
കഠിന കാണ്ഡം
മങ്ങിയ നിലാവത്ത് ഒഴുകുന്ന വെള്ളത്തിൻറെ സംഗീതവും ആസ്വദിച്ച് മനോഹരമായ പ്രകൃതിയോടിണങ്ങി ഉറങ്ങിയതിനാൽ, പൂർണ സംതൃപ്തിയോടെ അതിരാവിലെ ഉറക്കമുണർന്നു. കമീനോ മാപ്പുകൾ പ്രകാരം ഇന്ന് സാധാരണയിൽ കൂടുതൽ ദൂരം പിന്നിടണം. ടെന്റ് മടക്കി ഭാണ്ഡത്തോട് ചേർത്തു. പല്ലുതേയ്ക്കാനും കുളിക്കാനുമായി നേരെ തടയണയിലേക്ക്. ഏറെ മങ്ങിയ നിലാവെളിച്ചത്തിൽ തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിച്ചു. ആ പരിസരത്തെങ്ങും ഞാൻ മാത്രമാണ് മനുഷ്യനായുള്ളത്. പ്രകൃതിയുടെ താളാത്മകമായ ശബ്ദം ചുറ്റുമെമ്പാടും അലയടിക്കുന്നുണ്ടെങ്കിലും എൻ്റെ ഉള്ളിൽ പൂർണ നിശബ്തതയാണ്. ഭയം, ഭക്തി, ഭാവിയിലേക്കോ, ഭൂതത്തിലേക്കോ കടന്നു ചെല്ലുന്ന ചിന്തകൾ ഇതെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എല്ലാത്തിനോടും പ്രണയം തോന്നുന്നു. ഉള്ളിൽ കെടാവിളക്കുപോലെ ഒരു പുഞ്ചിരി പ്രകാശിതമായിരിക്കുന്നു.
തടയണയിൽനിന്നും തിരികെയെത്തി ഭാണ്ഡമേറ്റി വാച്ച് ടവറിൽ നിന്നും ഇറങ്ങി കമീനോപാതയിലെത്തി. അപ്പോഴതാ നെറ്റിയിൽ ഘടിപ്പിച്ച വെളിച്ചവും തെളിയിച്ചുകൊണ്ട് രണ്ടുപേർ നടന്നുവരുന്നു. അവരുടെ പ്രകാശം അത്രനേരം പ്രകൃതിദത്ത വെളിച്ചത്തോട് താദാത്മ്യപ്പെട്ട എൻ്റെ കണ്ണുകളെ കുത്തിനോവിച്ചു. വഴിയരികിൽ സ്തംഭിതനായി നിന്ന എന്നെ കടന്ന ശേഷം അവർ ബോം ദിയ, ബോം കമീനോ നേർന്നു. ആശംസകൾ മടക്കിയശേഷം മുന്നോട്ടുള്ള വഴിയിൽ ഞാനും അവർക്കുപിന്നിൽ അണിചേർന്നു.

അവർ ആരാണെന്നോ ഏതു ഭാഷ സംസാരിക്കുമെന്നോ അറിയില്ല. അവർ പരസ്പരം നിശ്ശബ്ദതയിലാണ്. ഇതിനോടകം സ്വയം നിശബ്തതയിലായിരുന്ന എനിക്ക് അവരുടെ ആ നിശബ്തതയോട് ഒത്തുചേരാൻ വലിയ പ്രയാസമുണ്ടായില്ല. ഏകദേശം രണ്ടുമണിക്കൂറോളം ഞങ്ങൾ ആ നിശബ്തമായ നടത്തം തുടർന്നു. കാട്ടിലൂടെ തടയണയിലേക്ക് ഒഴുകിയെത്തുന്ന നദിക്കരയിലൂടെയും, അതിനുശേഷം കുന്നുകളെ ചുറ്റുന്ന ടാറിട്ട റോട്ടിലൂടെയും ഉള്ള നീണ്ട ധ്യാനാത്മകമായ ആ നിശബ്ദ നടത്തത്തിനൊടുവിൽ ഞങ്ങൾ ഒരു നീണ്ട മൺപാതയിലെത്തി.

അപ്പോഴേക്കും സൂര്യൻ ഉദിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിയിരുന്നതിനാൽ കൂടെയുള്ളവർ നെറ്റിയിലെ വെളിച്ചം ഓഫ് ചെയ്തു. വെളിച്ചം വന്നുതുടങ്ങിയതോടെ കൂടെയുള്ളവരുടെ മുഖങ്ങൾ ദൃശ്യമായി തുടങ്ങിയിരുന്നു. ഒരാൾ അയാളുടെ അറുപതുകളിൽ ആണ്, മറ്റയാൾ ഒരു യുവാവും. നീണ്ട മൺപാതയുടെ തുടക്കത്തിൽ ഇരിപ്പിടങ്ങൾപോലെ കിടന്നിരുന്ന പാറയിൽ ആ പ്രായമുള്ളയാൾ “ഇനി താൻ അല്പം വിശ്രമിച്ചിട്ടു നടക്കാം” എന്നമട്ടി ഇരുന്നു. അതുകണ്ട കൂടെയുണ്ടായ ഞങ്ങളും അവിടെ അല്പം വിശ്രമിച്ചു. വിശ്രമവേളയിൽ അത്രനേരം തുടർന്നുവന്ന നിശബ്ദതയെ ഖണ്ഡിച്ചുകൊണ്ട് ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. പ്രായമുള്ളയാൾ ലൂയിസ്, ഇറ്റലിയിലെ വെനീസ് സ്വദേശിയാണ്. യുവാവ് അലർഷ്, പടിഞ്ഞാറൻ ജർമനിയിൽനിന്നുമാണ്. ഇരുവരും ഇന്നലെ തോമറിലെ ആൽബെർഗിൽ താമസിച്ചു ഇന്ന് അതിരാവിലെ അവിടെനിന്നും യാത്രതുടങ്ങിയതാണ്.
അലർഷ് തൻ്റെ കയ്യിൽകരുതിയിരുന്ന ലഘുഭക്ഷണങ്ങൾ അവിടെയിരുന്ന് കഴിക്കാൻ തുടങ്ങിയതോടെ ഞാനും ലൂയിസും അലർഷിനോട് മുന്നോട്ടുള്ള വഴിയിൽ കണ്ടുമുട്ടാം എന്ന പ്രതീക്ഷയിൽ തൽകാലം വിടപറഞ്ഞു നടത്തം പുനരാരംഭിച്ചു.
ലൂയിസിന് ഇംഗ്ലീഷ് അത്രവശമില്ല, അദ്ദേഹം ഇംഗ്ലീഷും ഇറ്റാലിയനും കലർത്തിയാണ് സംസാരിക്കുന്നത്. ഇറ്റാലിയൻ ഭാഷയും പോർത്തുഗീസും ലാറ്റിൻ എന്ന മാതൃഭാഷയുടെ സഹോദര ഭാഷകളായതിനാൽ അദ്ദേഹം പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു, ഞാൻ പറയുന്നത് അദ്ദേഹത്തിനും. അദ്ദേഹത്തിൻ്റെ പേര് എന്നെ അമേരിക്കൻ ജാസ്സ് സിങ്ങറും ട്രമ്പറ്റിസ്റ്റുമായ ലൂയിസ് ആംസ്‌ട്രോങിനെ ഓർമപ്പെടുത്തി. നടത്തത്തിനിടയിൽ ആംസ്‌ട്രോങിൻറെ പ്രശസ്തമായ പാട്ട്.
” ഐ സീ ട്രീസ് ഓഫ് ഗ്രീൻ, റെഡ് റോസ്സ് ടൂ. ഐ സീ ദെം ബ്ലൂം, ഫോർ മി ആൻഡ് യു. ആൻഡ് ഐ തിങ്ക് ടു മൈസെൽഫ്, വാട്ട് എ വണ്ടർഫുൾ വേൾഡ്..”
മെല്ലെ മൂളി. ലൂയിസ് ഒരു പുഞ്ചിരിയോടെ എന്നോടൊപ്പം ചേർന്ന് ഏറ്റുപാടി. പ്രകാശം പരന്നതോടെ ഒലീവ് തോട്ടങ്ങളിൽ വിളവെടുപ്പ് നടത്തുന്നവരെ കണ്ടു. അവരോട് ബോം ദിയ നേർന്ന് കുന്നുകൾ കയറി, മൺവഴികൾ പിന്നിട്ട് ഞങ്ങൾ നടന്നുനീങ്ങി.

ഏറെ ദൂരം പിന്നിട്ടതോടെ ഞങ്ങൾ ഒരു ജനവാസമേഖലയിലേക്കെത്തി. ആ ഗ്രാമത്തിൻറെ മധ്യത്തിലായി ഒരു കുഞ്ഞു കഫെ തുറന്നിരിക്കുന്നു. ശുചിമുറി ഉപയോഗിച്ചശേഷം പ്രഭാത ഭക്ഷണം കഴിക്കേണ്ടതുണ്ട്. ഞാൻ ലൂയിസിനോട് എന്നോടൊപ്പം കഫേയിലേക്ക് വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തിന് അല്പംകൂടെ നടക്കാൻതോന്നുന്നു എന്നും എന്നോട് കഫെയിൽ കയറിക്കൊള്ളു എന്നും മറുപടിനല്കി. ഞാൻ ലൂയിസിന് ബോം കമീനോ നേർന്ന് കഫേയിലേക്ക് കയറി.
ഏറെ പഴക്കം ഇല്ലാത്ത ഒരു കഫെയും ചെറുകിട റെസ്റോറണ്ടും ചേർന്ന രീതിയിലാണ് ആ സ്ഥാപനം പ്രവർത്തിക്കുന്നത്. ഒരു കുടുംബത്തിൻറെ അവർ താമസിക്കുന്ന വീടിനോട് ചേർന്ന്, വീട്ടിൽനിന്നും സ്ഥാപനത്തിലേക്ക് നേരിട്ട് പ്രവേശനം നൽകിയ രീതിയിലാണ് അതിൻ്റെ രൂപകൽപ്പന. ആ കുടുംബത്തിലെ അമ്മ ആണെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയാണ് സ്ഥാപനത്തിൽ ഏപ്രിൻ അണിഞ്ഞു നിൽക്കുന്നത്. അവരുടെ ശരീരഭാഷയിൽനിന്നും അവരാണ് ആ സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നത് എന്ന് മനസ്സിലാകും.
സ്ഥാപനത്തിലേക്ക് കയറിയപാടെ ഞാൻ സ്ത്രീയോട് ബോം ദിയ നേർന്നു. പതിവുപോലെ ഫോണും പവർ ബാങ്കും ചാർജിൽ വെച്ചശേഷം ആവി പറക്കുന്ന രണ്ട് ബ്രെഡ്ഡ് നെടുകെ മുറിച്ച് അവയിൽ പീനട്ട് ബട്ടർ അഥവ കപ്പലണ്ടി പേസ്റ്റ് തേയ്ച് തരാൻ ആവശ്യപ്പെട്ടു. കുടിക്കാൻ പഴച്ചാറും. അവർ ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ ഭാണ്ഡം ഒരു മേശക്ക് അരികിൽ ഇറക്കിവെച്ച് ഞാൻ ശുചിമുറി ഉപയോഗിച്ചു.
തിരികെ വന്നപ്പോൾ കഫെയിൽ മാറ്റുരണ്ടു പിൽഗ്രിമുകൾ കൂടി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവർ യുവദമ്പതികൾ ആണ്. എന്നെ കണ്ടപാടെ ഇരുവരും പുഞ്ചിരിയോടെ തല താഴ്ത്തി നമസ്ക്കാരം പറഞ്ഞു. സ്വീഡൻ നിവാസികളാണ് ഇരുവരും. വളരെ സാവധാനം കമീനോ നടന്നു പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ഏതാനും ആഴ്ചകൾ മുൻപ് ലിസ്ബണിൽനിന്നും യാത്ര തുടങ്ങി ഇരുവരും. ആഹാരം കഴിക്കുന്നതിനിടയിൽ അവരുമായി അൽപ്പം സംഭാഷണത്തിൽ ഏർപ്പെട്ടു. അവർ അവരുടെ പ്രണയം ആരംഭിച്ച് ഇപ്പോൾ ഒരു വർഷം പിന്നിട്ടിരിക്കുന്നു. ഇതുവരെ അവർക്കിടയിൽ വലിയ അസ്വാരസ്സ്യങ്ങൾ ഉടലെടുത്തിട്ടില്ല. അത് ഒരുപക്ഷെ ഇരുവരും തങ്ങളുടെ അനായാസകരമായ മേഖലയിൽ ഒരുമിച്ചു ജീവിക്കുന്നതിനാലായിലിരിക്കാം. അതിനാൽ പരിചയമില്ലാത്ത ഒരു ഭൂപ്രകൃതിയിൽ ആയാസകരമായ ഒരു ദൌത്യം ഒത്തുചേർന്ന് പൂർത്തീകരിക്കുകവഴി തങ്ങളുടെ ബന്ധത്തിലെ ദൃഢത ഉറപ്പിക്കുകയും പരസ്പര സഹായം, ബഹുമാനം എന്നീ മൂല്യങ്ങളെ ഊട്ടിയുറപ്പിക്കാനും വേണ്ടിയാണ് അവർ കമീനോ നടക്കാൻ തീരുമാനിച്ചതത്രെ.
ദമ്പതികൾ അവരുടെ കഥ വിവരിച്ചശേഷം എന്നെ കമീനോ പാതയിലെത്തിച്ച കഥക്കായി കാതോർത്തു. അവരുടെ കഥപോലെ അത്ര റൊമാൻറ്റിക്ക് അല്ലാത്ത പരുക്കനായ എൻ്റെ കഥ ഞാനും വിവരിച്ചു. ഒരുപക്ഷെ അങ്ങ് നോർത്തിൽ ജീവിതനിലവാരം ഉയർന്ന നാടുകളിൽ ഞാൻ ചെയ്യുന്നപോലെയുള്ള ക്യാമ്പിംഗ് യാത്രകൾ അവർ പരിഗണിച്ചേക്കും പക്ഷെ മറ്റൊരുനാട്ടിലും അതിനുള്ള ധൈര്യം ഇല്ല എന്നായിരുന്നു അവരുടെ മറുപടി.
അവർക്ക് ഒരു പുഞ്ചിരി നൽകികൊണ്ട് ഞാൻ വിടപറഞ്ഞു. കഫേയിലെ സ്ത്രീയിൽനിന്നും കമീനോ പാസ്സ്പോർട്ടിൽ സീൽ വാങ്ങിയശേഷം പുറത്തെത്തിയപ്പോഴേക്കും സൂര്യൻ ഏറെക്കുറെ പൂർണമായും ഉദിച്ചുയർന്നിരുന്നു.
ആ ഗ്രാമത്തിലൂടെ അതിൻ്റെ ഒരു ദിവസം തിരക്കിലേക്ക് നീങ്ങുന്ന കാഴ്ചകൾ കണ്ടുകൊണ്ട് ഞാൻ നടന്നു.

ഒറ്റവരി ടാർ റോഡിലൂടെ ദീർഘദൂരം പിന്നിട്ടപ്പോൾ വീടുകൾ തമ്മിലുള്ള അകലം ക്രമേണ കുറഞ്ഞുവന്ന് ഒടുവിൽ വീണ്ടും ഇരുവശത്തും കാട് നിറഞ്ഞ കുന്നുകൾ കയറി, പാത.

ചിലപ്പോൾ ടാറിട്ട റോഡിൽനിന്നും ഇടുങ്ങിയ മൺവഴിയിലൂടെ കുന്നിൻ ചെരുവോരം പറ്റിനടക്കുമ്പോൾ സ്വകാര്യ ഉടമസ്ഥതയിലുള്ള ബംഗ്ളാവുകൾ കാണാം.

അത്തരം സ്വകാര്യ ഭൂമിയോട് ചേർന്നുള്ള ഇടങ്ങളിലെ വഴിയരികിൽ ക്വിവി, മുന്തിരി പോലെയുള്ള പഴങ്ങൾ ധാരാളം ലഭിച്ചു.

സൂര്യൻ തൻ്റെ തീക്ഷണത പുറത്തെടുക്കാൻ ആരംഭിച്ചതോടെ ടാറിട്ട റോട്ടിലൂടെ കയറ്റം കയറി ഉള്ള യാത്ര ക്ലേശകരമാകാനാരംഭിച്ചു. പക്ഷെ ഇടയ്ക്കിടെ പാത ആപ്പിളുകളും ഓറഞ്ചുകളും തന്ന് എന്നെ ഉത്തേജിപ്പിച്ചു.
പാത സ്ഥിരതയില്ലാതെ മാറിക്കൊണ്ടിരിക്കുകയാണ്. ചിലപ്പോൾ ടാറിട്ട റോഡ്, മറ്റുചിലപ്പോൾ കാനനപാത, ചിലപ്പോൾ ഏകാന്തത തളംകെട്ടിനിക്കുന്ന നീണ്ട പാത, അൽപ്പം കഴിഞ്ഞാൽ നൂറ്റാണ്ടുകളുടെ ചരിത്രവുംപേറി ഇന്നും നിലകൊള്ളുന്ന കരിങ്കൽ കുടിലുകൾ അവിടവിടെ പരന്നുകിടക്കുന്നതിനിടയിലൂടെ പാത നീളുകയാണ്. കഠിനതയേറുംതോറും ആനന്ദമായി അനുഭവപ്പെടുത്തി പാതയങ്ങനെ നീളുകയാണ്. ഞാനതിൽ ഒഴുകുകയാണ്, കഠിനതകളെ വകവയ്ക്കാതെ മുന്നേറിക്കൊണ്ടേയിരുന്നു.

പലപ്പോഴായി വന്നുപോകുന്ന കരിങ്കൽ വീടുകൾ കാഴ്ചയിൽത്തന്നെ ഏറെ കൗതുകമുണർത്തുന്നവയാണ്. ചിലതിൽ ഇപ്പോൾ ആരൊക്കെയോ താമസിക്കുന്നു മറ്റുചിലത് തകരുകയോ, ഉപേക്ഷിക്കപ്പെട്ടനിലയിലോ കാണാം. ഇത്തരം വീടുകൾ ഉത്തര പോർത്തുഗലിലെ ഉൾനാടൻ ഗ്രാമപ്രദേശത്തെ കാഴ്ചയാണ്. നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ് ആളുകൾ ജീവിച്ചിരുന്ന അവക്ക് ഇന്ന് അവ പേറുന്ന ചരിത്രത്തോടെങ്കിലും നീതി ലഭിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. കാരണം സർക്കാർ ഗോൾഡൻ വിസ, ഇൻവെസ്റ്റ്മെൻറ് വിസ മുതലായ വിദേശ നിക്ഷേപപദ്ധതികൾ ഇപ്പോൾ ലിസ്ബൺ, പോർത്തോ പോലുള്ള വൻകിട സിറ്റികളിൽനിന്നും ഇത്തരം ഗ്രാമങ്ങളിലേക്ക് കൂടെ വികാസം കൊണ്ടുവരുന്നതിൻറെ ഭാഗമായി അവതരിപ്പിച്ചുവരുന്നു. അവയിൽ ഏറെ പ്രധാനമായ ഒരു പദ്ധതിയാണ് ഇത്തരം വീടുകൾ വാങ്ങി അത് പുനരുദ്ധീകരിക്കുമ്പോൾ ഉള്ള നികുതിയിളവുകൾ. എന്നിരുന്നാലും ഇത്തരം കൽവീടുകൾ ഇപ്പോഴും വേണ്ടവണ്ണം സംരക്ഷിക്കപെടുന്നില്ല. സമയം നട്ടുച്ചയായി ഏകദെശം ഇരുപതിലേറെ കിലോമീറ്ററുകൾ നടന്നുകഴിഞ്ഞു. മുന്നിലേക്കും പിന്നിലേക്കും നോക്കുമ്പോൾ നടുക്കടലിൽ നീന്തുന്ന പ്രതീതിയാണ്.

ചുട്ടുപൊള്ളുന്ന ടാർ റോട്ടിലൂടെ ഞാൻ നടന്നുകൊണ്ടിരുന്നു. രാവിലെകഴിച്ച ബ്രെഡ്ഡും പഴച്ചാറും, പിന്നെ വല്ലപ്പോഴും വീണുകിട്ടിയ പഴങ്ങളും എല്ലാം ആവിയായി. വിശപ്പ് കൊടുമ്പിരികൊള്ളുന്നു. കയ്യിലെ വെള്ളവും തീരാറായിട്ടുണ്ട്. ഒടുവിൽ മരുഭൂമിയിലെ മരുപ്പച്ചയെന്നപോലെ ഒരു ബോർഡ് കണ്ടു, അത് ഒരു ആൽബർഗ് ആണ്. ആ കാഴ്ച കണ്ടതോടെ വരണ്ടൊട്ടിയ എൻ്റെ ചുണ്ടിൽ ഒരു ഇളം പുഞ്ചിരി വിടർന്നു. നടത്തത്തിൻറെ വേഗത താനേ കൂടി. ഏക്കറുകണക്കിന് കൃഷിയിടത്തിന് അരികിലായി ഒരു പഴയ ബംഗ്ളാവ്. പൂർണമായും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന, വലിയൊരു ഭൂമിയിൽ പല ഭാഗങ്ങളായി പരന്നുകിടക്കുന്നു അതിൻ്റെ കെട്ടിടങ്ങൾ.
ഞാൻ അകത്തേക്ക് കയറിച്ചെന്നു. “റീഗോ ദോ മോർത്ത” എന്നാണ് ഇ ഗ്രാമത്തിൻറെ പേര്. ഇവിടുത്തെ ഏതോ പഴയ പ്രമാണികുടുംബത്തിൻ്റെ വീടായിരിക്കണം ഇത്. കയറിച്ചെല്ലുമ്പോൾ വലതുവശത്തായി പണ്ട് കുതിര വണ്ടി പാർക്ക് ചെയ്തിരുന്നതിനായി ഉണ്ടാക്കിയ ഒരു കരിങ്കൽ ഷെഡിൽ പഴയൊരു സ്‌റ്റുഡി ബേക്കർ കാർ അതിൻ്റെ നാശത്തിൻറെ പാരമ്മ്യത്തിൽ കിടക്കുന്നു. വലതുവശത്ത് ഷെഡ്‌ഡിനെത്തുടർന്ന് കുതിരകളെ കെട്ടുന്ന ആലയങ്ങൾ പോലെയുള്ള നിരവധി കെട്ടിടങ്ങളാണ്. ഇടതുവശത്തായി ഒരു ഔട്ട് ഹൌസ് പോലെയുള്ള നീണ്ട കെട്ടിടമാണ്. അതിന് മുൻപിലായി ശുചിമുറികളും ഓപ്പൺ ഷവറുകളുമെല്ലാം സ്ഥാപിച്ചിരിക്കുന്നു. നേരെ നടന്നെത്തുന്നത് ഒരു ചാചിറക്കോട് കൂടിയ വലിയൊരു പ്രധാന കെട്ടിടത്തിലേക്കാണ്. ചാച്ചിറക്കിൽ ഒരു ഓപ്പൺ എയർ കഫെ എന്നരീതിയിൽ ബെഞ്ചുകളും ഡെസ്‌ക്കുകളും ഇട്ടിട്ടുണ്ട്, അതിനോട് ചേർന്ന് ഒരു കോഫീ മെഷീനും ബിസ്കറ്റ് പോലെയുള്ള ലഘുഭക്ഷണങ്ങൾ കിട്ടുന്ന വെൻഡിങ് മെഷീനും സ്ഥാപിച്ചിട്ടുണ്ട്.

ധാരാളം മുറികളും സ്വിമ്മിങ് പൂളും മറ്റ് കായിക വിനോദങ്ങളും അടങ്ങിയ ഈ ബംഗ്ലാവ് മൊത്തത്തിൽ ഒരു റിസോർട് ആയി പ്രവർത്തിക്കുന്നു. അതിൻ്റെ ഒരു ഭാഗം പിൽഗ്രിമുകളെ ലക്ഷ്യമിട്ട് ദിവസ്സം 20 യൂറോ നിരക്കിൽ ഒരു ആൽബർഗായും പരിവർത്തനം ചെയ്തിരിക്കുന്നു.
ഞാൻ ആദ്യം ശുചിമുറികൾ ഉപയോഗിച്ചു, മുഖം കഴുകി ഒന്ന് ഫ്രഷ് ആയി. അതിനുശേഷം ചാച്ചിറക്കിൽ എത്തി. അവിടെ മൂന്നു പിൽഗ്രിമുകൾ ഇരിപ്പുണ്ടായി. അൽപ്പം പ്രായമുള്ള ഇറ്റാലിയൻ ഭാഷ സംസാരിക്കുന്നവരാണ്. ഞാൻ അവരെയു അവർ എന്നെയും തലയാട്ടി അഭിസംബോധന ചെയ്തു. നേരെ മെഷീനുകളുടെ അടുത്തേക്ക് നടന്നു. മെഷീനിൽ ഏതാനും ബിസ്കറ്റുകളും വറുത്ത ഉരുളക്കിഴങ്ങുമില്ലാതെ കാര്യമായി ഒന്നുംതന്നെയില്ല. പക്ഷെ എനിക്കായി എന്നപോലെ ഒരു കുഞ്ഞുപാകറ്റ് ബദാം ഇരിക്കുന്നു. ഞാൻ കയ്യിലിരുന്ന ഒരു യൂറോ തുട്ട് മെഷീനിലേക്ക് ഇട്ടു. ബദാം പാക്കറ്റിൻറെ നമ്പർ അമർത്തി. പക്ഷെ മെഷീൻ എന്തൊക്കെയോ ശബ്ദം പുറപ്പെടുവിച്ചതല്ലാതെ പാക്കറ്റ് പുറത്തുവന്നില്ല. ഇനിയെന്ത് .?
ചാച്ചിറക്കിൽനിന്നും ഇ റിസോർട്ടിൻറെ ലോബി എന്ന് തോന്നുംവിധം ഒരു ഇടത്തിലേക്കാണ് നേരെ പ്രവേശിക്കുന്നത്. ഞാൻ അവിടെയെത്തിയപ്പോൾ ഒരാൾ സാധനങ്ങൾ അടുക്കിപെറുക്കി നിൽപ്പുണ്ടായി. അയാൾ തൻറ്റെ ബ്രസീലിയൻ ശൈലിയിൽ എനിക്ക് “ബൊവ താർതെ” നേർന്നു. അദ്ദേഹത്തോട് മെഷീനിൽ നാണയം കുടുങ്ങിയ വിവരം അറിയിച്ചപ്പോൾ അദ്ദേഹം എന്നോടൊപ്പം പുറത്തേക്ക് വന്ന് മെഷീൻ തുറന്ന് ബദാം പാക്കറ്റ് എടുത്തുതന്നു. ഞാൻ അയാളോട് നന്ദിപറഞ്ഞു. ശേഷം ഫോണും പവർ ബാങ്കും ചാർജിൽ ഇട്ട് അവിടെ ഇരുന്ന് വിശ്രമിച്ചു. ഏകദെശം ഒരുമണിക്കൂറോളം ഞാൻ അവിടെ ചിലവിട്ടു. ചാർജിങ് പൂർത്തിയായതോടെ കുടിക്കാനുള്ള വെള്ളവും നിറച്ഛ് ഞാൻ നടത്തമാരംഭിച്ചു.
“അൽവയസ്‌റെ” എന്ന സ്ഥലമാണ് അടുത്തലക്ഷ്യം. അതിനിടയിൽ ഇനി മറ്റുഗ്രാമങ്ങളോ ഒന്നും വരുന്നില്ല. അതായത് ഇനി ആഹാരം കഴിക്കണമെങ്കിൽ 7 കിലോമീറ്ററുകളോളം നടന്നതിനുശേഷമേ സാധിക്കൂ. ആ തിരിച്ചറിവ് എന്നിൽ ഒരു ഭയം ഉളവാക്കി. മുൻപ് സംഭവിച്ചപോലെ തലകറങ്ങുകയോമറ്റോ ചെയ്യുമോയെന്ന ഭയം. എന്നിരുന്നാലും നടത്തം തുടർന്നു.

ആടുകളും പശുക്കളും മേയുന്ന പുല്തകിടികളും, ഒലീവ് മരങ്ങൾ വളരുന്ന കൃഷിയിടങ്ങളും, കല്ലുപാകിയ വഴികളുമെല്ലാം പിന്നിട്ട് ഞാൻ നടന്നുകൊണ്ടേയിരുന്നു. ഇടക്ക് തളരുമ്പോൾ തണലിൽ ഇരുന്ന് വെള്ളം കുടിക്കും, ആശ്വാസമായാൽ വീണ്ടും നടക്കും. അതിനിടയിൽ ചിലയിടത്തുനിന്ന് പഴുത്ത അത്തിപ്പഴവും, വാൾ നട്ടും, മാതളവുമെല്ലാം ലഭിച്ചു. വിശപ്പിനെ താൽകാലികമായി പിടിച്ചുനിർത്തി മുന്നോട്ട്പോകാൻ അത്തരം അപ്രതീക്ഷിതമായി ലഭിച്ച പഴങ്ങൾ സഹായിച്ചു. ചിലപ്പോഴെല്ലാം അവ ഒരുമരത്തിൽ എനിക്കായി കരുതിവെച്ചപോലെ ഒരെണ്ണം എന്ന രീതിയിൽ കാണപ്പെട്ടു. ഇത്തരം സന്ദർഭങ്ങൾ പിന്നിടുംതോറും എന്നെ ജീവിതത്തിൽ കടന്നുവന്ന വഴികളോട് കൂടുതൽ കൃതാർഥനാക്കി.

ഒടുവിൽ നാലരയോടെ അൽവയസ്‌റെ എത്തി. ഗൂഗിൾ മാപ്പിൽനോക്കിയപ്പോൾ അതികം അകലെയല്ലാതെ ഒരു സൂപ്പർമാർക്കറ്റ് കണ്ടു. ഞാൻ അത് ലക്ഷ്യമാക്കി നടന്നു. സൂപ്പർമാർക്കറ്റിന് പുറത്തായി സൈക്കിളിൽ സഞ്ചരിക്കുന്ന ഒരു പിൽഗ്രിം ഇരിക്കുന്നു. അദ്ദേഹം സ്പെയിനിലെ മാഡ്രിഡ് നഗരത്തിനടുത്ത്നിന്ന് സൈക്കിളിൽ ലിസ്ബണിലെത്തിയശേഷം. ലിസ്ബണിൽനിന്നും കമീനോ ആരംഭിച്ചിരിക്കുകയാണ്.
അദ്ദേഹത്തോട് അൽപനേരം സംസാരിച്ചശേഷം ഞാൻ സൂപ്പർമാർക്കറ്റിനകത്തേക്ക് കയറി. സൂപ്പർമാർക്കറ്റിനകത്തുകൂടി പലതവണ നടന്നു എങ്കിലും അവിടെനിന്നും ഒന്നും വാങ്ങാൻ മനസ്സുവരുന്നില്ല. എന്തെങ്കിലും ഫ്രഷ് ആയി ഉണ്ടാക്കിയത് ചൂടോടെ കഴിക്കാൻ തോന്നുന്നു. ഒടുവിൽ സൂപ്പർമാർക്കറ്റിൽനിന്നും ഞാൻ പുറത്തേക്കിറങ്ങി. ഒരു റെസ്റ്റോറൻഡ് കണ്ടുപിടിക്കാനായി ശ്രമം തുടങ്ങി.
ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയിലുള്ള സമയമായതിനാൽ മിക്കവാറും റെസ്‌റ്റോറൻഡ്കൾ അവരുടെ അത്താഴത്തിനുള്ള പണികൾക്കായി അടച്ചിരിക്കുകയാണ്. തുറന്നിട്ടുള്ളവയിൽ മാംസമല്ലാതെ മറ്റൊന്നുമില്ലതാനും. നിരാശ ബാധിച്ചുതുടങ്ങിയെങ്കിലും ഞാൻ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. അൽവയസ്‌റെ പള്ളിക്കരികിലായി ഒരു ആൽബർഗും അതിനോട്‌ചേർന്ന് ഒന്നുരണ്ട് റെസ്റ്റോറൻഡ് ഉള്ളതായും മാപ്പിൽ കണ്ടു. പ്രധാന വഴിയിൽനിന്നും വ്യതിചലിച്ച് ഒരു ഉൾവഴിയിലൂടെ മാപ്പ് എന്നെ നടത്തി. നമ്മുടെ നാട്ടിലെ സ്റ്റേറ്റ് ഹൈവേ എന്നറിയപ്പെടുന്ന രീതിയിലുള്ള ഒരു പ്രധാന പാതയുടെ സമാന്തരമായുള്ള വഴിയിലൂടെയാണ് ഞാൻ ഇപ്പോൾ നടക്കുന്നത്. വഴിയരികിൽ മതിൽകെട്ടിനകത്ത് സുന്ദരമായ പുതിയ കാലത്തിൻറെയും പഴമയുടെയും ശൈലികൾ പേറി വീടുകൾ നിരയായി ഉണ്ട്. മിക്കവാറും വീടുകൾ കുടുംബങ്ങളുടേതാണ് ആണ്. കാരണം വീടുകളുടെ വശങ്ങളിലായി കൃഷി ആയുധങ്ങൾ സൂക്ഷിക്കുന്ന ഒരു ഷെഡ്ഡും അതിന് അരികിലായി ഒരു പിക്ക് അപ്പ് വാൻ, ഒരു ട്രാക്റ്റർ പോലുള്ള വാഹനങ്ങളും കാണാം.
ഞാൻ ഏറെ അവശനായി മെല്ലെ നടന്നുനീങ്ങികൊണ്ടിരുന്നു. ഒരു വീടിൻ്റെ മുൻപിലെത്തിയപ്പോൾ അവിടെ മതിൽകെട്ടിനകത്ത് രണ്ട് പട്ടികൾ സ്വതന്ത്രമായി വിഹരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവർ മതിലിനടുത്തേക്ക് പാഞ്ഞുവന്നു. എന്നെ നോക്കി കുരക്കാൻ തുടങ്ങി. അവർ മതിലിനകത്തായതിനാൽ പുറത്തേക്ക് വരില്ല എന്ന ഉറപ്പിൽ ഞാൻ ഭയന്നില്ല എങ്കിലും നടത്തത്തിൻറെ വേഗം കൂട്ടി. മാപ്പിൽനോക്കിയപ്പോൾ ഇനി അതികം ദൂരമില്ല. പട്ടികൾ തന്ന വേഗം കുറക്കാതെ ഞാൻ ആവേശത്തോടെ നടന്നു. അൽപ്പം മുന്നോട്ട് പോയപ്പോൾ പുറകിൽ നിന്നും ആരോ എന്നെ കൈകൊട്ടി വിളിക്കുന്നപോലെ തോന്നി.
“ഹേ.. പെരിഗ്രീനോ..”
