ഓർമ്മകൾ

ഓരോ കാലത്തേയും
ഓർമ്മകൾ,
സ്ഫടിക ജാറുകളിൽ
അടച്ച ഗോലികൾ
പോലെ.

കളി കണ്ടു
നിന്നപ്പോൾ
കിട്ടിയ
ഗോലികൾക്ക്
ഇന്നും തിളക്കമുണ്ട്.

കളി പഠിച്ച
കാലത്തേതൊക്കെയും
മങ്ങി തുടങ്ങിരിക്കുന്നു.

ജയിക്കാനായി മാത്രം
കളിച്ച കാലത്തേത്
അവിടിവിടങ്ങളിൽ
അടർന്നും പൊട്ടിയും
നിറം മങ്ങിരിക്കുന്നു.

ഈ കാലങ്ങളിലോക്കെയും
നിറഞ്ഞിരുന്ന
ജാറുകൾ പിന്നെ
പാതിയായി പാതിയായി
ഒഴിഞ്ഞ് ,
ഗോലികളും ഓർമ്മകളും
ഇല്ലാതെ
കാലിയായിരിക്കുന്നു.

ഇന്നിപ്പോൾ
കഴിഞ്ഞതെല്ലാം
എന്തിനായിരുന്നു
എന്ന തോന്നലിനെ
സൂക്ഷിക്കുവാൻ
എന്നിലുള്ളത്
വക്കു പൊട്ടിയ
നിറം മങ്ങിയ
ആർക്കും വേണ്ടാത്ത
ഒരു സ്പടിക
ജാറു മാത്രം.