ ശതമാനം യൂക്കാലി കാടുകളാണ്. മുൻപ് പ്രതിപാദിച്ചപോലെ ഐബീരിയൻ പെനിന്സുല നേരിടുന്ന ഏറ്റവുംവലിയ പ്രശ്നമാണല്ലോ മരുഭൂവൽക്കരണം. അതിൽ യൂക്കാലി മരക്കൃഷി വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. ഒരിക്കൽ യു.ൻ റിപ്പോർട്ടിനെ ആധാരമാക്കി ഒരു പോർത്തുഗീസ് പത്രത്തിൽ വന്ന ലേഖനം ഞാൻ വായിച്ചിരുന്നു. അതിൽപറയുന്നത് “ഈ നിമിഷം യൂക്കാലി വിമുക്തീകരണം നടപ്പിലാക്കണം” അല്ലാത്തപക്ഷം വലിയ വിലനൽകേണ്ടിവരും എന്നാണ്. പക്ഷെ ഏതാനും ചില മരങ്ങൾ മുറിച്ചുമാറ്റി അവ നിന്നിരുന്ന ഇടത്ത് മറ്റുമരങ്ങൾ നട്ടതായി കണ്ടതല്ലാതെ വലിയ മാറ്റമൊന്നും പ്രയോഗത്തിൽ ദൃശ്യമല്ല. ഒരുപക്ഷെ വരും വർഷങ്ങളിൽ ഇത്തരം നടപടികൾ വേഗം കൈവരിക്കും എന്ന് പ്രതീക്ഷിക്കാം.
ഏറെ നേരമായി കാട്ടിലൂടെയുള്ള ഏകാന്ത നടത്തം. ഇന്ന് മറ്റൊരു പിൽഗ്രിമുകളെയും ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. കുന്നുകൾ കയറിയും ഇറങ്ങിയും ദൂരം ഒരുപാട് പിന്നിട്ടു. ഒടുവിൽ ഒരു കുന്നിന്മുകളിൽ എത്തിയപ്പോൾ അവിടെ കാൽനടയായുള്ള പിൽഗ്രിമുകൾ വലത്തോട്ടും, ബൈസൈക്കിളിൽ ഉള്ളവർ ഇടത്തോട്ടും തിരിയുക എന്ന സൂചനാ ബോർഡ് കണ്ടു. ഞാൻ വലത്തോട്ട് തിരിഞ്ഞു നടക്കാൻ ആരംഭിച്ചു. വൈകാതെ ഏതോ ഗ്രാമത്തിലേക്ക് കയറി. ഗ്രാമത്തിനും കാടിനും അതിനായി ഒരു പഴയ ഉപയോഗശൂന്യമായ റെയിൽപാളം കാണാം. അപ്പോഴേക്കും ചെറിയ വിശപ്പ് തോന്നിയതിനെത്തുടർന്ന് രാവിലെ വാങ്ങിയ ബീറ്റ്റൂട്ട് ബ്രെഡ് കഴിച്ചുകൊണ്ട് ഞാൻ ആ റെയിൽ പാളത്തിൽ ഇരുന്ന് അല്പം വിശ്രമിച്ചു.
ചെറുതാണെങ്കിലും നല്ല രുചികരമായ ബീറ്റ്റൂട്ട് ബ്രെഡ് ആണ്. വിശ്രമിച്ചശേഷം ഞാൻ വീണ്ടും നടത്തമാരംഭിച്ചു. മാപ്പിൽ നോക്കിയപ്പോൾ ഇനി ഏറെ ദൂരം “പിൻഹീറോ ഡെ ബേംപോസ്റ്റ”, “ട്രാവൻക” എന്നീ ഗ്രാമങ്ങൾ പിന്നിട്ട് “ഒലിവെയ്റ ഡെ അസിമൈഷ്” എന്ന പട്ടണം കൂടെ കഴിയുന്നതുവരെ ആളനക്കമുള്ള വഴികളിലൂടെ ആണ് സഞ്ചാരം. പിൻഹീറോ ഡെ ബേംപോസ്റ്റയും, ട്രാവൻകയും ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിൽ നിന്നുപോയതെന്ന് തോന്നുംവിധം പഴക്കമുള്ള ഗ്രാമങ്ങളാണ്.

അവിടുത്തെ കെട്ടിടങ്ങളും ഗ്രാമ ആസൂത്രണവും എല്ലാം ഇന്നും ആ തനിമ നിലനിർത്തികൊണ്ടുള്ളവയാണ്. ആ ഗ്രാമങ്ങളിലൂടെ നടന്നപ്പോൾ എൻ്റെ നഷ്ടപെട്ട കാമറ എത്രവലിയ നഷ്ടമായി എന്ന് ഞാൻ ഓർത്തുപോയി.

ഏകദെശം പന്ത്രണ്ടുമണിയോടെ ഒലിവെയ്റ ഡെ അസീമയ്ഷ് എന്ന പട്ടണത്തിലെത്തി. മുൻപ് കണ്ട രണ്ടു ഗ്രാമങ്ങൾ ഈ പട്ടണത്തിൻറെ സ്വാഭാവത്തെ പ്രതിഭലിപ്പിച്ച സൂചകങ്ങൾ ആയിരുന്നു എന്ന് മനസ്സിലായത് ആ പട്ടണത്തിലെത്തിയപ്പോഴായിരുന്നു. പൊതുവിൽ എല്ലാം പഴക്കം ചെന്ന കെട്ടിടങ്ങൾ അഥവാ പുതിയതായി ഒരു നിർമ്മിതി ഉണ്ടെങ്കിൽ അത് പൂർണമായും അത്യാധുനികം പക്ഷെ പഴയവയുമായി ഒത്തിണങ്ങുന്ന എന്തെങ്കിലും ഒരു ഘടകം അതിൽ ഉണ്ട് താനും . നിറമോ, ആകൃതിയോ, രൂപകൽപ്പനയോ അങ്ങനെ ഏതെങ്കിലും രീതിയിൽ പുതിയവയും പഴയതുമായി ഒത്തിണങ്ങുന്നു. പട്ടണപ്രവേശത്തിന് ശേഷം നേരെ പോയത് പട്ടണമധ്യേ സ്ഥിതിചെയ്യുന്ന മുനിസിപ്പൽ മന്ദിരത്തിലേക്കാണ്. അവിടെനിന്നും കമീനോ പാസ്സ്പോർട്ടിൽ സീൽ വാങ്ങി. അപ്പോഴേക്കും വെയിൽ ശക്തിപ്രാപിച്ചിരുന്നു. അതിനാൽ മുനിസിപ്പൽ ഓഫീസിനു മുൻപിലെ കസേരയിൽ അൽപനേരം ഇരുന്ന് ആ പട്ടണത്തിൻറെ രൂപഘടന മാപ്പിൽ നോക്കി മനസ്സിലാക്കി. ഇപ്പോൾ ഞാൻ ഉള്ളതിന് അഞ്ഞൂറ് മീറ്റർ അകലെ ഒരു പിൻഗോ ഡോസ് സൂപ്പർമാർകറ്റ് ഉണ്ടെന്ന് മാപ്പിൽ കണ്ടു. ഇന്ന് എൻ്റെ പിറന്നാൾ ആണല്ലോ. പഠിക്കുന്ന കാലത്ത് ഈ ദിവസ്സം ‘അമ്മ വാഴയിലയിൽ ചോറു വിളമ്പിതരുമായിരുന്നു. ഇപ്പോൾ അങ്ങനെ ഒരു പിറന്നാൾ ഓർമയിൽനിന്നുപോലും വിദൂരമാണ്. ഇന്ന് ഉച്ചക്ക് അൽപ്പം ആരോഗ്യകരമായ നല്ല ഭക്ഷണം കഴിക്കണം, ഞാൻ പിൻഗോ ഡോസ് സൂപ്പർമാർക്കറ്റ് ലക്ഷ്യമാക്കി നടന്നു. സെൻട്രോ കൊമേർഷ്യൽ എന്ന സർക്കാർ ഷോപ്പിംഗ് മാളിനുള്ളിലെ സൂപ്പർമാർക്കറ്റ് ആയതിനാൽ അവിടെ അവരുടെ തന്നെ ഒരു ചെറിയ റെസ്റ്റോറണ്ട് ഉള്ളതായി ഇൻറർനെറ്റിൽ കണ്ടതുകൊണ്ടാണ് ഞാൻ ഈ അരകിലോമീറ്റർ നടന്ന് പോകുന്നത്.
സാധാരണ റെസ്റ്റോറണ്ട്കളിൽ നിന്നും ഇത്തരം സൂപ്പർമാർകറ്റ് റെസ്റ്റോറണ്ട്കളിൽ ആഹാരത്തിന് വില കുറവായിരിക്കും. കാരണം ആ റെസ്റ്റോറണ്ടിൽ ഉപയോഗിക്കുന്ന സാധനങ്ങൾ എല്ലാംതന്നെ ആ സൂപ്പർമാർക്കറ്റിലെ തന്നെ വില്പനച്ചരക്കുകളായിരിക്കും. കാലാവധി തീരാൻ ദിവസ്സങ്ങൾ മാത്രം ബാക്കിയുള്ളവയായിരിക്കും അവയിൽ മിക്കവയും. അതായത് നശിച്ചുപോകേണ്ടുന്ന പച്ചക്കറികളും മറ്റും മറ്റൊരു രൂപത്തിൽ വീണ്ടും വില്പനക്കെത്തിക്കുക അതുവഴി ലഭിക്കുന്ന ലാഭം ഒരുപക്ഷെ ഇതിലൊന്നുംപെടാതെ നശിച്ചുപോകുന്ന സാധനങ്ങളുടെ മൂല്യത്തെ തുലനം ചെയ്യുന്നു. ആഴത്തിൽ ചിന്തിച്ചാൽ ഒരുതരം സുസ്ഥിരമാർഗമാണ് ഇത്തരം സൂപ്പർമാർക്കറ്റുകാർ നടപ്പിലാക്കുന്നത്.
സൂപ്പർമാർക്കറ്റിൽ എത്തിയ ഞാൻ റെസ്റ്റോറന്റിന്റെ ഒരു മൂലയിലുള്ള ഇരിപ്പിടത്തിൽ ഭാണ്ഡം ഇറക്കിവെച്ച് ഫോൺ ചാർജിൽ ഇട്ടു. നേരെ ശുചിമുറിയിൽപോയി ഒന്ന് വൃത്തിയായി വന്നശേഷം കൗണ്ടറിൽപോയി വിഭവങ്ങൾ നോക്കി മനസ്സിലാക്കി. തക്കാളി ചോർ, ചുട്ടെടുത്ത ഉരുളകിഴങ്ങ്, ആവിയിൽ വേവിച്ച പയർ വർഗ്ഗങ്ങൾ, പിന്നെ ചീര ഉലത്തിയതും ഓർഡർ ചെയ്തു. ഓർഡർ ചെയ്യുന്നതിനുമുൻപായി ഓരോ വിഭവങ്ങളിലും അടങ്ങിയിട്ടുള്ള സാധനങ്ങൾ വായിച്ചുനോക്കിയിരുന്നു.

ആഹാരം ഏറെ സാവധാനം ആസ്വദിച്ചു കഴിച്ചു. ഇന്ന് സൂപ്പർമാർക്കറ്റിൽ തിരക്ക് കുറവുള്ള ദിവസ്സമാണ്, റസ്റ്റോറൻറ്റിലും ആളുകൾ കുറവായതിനാൽ ആഹാരശേഷവും അല്പനേരംകൂടെ ഞാൻ അവിടെത്തന്നെ സമയം ചിലവിട്ടു. ഏകദേശം രണ്ടുമണിയോടെ വീണ്ടും നടത്തമാരംഭിച്ചു.
ഏകദെശം ഒന്നര മണിക്കൂർ നടത്തത്തിനുള്ളിൽ “വില്ല ഡെ കാക്കോജെയ്ഷ്” എന്ന ഗ്രാമത്തിലെത്തി. ഞാൻ കമീനോ പദ്ധതികൾ തയ്യാറാക്കുന്ന വേളയിൽ എന്നോടൊപ്പം ജോലിചെയ്യുന്നവരിൽ ചിലർ രാജ്യത്തിൻറെ വടക്കോട്ട് നീങ്ങുംതോറും കയറ്റങ്ങളും ഇറക്കങ്ങളും കൂടുതലായിരിക്കും എന്ന് സൂചന നൽകിയിരുന്നു. ഇപ്പോൾ അവർ പറഞ്ഞത് ശരിവെക്കുന്ന രീതിയിലാണ് ഭൂപ്രകൃതി കാണപ്പെടുന്നത്. ഇന്ന് പിന്നിട്ട വഴികൾ തീർത്തും അപ്രകാരമായിരുന്നു. മാത്രമല്ല ഇത്തരം ഭൂപ്രകൃതി എൻ്റെ വേഗതയെയും ബാധിക്കുന്നതായി തോന്നുന്നു.

ഇന്നലെ അപേക്ഷിച്ച് ഇന്ന് ഏറെ ഏകാന്തമായ ദിനമാണ്. വളരെ കുറച്ചുമാത്രം സംസാരിച്ച ദിവസ്സം. കഴിഞ്ഞ ദിവസ്സം ജോർജിനോടും, കാത്തറീനയോടും, കരീനയോടുമെല്ലാം ഏറെനേരം മനസ്സുതുറന്ന് സംസാരിച്ചിരുന്നല്ലോ. അതിനുശേഷം വലിയ നിശബ്ദത സാധാരണയുള്ളതിനേക്കാൾ അധികമായി തോന്നുന്നു. പക്ഷെ ആ തോന്നൽ ഗുണപരമായാണ് എനിക്ക് അനുഭവപ്പെടുന്നത്.
ഏകാന്തതയെ ആസ്വദിച്ചു ഞാൻ നടന്നുകൊണ്ടേയിരുന്നു. വിശ്രമങ്ങൾ എടുക്കാത്ത ആ നടത്തം ഏറെ നേരം നീണ്ടു. “എസ്കേപ്പായിഷ്” എന്ന സ്ഥലം എത്തിയതോടെ സൂര്യൻ ചുവപ്പു കൊടി കാട്ടിത്തുടങ്ങി.

അടുത്തതായി ഇന്ന് കൂടാരമടിക്കാൻ ഒരിടം എത്രയുംപെട്ടെന്ന് കണ്ടെത്തിയേപറ്റൂ. ഞാൻ വശങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു നടന്നു. ഒടുവിൽ സൂര്യൻ പൂർണമായും പോയ് മറയുന്നതിനു മുൻപായി “സാവോ ജൂവാവോ ഡെ വേർ” എന്ന ഗ്രാമത്തിൻറെ തുടക്കത്തിൽ ഉള്ള ഒരു ബാസ്കറ്റ് ബോൾ കോർട്ടിൽ ഇന്നത്തെ ഉറക്കം തീരുമാനിക്കപ്പെട്ടു. ബാസ്കറ്റ് ബോൾ കോർട്ടും അതിനോടടുത്തുതന്നെ ഒരു ശുചിമുറിയുമെല്ലാം ഉള്ള ഒരു പഞ്ചായത്തു ഭൂമിയാണ് ഇത്. ഞാനവിടെ കൂടുകൂട്ടി.
ശുചിമുറിയുടെ അടുക്കൽ പോയി നോക്കിയപ്പോൾ അത് പൂട്ടിയിരിക്കുകയാണ്. പക്ഷെ ശുചിമുറിയുടെ കെട്ടിടത്തിൽ ഒരു പൈപ് സ്ഥാപിച്ചിട്ടുണ്ട് അതിൽ വെള്ളവുമുണ്ട്. മനസ്സിൽ മലബാറുകാരുടെ ആ ചോദ്യം ഓർമവന്നു “പിന്നെ എന്താ വേണ്ടിയെ ?” ഞാൻ ആ ഇരുട്ടിൽ ഫോണിലെ ടോർച്ച് വെളിച്ചത്തിൽ ഒരു കുളി പാസ്സാക്കി. പക്ഷെ കുളി കഴിഞ്ഞു ശുചിമുറി പരിസരത്ത് നോക്കിയപ്പോഴാണ് അല്പം പന്തികേടുതോന്നിയത്. ശുചിമുറിയുടെ ഒരു ഇടുങ്ങിയ ചുവരിനും മതിലിനുമിടയിലായി സിറിഞ്ചുകൾ, മദ്യക്കുപ്പി, ഉപയോഗിക്കപ്പെട്ട ഗർഭനിരോധന ഉറകൾ എന്നിങ്ങനെയുള്ള വസ്തുക്കൾ കിടക്കുന്നതായി ശ്രദ്ധയിൽപെട്ടു. അതിനുശേഷം ഞാൻ അവിടെ നിന്നും വേഗം കൂടാരത്തിലേക്ക് പോയി. കൂടാരം സ്ഥാപിച്ചിരിക്കുന്നത് ഇരുമ്പ് വല ചുറ്റിയ ഒരു ചതുരത്തിലാണ്. ഞാൻ ആ ചതുരത്തിൻ്റെ രണ്ടുവശത്തുമുള്ള വാതിലുകൾ കുറ്റിയിട്ടു. അഥവാ ഇനി ആരെങ്കിലും അത് തുറന്നാൽ ആ ശബ്ദം എനിക്ക് കേൾക്കാവുന്നതാണ്. നേരെ കൂടാരത്തിലെത്തിയപ്പോളാണ് ഒരു കാര്യം ഓർമവന്നത്. ഇന്ന് വഴിയിൽനിന്നും ഒരു കിവി പഴം കിട്ടിയിരുന്നു ഞാൻ അത് ഇതുവരെ കഴിച്ചിട്ടില്ല. ഞാൻ കൂടാരത്തിനകത്ത് ഇരുന്ന് ആ കിവിപ്പഴം മുറിച്ചുകൊണ്ട് എൻ്റെ പിറന്നാൾ ആഘോഷിച്ചു.








