1980കളുടെ തുടക്കത്തിലാണ്, കേരളത്തിൽ റേഡിയോ കാസറ്റ് റെക്കോർഡറുകൾ ഒരു ഹരമായി മാറുന്നത്. 1970കളിൽ ധാരാളം മലയാളികൾ, പ്രത്യേകിച്ച് കൂലിപ്പണിക്കാർ, കൈത്തൊഴിൽ ചെയ്യുന്നവർ ഒക്കെ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലന്വേഷിച്ചു പോകാൻ തുടങ്ങുകയും 1980കളിൽ അവരുടെ എണ്ണം വൻ തോതിൽ വർദ്ധിക്കുകയും ചെയ്തു.
ഞങ്ങളുടെ ദേശത്തുനിന്നും ഇങ്ങനെ ധാരാളം പേർ ഗൾഫിൽ പോയി. അന്ന് പേർഷ്യയിൽ പോകുന്നു എന്നാണ് പറഞ്ഞിരുന്നത്.
അന്നൊക്കെ ഗൾഫിൽ നിന്നു വരുന്ന സാധാരണക്കാരെ ഒറ്റ നോട്ടത്തിൽ കണ്ടാലറിയാം. കളറുള്ള ഫോറിൻ ലുങ്കി, കൈയിൽ സ്വർണ്ണച്ചെയിനുള്ള വാച്ച്, പട്ടാപ്പകലാണെങ്കിൽ പോലും സാനിയോയുടെ നീളമുള്ള ഒരു ചുവന്ന ടോർച്ച്, അവർ അടുത്തു വരുമ്പോൾ അത്തറിന്റെ മണം ….
മിക്കവാറും ഗൾഫിൽ നിന്നു വരുന്നവരുടെയെല്ലാം കൈകളിൽ ഒരു ടേപ്പ് റെക്കോർഡർ ( Radio Cassette Recorder) കാണും. Sony, National Panasonic, Sharp, JVC, Sanyo തുങ്ങിയവയാണ് കൂടുതലും. അതിൽ നാഷണലും പാനാസോണിക്കും രണ്ടായി പിരിഞ്ഞു. അപൂർവ്വമായി Pioneer,Phillips തുടങ്ങിയ മറ്റു ബ്രാൻഡുകളും കാണാം.
പ്രിയദർശന്റെ ഒരു സിനിമയിൽ ( മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ) ശ്രീനിവാസൻ, കൈയിൽ ഒരു ടേപ്പ് റെക്കോർഡറുമായി വിമാനത്തിൽ വന്നിറങ്ങുന്ന ഒരു രംഗമുണ്ട്. അന്നത് ഒരു ആഡംബരവും സ്റ്റാറ്റസ് സിംബലുമായിരുന്നു.
ആ സമയത്തൊക്കെ അതുമാതിരി ഒരു ടേപ്പ് റെക്കോർഡർ വാങ്ങണമെന്ന് എനിക്കും മോഹമുണ്ടായിരുന്നു. യേശുദാസിന്റെ മനോഹരങ്ങളായ അയ്യപ്പഭക്തി ഗാനങ്ങളും ഓണപ്പാട്ടുകളുമൊക്കെ സമൂഹത്തെ ഹരം കൊള്ളിച്ചിരുന്ന കാലം.
ആ മോഹം കൃത്യമായി പറഞ്ഞാൽ 1987 ലാണ് പൂവണിഞ്ഞത്. 1987 ന്റെ പ്രാധാന്യം മറ്റൊന്നുമല്ല; എനിക്ക് ജോലി കിട്ടിയ വർഷം. എന്തൊക്കെ മാറ്റിവച്ചാലും, ഒരു ടേപ്പ് റെക്കോർഡർ വാങ്ങിയേ അടങ്ങൂ എന്ന വാശിയുമായി നടന്നു. കൂട്ടുകാരോടൊപ്പം പല സ്ഥലങ്ങളിലും കറങ്ങി.
” ഡേയ്, ഇന്നയാൾ ഗൾഫിൽ നിന്ന് വന്നിട്ടുണ്ട്. അയാൾ ഒരു ടേപ്പ് കൊണ്ടുവന്നിട്ടുണ്ട്. ഒന്ന് ചോദിച്ചു നോക്ക് ” എന്ന് പല പരിചയക്കാരും അറിയിപ്പു തന്നുകൊണ്ടിരുന്നു.
അങ്ങനെ ഗൾഫുകാരുടെ വീട്ടുകൾ കയറിയിറങ്ങി. ചിലർ വിൽക്കാൻ തയ്യാറായില്ല. മറ്റു ചിലർ മോഹവില പറഞ്ഞു. ചിലരാകട്ടെ, തങ്ങളുടെ കൈയിലെ ടേപ്പിന്റെ ഗുണഗണങ്ങൾ വാഴ്ത്തി. ജോലി കഴിഞ്ഞ് താമസിച്ചു വരുന്നതു കാരണം മിക്കപ്പോഴും രാത്രി കാലങ്ങളിലാണ് വീടുകൾ തോറും കയറിയിങ്ങുന്നത്.
ഒടുവിൽ ഒരാൾ പറഞ്ഞു: “എന്റെ പരിചയത്തിൽ ഒരു ടേപ്പുണ്ട്. നിന്റെ ബഡ്ജറ്റെത്ര ?
ഞാൻ പറഞ്ഞു ” പരമാവധി ഒരു ആയിരം രൂപ വരെ കൊടുക്കാം”…
ആയിരത്തിനു കിട്ടുമെന്നു തോന്നുന്നില്ല എന്നു പിറുപിറുത്തു കൊണ്ട് അയാൾ എന്നെ ഒരു വീട്ടിൽ കൊണ്ടു പോയി. അവിടെ അതിമനോഹരമായ SHARPന്റെ ഒരു ടേപ്പ് ഇരിക്കുന്നു. ഉടമസ്ഥൻ ഗൾഫിൽ നിന്നു വന്നതാണ്. അയാളതിന്റെ ഗുണഗണങ്ങൾ വർണ്ണിച്ചു. പാട്ട് ഇട്ടു കേൾപ്പിച്ചു. ഇത് ദുബായ് സുൽത്താൻ ഉപയോഗിച്ചു കൊണ്ടിരുന്നതാണ് എന്നൊഴിച്ച് ബാക്കി സകല ബഡായികളും അയാൾ പറഞ്ഞു.
ഞാനതിന്റെ സൗന്ദര്യത്തിൽ വീണു പോയി.
വിലപേശലിനൊടുവിൽ, 1500 രൂപാ കൊടുത്ത് സാധനം വാങ്ങി. ഒളിമ്പിക്സ് മെഡൽ കിട്ടിയതു പോലെയായി മനസ്സ്. വീട്ടിൽ എല്ലാവരും പുതിയ അതിഥിയെ സന്തോഷപൂർവ്വം വരവേറ്റു.
കിട്ടാവുന്ന കാസറ്റുകളൊക്കെ വാങ്ങിക്കൂട്ടി. സാധാരണ രാത്രി 10 – 10.30 മണിയോടെ ഉറങ്ങിയിരുന്ന ഞാൻ രാത്രി 12 മണിക്കുശേഷവും ഉച്ചത്തിൽ പാട്ടുവച്ചു കേട്ടുകൊണ്ടിരുന്നു. അയൽപക്കത്ത് ബന്ധുക്കളായിരുന്നതിനാൽ അവർ പരാതി പറഞ്ഞില്ല.
ഒരു ദിവസം ഒരു സുഹൃത്ത് എന്റെ വീട്ടിൽ വന്നു. അവൻ പോളി ടെക്നിക്കിൽ പഠിച്ച, ഇലക്ട്രോണിക്ക്സ് ഉപകരണങ്ങൾ നന്നാക്കുന്നയാളാണ്.
ഞാൻ അഭിമാനത്തോടെ എന്റെ ടേപ്പ് അവനെ കാണിച്ചു. അവൻ പറഞ്ഞു: “ഈ ടേപ്പ് റെക്കോർഡർ കേടായി എന്റടുത്ത് കൊണ്ടുവന്നിരുന്നതാണ്. ഞാനിത് നന്നാക്കിയിട്ടുണ്ട് “.
ഞാൻ വല്ലാതെയായി … അയാളെന്നെ അറിഞ്ഞു കൊണ്ട് പറ്റിച്ചതാണ്. അവിടെ, ഒരു വഞ്ചനയുടെ ചുരുളഴിഞ്ഞു.
ആ ടേപ്പ് റെക്കോർഡർ പിന്നെ ഞാൻ ഒരു സുഹൃത്തിന് വിറ്റു. അവൻ വേറൊരാളിനു വിറ്റു.
ഇന്ന് 35 വർഷങ്ങൾക്കിപ്പുറം ഞാൻ കണ്ണിലുണ്ണിയെപ്പോലെ കൊണ്ടു നടന്ന എന്റെ ടേപ്പ് റെക്കോർഡർ അതേ രൂപത്തിൽ കാണാൻ യാതൊരു സാധ്യതയുമില്ല.
അതിനു ശേഷവും ആ ടേപ്പ് വാങ്ങിത്തന്നയാൾ എന്നെക്കാണുമ്പോൾ ഒരു പ്ലാസ്റ്റിക് ചിരി ചിരിക്കും. അയാൾക്കത് അറിയാമായിരുന്നോ എന്തോ ?