
സൗഹൃദം
ഇന്ന് ഒക്ടോബർ നാല്, പൂർണമായ രീതിയിൽ യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ചാംനാൾ. പതിവുപോലെ സൂര്യനുദിക്കും മുൻപേ ഞാൻ ഉറക്കമുണർന്നു. ടെൻറ്റിന്റെ പുറത്ത് തങ്ങിനിന്ന മഞ്ഞുത്തുള്ളികൾ തുടച്ച് ടെൻറ്റ് മടക്കിയെടുത്ത് ഭാണ്ഡത്തോട് ചേർത്തു. ഇന്നലെ സൂപ്പർമാർകെറ്റിൽനിന്നും വാങ്ങിയ രണ്ടു ബ്രെഡ്ഡും ഒരു കുപ്പി പഴച്ചാറും ഭാണ്ഡത്തിലുണ്ട്. കയ്യിൽ ധാരാളം വെള്ളം ബാക്കിയുള്ളതിനാൽ ആ കൃഷിയിടത്തിൽ തന്നെ പല്ലുതേയ്ച്ചു. ശേഷം ഭാണ്ഡത്തിൽനിന്നും ബ്രെഡ്ഡും പഴച്ചാറും പുറത്തെടുത്ത് കയ്യിൽ പിടിച്ചു നടക്കാൻ ഒരുങ്ങി. സമയം നോക്കാൻ ഫോൺ എടുത്തപ്പോൾ അതാ ഇന്നലെ ഉറങ്ങുന്നതിനുമുന്പ് അയച്ച മെസ്സേജിന് മറുപടിയെത്തിയിരിക്കുന്നു.
ആ മെസ്സേജ് ഒരിക്കൽക്കൂടി എന്നെ ഇന്നലെ രാത്രിയിലേക്ക് കൊണ്ടുപോയി.
അപരിചിത വസ്തുവിൻറെ ചലനം ഏറെ നേരം ഞാൻ നിരീക്ഷിച്ചു. “സിഗ് സാഗ്” എന്നറിയപ്പെടുന്ന കോണോട് കോൺ രീതിയിലാണ് വസ്തുവിൻറെ ചലനം. വസ്തുവിൻറെ ഞാനുമായുള്ള അകലം പരിഗണിച്ചാൽ അത് നീങ്ങുന്ന വേഗത കമ്പ്യൂട്ടർ സ്‌ക്രീനിൽ മൗസ് പോയെന്റെർ നീക്കുന്നതിനോട് സമാനമാണ്. മാത്രമല്ല വസ്തു തുടർച്ചയായി കമ്പനം ചെയ്തുകൊണ്ടിരിക്കുന്നു. വസ്തുവിൻറെ ചടുലമായ നീക്കത്തെ ഒരുപാട് നേരം പിൻതുടരാനായെങ്കിലും, ഒരു ബിന്ദുവിൽവച്ച് അത് അപ്രത്യക്ഷമായി അഥവ എൻ്റെ കണ്ണുകളുടെ സൂക്ഷ്മതയെക്കാൾ വേഗത്തിൽ അത് ചലിച്ചു. ഏറെ നേരം ആകാശത്തുതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പിന്നീട് വസ്തുവിനെ കണ്ടെത്താനായില്ല. ഉടനെ ഫോൺ എടുത്ത് കണ്ട വസ്തുവിനെപ്പറ്റി എനിക്കുണ്ടായ അനുഭവങ്ങൾ വിശദീകരിച്ച് ഗൂഗിളിൽ പരതി. പക്ഷെ അവിടെ ആയിരക്കണക്കിന് ഗൂഡാലോചനാ സിദ്ധാന്തങ്ങൾ അല്ലാതെ മറ്റൊന്നും കണ്ടെത്താനായില്ല. അപ്പോഴാണ് വാനനിരീക്ഷകൻ സുഹൃത്ത് പെഡ്രോയെ ഓർമ്മവന്നത്. ഉടനെ നടന്ന സംഭവങ്ങൾ എല്ലാം വിശതീകരിച്ച് അദ്ദേഹത്തിന് ഒരു മെസ്സേജ് അയച്ചു.
ലിസ്ബൺ ഒബ്‌സർവേറ്ററിയിൽ ഏറെകാലം ടെക്‌നിഷ്യൻ ആയി പ്രവർത്തിച്ചശേഷം ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ് പെഡ്രോ. സിറ്റിയിൽ നിന്നും അൽപ്പം പടിഞ്ഞാറുമാറി “പരേടെ” എന്ന സ്ഥലത്താണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്. ഒരു വലിയ ടെലിസ്കോപ്പും തൂക്കി സായാഹ്നമായാൽ കടൽക്കരയിലോ മറ്റോ കാണാം അദ്ദേഹത്തെ. ഞാൻ പരിചയപ്പെടുമ്പോൾ ശനി, വ്യാഴം, ചൊവ്വ എന്നീ മൂന്ന് ഗ്രഹങ്ങളുടെ സ്ഥാനമാറ്റത്തിൻറെ ടൈം ലാപ്സ് ശേഖരിക്കുകയായിരുന്നു അദ്ദേഹത്തിൻ്റെ ഹോബി. മാത്രമല്ല അദ്ദേഹത്തിൻ്റെ ടെലിസ്കോപ്പിൽ കൗതുകം തോന്നി അടുത്തുകൂടുന്ന ടൂറിസ്റ്റുകൾക്കും പ്രദേശവാസികൾക്കും ടെലസ്കോപ്പിലൂടെ ആകാശക്കാഴ്ചയും, കാണുന്ന കാഴ്ചകളെ വിശദീകരിച്ചു നൽകുകയും ചെയ്തിരുന്നു അദ്ദേഹം.

പെഡ്രോയുടെ വാനനിരീക്ഷണത്തിലുള്ള ആസക്തി വ്യക്തമാക്കുന്നതാണ് ആ മെസ്സേജ്, ഒപ്പം “ഫെർണാണ്ടോ പെസോവ” എന്ന പോർത്തുഗീസ് സാഹിത്യകാരനോടുള്ള അടങ്ങാനാവാത്ത ആരാധനയും കൂടിയായതോടെ അദ്ദേഹത്തിൻ്റെ മെസ്സേജുകൾ നീണ്ട ഒരു സാഹിത്യകൃതിപോലെ അനുഭവപ്പെട്ടു. എങ്കിലും രത്നചുരുക്കം ഇപ്രകാരമാണ്.
പ്രധാനമായും രണ്ട് സാധ്യതകളാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. മാരിടൈം ഇൻസ്റ്റിട്യൂട്ട് ഇടയായി കാറ്റിനോട് ചേർന്ന് സഞ്ചരിച്ച് വേഗത, ദിശ എന്നിവ മനസ്സിലാക്കാനും. അന്തരീക്ഷത്തിലെ ജലബാഷ്പത്തിൻറെയും, മറ്റ് മൂലക വാതകങ്ങളുടേയുമെല്ലാം പഠനം നടത്താനുമായി. വലിപ്പവും ശക്തിയും കൂടിയ ദീർഘദൂര ഡ്രോണുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുവരുന്നു. ഒരുപക്ഷെ ഇത്തരം ഡ്രോണുകൾ ആയിരിക്കാം. മറ്റൊരു സാധ്യതയായി അദ്ദേഹം പറയുന്നത് എൻ്റെ ഉപബോധമനസ്സിൻറെ ആവിഷ്ക്കാരമായിരിക്കാം എന്നാണ്. പക്ഷെ ഒരു കാര്യം അദ്ദേഹം തീർച്ചപ്പെടുത്തി. യു, ഫ് , ഓ എന്ന് നമ്മൾ വിളിക്കുന്ന അന്യഗ്രഹ ജീവികൾ സഞ്ചരിക്കുന്നത് എന്ന് പരക്കെ പറയപ്പെടുന്ന പേടകങ്ങൾ ആയിരിക്കാൻ ഒരു സാധ്യതയും ഇല്ല. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ അങ്ങനെയൊന്ന് ആകാശത്ത് പ്രത്യക്ഷപ്പെട്ടാൽ അതിനെ നിരീക്ഷിച്ച് പഠനം നടത്താനുള്ള സാങ്കേതിക വിദ്യ ഇന്ന് ഭൂമിയുടെ എല്ലാ കോണിലും നമ്മൾ മനുഷ്യർ സ്ഥാപിച്ചുകഴിഞ്ഞു. അതിനാൽത്തന്നെ അങ്ങനെയൊന്ന് ഞാൻ എൻ്റെ നഗ്നനേത്രങ്ങൾകൊണ്ട് കണ്ടിരിക്കുന്ന നേരത്തിനുള്ളിൽത്തന്നെ അത് വാർത്തയായി പുറത്തുവന്നേനെ അത്രേ.
ഒരു നെടുവീർപ്പിട്ട് കയ്യിൽ കരുതിയ ബ്രെഡ്ഡ് കഴിച്ചുകൊണ്ട് ഞാൻ നടത്തമാരംഭിച്ചു. കൃഷിഭൂമിയിൽനിന്നും റോഡിലേക്കിറങ്ങി പതിയെ നടന്നുനീങ്ങിക്കൊണ്ടിരിക്കവെ പുറകിൽ നിന്നും ആരോ വരുന്നതായി തോന്നി. ഞാൻ മെല്ലെ തിരിഞ്ഞുനോക്കി.
“ഗുഡ് മോർണിംഗ്”
“ബോം കമീനോ”
ഒരു സ്ത്രീ ശബ്ദമായിരുന്നു. ഞാൻ ആശംസകൾ മടക്കി.
“ആർ യു ദാറ്റ് ക്യാംപിങ് ഗയ്, വിച്ച് ഹും ഓൾ ആർ ടോക്കിങ് എബൌട്ട് ഇൻ ദി ആൽബർഗ്‌സ്”.? അവർ എന്നോട് ചോദിച്ചു.
“ഐ ഡൂ ക്യാമ്പിംഗ്”. ഞാൻ പറഞ്ഞു.
“ഐ ഓൾറെഡി ഹിയേർഡ് എബൌട്ട് യു ഫ്രം മെനി പീപ്പിൾ, ഐ വാസ് ഹോപ്പിങ് റ്റു മീറ്റ് യു.”
എലിസബത്ത്, സ്വയം പരിചയപ്പെടുത്തുമ്പോൾ “ബേത്ത്” എന്ന് പറയാനാണ് അവർക്കിഷ്ടം. അമേരിക്കയിലെ ട്ടെന്നെസി സ്റ്റേറ്റുകാരിയാണ്. പ്രായം അൻപതുകളിൽ എത്തിയിരിക്കുന്നു. ലിസ്ബണിൽനിന്നും ഞാൻ പുറപ്പെടുന്നതിനു ഒരു ദിവസം മുൻപേ അവർ പുറപ്പെട്ടിരുന്നു. പൂർണമായും ആൽബർഗുകളെ ആശ്രയിച്ചാണ് അവർ യാത്രചെയ്യുന്നത്.

പരസ്പരം പരിചയപ്പെട്ടും ഇരുവരും പേറുന്ന സംസ്കാരങ്ങൾ പങ്കുവെച്ചുകൊണ്ട് ഞങ്ങൾ ഒരുമിച്ചുതന്നെ മുന്നേറികൊണ്ടിരുന്നു. അല്പദൂരം പിന്നിട്ടപ്പോൾ വഴിയരികിൽ ഒരു ശുചിമുറി കണ്ടു. ഞങ്ങൾ ഇരുവരും ശുചിമുറി ഉപയോഗിച്ചു. ഞാൻ ഒരു കുളിയുംപാസ്സാക്കി പുറത്തുവരുന്നതുവരെ ബേത്ത് എനിക്കായി കാത്തുനിന്നു.
അതിനുശേഷം ഇന്ന് പരമാവധി സാധിക്കുമത്രയും ഒരുമിച്ചു നടക്കാൻ തീരുമാനിച്ചു. ശേഷം ഞങ്ങൾ മെല്ലെ ഇരുവരുടെയും സൗകര്യങ്ങൾക്കനുസരിച്ച് മെല്ലെ മെല്ലെ നടന്നുനീങ്ങി. ഗൊളെഗായും അതിൻ്റെ പരിസരവും പിന്നിട്ട് “അറ്റലയ” എന്ന ഗ്രാമപ്രദേശം എത്തി. അപ്പോഴേക്കും ബേത്ത് അമേരിക്കൻ ജീവിതത്തെപ്പറ്റി വിശദീകരിക്കാൻ തുടങ്ങിയിരുന്നു. അറ്റലയ എന്ന മനോഹര ഗ്രാമത്തിൻറെ ശാന്തത ഞങ്ങൾ ഇരുവരെയും ആകർഷിച്ചിരുന്നു. ഇരുവശത്തേക്കും വഴിപിളരുന്നതിൻറെ നടുക്കായി പഞ്ചായത് ഓഫീസ് സ്ഥിതിചെയ്യുന്നത് കണ്ടപ്പോൾ അത് എന്നിൽ ഏറെ കൗതുകമുണർത്തി.

നടത്തം പുരോഗമിക്കവെ വഴിയരികിൽ കാണുന്ന പഴങ്ങൾ എൻ്റെ മടക്കുകത്തിക്ക് ഇരയായികൊണ്ടിരുന്നു. അത്തരത്തിൽ ലഭിക്കുന്ന പഴങ്ങളുടെ പങ്ക് ബേത്തും സന്തോഷത്തോടെ ആസ്വദിച്ചു.

ഇരുവരുടെയും ഇന്നത്തെ ലക്ഷ്യം “തുമർ” എന്ന പട്ടണമാണ്. പക്ഷെ ഞാൻ പൂർണമായും നടന്ന് എത്താനുദ്ദേശിക്കുന്ന തുമറിലേക്ക് ഏകദേശം ഏഴു കിലോമീറ്റർ മുൻപേയുള്ള ഒരു കൊച്ചു ഗ്രാമ പ്രദേശത്തെ തീവണ്ടി സ്റ്റേഷനിൽനിന്നും തീവണ്ടി എടുത്താണ് ബേത്ത് എത്താൻ ഉദ്ദേശിക്കുന്നത്. കാരണം അവർ അവിടെ കുറച്ചു ദിവസ്സങ്ങൾ ചിലവിടാനായി ഒരു അപ്പാർട്മെൻറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അതിൻ്റെ ഉടമയിൽനിന്നും സമയത്തിന് താക്കോൽ വാങ്ങാനാണ് ബേത്ത് ഇപ്രകാരം തീവണ്ടി സേവനം ഉപയോഗിക്കുന്നത്. മാത്രമല്ല ഇത്തരത്തിൽ കമീനോ നടത്തത്തിൽനിന്നും ഒരു കുഞ്ഞു അവധി എടുക്കാനുള്ള പ്രധാന കാരണം, അവർക്ക് കാൽവിരലുകൾക്കിടയിൽ പിടിപെട്ടിരിക്കുന്ന ഇൻഫെക്ഷൻ വൈദ്യ സഹായം തേടി ഭേദമാക്കാൻ വേണ്ടിയാണ്.
ഒരു ചെറു വിശ്രമവേളയിൽ ബേത്ത് അവരുടെ ഷൂ ഊരി കാലിലെ ഇൻഫെക്ഷൻ എനിക്ക് കാട്ടിത്തന്നു. ശരിയാണ് ഏറെ അപകടകരമായ രീതിയിൽ വിരലുകൾക്കിടയിൽ പഴുപ്പ് ബാധിച്ചിരിക്കുന്നു. എൻ്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു കുഞ്ഞു സർജിക്കൽ ആൽക്കഹോൾ കുപ്പിയും, കുറച്ചു പഞ്ഞിയും ആ വൃണം വൃത്തിയാക്കാനായി ഞാൻ ബെത്തിനു നൽകി. ബേത്ത് സന്തോഷത്തോടെ അത് ഏറ്റുവാങ്ങി. ഞങ്ങൾ യാത്രതുടർന്നു.
ഇനിയങ്ങോട്ട് കാനനപാതയാണ്. ചെറുപാറകളും കൂർത്ത കല്ലുകളും നിറഞ്ഞ ചെങ്കുത്തായ കയറ്റവും ഇറക്കവും ഉള്ള യൂക്കാലി കാടുകൾക്കുള്ളിലൂടെയുള്ള നീണ്ട കാനനപാത.
അമേരിക്കയെപ്പറ്റിയും ഇന്ത്യയെപ്പറ്റിയും യുറോപ്പിനെപ്പറ്റിയും ഞങ്ങളുടെ കുടുംബകാര്യങ്ങളുമെല്ലാം സംസാരിച്ചുകൊണ്ട് നടക്കുന്നതിനാൽ പിന്നിടുന്ന ദൂരം വല്ലാതെ മനസ്സിലായിരുന്നില്ല. പക്ഷെ വലിയ കുത്തനെയുള്ള കയറ്റങ്ങൾ പിന്നിടുമ്പോൾ ബേത്തിനായി ഞങ്ങൾ ഒരുനിമിഷം നിന്ന് കിതപ്പുമാറ്റി വീണ്ടും നടന്ന് മുന്നേറികൊണ്ടിരുന്നു.

ഞാനും ബേത്തുമല്ലാതെ ഇന്ന് മറ്റൊരു പിൽഗ്രിമിനെ കണ്ടിട്ടില്ല. പക്ഷെ ആ വഴിയാകെ ഞങ്ങൾക്കും മുൻപേ നടന്നവരുടെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നതായികാണാം. കല്ലുകളിൽ പേനകൊണ്ട് വാക്യങ്ങളും ആശംസകളും എഴുതിയിരിക്കുന്നു. ചിലർ വെള്ളംകുപ്പിയിൽ കുറിപ്പെഴുതി പുറകെവരുന്നവർക്കായി വച്ചിരിക്കുന്നു. പലതരം കലാ സൃഷ്ട്ടികൾ അങ്ങനെ പലതുംകാണാം.

ഇടയ്ക്കിടെ ഭീമാകാരമായ വൈത്യുതി ലൈനുകൾക്കടിയിലൂടെ നടക്കുമ്പോൾ ബേത്ത് പേടിക്കുന്നതായി തോന്നി. ആ ലൈനുകൾക്കടിയിൽ നിൽക്കുമ്പോൾ ഒരു “സ്സ്സ്” ശബ്‌ദം കേൾക്കാം. ആ ശബ്‌ദമാണ് ബേത്ത്ൻറെ പേടിയുടെ കാരണം. എന്നേക്കാൾ അധികമൊന്നും കുറവില്ലാത്ത പ്രായത്തിൽ ഒരു മകളുള്ള ബേത്തിന് ഇപ്പോഴും ഇത്തരം ശബ്ദങ്ങളും, തുമ്പി, വണ്ട് ഇവയെല്ലാം പേടിയാണെന്നുകേട്ടപ്പോൾ എനിക്ക് കൗതുകം തോന്നി. പേടികൾ പലതരം അവക്ക് പ്രായം ഇല്ല. നാടുകളും ജീവിത സാഹചര്യങ്ങളും അനുസരിച്ച് അവ വ്യത്യസ്തമായിരിക്കുമെന്ന് മാത്രം.
പക്ഷെ ബെത്തിന്റെ ആ പേടിയെ വലിയ ആയാസകരാമായ കയറ്റം കയറുമ്പോൾ ഞാൻ തമാശരൂപത്തിൽ ഒരു വായ്താരിപോൽ ഉപയോഗിച്ചു.
“ബഗ്ഗ് ബഗ്ഗ് ബഗ്ഗ് ഡോണ്ട് കം നൗ. വീ ആർ ഹൈക്കിങ് ഇൻ ദിസ് ലോൺലി ഫോറസ്ററ് അലോൺ.”
ശരണമന്ദ്രം ഉരുവിട്ട് ശബരിമല കയറുന്നപോലെ, തൊഴിലാളികൾ വായ്താരിപാടി മല്ലുപണി എടുക്കുംപോലെ, വഞ്ചിപ്പാട്ടുപാടി തുഴയെറിയുംപോലെ ഈ വായ്താരിപാടി ഞങ്ങൾ ആ ചെങ്കുത്തായ യൂകാലികുന്നുകൾ കയറിയിറങ്ങി ഏറെ ദൂരം പിന്നിട്ടു. ഒടുവിൽ ഏകദെശം 11 : 30 ഓടെ “അസ്സിസിറ” എന്ന ഗ്രാമത്തിലെത്തി.

അവിടെ കണ്ട ഒരു ടാങ്കോ പബിക്കയിൽ ശുചിമുറികൾ ഉപയോഗിച്ച് ഞങ്ങൾ വൃത്തിയായി വെള്ളം നിറച്ചു. ആ ഗ്രാമത്തിലെ ഒരു ടുറിസ്റ്റ് പോസ്റ്റിൽനിന്നും കാമീനോ പാസ്പ്പോർട്ടിൽ ഇരുവരും സീൽ വാങ്ങി.
അടുത്തതായി എത്തുന്ന ഗ്രാമമായ “മദ്ദലേന”യിൽ നിന്നുമാണ് ബേത്തിന് തീവണ്ടി കയറേണ്ടത്. ഞങ്ങൾ ആ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. വണ്ടി എത്തുന്നതിനും അൽപ്പസമയം മുൻപായി ഞങ്ങൾ സ്റ്റേഷനിൽ എത്തി. അപ്പോഴേക്കും വെയിൽച്ചൂട് വല്ലാതെ ഉയർന്നിരുന്നു. അതിനാൽ ഞാനും ബേത്തിനൊപ്പം സ്റ്റേഷനിലെ പ്ലാറ്റുഫോമിൽ ഒരു തണൽ കാഞ്ഞുകൊണ്ട് ഇരുന്നു. അൽപ്പം കഴിഞ്ഞപ്പോഴേക്കും വണ്ടിവന്നു. വണ്ടിയിൽ കയറുന്നതിനുമുൻപായി ബേത്ത് എനിക്ക് അവർ ഉണ്ടാക്കിയ ഒരു കുഞ്ഞു കമീനോ ഷെൽ സമ്മാനമായി നൽകി. മൊത്തം 36 എണ്ണം ഷെല്ലുകളാണ് അവർ ഉണ്ടാക്കിയത് അതിൽ ഒന്നാണ് അവർ എനിക്ക് സമ്മാനിച്ചിരിക്കുന്നത്. അതിനർത്ഥം കുറച്ചുമണിക്കൂറുകൾ ആയിരുന്നു എങ്കിലും എൻ്റെ സൗഹൃദം അവർക്ക് വളരെ പ്രിയപെട്ടതാണെന്ന് അവർ കൂട്ടിച്ചേർത്തു. ശേഷം ഒരു സ്നേഹ ചുംബനം നൽകി അവർ വിടപറഞ്ഞു.

ബേത്ത് പോയതിനുശേഷവും അൽപ്പം വെയിൽ ആറുംവരേക്കും ഞാൻ ആ സ്റ്റേഷനിലെ തണലിൽ തുടർന്നു. ശേഷം തോമർ ലക്ഷ്യമാക്കി നടന്നു. ഏകദെശം അഞ്ചു കിലോമീറ്ററുകളാണ് പിന്നിട്ടത്. പൊരിവെയിലത്തെ ആ നടപ്പ് തോമർ എത്തിയശേഷം ഒരു സൂപ്പർമാർക്കറ്റിൽനിന്നും അൽപ്പം ഭക്ഷണം വാങ്ങി കഴിച്ച്, ടൗണിൻറെ മധ്യത്തിൽ തന്നെയുള്ള ഒരു പാർക്കിൽ ഭാണ്ഡമിറക്കിവെച്ച് അൽപ്പം ഉറങ്ങാൻ എന്നെ നിർബന്ധിച്ചു.
ഉറക്കമുണർന്നപ്പോൾ സമയം നാലായി. മെല്ലെ ഭാണ്ഡവുമേന്തി ടൗണിനുചുറ്റും ഒന്ന് നടന്നു കാഴ്ചകൾ കണ്ടു. അതിനിടയിൽ പള്ളിയിൽ കയറി കാമീനോ പാസ്സ്പോർട്ടിൽ സീൽ വാങ്ങി. വീണ്ടും അല്പനേരത്തെ നടത്തത്തിനൊടുവിൽ വീണ്ടും കമീനോ പാതയിലേക്ക് കയറി.
പട്ടണത്തിൻറെ പ്രാന്തപ്രദേശത്തുകൂടി നടന്നുനീങ്ങി ഒടുവിൽ ഒരാൾക്ക് നടക്കാവുന്ന മൺപാതയിലേക്ക് എത്തി. പട്ടണത്തിൽനിന്നും ഏറെ ദൂരെയല്ലെങ്കുലും കാട്ടുപാതയിലൂടെ നടന്ന് ഒരു തടയണക്കരികിലെത്തി. തടയണക്ക് വശത്തായി ഒരു കാലിയായി കിടക്കുന്ന വാച്ച് ടവറും ഉണ്ട്. മറുത്തൊന്നും ആലോചിക്കാതെ ഭാണ്ഡം വാച്ച് ടവറിൽ വച്ചശേഷം കഴുകാനുള്ള വസ്ത്രങ്ങൾ എടുത്ത് നേരെ തടയണയിലേക്ക്.
വസ്ത്രങ്ങൾ കഴുകി ഒരു കുളിയും പാസ്സാക്കി തിരികെ വാച്ച് ടവറിൽ എത്തി വസ്ത്രങ്ങൾ വിരിച്ചിട്ടു. ഇന്ന് രാത്രി ഇ മനോഹരമാം ഇടത്തിൽ കൂടാം എന്ന് തീരുമാനിച്ചു.
