
ചുവടുറപ്പ്
പുറകിൽനിന്നും പതിഞ്ഞ സ്വരത്തിലുള്ള ആ വിളികേട്ട് ഞാൻ തിരിഞ്ഞുനോക്കി. പട്ടികൾ കുരച്ച വീടിന് തൊട്ടടുത്ത വീടിൻ്റെ ഗേറ്റിനുമുൻപിൽ ഒരു വയോധികൻ നിൽക്കുന്നു. അദ്ദേഹം എന്നെതന്നെയാണോ വിളിക്കുന്നത് എന്ന സംശയത്തോടെ ഞാൻ അദ്ദേഹത്തെ സൂക്ഷിച്ചുനോക്കി. അപ്പോൾ അദ്ദേഹം കയ്യിലുള്ള എന്തോ ഒന്ന് ഉയർത്തി എനിക്കുനേരെ വീശി. തലയിൽനിന്നും ഊരി ഭാണ്ഡത്തിൻറെ വശത്തുള്ള കള്ളിയിൽ വച്ചിരുന്ന എൻ്റെ തൊപ്പിയായിരുന്നു അത്. ഞാൻ ചെറിയ നാണത്തോടെ പുഞ്ചിരിതൂകി നന്ദിപറഞ്ഞുകൊണ്ട് അദ്ദേഹത്തിനരികിൽ എത്തി.
അടുത്തെത്തിയപ്പോൾ അദ്ദേഹം എങ്ങിനെയാണ് എന്നെ കൈകൊട്ടി അത്രയും ഉച്ചത്തിൽ വിളിച്ചതെന്ന് ഞാൻ അത്ഭുതപ്പെട്ടുപോയി. കാരണം കാഴ്ചയിൽത്തന്നെ ഏറെ പ്രായമേറിയ അദ്ദേഹം തൻ്റെ ഒരുതോളിൽ തൂക്കിയിട്ടിരിക്കുന്ന കുഞ്ഞു യന്ത്രത്തിൽനിന്നും, കണ്ണട ധരിക്കുംപോലെ ചെവിക്കുമുകളിലൂടെ കോർത്ത് മൂക്കിൻറെ ഇരുദ്വാരങ്ങളിലേക്കും ഘടിപ്പിച്ചിരിക്കുന്ന നേർത്ത പ്ലാസ്റ്റിക് ട്യൂബിലൂടെയാണ് ശ്വസിക്കുന്നത്. മാത്രമല്ല അദ്ദേഹത്തിൻറെ നോട്ടവും ചലനങ്ങളും എന്തിനേറെ കണ്ണുകൾ ചിമ്മുന്നത്പോലും ഏറെ സാവധാനമാണ്.
ഞാൻ അദ്ദേഹത്തിൻറെ കയ്യിൽനിന്നും തൊപ്പിവാങ്ങി മെല്ലെ താഴേക്ക് തലകുനിച്ച് കണ്ണുകൾ അടച്ച് അദ്ദേഹത്തോട് പറഞ്ഞു.
“മുയ്‌തോ ഒബ്രിഗാഡോ സിന്ന്യോർ” ( വളരെ നന്ദി കാരണവരെ).
“ദെ നാദ” (സാരമില്ല). അദ്ദേഹം മറുപടിനല്കി.
ഇനി എന്തുപറയണമെന്നറിയില്ല, പക്ഷെ അദ്ദേഹത്തിൻ്റെ മുന്നിൽ അൽപ്പനേരം നിലത്തുവീണപ്പോൾ തൊപ്പിയിൽ പറ്റിയ മണ്ണ് തട്ടികൊണ്ട് ഞാൻ നിന്നു.
“ദെ ഖ് പയിഷ് എ തു?”
ഏതു രാജ്യക്കാരനാണ് താങ്കൾ എന്ന ഈ ചോദ്യം സാധാരണയായി ചോദിക്കുന്നവരോട്, മനുഷ്യരെ ദേശ, വർണങ്ങൾക്കടിസ്ഥാനമാക്കി മനസ്സിലാക്കാനുള്ള അവരുടെ അന്തർലീനമായ ആകാംഷയെ ഞാൻ അവസരോചിതമായി അവഗണിക്കുകയാണ് പതിവ്. തീർച്ചയായും എല്ലാവരുടെയും ഉദ്ദേശം ഒന്നാകണമെന്നില്ല, നിഷ്കളങ്കമായി ആ ചോദ്യം ചോതിക്കുന്നവരായിരിക്കും ഭൂരിപക്ഷവും. ചോദിക്കുന്ന വ്യക്തിയിലുപരി “ആ ചോദ്യം”.! അത് പേറുന്ന രാഷ്ട്രീയം അത്ര നിഷ്കളങ്കമല്ല.
പക്ഷെ വയോധികൻറെ ആ ചോദ്യത്തിന് എനിക്ക് നേരായ മറുപടിയില്ലാതെ മറ്റൊന്നും നൽകാനായില്ല. ഞാൻ ഇന്ത്യയിൽനിന്നും ആണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഒരു മറു ചോദ്യം കൂടി ചോദിച്ചു.
“എ ഇന്ത്യ മാസ്‌മോ ഔ പാകിസ്താഓ ഔ ബംഗ്ലാദേശ് അൽഗോ എസ്സിഎം.?”
(ശരിയായ ഇന്ത്യൻ തന്നെയാണോ അതോ പാകിസ്ഥാൻ, ബംഗ്ലാദേശ് പോലെയുള്ള രാജ്യങ്ങളിൽനിന്നുമാണോ)
അദ്ദേഹത്തിൻ്റെ ആ ചോദ്യത്തിൻറെ അർഥം ഏറെ ആഴമേറിയ ഒരു വിഷയമാണ്. കാരണം പാക്കിസ്ഥാനിൽ നിന്നും നേപ്പാൾ, ബംഗ്ലാദേശ് പോലുള്ള അയൽരാജ്യങ്ങളിൽ നിന്നുള്ളവരും ചിലപ്പോഴെല്ലാം അവർ ഇന്ത്യക്കാർ ആണെന്ന് പറയാറുണ്ട്. മറുപക്ഷത്ത് നേരത്തെ പറഞ്ഞ രാജ്യക്കാർ നടത്തുന്ന സ്ഥാപനങ്ങളെയും ആ മനുഷ്യരെയും പൊതുവെ ഈ നാട്ടുകാർ ഇന്ത്യഅനോഷ് (ഇന്ത്യക്കാർ) എന്നാണ് പട്ടികപ്പെടുത്തുക. പക്ഷെ പുതുതലമുറയിൽപ്പെട്ടവർ ഈ നാടുകൾ എല്ലാം സ്വയംഭരണമുള്ള രാജ്യങ്ങളാണെന്നകാര്യം മനസ്സിലാക്കിയവരാണ്.
പക്ഷെ അദ്ദേഹം ചോദിച്ച ആ ചോദ്യത്തിൻറെ ആദ്യ വരിക്കുള്ള ഉത്തരം വളരെ ലളിതമാണല്ലോ. 1947 ആഗസ്ത് 15 ആം തിയതി ഇന്ത്യൻ അതിർത്തിക്കുള്ളിൽ ആ സ്വതന്ത്രമായ രാജ്യത്തെ അംഗീകരിച്ചു ജീവിക്കുന്നവർ അവരുടെ തലമുറകൾ എല്ലാം ഇന്ത്യക്കാർ ആണ്. പിന്നീട് ഭരണഘടന നിലവിൽ വന്നപ്പോൾ അതിനെ അംഗീകരിച്ചും അനുസരിച്ചും ജീവിക്കുന്നവർ പൗരധർമ്മം പുലർത്തുന്ന ഇന്ത്യക്കാർ ആണ്. ഞാൻ ചെറിയ പുഞ്ചിരിയോടെ അദ്ദേഹത്തോട് മറുപടി പറഞ്ഞു.
“സി സിന്ന്യോർ, ഇന്ത്യനോ മാസ്‌മോ”.
ആ മറുപടികേട്ടയുടനെ അദ്ദേഹം അൽപ്പംകൂടി എനിക്കരികിലേക്ക് അടുത്തുവന്നശേഷം എൻ്റെ കണ്ണുകളെ സൂക്ഷ്മമായി നോക്കികൊണ്ട് എനിക്ക് ഗോവ അറിയാമോ എന്ന് ചോദിച്ചു. ഞാൻ കേരളത്തിൽനിന്നുമാണെന്നും പലതവണ ഗോവയിൽപോയിട്ടുണ്ടെന്നും കേട്ടതോടെ അദ്ദേഹം തൻ്റെ വിറയ്ക്കുന്ന കൈകളാൽ എൻ്റെ കയ്യിൽ പിടിച്ചുകൊണ്ട് ഗേറ്റിനുള്ളിലേക്ക് കൊണ്ടുപോയി. എന്നെ അദ്ദേഹത്തിൻ്റെ വീടിൻ്റെ വരാന്തയിൽ നിർത്തിക്കൊണ്ട് അദ്ദേഹം അകത്തുപോയി ഒരുപിടി പഴയ ഫോട്ടോകൾ എടുത്തുകൊണ്ടുവന്നു. ഓരോന്നായി എന്നെ കാട്ടി അവയുടെ കഥ വിവരിച്ചു.

സ്വാതന്ത്രാനന്തരവും ഗോവ ഒരു പോർത്തുഗീസ് കോളനിയായി നിലകൊണ്ട കാലം, അദ്ദേഹം പോർത്തുഗീസ് മിലിട്ടറിയിൽ നിർബന്ധിത സൈനീക സേവനമനുഷ്ഠിക്കാനായി ഗോവയിൽ എത്തിയിരുന്നു. ഏകദേശം മൂന്ന് വർഷക്കാലം ഗോവയിലും, പിന്നീട് അങ്കോള, മുസംബിക്ക് പോലുള്ള മറ്റ് പോർത്തുഗീസ് കോളനി രാജ്യങ്ങളിലുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇന്ത്യയിലുള്ള സമയം അദ്ദേഹം തൻ്റെ യൗവ്വനം ഏറെ ആഘോഷിച്ചിരുന്നു. കഴിയുന്ന എല്ലാ അവസരങ്ങളിലും അദ്ദേഹം സുഹൃത്തുക്കളോടൊത്തുചേർന്ന് ഗോവൻ ഗ്രാമീണ ജീവിതം നേരിൽ കാണാൻ ഇറങ്ങിചെല്ലുമായിരുന്നത്രെ. പക്ഷെ സംസ്കാരങ്ങളിലെ വ്യത്യസ്തത അദ്ദേഹത്തിന് ഇന്ത്യൻ വംശജരുടെ ജീവിതം ഏറെ വ്യത്യസ്തവും വിചിത്രവുമായി തോന്നിയിരുന്നു.
ഏറെ നേരം അദ്ദേഹം എന്നോടായി കഥകൾ വിവരിച്ചു. സംസാരത്തിനിടയിൽ ശൂന്യതയിലേക്ക് നീളുന്ന അദ്ദേഹത്തിൻ്റെ നോട്ടവും നിശ്ചലമാകുന്നു വാക്കുകളും അദ്ദേഹത്തെ ചിലനിമിഷങ്ങളിൽ ഗോവയിലേക്ക് തിരികെ എത്തിക്കുന്നതായി തോന്നി. അദ്ദേഹം വികാര വിസ്ഫോടനങ്ങൾക്ക് ഇരയാകുന്നത് ഞാൻ ഇമവെട്ടാതെ നോക്കിനിന്നു. ഒടുവിൽ അൽപ്പം ശാന്തനാനായ അദ്ദേഹം എന്നോട് ക്ഷമാപണം ചെയ്യാൻ ആരംഭിച്ചു.
അതായത് പോർത്തുഗൽ എന്ന രാജ്യം ഇന്ത്യയിലെ ചില പ്രദേശങ്ങൾ കീഴടക്കി നൂറ്റാണ്ടുകൾ കോളനി ഭരണം നടത്തിയതിൻറെ ഭാഗമായി ജോലിചെയ്യേണ്ടിവന്ന അദ്ദേഹം. ഏതോ കാലത്ത് സ്വാതന്ത്ര്യം ഹനിക്കപെട്ട എൻ്റെ മുൻ തലമുറക്കാരോട് എന്നിലൂടെ മാപ്പപേക്ഷിക്കുകയാണ്.
പഴയകാല വീരകഥകൾ അയവെട്ടി വയസ്സുകാലത്തും രോമാഞ്ചംകൊള്ളുന്ന പട്ടാളക്കാരെ സാധാരണയായി കാണാം. പക്ഷെ അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ടപ്പോൾ കാലം ഒരു മനുഷ്യനിൽ വരുത്തിയ പരിവർത്തനവും, അയാളുടെ സമൂഹം അയാളിൽ ചെലുത്തിയ മാനുഷികമൂല്യങ്ങളും എന്നിൽ വലിയ മതിപ്പുളവാക്കി. അദ്ദേഹത്തെ സമാധാനിപ്പിക്കാൻ ഞാൻ എനിക്കറിയാവുന്ന പോർത്തുഗീസിൽ പറഞ്ഞു.
“സിന്ന്യോർ, നിങ്ങളുടെ ഈ മനസ്താപം തന്നെ ഏറെ ശ്ലാഘനീയമാണ്. നിങ്ങൾ നിങ്ങളിൽ അടിച്ചേല്പിക്കപെട്ട ജോലിമാത്രമാണ് ചെയ്തത്. കോളനിവൽക്കരണവും അടിമവൽക്കരണവുമെല്ലാം പൊറുക്കാനാവാത്ത തെറ്റുകൾതന്നെയാണ്. പക്ഷെ സാധാരണ ഭൂരിപക്ഷം ഇന്ത്യൻ ജനത പോർത്തുഗീസുകാരോ, ഡച്ചുകാരോ, ഫ്രഞ്ചുകാരോ, ബ്രിട്ടീഷുകാരോ വരുന്നതിലും ഏറെ മുന്നേതന്നെ സ്വന്തം നാട്ടിൽ ജീവിക്കുന്ന ഉന്നതകുലജാതരാൽ അടിമകളാക്കപ്പെട്ടവരാണ്. ഒരുപക്ഷെ പാശ്ചാത്യർ അവരുടെ ആവശ്യങ്ങൾക്കായി ആയിരുന്നു എങ്കിലും വിദ്യാഭ്യാസവും, ഏകീകരണവും, ഒരുപരിധിവരെ സമത്വവും നൽകി. പക്ഷെ മേലാളർ ചാട്ടയടിയും, ചെവിയിൽ ഉരുക്കിയ ഈയ്യവുമാണ് പകർന്ന് നൽകിയത്. ഇന്നും ഏറെക്കുറെ ആ സമൂഹത്തിൽ ജാതീയത നിലനിൽക്കുന്നു. അതിനാൽ അങ്ങേയുടെ ഈ പശ്ചാത്താപം അംഗീകരിക്കുന്നു എന്നിരുന്നാലും ഒരു ഭാരതീയൻ എന്നനിലയിൽ എൻ്റെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയുട യഥാർത്ഥ ശത്രു ആ രാജ്യത്തിനകത്തെ വർണ്ണവ്യവസ്ഥയും അന്ധവിശ്വാസ്സങ്ങളും വിശ്വാസികളെ പരസ്പരം പോരടിപ്പിച്ച് ലാഭമുണ്ടാക്കുന്ന ഭരണകർത്താക്കളും മാത്രമാണ് എന്ന സത്യം സമ്മതിക്കുമ്പോൾ മാത്രമാണ് അങ്ങേയുടെ ഈ വിശാലമനസ്സിന് നീതി ലഭിക്കൂ.”
ഞാൻ ഏറെ സമയമെടുത്ത് ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു. പറയാൻ ഉദ്ദേശിച്ചത് പൂർണമായും അദ്ദേഹത്തിന് മനസ്സിലായി എന്ന് ഞാൻ കരുതുന്നില്ല. പക്ഷെ ഒരുപരിധിവരെ ആ വാക്കുകൾ അദ്ദേഹത്തിൻറെ കുറ്റബോധത്തെ ഒപ്പി. ആ മനുഷ്യൻ വീണ്ടും ചിരിച്ചു. ഏറെ അടുപ്പമുള്ളയാളെപ്പോലെ അദ്ദേഹം എന്നെ നോക്കി. ഇന്ത്യയിലെ അദ്ദേഹത്തിനെ ആകർഷിച്ച മറ്റുകാര്യങ്ങൾ പങ്കുവെച്ചു. ഗാന്ധിജിയോട് അദ്ദേഹത്തിനുള്ള ആരാധന വിവരിച്ചു. സത്യജിത് റേ യുടെ സിനിമകളോടും ഇന്ത്യൻ ശില്പ വിദ്യകളോടും ഉള്ള അദ്ദേഹത്തിൻറെ ഇഷ്ടം പങ്കുവെച്ചു. ഇന്ദിര ഗാന്ധിയെപോലെ ഉശിരുള്ള ഒരു കാമുകി അദ്ദേഹത്തിനുണ്ടായിരുന്നു എന്നും, അവരെ ഇന്ദിര ദോയ്ഷ് (ഇന്ദിര 2 ) എന്ന് വിളിക്കുമായിരുന്നു എന്ന ഓർമകളും അദ്ദേഹം പങ്കുവെച്ചു. ശേഷം അദ്ദേഹം കമീനോ വിശേഷങ്ങൾ ആരാഞ്ഞു. ഞാൻ ആഹാരം കഴിക്കാനായി ഒരു ഇടം തപ്പുകയാണെന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തിൻറെ വീട്ടിൽ സ്ത്രീകൾ ആരുമില്ല അവർ പുറത്തുപോയിരിക്കുകയാണെന്നും അല്ലായിരുന്നു എങ്കിൽ അവിടെനിന്നും ആഹാരം കഴിക്കാമായിരുന്നു എന്നും പറഞ്ഞു. പക്ഷെ വിഷമിക്കേണ്ട അൽപ്പം നടന്നാൽ പള്ളിക്കരികിലായി ഭക്ഷണം ലഭിക്കുന്ന കടകൾ ഉണ്ട്, അതിൽ ഒരെണ്ണം അദ്ദേഹത്തിൻറെ കൂട്ടുകാരൻറെ കടയാണെന്നും, ആ കടയിൽ അദ്ദേഹത്തിൻറെ പേരുപറഞ്ഞാൽ ഡിസ്‌കൗണ്ട് കിട്ടുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.
സമയം വേഗത്തിൽ കടന്നുപോയി. അദ്ദേഹത്തോട് യാത്രപറഞ്ഞു നീങ്ങാൻ സമയമായിരിക്കുന്നു. ഞാൻ അദ്ദേഹത്തെ ഒരിക്കൽക്കൂടി കണ്ണുകളിലേക്ക് നോക്കി തല കുനിച്ച് പറഞ്ഞു.
“മുയ്‌തോ ഒബ്രിഗാദോ സിന്ന്യോർ മാനുവൽ, അത്തെ ജ” (വളരെ നന്ദി, കാരണവർ മാനുവൽ, വീണ്ടും കാണുംവരെക്കും വിട).
അദ്ദേഹം എനിക്ക് കമീനോ മംഗളങ്ങൾ നേർന്നു. ഞാൻ അവിടെനിന്നും യാത്ര തുടർന്നു.
സിന്ന്യോർ മാനുവൽൻറെ വീട്ടിൽനിന്നും അൽപ്പം നടന്നതോടെ ഒരു നീണ്ട ഇറക്കം ആണ്. അതിനാൽ ഞാൻ സ്വയം ഒഴുകി താഴെ എത്തിയ ഒരു പ്രതീതിയായിരുന്നു. ഒഴുകി താഴെയെത്തിയപ്പോൾ അവിടെ ഒരുവശത്തായി പള്ളിയുടെ ഉയർന്നുനിൽക്കുന്ന കുരിശ് കാണാമായിരുന്നു. ഞാൻ നേരെ പള്ളി ലക്ഷ്യമാക്കി നടന്നു. പാസ്സ്പോർട്ടിൽ സീൽ വാങ്ങലാണ് ലക്ഷ്യം. നിമിഷങ്ങൾക്കുള്ളിൽ പള്ളിമുറ്റത്തെത്തി. പള്ളിയുടെ പുറകുവശം വഴിയാണ് ഞാൻ പള്ളിമുറ്റത്തെത്തിയത്. മുൻവശത്തേക്ക് നടന്നപ്പോഴാണ് നേരത്തെ വഴിപിരിഞ്ഞ സ്റ്റേറ്റ് ഹൈവേ പള്ളിയുടെ മുൻവശത്തുകൂടി കടന്നുപോകുന്നതായി മനസ്സിലായത്. ആ പ്രധാനപാതയിൽനിന്നും അൽപ്പം ഉയരത്തിലാണ് പള്ളി സ്ഥിതിചെയ്യുന്നത്.
പള്ളിയുടെ മുൻവശത്തുനിന്നും ആ നിർമ്മിതിയുടെ ഭംഗി ആസ്വദിച്ചശേഷം ഞാൻ അകത്തേക്ക് കയറി. പുരാതനമായ അൾത്താരയും ചുവരുകളും ഇരിപ്പിടങ്ങളുമാർന്ന പള്ളിയകം.

ഒരുനിമിഷം മൗനമായി ഒരിടത്തുനിന്ന് പള്ളിയകത്തിൻറെ ഭംഗിയാസ്വദിച്ചശേഷം ഞാൻ പാസ്സ്പോർട്ടിൽ സീൽ ലഭിക്കാനുള്ള മാർഗം അന്ന്വേഷിച്ചു. ആ തിരച്ചിലിൽ മറ്റേതാനും പിൽഗ്രിമുകൾ പള്ളിയകത്ത് നിൽക്കുന്നത് ശ്രദ്ധയിൽപെട്ടു. സീൽ ലഭിക്കുന്നതിനെപ്പറ്റി ഞാൻ അവരോട് ആരാഞ്ഞു, അവരും സീലിനായി കാത്തുനിൽക്കുകയാണ്. ഇവിടെ സെക്രട്ടറി ആയി ജോലിചെയ്യുന്ന വ്യക്തി പുറത്തുപോയിരിക്കുകയാണ്. അയാൾ തിരികെവരാൻ അൽപ്പം സമയം എടുത്തേക്കാം. എന്നാണ് അവർക്ക് ലഭിച്ച മറുപടിയത്രേ. വിശപ്പ് എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അതിനാൽ സെക്രട്ടറിക്കായുള്ള കാത്തുനില്പിൽ അണിചേരാൻനിൽക്കാതെ ഞാൻ പുറത്തിറങ്ങി.
പള്ളിക്കരികിൽനിന്നും മതിൽക്കെട്ട് കടന്ന് നേരെ എത്തിയത് പള്ളിയെ ചതുരാകൃതിയിൽ ചുറ്റുന്ന ഒരു റോഡിലേക്കാണ്. അതിനോരത്തായി കുറച്ചുകടകൾ കാണാം. അവയിൽ ചിലത് റെസ്റ്റോറണ്ടുകൾ ആണ്. അവയിൽ പലതിൻറെയും മുന്നിലൂടെ ഞാൻ കടന്നുപോയി. പക്ഷെ ഫലമുണ്ടായില്ല. എല്ലാം പാതി തുറന്നരീതിയിലോ, പൂർണമായും അടച്ച രീതിയിലോ ആയിരുന്നു. ഒടുവിൽ പൂർണമായും തുറന്ന ഒന്നിനുമുൻപിലെത്തി. പക്ഷെ ആ കാഴ്ച എന്നെ അക്ഷരാർത്ഥത്തിൽ നിരാശനാക്കി.
“ലോജ ദെ ഫ്രാങ്കോ” (കോഴി കട)
പലയിനം കോഴി വിഭവങ്ങളുടെ വിലവിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള ഒരു കടയായിരുന്നു അത്. അവിടെനിന്നും തിരിഞ്ഞു നടക്കാനൊരുങ്ങിയ ഞാൻ ഒരു നിമിഷം ആ കടയിലേക്ക് കയറാൻ തീരുമാനിച്ചു. തത്ക്കാലം ഒരു ആശ്വാസത്തിനായി ഒരുകുപ്പി ജൂസോ മറ്റോ വാങ്ങിയേക്കാം എന്ന ചിന്തയിലാണ് ഞാൻ അകത്തേക്ക് കയറിച്ചെന്നത്.
കടയുടെ അകത്തായി പ്രായംചെന്ന ഒരു ദമ്പതികൾ നിൽപ്പുണ്ടായി. അവർ കട വൃത്തിയാക്കലും മറ്റുമായി തിരക്കിലാണ്. ഞാൻ അകത്തേക്ക് കയറിചെന്നപ്പോൾ കടയുടെ ചില്ല് കൗണ്ടറിന് ഉള്ളിലായി ചില വിഭവങ്ങൾ ഒരുക്കിവച്ചിരിക്കുന്നു. ഉരുളക്കിഴങ്ങ് വറുത്തതും, സാലഡുകളും, വെള്ള ചോറും പിന്നെ പരിചിതമായ ഒരു വിഭവവും. ഞാൻ ആ വിഭവത്തിലേക്ക് സൂക്ഷിച്ചുനോക്കി.
“ബോ താർടെ, ദീക?” (ഗുഡ് ആഫ്റ്റർനൂൺ, എന്തായിരുന്നു?)
പുറകിൽനിന്നും ദമ്പതികളിലെ കാരണവർ എന്നോടായി ചോദിച്ചു.
“ആക്കേല എ മിഗാഷ്?” (ആ കാണുന്നത് മിഗാഷ് ആണോ)
“സി,” (അതെ)
എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ പെട്ടന്ന് പൊട്ടിച്ചിരിച്ചു. അതുകേട്ട് ചില്ലുകൂടിന് മറുപുറത്ത് നിന്നിരുന്ന വയോധിക എന്നെ ഒന്ന് സൂക്ഷിച്ചുനോക്കി അത്ഭുതത്തോടെ പുഞ്ചിരിച്ചു. ഞാൻ ഒരിക്കൽക്കൂടി അവർ ഇരുവരോടുമായി ചോദിച്ചുറപ്പുവരുത്തി.
“എഷ്ട എ മിഗാഷ് വേഗാനോ നെഹ്.?” (ഇത് വീഗൻ മിഗാഷ് തന്നെയല്ലേ?)
“സി, സൊ തെം ഫെജാവോ, കോവ്, ഇ പാവ് ദെ മിൽയോ” (അതെ, ഇതിൽ വൻപയറും, ക്യാബേജ് പോലെ ഒരു ഇലയും, ചോളം കൊണ്ട് ഉണ്ടാക്കിയ ബ്രെഡ്ഡ്ൻറെ കഷ്ണങ്ങളും മാത്രമാണുള്ളത്)
അത് കേട്ടതോടെ എൻ്റെ കണ്ണുകൾ നിറയുന്നതായി അനുഭവപെട്ടു. എനിക്ക് അൽപ്പം മിഗാഷ് തരൂ എന്ന് പറഞ്ഞു ഞാൻ ഒരു ഇരിപ്പിടത്തിൽ ഭാണ്ഡം ഇറക്കിവെച്ചു. അപ്പോഴേക്കും ചില്ലുകൂടിന് ഉള്ളിൽനിന്നും ആ മുത്തശ്ശി എന്നോടായി ചോദിച്ചു.
“കേർ ഉം ക്കദിന്നയോ അർറോഷ് കോം ടുമാറ്റെ?”
(അൽപ്പം തക്കാളിച്ചോർ ഉണ്ടാക്കിയാൽ കഴിക്കുമോ?.)
ഇല്ല എന്ന് പറയാൻ എനിക്കാവില്ലല്ലോ.
“പൂർ ഫെവോർ സൈന്ന്യോറ” (ദയവ് ചെയ്ത് ഉണ്ടാക്കിയാലും മുത്തശ്ശി) എന്ന് മാത്രം പറഞ്ഞു ഞാൻ ഭാണ്ഡം തുറന്ന് എൻ്റെ തോർത്തും സോപ്പുമെടുത്ത് മുത്തശ്ശി തക്കാളിച്ചോർ ഉണ്ടാക്കുന്ന ഇടവേളയിൽ അവിടുത്തെ ശുചിമുറി കണ്ടെത്തി ഒരു കുളി പാസ്സാക്കി.
തിരികെ എത്തിയപ്പോഴതാ എൻ്റെ ഇരിപ്പിടത്തിൽ ആവിപറക്കുന്ന മികാഷും, തക്കാളിച്ചോറും പിന്നെ കുടിക്കാനായി ഒരു ക്യാൻ ഐസ് ടീയും.

അപ്പോൾ എനിക്കുണ്ടായ ആർത്തിയെ വിവരിക്കാൻ പഴംചൊല്ലുകൾ മതിയാകില്ല. ഇരുന്ന ഇരുപ്പിൽ രണ്ടു തവണ ഞാൻ പാത്രം നിറയെ ആഹാരം കഴിച്ചു. ഒടുവിൽ മധുരമുള്ള പാനീയങ്ങൾ കുടിക്കാറില്ല എന്നെല്ലാം മറന്നുകൊണ്ട് ആ ഐസ് ടീയും കുടിച്ചു. ഞാൻ പൂർണ സന്തുഷ്ടനായിരുന്നു. എൻ്റെ സന്തോഷം ആ ദമ്പതികളെയും ഏറെ സന്തുഷ്ടരാക്കി. എൻ്റെ ആവശ്യപ്രകാരം സന്തോഷത്തോടെ അവർ എനിക്ക് കമീനോ പാസ്സ്പോർട്ടിൽ സീൽ വച്ചുനൽകി. ഒടുവിൽ അവരോട് യാത്രപറഞ്ഞുകൊണ്ട് ഞാൻ അവിടെനിന്നും നടത്തം തുടർന്നു.
സന്തുഷ്ടനായി പുഞ്ചിരിയോടെ നടന്നുനീങ്ങവെയാണ് ഒരു കാര്യം ഓർമവന്നത്.
“ഒരു പക്ഷെ ഈ ദമ്പതികളുടെ കടയായിരിക്കുമോ സിന്ന്യോർ മാനുവൽ പറഞ്ഞ സുഹൃത്തിൻറെ കട?”
വീണ്ടും പുഞ്ചിരിയോടെ ഞാൻ നടന്നുനീങ്ങി. പള്ളിയുടെ മുന്നിലുള്ള പ്രധാനപാതയിലൂടെയാണ് നടത്തം. അൽപ്പം കഴിഞ്ഞതോടെ വീണ്ടും പ്രധാന പാതയിൽനിന്നും കമീനോ ചിഹ്നങ്ങൾ എന്നെ ഉൾനാടൻ പാതയിലെത്തിച്ചു. ഒലീവ് മരങ്ങൾ നിറഞ്ഞ ഓരങ്ങളുള്ള, ആടുകളും പശുക്കളും മേയുന്ന പുൽമേടുകൾ നിറഞ്ഞ കുന്നുകൾ കയറി ഞാൻ നീങ്ങിക്കൊണ്ടിരുന്നു.

ടാർ റോഡിലൂടെ ഒരു കുന്നുകയറുമ്പോൾ അകലെയായി ജറുസലേമിലെ കുന്നുകളിൽ കുരിശുകൾ പോലെ കാറ്റാടികൾ കാണാം.

കുന്നുകൾ കയറി ഇറങ്ങി വീണ്ടും സമതലങ്ങൾ പിന്നിട്ട് നടക്കവെ അങ്ങ് പടിഞ്ഞാറുനിന്നും സൂര്യൻ പൊൻകിരണങ്ങൾ പുറപ്പെടുവിച്ചുതുടങ്ങിയിരുന്നു. വൈകാതെ കൂടൊരുക്കാൻ ഒരു ഇടം കണ്ടെത്തണം. ഇപ്പോൾ ഉള്ള പാതയിൽ ഏറെ ഇടവിട്ടിട്ടാണെങ്കിലും വീടുകൾ വരുന്നുണ്ടായിരുന്നു.

ഇതുവരെയുള്ള യാത്രയിൽ ഉണ്ടായ അനുഭവം മറിച്ചായിരുന്നില്ല. അതിനാൽത്തന്നെ ഞാൻ മുന്നോട്ട് തന്നെ നീങ്ങിക്കൊണ്ടിരുന്നു. സമയമാകുമ്പോൾ എനിക്ക് വേണ്ടിയ ഒരിടം താനെ വന്നുചേരുമെന്ന് എനിക്കറിയാം. അൽപ്പം കഠിനമായ കുത്തനെയുള്ള ഒരു കയറ്റം കയറി ഒരു വളവ് തിരിഞ്ഞപാടെ ഞാൻ തേടിയ സ്ഥലം വന്നെത്തി. റോഡിനോട് ചേർന്ന് മലയുടെ ഇടുക്കിൽ മണ്ണ് എടുത്ത് നിരപ്പാക്കിയ ഒരു ഒഴിഞ്ഞഭൂമി എനിക്കായി തുറന്നുകിടക്കുന്നു.
ആലോചിക്കാൻ സമയമുണ്ടായില്ല, ഒരു മൺതിട്ടയുടെ ഇടുക്കിൽ കൂടാരം നിവർത്തി. സൂര്യൻ യാത്രപറഞ്ഞതോടെ ഞാൻ കൂടണഞ്ഞു.


ദീർഘദൂര യാത്രയും, വിശന്നുവലഞ്ഞതും എല്ലാം ചേർത്ത് നല്ലരീതിയിൽ ക്ഷീണിതനായിരുന്നു എങ്കിലും കുളി കഴിഞ്ഞശേഷം വല്ലാതെ വിയർക്കാതിരുന്നതും മലമുകളിലെ തണുപ്പും സമതലത്തിലെ നീണ്ടുനിവർന്ന കിടപ്പും ഉറക്കം വല്ലാതെ നീണ്ടുപോയില്ല.

പതിവുപോലെ സൂര്യനെക്കാൾ നേരത്തെ ഉണർന്നു. ചുവന്നു തുടുത്ത ആകാശത്തുനിന്നും കിനിഞ്ഞിറങ്ങുന്ന പ്രകാശത്തെ തടുത്ത് തൻ്റെ സ്വരൂപം പ്രതിഫലിപ്പിക്കുന്ന ഇലപൊഴിഞ്ഞ പൈൻമരം കണികണ്ടാണ് ഞാൻ കൂടാരത്തിന് വെളിയിലിറങ്ങിയത്. ആ കാഴ്ച എന്നിൽ ആത്മവിശ്വാസം ഇരട്ടിച്ചു. തനിക്ക് വിരുദ്ധമായ ഋതുവിലും നിലനിൽപ്പിന് അത്യാവശയമായ ഇലകളെ പൊഴിച്ചുകളഞ്ഞു പ്രതീക്ഷ കൈവിടാതെ ഉറച്ചുനിൽക്കുന്ന ആ മരം ഉറച്ചുനിൽപ്പിൻറെ പ്രതീകമാണ്.
ഒരുനിമിഷം ഞാൻ യാത്ര തുടങ്ങിയ നിമിഷം മുതൽ ഇതുവരെ കടന്നുപോയ അനുഭവങ്ങളെപ്പറ്റി ചിന്തിച്ചു. കഷ്ടതകൾ ഏറെ കടന്നുപോയി. പക്ഷെ പതറിയില്ല, ഇനിയും ക്ലേശതകൾ വന്നേക്കാം പക്ഷെ ഉറച്ച ചുവടോടെ ഞാൻ മുന്നേറുകതന്നെ ചെയ്യും. യാത്ര മറ്റേതോ ഒരു തലത്തിലേക്ക് സ്വയം കടക്കുകയും, എന്നെ അത് മാനസികമായി ഉയർത്തുകയും ചെയ്യുന്നതായി തോന്നി. അൽപ്പനേരം ആ സുന്ദരനിമിഷത്തിൽ ധ്യാനിച്ചുകൊണ്ട് ഞാൻ കൂടാരത്തിന് പുറത്തേക്ക് നോക്കി ഇരുന്നു.
