കപ്പലണ്ടി അപ്പൂപ്പൻ – ഒരു ഓർമ്മക്കുറിപ്പ്

ഞങ്ങളുടെ കുട്ടിക്കാലത്ത്, അതായത് എൺപതുകളുടെ ആദ്യ കാലഘട്ടങ്ങളിൽ കപ്പലണ്ടി അപ്പൂപ്പൻ ഞങ്ങൾക്ക് ഒരു വിസ്മയമായിരുന്നു. അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ അലഞ്ഞുതിരിഞ്ഞു ആരോരുമില്ലാതെ തികച്ചും ഒറ്റപ്പെട്ട്‌ നടന്നിരുന്ന അദ്ദേഹം ഇടയ്ക്ക് ഞങ്ങളുടെ വീട്ടിലേക്ക് വരുമായിരുന്നു. വരുമ്പോഴെല്ലാം അദ്ദേഹത്തിൻറെ കൈകൾ നിറയെ കപ്പലണ്ടിയും കപ്പലണ്ടി മിഠായികളും ഞങ്ങൾക്ക് വേണ്ടി കരുതിയിരിക്കും. അക്കാലത്ത് ഞങ്ങൾ കുട്ടികൾക്ക് ആരെങ്കിലും കപ്പലണ്ടിയോ മിഠായികളോ കൊണ്ടുവരിക വളരെ അപൂർവമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിൻറെ ഇടയ്ക്കുള്ള വരവ് ഞങ്ങൾക്കെല്ലാവർക്കും വളരെ സന്തോഷം നൽകുമായിരുന്നു.

ഉറ്റവരും ഉടയവരും നോക്കാനില്ലാതെ അലഞ്ഞുതിരിഞ്ഞു വിശപ്പിൻറെ പാരമ്യത്തിൽ വീട്ടിൽ കയറി വരുമ്പോൾ യാതൊരു സങ്കോചവും കൂടാതെ വീട്ടുകാർ ഭക്ഷണം നൽകിയത് കൊണ്ടാകാം അദ്ദേഹം ഞങ്ങളോട് ഇത്രയും കൂടുതൽ അടുപ്പം കാട്ടിയിരുന്നത്. കൂടാതെ വീട്ടിൽ വന്നു എപ്പോൾ വേണമെങ്കിിലും ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം വീട്ടുകാർ അദ്ദേഹത്തിന് നൽകിയിരുന്നു. അതിന് മറ്റൊരു കാരണവും കൂടിയുണ്ട്, ഉറ്റ ബന്ധുക്കൾ അദ്ദേഹത്തെ അംഗീകരിച്ചില്ലെങ്കികൂടിയും ഒരു അകന്ന എന്ന ബന്ധു എന്ന ബഹുമാനം വീട്ടുകാർ അദ്ദേഹത്തിന് എപ്പോഴും നൽകിയിരുന്നു. എങ്കിലും ആ ഒരു സ്വാതന്ത്ര്യത്തിന്ൻറെ പേരിൽ അദ്ദേഹം ഒരിക്കലും ആരെയും ബുദ്ധിമുട്ടിച്ചിരുന്നില്ല. ചിലപ്പോൾ അലഞ്ഞു തിരിഞ്ഞ് വിശപ്പ് സഹിക്കാനാവാതെ വരുമ്പോൾ മാസത്തിൽ ഒന്നോ രണ്ടോ തവണ വരും അത്രമാത്രം. പക്ഷേ കുട്ടികളായ ഞങ്ങൾക്ക് അദ്ദേഹത്തിൻറെ വരവ് വളരെ ഇഷ്ടമായിരുന്നു കാരണം കപ്പലണ്ടിയും കപ്പലണ്ടി മിഠായിയും തന്നെ.

അപ്പൂപ്പൻ വരുന്നുണ്ടെങ്കിൽ ഞങ്ങൾക്ക് അകലെനിന്നും അറിയാം കാരണം മദ്യപിച്ച് ലക്ക് കെട്ട് ഉച്ചത്തിൽ പാട്ട് പാടിയും നാട്ടിലുള്ള പ്രബുദ്ധരായ പ്രമാണിമാരെ എല്ലാം തെറിവിളിച്ചു ഒരു ഒറ്റയാനെ പോലെയായിരിക്കും വരവ്. ഒരുപക്ഷേ, ഉറ്റവരിൽ നിന്നും സമൂഹത്തിൽ നിന്നും അദ്ദേഹത്തിന് നേരിടേണ്ടിവന്ന അവഗണനയും വിദ്വേഷവും ആകാം വെറുപ്പിന് കാരണം.

കുട്ടികളായ ഞങ്ങൾക്ക് ആദ്യമൊക്കെ അദ്ദേഹത്തെ കാണുമ്പോൾ വല്ലാത്ത പേടിയായിരുന്നു. അദ്ദേഹത്തിൻറെ ആ ഇരുണ്ട നിറവും മുഷിഞ്ഞ വസ്ത്രങ്ങളും, നീട്ടി വളർത്തിയ ചുരുളൻ മുടിയും, എണ്ണയോടു കൂടിയ ആ ചുരുളൻ മുടി പിറകിലോട്ടു ഒതുക്കി വെക്കുമ്പോൾ നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന എണ്ണയുടെ മണവും എല്ലാംകൂടി അടുത്ത് പോകാൻ ഭയമായിരുന്നു. പിന്നെ പിന്നെ കപ്പലണ്ടി മിഠായി യോടുകൂടിയ ആ സ്നേഹത്തിനുമുന്നിൽ ഭയമില്ലാതായി.

മിക്കവാറും സന്ധ്യക്ക് വിളക്ക് വയ്ക്കുന്ന സമയങ്ങളിൽ ആയിരിക്കും അദ്ദേഹത്തിൻറെ കടന്നുവരവ്. കയറി വന്നയുടനെ നിലവിളക്കിന്റെ തിരി മാറ്റി അതിലുള്ള എണ്ണയെടുത്ത് തൻറെ രണ്ടു ചെവികളുടെയും പിറകു ഭാഗത്തായി പുരട്ടുന്നത് കാണുമ്പോൾ ഞങ്ങൾ കൗതുകത്തോടെ നോക്കി നിൽക്കും. അതുകഴിഞ്ഞ് വീടിൻറെ വരാന്തയുടെ തെക്കേ മൂലയിൽ ചെന്നിരുന്ന് അന്നത്തെ പത്രത്തിൻറെ ഏതെങ്കിലും ഒരു പേജ് മുഖത്തോടടുപ്പിച്ചു പിടിച്ച് വെട്ടം കുറഞ്ഞ ബൾബിന്റെ അരണ്ടവെളിച്ചത്തിൽ അതിലെ വാർത്തകൾ ഓരോന്നോരോന്നായി ഉച്ചത്തിൽ വായിക്കുന്നത് കാണാം. അതിനിടക്ക് പെട്ടെന്ന് ഓർമ്മ പോയപോലെ വീണ്ടും നാട്ടിലെ പ്രമുഖ പ്രമാണിമാർക്ക് എതിരെ മുദ്രാവാക്യം വിളിക്കുന്നതും കേൾക്കാം.

അപ്പോഴേക്കും അദ്ദേഹത്തിന് കഴിക്കാനുള്ള ഭക്ഷണം വീട്ടുകാർ തയ്യാറാക്കി മുന്നിൽ കൊണ്ടുവന്ന് വയ്ക്കും. മിക്കവാറും കഞ്ഞി ആണ് പതിവ്. ചില നേരങ്ങളിൽ ആർത്തിയോടെ ഉള്ള കഴിപ്പ് കാണുമ്പോൾ അറിയാം രണ്ടുദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്നുള്ളത്. ഭക്ഷണം കഴിച്ച് സംതൃപ്തിയോടെ പോകാനൊരുങ്ങുമ്പോൾ വീട്ടുകാരുടെ നിർബന്ധപ്രകാരം ആ ദിവസം വീടിൻറെ വരാന്തയിൽ ആയിരിക്കും കിടപ്പ്. പിറ്റേന്ന് ഞങ്ങൾ എല്ലാവരും എഴുന്നേൽക്കുന്നതിന് മുമ്പുതന്നെ അദ്ദേഹം അവിടെ നിന്നും പോയിട്ടുണ്ടാകും. പിന്നീട് വല്ലപ്പോഴും ആയിരിക്കും വരവ്. ആ വരവിനായി ഞങ്ങൾ കുട്ടികൾ പിന്നെയും കാത്തിരിക്കും.

അങ്ങിനെ കാലങ്ങൾ പോയിമറഞ്ഞു. അദ്ദേഹത്തിനും കൂടുതൽ പ്രായമായി. എത്രകാലമാണ് നാട്ടിൻപുറത്തെ കടത്തിണ്ണകളിലും മറ്റും കാലം കഴിച്ചു കൂട്ടുക? പിന്നീടങ്ങോട്ട് ഞങ്ങളുടെ വീട്ടിലേക്കുള്ള വരവ് കുറഞ്ഞു. ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി കാണും. അങ്ങിനെ ഒരു ദിവസം സ്കൂൾ വിട്ടു വരുന്ന വഴിയിൽ കവലയിൽ കുറച്ചാളുകൾ വട്ടംകൂടി നിൽക്കുന്നു. കൂടാതെ ഒരു ജീപ്പും അരികിലുണ്ട്. അടുത്ത് ചെന്നപ്പോൾ കപ്പലണ്ടി അപ്പൂപ്പൻ അവരുടെ നടുവിൽ ഒരു നിസ്സഹായതയോടെ ഇരിക്കുന്നു. എന്തെന്നറിയാൻ ആളുകൾക്കിടയിലൂടെ തിക്കി ഞെരുങ്ങി അപ്പൂപ്പൻറെ അരികിലെത്തി. അപ്പോൾ അദ്ദേഹത്തിന് അരികിൽ വെള്ള കുപ്പായമിട്ട് രണ്ടു ജീവനക്കാരും ഉണ്ടായിരുന്നു. അപ്പൂപ്പൻ എന്തിനു വേണ്ടിയോ വാശിപിടിച്ച് ഇരിക്കുകയാണ്. പാതി മറഞ്ഞ ഓർമ്മയിൽ എന്തൊക്കെയോ പുലമ്പുന്നു. കൂടാതെ ചുറ്റുംകൂടി നിൽക്കുന്നവരെ ചീത്ത പറയുന്നുമുണ്ടായിരുന്നു.

പിന്നീട് മനസ്സിലായി, ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ കൊണ്ടുപോകുന്നതിന് വേണ്ടി വന്ന ഏതോ ഒരു മിഷനറിയുടെ പ്രവർത്തകരാണ് അവർ. പാതി മറഞ്ഞ ഓർമ്മയിലും അപ്പൂപ്പന് എന്നെ കണ്ടപ്പോൾ മനസ്സിലായി. എന്നോട് എന്തോ പറയാൻ വരുന്ന പോലെ എനിക്കും തോന്നി. ആ കണ്ണുകളിലെ നിസ്സഹായാവസ്ഥയും മുഖത്തെ ദയനീയ ഭാവവും കാണുമ്പോൾ ഞാൻ മനസ്സിലാക്കിയിരുന്നു അദ്ദേഹം എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന്. സ്വന്തം നാടു വിട്ടു പോകാനൊരുങ്ങുമ്പോൾ ഉള്ള വേദന അദ്ദേഹത്തിൻറെ മുഖത്ത് നിഴലിച്ചിരുന്നു. ഇനിയൊരു മടക്കയാത്ര ഇല്ല എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം.

ദേഹമെല്ലാം ശോഷിച്ച് അസ്ഥികൂടം പോലെയുള്ള ശരീരത്തെ എതിർപ്പുകൾ വകവയ്ക്കാതെ ജീവനക്കാർ ജീപ്പിലേക്ക് കയറ്റുമ്പോൾ മുഷിഞ്ഞ മടിശ്ശീലയിൽ നിന്നും ഉതിർന്നുവീണ കപ്പലണ്ടി മണികളിൽ ഒരെണ്ണം എൻറെ അരികിലേക്ക് ഉരുണ്ടു വന്നു. ഒരുപക്ഷേ, ആ കപ്പലണ്ടി മണികൾ അപ്പൂപ്പൻ ഞങ്ങൾക്ക് വേണ്ടി കരുതിയിരുന്നത് ആകാം. അല്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണ് പിന്നീട് ഞങ്ങൾ ഇഷ്ടപ്പെട്ടത്.

അകന്നുപോകുന്ന ജീപ്പിന് പിറകിലിരുന്ന്, നിസ്സഹായതയോടെ, കണ്ണിമ ചിമ്മാതെ ഞങ്ങളെ തന്നെ നോക്കിയിരുന്ന കപ്പലണ്ടി അപ്പൂപ്പൻറെ മുഖം ഇപ്പോഴും മായാതെ തന്നെ മനസിലുണ്ട്.

ദുബായിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശി