കന്നുക്കുട്ടി പരാധീനം

കറവക്കാരന് മൂന്ന് പൈക്കളുണ്ട് 

മൂന്നിനേം കറവ വറ്റിയ മുറ്റത്ത്

കെട്ടിയിട്ടിരിക്കുകയാണ് 

കുരുക്ക് മുറുകിയ തലകളാൽ.

കുറ്റിയിൽ തളയ്ക്കപ്പെട്ടവർ

ഭൂമി പരന്നതാണെന്ന്

തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

കാലിത്തീറ്റ നിർത്തി

അരിക്കാടി മറിച്ചിട്ടു

തൊഴുത്ത് പൊളിച്ച് 

പൈക്കൾ വീട്ട് വരാന്തകളിൽ കാവൽ കിടന്നു.

അകത്തളങ്ങളിലെ ഉടമകകൾക്ക്

പുറത്തളങ്ങളിൽ ‘അടിമ’ കിടന്നു.

കണ്ണിലെ ദൈന്യത മാഞ്ഞ്

കുടുക്ക് മുറുകി ശബ്ദമിടറി

കരച്ചിൽ കുരച്ചിലായി.

എച്ചിൽ വാരിത്തിന്ന് വളഞ്ഞുകുത്തി

കുന്തു കാലിൽ 

കുമ്പിട്ടിരിക്കുന്ന പശു

സ്വയംകൃതാർത്ഥം

ഒരു പട്ടിയായി.

പട്ടിത്തോലണിഞ്ഞ

പൈക്കൂട്ടങ്ങൾ

ഓരിയിട്ട് തുടങ്ങി.

 

ശ്രീനിലയം സുകുമാരരാജ കവിതാ പുരസ്ക്കാരം നേടി. മലയാളത്തിലെ ആദ്യത്തെ കവിതാ വാട്സ്ആപ്പ് ഗ്രൂപ്പായ എഴുത്തൊച്ചയുടെ അഡ്മിൻ. ആനുകാലികാലികങ്ങളിൽ കവിത എഴുതുന്നു. കുട്ടികളുടെ നാടകങ്ങൾ രചനയും സംവിധാനവും ചെയ്തിട്ടുണ്ട്. സംവിധാനം നിർവ്വഹിച്ച ഡ്രീംസ് ഓഫ് അദേഴ്സ് എന്ന ഷോർട്ട് ഫിലിം വിബ്ജിയോർ അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തൃശൂർ മാതൃഭൂമിയിൽ സർക്കുലേഷൻ ഓർഗനൈസർ. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി.