
ഉയിർത്തെഴുന്നേൽപ്പ്
ധാരാളം വെള്ളം കുടിച്ചും കുറച്ചുദൂരം നടന്നതിനു ശേഷം അല്പം വിശ്രമിച്ചും ഒരുവിധത്തിൽ അൽവോർജ് എത്തി.

അലാർഷ് ഇന്ന് ഇവിടെ ഒരു ആൽബർഗിൽ കൂടണയുകയാണ്. സമയം നാലുമണി ആവുന്നതേയുള്ളു. ഞാൻ ഇനിയും അൽപ്പം നടക്കാൻതന്നെ തീരുമാനിച്ചു. പക്ഷെ അതിനുമുൻപായി ഒന്ന് ശുചിമുറി ഉപയോഗിച്ചു നോക്കണം. ആ ഉദ്ദേശത്തോടെ ഒരു കഫെയിൽ കയറി.
ഇന്ന് ഒരു വെള്ളിയാഴ്ച വൈകുന്നേരമായതിനാൽ ധാരാളം ആളുകൾ ആ കഫെയിൽ കൂടിയിട്ടുണ്ട്. അവരെല്ലാം കയ്യിൽ ബിയർ കുപ്പികളും ഏന്തി ഉച്ചത്തിൽ സംസാരിച്ചുനിൽക്കുകയാണ്. സംസാരത്തിനിടയിലും കഫെയുടെ ചുവരിൽ ഉറപ്പിച്ചിട്ടുള്ള വലിയ ടെലിവിഷനിൽ സ്ക്രീനിൽ നടക്കുന്ന ഫുട്ബോൾ കളിയിലാണ് പലരുടെയും കണ്ണ്.
കൂടിനിൽക്കുന്നവരുടെ ഇടയിലൂടെ ഞാൻ മെല്ലെ കഫേയിലേക്ക് നുഴഞ്ഞുകയറി. കൌണ്ടര്നു ഉള്ളിൽനിൽക്കുന്ന സ്ത്രീയോട് ഒരു ലെമൺ ടി ആവശ്യപ്പെട്ടു. അവർ ചൂടുള്ള നാരങ്ങാവെള്ളം ഉണ്ടാക്കുന്ന വേളയിൽ, ഞാൻ കഫേയിലെ ശുചിമുറി ഉപയോഗിച്ചുനോക്കി. പക്ഷെ പ്രയോജനമുണ്ടായില്ല. തിരികെവന്ന് ചൂടുള്ള നാരങ്ങാവെള്ളവുമായി ഒരു മേശയുടെ മൂലയിൽ പോയിരുന്നു. ആളുകൾ അവരുടെ സായാഹ്നം അല്പം മദ്യലഹരിയിൽ ആഘോഷിക്കുന്ന കാഴ്ച കണ്ടുകൊണ്ട് ഞാൻ ആ നാരങ്ങാ ചായ സാവധാനം കുടിച്ചു തീർത്തു. ചൂടോടെ ആ ചായ അകത്തുചെന്നതോടെ വയറിൽ എന്തൊക്കെയോ വലിയ രാസപ്രവർത്തനങ്ങൾ നടന്നശേഷം ഒന്ന് ശാന്തമായി. അതോടെ വീണ്ടും നടക്കാനുള്ള ഉൾക്കരുത്ത് കൈവന്നു. കഫേയിലെ സ്ത്രീയിൽനിന്നും കമീനോ പാസ്പോർട്ട് സീൽ ചെയ്തുവാങ്ങി ഞാൻ കഫെക്ക് പുറത്തിറങ്ങി.
പുറത്ത് ഇപ്പോഴും വെയിൽ മങ്ങിയിട്ടുണ്ടായില്ല. ഞാൻ മെല്ലെ നടത്തമാരംഭിച്ചു. പഴക്കം ചെന്ന കെട്ടിടങ്ങൾ ഇരുവശത്തും അണിനിരന്ന അൽവോർജ്ൻറെ വീഥികൾ പിന്നിട്ട് നടത്തം മുന്നേറി.

കുറച്ചുദൂരം പിന്നിട്ടതോടെ വീണ്ടും ട്ടാറിട്ട പാതയിൽനിന്നും മൺവഴിയിലേക്ക് പ്രവേശിച്ചു. പഴയകാലത്തെ സാക്ഷിയായി ഇന്നും കുന്നിൻമുകളിൽ നിലകൊള്ളുന്ന കാറ്റാടി മില്ലുകൾ കാണാം പാതയോരത്ത്.

പിന്നെയും മുന്നോട്ട് പോകവെ സമ്പൂർണ വിജനത മാത്രമായി. നീണ്ട മൺവഴി, അത് അനന്തതയിലേക്ക് നീളുകയാണ്. ഏറെദൂരം നടന്നു, ഇരുവശത്തും പച്ചപ്പ് നിറഞ്ഞ ആ മൺപാതയിലൂടെ മുന്നേറവെ വീണ്ടും വയറിനകത്ത് എന്തൊക്കെയോ അസ്വസ്ഥത അനുഭവപ്പെടാൻ ആരംഭിച്ചു. ആദ്യം അതിനെ വലുതായി വകവെക്കാതെ ഞാൻ നടത്തം തുടർന്നു എങ്കിലും, കുറച്ചുകഴിഞ്ഞതോടെ അവസ്ഥ മോശമായിവന്നു. പക്ഷെ വൈകാതെ അടുത്തതായി ഒരു ഗ്രാമം വരുമെന്ന പ്രതീക്ഷയിൽ ഞാൻ നടന്നുകൊണ്ടിരുന്നു.

ഏറെ നേരം നടന്നിട്ടും എങ്ങോട്ടെന്നില്ലാതെ മുന്നോട് നീളുന്ന മൺവഴിയുടെ അനന്തത എന്നെ കുറച്ചുമുൻപ് എടുത്ത തീരുമാനത്തെ പുനർചിന്തനത്തിന് വിധേയമാക്കി. പക്ഷെ ഇപ്പോൾ ഏറെ വൈകിയിരിക്കുന്നു. അലർഷിനോടൊപ്പം ആൽബർഗിൽ താമസിക്കാതെ ശരീരത്തിൻറെ ഈ മോശം അവസ്ഥയിൽ മുന്നോട്ട് നടക്കാൻ തുനിയരുതായിരുന്നു. ഇപ്പോൾ ഒരുപക്ഷെ ആളനക്കമുള്ള ഒരിടത്തേക്ക് മുന്നോട്ടും പിന്നോട്ടും ഒരേ ദൂരമായിരിക്കും. ഞാൻ അൽപ്പനേരം ഒരു കാറ്റാടിമരത്തണലിൽ ഇരുന്നു, എന്നെ തന്നെ നിരീക്ഷിച്ചു.
ഉൾശ്വാസം ചൂടുപിടിച്ചിട്ടുണ്ട്, ധാരാളം വെള്ളം കുടിച്ചിട്ടും തൊണ്ട വരളുന്നു, ചെറുതായി തണുപ്പ് അനുഭവപ്പെടുന്നു, ഇല്ല ഇനി ഒട്ടും നടക്കാൻ വയ്യ, അൽപ്പം കിടക്കണം. ഞാൻ സമയം നോക്കി. അഞ്ചര കഴിഞ്ഞതേയുള്ളൂ. അസ്തമയത്തിന് ഇനിയും ഏറെനേരമുണ്ട്. ഒടുവിൽ വഴിയോരത്തെ പുൽത്തകിടിയിൽ ക്യാമ്പിംഗ് മാറ്റ് വിരിച്ച് അൽപനേരം കിടന്നു.
കണ്ണ് തുറന്നപ്പോൾ വല്ലാതെ തണുക്കുന്നപോലെ തോന്നി. കിടന്ന മാറ്റ് മടക്കിയെടുത്ത് ഭാണ്ഡവുമേന്തി വീണ്ടും നടത്തം തുടർന്നു. നടത്തത്തിൻറെ വേഗം നന്നേകുറവാണ് എങ്കിലും ഞാൻ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. സമയം ആറരയോടടുത്തു, ഇനിയും എവിടെയുമെത്തിയിട്ടില്ല. എങ്കിലും അല്പദൂരംകൂടെ ആയപ്പോഴേക്കും ഇനി ഒട്ടും മുന്നോട്ട് നടക്കാനാവില്ല എന്ന അവസ്ഥയിലേക്ക് ഞാൻ എത്തിയിരുന്നു. വഴിയരികിൽ ചുറ്റുംനോക്കിയപ്പോൾ കാറ്റാടിമരങ്ങൾ അങ്ങിങ്ങായി നിൽക്കുന്നതിൻറെ ഇടയിൽ പരന്ന പുൽതകിടി കണ്ണിൽപ്പെട്ടു. ആ പരപ്പിൽ ഒരുവിധം റ്റെൻറ് സ്ഥാപിച്ചു. അപ്പോഴേക്കും ശരീരം വല്ലാതെ തണുക്കാൻ ആരംഭിച്ചിരുന്നു. ഞാൻ നേരെ കൂടാരത്തിനകത്തേക്ക് പ്രവേശിച്ചു പുതച്ചുമൂടി.

പനി പിടിച്ചിരിക്കുന്നു. ശരീരം വിറക്കുന്നപോലെ അനുഭവപ്പെട്ടു. വയറിനകത്ത് ഇപ്പോഴും എന്തൊക്കെയോ നടക്കുന്നുണ്ട്. പുറത്ത് മരച്ചില്ലയിൽ എന്തോ അനക്കം കേട്ട് നോക്കിയപ്പോൾ വലിയ മല അണ്ണാനുകൾ മരത്തിൽ ഓടിക്കളിക്കുകയാണ്. തലപൊക്കി അണ്ണാനുകളെ നോക്കിയതോടെ വീണ്ടും ഛർദി തോന്നി. ഞാൻ റ്റെൻറ്റിന് വെളിയിൽവന്ന് അൽപ്പം ദൂരെമാറി ഒന്ന് ഛർദിച്ചു. സംതൃപ്തി വന്നില്ല എങ്കിലും അൽപ്പം ഛർദി വെളിയിൽ പോയതോടെ ഒരു ചെറു ആശ്വാസം കൈവന്നു, വീണ്ടും റ്റെൻറ്റിനകത്തേക്ക് കയറി.
സാവധാനം ചുറ്റും ഇരുൾ പരന്നു. ഇപ്പോഴും എനിക്ക് പനി കുറഞ്ഞിട്ടില്ല. ചൂടുള്ള വെള്ളം കുടിക്കാൻ തോന്നുന്നുണ്ട്. പക്ഷെ നിർവാഹമില്ല അല്ലോ. ആ നിശബ്ദതയിൽ മൂടിപ്പുതച്ചുകിടന്നുകൊണ്ട് ഫോണിൽ ചെറിയ ശബ്ദത്തിൽ പാട്ടു വെച്ചു.
“ക്യാ ബത്താവൂ മാ കഹാഹുമേ..”
എ ആർ റഹ്മാൻ തൻ്റെ ശബ്ദത്തിൽ പാടുന്നത് എനിക്ക് ഏറെ ആപേക്ഷികമായി തോന്നി. കാരണം ചെറിയ പ്രായത്തിൽ പനിവരുമ്പോൾ എന്നെ ശുശ്രൂഷിച്ചിരുന്നത് മറ്റെല്ലാവരെയുംപോലെ അമ്മയാണ്. ഇടക്കിടക്ക് അടുത്ത് വന്ന് പനിയുടെ അളവ് പരിശോധിച്ചും, കഞ്ഞിയും ചുക്കുകാപ്പിയുമെല്ലാം ഉണ്ടാക്കിതന്നും ആത്മാർത്ഥതയോടെ കൂടെയുണ്ടാകുമായിരുന്ന എൻ്റെ അമ്മയുടെ സാന്നിധ്യം ഉണ്ടായിരുന്നു എങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചുപോയി.
പാതിയിൽ പലതവണ ഉറക്കത്തിനിന്നും എഴുന്നേറ്റു. പലതരം സങ്കീർണ്ണമായ സ്വപ്നങ്ങൾ കണ്ടു. ഒടുവിൽ ഏറെ പ്രയാസപ്പെട്ട് നേരം വെളുക്കാറാക്കി. പതിവിലും അല്പം വൈകിയെങ്കിലും സൂര്യനുമുൻപേ ഉറക്കമുണർന്നു. പനി പൂർണമായും മാറിയിരിക്കുന്നു. പക്ഷെ വയർ ഇപ്പോഴും പൂർണമായും പഴയപടി ആയിട്ടില്ല. എൻ്റെ വയറിനെ ചീത്തയാക്കിയത് ഇന്നലെ റെസ്റ്റോറണ്ടിൽനിന്നും കഴിച്ച ചോറിൽ ഞാൻ സംശയിച്ചപോലെ ബട്ടർ ചേർത്തിരുന്നതായിരിക്കാം എന്ന നിഗമനത്തിലെത്തി. റ്റെൻറ്റ് മടക്കി ഭാണ്ഡത്തോട് ചേർത്തു. പല്ലുതേച്ചു മുഖം കഴുകിയതോടെ ഞാൻ വീണ്ടും നടക്കാൻ സജ്ജനായി. ഇന്നലെ രാത്രിയിലെ എൻ്റെ അവസ്ഥ ഓർക്കുമ്പോൾ ഇപ്പോൾ ഏറെ ആശ്വാസം തോന്നി.
“ഇതുപോലെ ഒരു വിജനമായ പ്രദേശത്ത് ഫോൺ വിളിച്ചാൽ എമർജൻസി സർവീസിന് പോലും എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടാണ്.”
ഞാൻ സ്വയം മനസ്സിലോർത്തു.
ഭാണ്ഡം തോളിലേറ്റി നടത്തമാരംഭിച്ചു. ഇരുവശത്തും ഇപ്പോഴും വെളിച്ചം വീണിട്ടില്ലാത്തതിനാൽ പച്ചപ്പ് കറുപ്പായി തുടരുന്നു. ആ കറുപ്പിന് നടുവിലൂടെ മൺവഴി വെള്ളിനിറത്തിൽ നീണ്ട് ഒരു നേർരേഖപോലെ തിളങ്ങുന്നു. പൂർണമായും ആവേശത്തിലല്ല എങ്കിലും ഇന്നലത്തേതിലും ഏറെ മെച്ചപ്പെട്ട അവസ്ഥയിൽ ഞാൻ മുന്നേറി.

സൂര്യൻ കിഴക്കുനിന്നും പൊൻവെളിച്ചം പുറപ്പെടുവിച്ചു തുടങ്ങിയിരുന്നു. നടത്തത്തിനിടയിൽ ഞാൻ ആകാശത്ത് ഒരു കാഴ്ചകണ്ടു. അത് എന്നെ ആശ്ചര്യത്തിലാഴ്ത്തി. ഇന്നലെ രാത്രിയിൽ അമ്മയെ ഏറെനേരം ഓർത്തിരുന്നല്ലോ. ഇന്ന് രാവിലെ അതാ ചുവന്ന ആകാശത്തിൽ അമ്മയുടെ മുഖത്തോട് സാമ്യമുള്ള ആകൃതിയിൽ ഒരു മേഘശകലം രൂപപ്പെട്ടിരിക്കുന്നു. അത് എന്നോട് എന്തോ പറയുന്നപോലെ എനിക്ക് തോന്നി. ഏറെനേരം ഞാൻ ആ മേഘശകലത്തെ നിരീക്ഷിച്ചു. അതിൻ്റെ ടൈംലാപ്സിൽ അത് പാട്ടുപാടുന്നതായും, എന്നോട് സംസാരിക്കുന്നതായും, എന്തോ എനിക്കുനേരെ ഊതുന്നതായുമെല്ലാം ഞാൻ ഭാവനം ചെയ്തു.

അതോടെ എൻ്റെ മുഖത്ത് താനെ ഒരു പുഞ്ചിരി വിടർന്നു. മുന്നോട്ട് നടക്കാനുള്ള പിൻബലം വന്നുചേർന്നു. ഇന്നലെ സംഭവിച്ചതും അനിവാര്യമായിരുന്നു എന്ന ബോധ്യത്തോടെ ഞാൻ മുന്നോട്ട് നടന്നു.
