കണ്ടം കളി

ഉടുത്തൊരുങ്ങി പെയ്‌ത മഴയവസാനിച്ച്
കാൽനീട്ടി പരന്നിരുന്ന വെള്ളമൊഴുക്കിവിട്ട്
കളി തുടങ്ങാൻ നേരം വരുന്ന
വെയിലിന്റെ ഇടർച്ചകളിൽ
പറ്റിപിടിച്ചിറങ്ങിയ നിഴലുകൾ
22 ആൾ പൊക്കം തെറ്റിച്ച് മണ്ണിൽ മേയുന്നു.

നിയമങ്ങളുടെ അതിരടയാളങ്ങളിൽ പൊള്ളി
മിശിഹായെ ലോക്ക് ചെയ്യുന്നു.
സീയാറിൻ സീൽക്കാരങ്ങളിൽ
കുതിർന്ന് ഉച്ചിയിലുയരുന്നു… സൂ…

പ്രതീക്ഷകളുടെ പാസ് പേടകം തകർന്ന്
ഒരു ഗോളി കൂടി ഐ ശാളുകൾക്കിടയിൽ
ചേഞ്ചിൽ പിണഞ്ഞ് സ്വയം കണ്ടെത്തുന്നു.

വഴുക്കലിൽ ചോർന്നിറങ്ങിയ പന്തിൽ
ഇമകൾ പൊതിയും മുമ്പേ
കുതിച്ചു വന്ന കപ്പലുമായി കൂട്ടിയിടിച്ച്
ഒരാൾ ആകാശം തൊടുന്നു.
ഉമ്മാക്ക് വിളിയിൽ നങ്കുരമിടുന്നു.

കാവൽക്കാരന്റെ അതിർത്തിയിൽ
കാണാത്ത കഥകൾ പന്തിനൊപ്പം പൊന്തുന്നു.
സമനിലപ്പൂട്ടിന് അലമുറയിട്ട്
പെനാൽട്ടിയെഴുന്നള്ളുന്നു.
പന്തിന് ചുറ്റും മാന്ത്രികച്ചൂണ്ട വരച്ചൊരാൾ…
മന്ത്രിച്ചൂതി തുപ്പി മിനിന്നാന്നാവർത്തിച്ച്
ബേജാറുകാർ.

കാൽവിരലിൽ നിന്ന് എയ്‌ത്
കാറ്റുകയങ്ങളിൽ നിന്ന് കുതറി,
പിരാന്തനോട്ടമോടി
വലയിലിറങ്ങാൻ മോഹിച്ച പന്ത്,
മുളകളുടെ മുലക്കണ്ണിൽ പതിച്ച്
കാറ്റ് ചുരന്ന് മരിക്കുന്നു.
‘കണ്ട’ മിടറുന്നു.

മലപ്പുറം- പെരിന്തൽമണ്ണ താലൂക്കിൽ പാറൽ സ്വദേശി . തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ ഒന്നാം വർഷ എം എ മലയാളം വിദ്യാർത്ഥി. കവിത, ചെറുകഥ, ലേഖനം എന്നീ മേഖലകളിൽ എഴുതുന്നു.