അതിരാവിലെ എണീറ്റ്
പുഴയിൽ പോയി കുളിച്ച്
അവൾ നിത്യവും കണ്ണെഴുതും.
ഓളങ്ങളൊതുക്കി
ചിരിയടക്കി
പുഴ മിണ്ടാതെ, അനങ്ങാതെ നിൽക്കും.
അവൾക്കു കണ്ണാടിയാവും.
വിരലിൽ മഷിതൊട്ട്
അവൾ വാൽക്കണ്ണുനീട്ടിയെഴുതും.
വലവീശിപ്പിടിക്കാനൊരുമ്പെട്ടിറങ്ങിയല്ലോ-
കണ്ണമ്മ രൂപിണി.!
പെണ്ണുങ്ങൾ അടക്കം പറയും.
അവളതു കേട്ട് പുഞ്ചിരിക്കും.
പെണ്ണുങ്ങൾ അവളെ വിഭ്രമിപ്പിച്ചില്ല.
അപ്പോൾ ആണുങ്ങളോ?
ഓ- ആണുങ്ങൾ –
ആണുങ്ങൾ അവളെ വിഭ്രമിപ്പിച്ചില്ല.
കടഞ്ഞെടുത്ത ശരീരമോ
ഒതുക്കമുള്ള അരക്കെട്ടോ
ഉറച്ച മാംസപേശികളോ- ഒന്നും .
രതിപൂർവ്വ ലീലയിൽ അവർ പറയുന്ന
മുത്തുപതിപ്പിച്ച നുണകൾ മാത്രം
അവളെ രസിപ്പിച്ചു.
ശൃംഗാരരൂപിണീ…
എന്ന അവസാനത്തെ കിതപ്പിൽ
അവർ പതിവുപോലെ മരിച്ചുവീണു.
അവൾ വിശാലമായ ആകാശംനോക്കി
വെറുതെ കിടന്നു.
കരിതൊട്ടു കണ്ണെഴുതിയ
തുടുപ്പൻ മുലകളോർക്കുമ്പോൾ മാത്രം
അവൾ പിടഞ്ഞുയിർത്തു.
അതെ, മുലകൾ –
വിതുമ്പുന്ന താമരപ്പൂക്കൾ.
ഈ ഭൂമിയിൽ
മുലകൾ സൃഷ്ടിച്ചതുകൊണ്ടു മാത്രം
ദൈവത്തോടവൾ കടപ്പെട്ടിരിക്കുന്നു.