ആഭരണം

ക്വാളിങ് ബെല്ലിന്റെ അസഹനീയമായ ശബ്ദം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്. ഒട്ടും തിടുക്കപ്പെടാതെ വാതിൽ തുറന്നു. പുസ്തകക്കെട്ടുകളുമായി നിറഞ്ഞ പുഞ്ചിരിയോടെ ഒരു ചെറുപ്പക്കാരൻ മുറ്റത്ത് നിൽക്കുന്നു….

“ഇവിടുത്തെ ആളില്ലേ….?”

“ഇല്ല ഓഫീസിൽ പോയി..”

“മകളാണോ…..?”

കച്ചവടതന്ത്രത്തിന്റെ ആദ്യപാഠം എന്റെയുള്ളിൽ ചിരിപടർത്തി.

മറുപടിക്ക് കാത്തുനിൽക്കാതെ അയാൾ പുസ്തകങ്ങൾ പരിചയപ്പെടുത്തിത്തുടങ്ങി.

“വേറെ പുസ്തകങ്ങളൊന്നുമില്ലേ.?”

ഇല്ലെന്നറിയാമായിരുന്നിട്ടും വെറുതെ ചോദിച്ചു. പലപ്പോഴും മറ്റൊരാൾക്കു നേരെ നീട്ടുന്ന വെറുതെയുള്ള ചില ചോദ്യങ്ങളിലാണ് നമ്മളോരോരുത്തരും ആനന്ദം കണ്ടെത്താറുള്ളത്.

“പറഞ്ഞാൽ മതി… എത്തിക്കാം.!”

ഒന്ന് രണ്ട് പുസ്തകങ്ങൾ ഓർഡർ ചെയ്ത് അഡ്രസ്സ് എഴുതിക്കൊടുത്തു.

“ഇവിടുത്തെ ആളിന്റെ ഭാര്യയാണോ..?”

പോകാൻ നേരം അയാൾ തിടുക്കപ്പെട്ട് ചോദിച്ചു.

“അതെ…. ഭാര്യയാണ്, അമ്മയാണ് വേലക്കാരിയാണ്.. എന്തു വേണം..?”

വാക്കുകൾ പെടുന്നനെ അഗ്നിയാവുകയായിരുന്നു. പൊള്ളലേറ്റ് അയാൾ വെന്തുരുകി. വാതിൽ വലിച്ചടച്ച് തിരിച്ചു പോരുമ്പോൾ അത്രക്കൊന്നും വേണ്ടിയിരുന്നില്ലെന്ന് തോന്നി.

വാക്കുകൾ കൊണ്ട് എന്നും മുറിയുന്നവളായിരുന്നു. എന്നിട്ടും…!
ഓടിച്ചെന്ന് ജനൽവിരിമാറ്റി പുറത്തേക്ക് നോക്കി. ജീവിതത്തോടുള്ള എന്റെ അമർഷം മുഴുവൻ ഏറ്റുവാങ്ങി ഏതോ ഒരാൾ തിരിച്ചു നടക്കുന്നു. അവസാനക്കാഴ്ചയുടെ പരിധിയിലെന്നോണം കണ്ണുകൾ ചുറ്റുമതിലിൽ ചെന്നിടിച്ച് നിന്നു…!

തുടർന്നുള്ള ദിവസങ്ങളിൽ ഇടക്കൊക്കെ ഞാൻ അയാളെക്കുറിച്ചോർത്തു. പിന്നീടെപ്പൊഴോ എല്ലാറ്റിനെയുമെന്നപോലെ മറവിയിലേക്ക് തൂത്ത് കൂട്ടിയിട്ടു. മെഴുക്ക് കളഞ്ഞ് ശക്തിയിൽ തേച്ചുരച്ച് കഴുകിയെടുത്ത പാത്രങ്ങളുടെ തിളക്കത്തിൽ തൃപ്തിയടഞ്ഞു. ജീവിച്ചിരിപ്പുണ്ട് എന്ന ബോധം ഉള്ളിലുണർത്താൻ എന്തൊക്കെയോ വായിച്ചു കൂട്ടി. പക്ഷെ…! ഓരോ കഥാപാത്രങ്ങളും എനിക്ക് മുൻപിൽ തീർത്ത പ്രതിരോധത്തിൽ ആശയങ്ങൾ ചോർന്ന് പോയ ഒരു പുസ്തകത്തിന് മുൻപിലെന്ന പോലെ ഞാൻ പകച്ച് നിന്നു…!

ജീവിത പരിസരങ്ങളോട് ഒരായുഷ്കാലം മുഴുവൻ പൊരുതിനേടിയ ധൈര്യം മുഴുവൻ ചോർന്ന് തുടങ്ങി. നന്ദന്റെ സാമ്രാജ്യത്തിലേക്കുള്ള ഒരു കിളിവാതിലെങ്കിലും എനിക്ക് മുൻപിൽ തുറന്നെങ്കിൽ..!  പക്ഷെ..! അധിനിവേശം അസാധ്യമായ അതിശക്തമായ സാമ്രാജ്യം പോലെ നന്ദൻ എനിക്ക് മുൻപിൽ തലയുയർത്തി നിന്നു…..!

വിഷാദത്തിന്റെ കടലെടുത്തുടങ്ങിയ ഉറക്കത്തിന്റെ പാതിയിൽ ഭീകരരൂപമണിഞ്ഞ തിരമാലകൾ ആർത്തുവിളിച്ചു തുടങ്ങി. എല്ലാറ്റിനുമൊടുക്കം എന്റെ മൃതശരീരം ചേർത്ത്പിടിച്ച് നന്ദൻ അലമുറയിട്ട് കരയുന്നതായി സങ്കൽപിച്ചു. ഉള്ളിൽ ഒരു കടൽ പോലെ ആർത്തലക്കുന്ന സ്നേഹത്തോടെ എന്നെയൊന്ന് ചേർത്ത് പിടിച്ചെങ്കിലെന്ന് തീവ്രമായി ആഗ്രഹിച്ചു.

പക്ഷെ..!! നെയ്ത്തറിയാത്തവർ തുന്നിക്കൂട്ടിയ വികൃതാകാരം പൂണ്ട പുതുവസ്ത്രം പോലെ എന്റെ പ്രണയം, കുപ്പത്തൊട്ടിയിലേക്ക് അതിന്റെ ഊഴവും കാത്ത് കിടന്നു…!!

സ്വസ്ഥതയുടെ ആകാശത്തിലേക്ക് തിരിഞ്ഞുറങ്ങുന്ന നന്ദന് അസമയത്തുള്ള എന്റെ പിടച്ചിൽ അസഹനീയമായിത്തുടങ്ങി. അതിന്റെ തുടർച്ചയെന്നോണം ഞാൻ തൊട്ടടുത്ത മുറിയിൽ അഭയം പ്രാപിച്ചു. അവിടെ എനിക്ക് ചുറ്റും ഉറഞ്ഞ് കൂടിയ അരക്ഷിതാവസ്ഥയുടെ ഇരുട്ടിന് ഒരു തരം മനം മടുപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു. ജനലിനപ്പുറത്ത് തന്നെ കാത്തിരിക്കുന്നത് മരണമാണെന്നത് വെറുമൊരു തോന്നൽ മാത്രമായിരുന്നില്ല…!

ഒടുക്കം ഒരു ശവക്കല്ലറയിലെന്നപോലെ തിരിഞ്ഞും മറിഞ്ഞും കിടക്കാനാവാതെ ശ്വാസത്തിന്റെ പിടപ്പ് നെഞ്ചിൽ പെരുമ്പറ കൊട്ടിത്തുടങ്ങി. ഇങ്ങനെയായിരിക്കും നമുക്ക് മുൻപേ ഓരോ മനുഷ്യരും മരിച്ചിട്ടുണ്ടാവുക എന്ന ചോദ്യം രാത്രികളിൽ എന്റെ ഉറക്കത്തെ കീറിമുറിച്ചു..

“ദേവീ….!!” അലർച്ച കേട്ടാണ് തട്ടിപ്പിടഞ്ഞെഴുന്നേറ്റത്.

“ചായ…..”

യജമാനന് മുൻപിൽ അങ്ങേയറ്റം വിധേയത്വമുള്ള ഒരടിമയെപ്പോലെ ഞാൻ നിന്നു..!

ഒരോ ദിവസത്തെയും ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും ഇങ്ങനെ ഒന്നോ രണ്ടോ വാക്കുകളിലായിരുന്നു. സംസാരത്തിന് കനത്ത നികുതി ചുമത്തി ഞങ്ങൾക്കിടയിലെപ്പോഴും മൗനത്തിന്റെ ഗാഢത തളംകെട്ടിനിന്നു. ഇടയ്ക്ക് ഏറെക്കാലമായി ഘനീഭവിച്ച് കിടന്ന മഞ്ഞുകട്ടയിൽ ചുറ്റിക കൊണ്ടടിച്ചാലെന്നപോലെ ചില ചില്ലറ വാക്കുകൾ മൂർച്ചയോടെ തട്ടിത്തെറിച്ച് വീണ് പരസ്പരം മുറിപ്പെടുത്തി.

“ദേവികാനന്ദൻ…..”

പേര് ചൊല്ലി വിളിച്ച് പോസ്റ്റ്മാൻ മുറ്റത്ത് വന്ന് നിന്നു. പാക്ക് ചെയ്ത് വന്ന പുസ്തകബണ്ടിൽ ഒപ്പിട്ട് വാങ്ങി, പണം നൽകി.

“വേണ്ട, പണം അടച്ചിട്ടുണ്ടല്ലോ….”

പുസ്തകങ്ങളുമായി വീണ്ടുമയാൾ വരുമ്പോൾ ക്ഷമ പറയാൻ മാറ്റിവെച്ച വാക്കുകൾ എന്റെ തൊണ്ടയിൽ കുടുങ്ങി നിലവിളിച്ചു. വിറയ്ക്കുന്ന കൈകളോടെ പുസ്തകം മറിച്ച് തുടങ്ങി. ആദ്യത്തെ പേജിൽ തന്നെ വടിവൊത്ത അക്ഷരങ്ങളിൽ ഒരു കുറിപ്പ്…

“ക്ഷമിക്കണം…! തികച്ചും അനാവശ്യമായ ചോദ്യമാണ് ചോദിച്ചത്. ആഭരണങ്ങളൊന്നും അണിഞ്ഞിരുന്നില്ലല്ലോ…. ഭാര്യയാവരുതേ എന്ന പ്രാർത്ഥനയുണ്ടായിരുന്നു.  മാപ്പ് തരിക…”

കണ്ണുകളിലെ നനവ് നെഞ്ചിലൊരു നീറ്റലായി പടർന്നു കയറുന്നത് ഞാൻ തിരിച്ചറിഞ്ഞു….

“ദേവീ…”

ആ വിളിയിൽ വീണ്ടും പിടഞ്ഞെഴുന്നേറ്റു. പഴയ തൂക്കുകയറിലേക്കുള്ള പുതിയ ദിവസത്തിന്റെ ആദ്യപടിയായി തിളച്ചു തുടങ്ങിയ വെള്ളത്തിലേക്ക് എന്റെ ഹൃദയത്തിന്റെ കനം പൊടിച്ചു ചേർത്തിളക്കിത്തുടങ്ങി…!.

നിലമ്പൂരാണ് വീട്. യു.പി.സ്കൂൾ ടീച്ചറായി ജോലി ചെയ്യുന്നു