കഥകളുടെ അത്ഭുത ജാലകം തുറന്ന് …

‘ഓർമ്മകളുടെ ജാലകം’ എന്ന ആദ്യ കഥാസമാഹാരത്തിനു ശേഷം ഏതാണ്ട് ആറു വർഷങ്ങൾ കഴിഞ്ഞു പ്രസിദ്ധീകൃതമായ അനിൽ കുമാർ സി.പി യുടെ രണ്ടാമത്തെ കഥാസമാഹാരമാണ് ‘മാക്സ് ബുക്ക്സ് ‘, കോട്ടയം പ്രസിദ്ധീകരിച്ച ‘അബ്സല്യൂട്ട് മാജിക്’ എന്ന പുസ്തകം.

‘ഓർമ്മകളുടെ ജാലകത്തിൽ’ നിന്നും ഇതിനകം കഥാകാരൻ വളരെയധികം മുമ്പോട്ട് സഞ്ചരിച്ചു കഴിഞ്ഞു. ധാരാളം കഥകൾ എഴുതുന്നയാളല്ല എങ്കിലും അദ്ദേഹം എഴുതിയ കഥകളെല്ലാം തന്നെ വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയതും, ചർച്ചയായതും, ഓർമ്മയിൽ നിൽക്കുന്നവയുമാണ്.

അദ്ദേഹത്തിന്റെ കഥകളുടെ പ്രത്യേകത എന്നാൽ പറയുന്ന വിഷയത്തോട് നൂറു ശതമാനം നീതി പുലർത്തുന്ന ആഖ്യാനശൈലിയും, ഒപ്പം പറയുന്ന ഓരോ ചെറിയ വിഷയങ്ങളിൽപ്പോലും ഗവേഷണബുദ്ധിയോടെ ആഴത്തിലുള്ള പഠനങ്ങൾ നടത്തുന്നു എന്നതുമാണ്‌.

പുതിയ കഥാസമാഹാരത്തിലെ പല കഥകളും കഥാപരിസരവും അദ്ദേഹത്തിന് പരിചിതമായ ഇടങ്ങളാവണമെന്നില്ല. പക്ഷേ വളരെ സൂഷ്മമായി ആ ഇടങ്ങളെപ്പറ്റിയൊക്കെ മനസ്സിലാക്കിയിരിക്കുന്നു എന്നതിനുദാഹരണങ്ങൾ ധാരാളമുണ്ടിതിൽ. ദമാസ്ക്കസ് എന്ന കഥയിലെ യോർദ്ദാന്നും സിറിയയുമൊക്കെയും, ആയിരത്തിയൊന്നു രാവുകളിലെ ഇറാക്കും ബസ്രയും ഇറാനും അതിർത്തികളും ജയിലും ജയിൽ ജീവിതവുമൊക്കെയും, പുഷ്പ ജാലകത്തിലെ ഡൽഹിയും ജീവിതങ്ങളും പലവിധമായ സൈക്കോളജിക്കൽ ടേമുകളും പലവിധമായ മറ്റ് അറിവുകളുമൊക്കെ പങ്കുവയ്ക്കപ്പെടുന്നതുമൊക്കെ അദ്ദേഹത്തിന്റെ ഗവേഷണ ഫലത്തിന്റെയും നിതാന്ത പരിശ്രമത്തിന്റെയും തെളിവുകളാണ്.

പുതിയ പുസ്തകമായ ‘അബ്സല്യൂട്ട് മാജിക്’ എന്നത് വായനക്കാർക്ക് ഒരു പക്ഷേ പരിചിതങ്ങളായ കഥാപാത്രങ്ങളും പരിസരവും അരങ്ങിലണിനിരത്തിയ അത്ഭുത കഥകൾ പറയുന്ന എണ്ണം പറഞ്ഞ എട്ടു കഥകളുടെ ഒരു അത്ഭുതക്കൂട്ടാണ്.

ഓരോ വാക്കും ഓരോ വരിയും നമ്മെ അടുത്ത വാക്കിലേക്കും വരികളിലേക്കും വേഗമെത്താനുള്ള ത്വരയുണ്ടാക്കും. അത് ആ കഥകളുടെ കാമ്പിലും ഘടനയിലുമുള്ള സൂഷ്മതയും അവയുടെ സൗന്ദര്യവും അതുമൂലം അനുവാചകന്റെ ആകാംക്ഷ ഉയരുന്നതുമാണ്.

ആദ്യകഥയായ ‘അബ്സലൂട്ട് മാജിക്കി’ലെ സുമിത്രയും, ‘പാർവ്വതീ ചരിത’ത്തിലെ പാറുവമ്മയും, ‘സൊഡാക്സിലെ’ മിസ്സിസ് തെരേസ ആൽവിനും, ‘പുഷ്പ ജാലക’ത്തിലെ അശ്വിനിയും,’ ഡമാസ്ക്കസിലെ’ മൊയ്തീനും, ‘പ്രളയപങ്കില’ ത്തിലെ വിനോദിനിയും, ‘തേൻവരിയ്ക്ക’യിലെ മോനിച്ചനും, ‘ ആയിരത്തൊന്നു രാവുകളി ‘ലെ നാസറിൻ്റെയും ഹുസൈനിൻ്റെയും വിജയൻ മേനോൻ എന്ന സാഹിത്യകാരൻ്റെയും സുഹൃത്തായ, ഫാത്തിമയുടെ ഭർത്താവായ ഞാനെന്ന കഥാപാത്രവും വരെ എല്ലാവരും വ്യത്യസ്തമായ ജീവിത പശ്ചാത്തലത്തിൻ്റെ പരിശ്ചേദങ്ങളാണ്. എങ്കിലും ഇവരെല്ലാം തമ്മിൽ ഏതൊക്കെയോ ഇടങ്ങളിലും ചില നൂലിഴകളിലും ബന്ധമുള്ളവരായുമിരിക്കുന്നു.

ഓരോ കഥകൾക്കും വേണ്ട കഥാപരിസരനിർമ്മിതിയിലും കഥാപാത്രങ്ങളുടെ പാത്രസൃഷ്ടിയിലും സ്വഭാവ നിർമ്മിതിയിലും കഥാകാരൻ കാട്ടിയ ജാഗ്രതയും അതിനായി എടുത്ത കഠിനപരിശ്രമവും ഗ്രഹപാഠവും ശ്ലാഘനീയമാണ്. മലയാള കഥകളിൽ പൊതുവേ കാണാത്ത തരം ട്രീറ്റ്മെന്റും നിലവാരമുള്ളത് തന്നെയാണ്.

മലയാളത്തിലെ ആധുനിക കഥാകാരന്മാരിൽ വിഷയ വൈവിധ്യം കൊണ്ടും ശൈലി കൊണ്ടും സി.പി യുടെ കഥകൾ വേറിട്ടു തന്നെ നിൽക്കുന്നു.

ശൂന്യതയിലേക്ക് ആണ്ടു പോയ വിജയികളായ ചില നിർഭാഗ്യവാൻമാരുടെ ‘ആയിരത്തിയൊന്നു രാവുകൾ’, ‘തേൻവരിക്ക ‘, ദമാസ്കസ് എന്നീ കഥകൾ നമ്മെ വലിച്ചു മുറുക്കും. ‘പാർവ്വതി ചരിതം’, ‘പ്രളയപങ്കിലം’ എന്നീ കഥകൾ സത്രീകളുടെ വിഹ്വലതകൾ അഡ്രസ്സു ചെയ്ത കഥകളാണ്. ‘അബ്സല്യൂട്ട് മാജിക്’, ‘സൊഡാക്സ് ‘എന്നിവ മനുഷ്യ മനസ്സുമായും ആധുനീക ജീവിത ശൈലികളുമായും ബന്ധപ്പെടുത്തിയിരിക്കുന്നു. ‘പുഷ്പജാലകം’ മനുഷ്യത്വം ലിംഗഭേദമന്യേ അടയാളപ്പെടുത്തുന്നു.

പുറത്തു കടക്കാൻ ശ്രമിക്കുന്തോറും നമ്മെ ഇല്യൂഷനിലേക്ക് വീണ്ടും തള്ളിയിട്ട് അത്ഭുതപ്പെടുന്ന എട്ടുകഥകൾ.

എല്ലാ കഥകളും ഒന്നിനൊന്നു നിലവാരം പുലർത്തുന്നവയാണ്. ഒരു തരത്തിലും പിടി തരാത്ത ക്ലൈമാക്സ് എല്ലാ കഥകളുടേയും പ്രത്യേകതയും. ഇതിനകം തന്നെ പല അംഗീകാരങ്ങളും ലഭിച്ച ഇതിലെ മിക്ക കഥകളും വ്യത്യസ്തമായ വായനാനുഭവം തന്നെയാണ്.

അബ്സല്യൂട്ട് മാജിക് (കഥകൾ)
അനിൽകുമാർ സി.പി.
പബ്ലിഷേഴ്സ് : മാക്സ് ബുക്സ്, കോട്ടയം
വില : 160/-

നിരവധി പുരസ്‌ക്കാരങ്ങൾ നേടിയ ഡോകുമെന്ററി ഷോർട് ഫിലിം സംവിധായകൻ. ദുബായിൽ മാധ്യമ പ്രവർത്തകൻ.