അവന്റെ കണ്ണുകളുടെ തിളക്കവും പുഞ്ചിരിയുടെ ആഴവും ഇന്നും എന്റെയുള്ളിൽ ഒളി മങ്ങാതെ അവശേഷിക്കുന്നുണ്ട്. ഭർത്താവും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തെ താളം തെറ്റാതെ മുന്നോട്ട് നയിക്കുന്ന, ഈ തിരക്കേറിയ പ്രയാണത്തിനിടയിലും അവന്റെ ഓർമ്മകൾ സ്ഥിരമായി എന്നെ തേടിയെത്തുന്നു. അത് മൂലമുണ്ടാകുന്ന ആഘാതം തന്റെ സമാധാനപൂർണമായ കുടുംബജീവിതത്തെ സാരമായിത്തന്നെ ബാധിക്കുന്നു.
ചില ദിവസങ്ങളിൽ ഞാൻ ബോധപൂർവ്വം ആ ഓർമ്മകളെ അവഗണിക്കാറുണ്ട്. എന്നാൽ അത്തരം ദിവസങ്ങൾക്കൊടുവിലെ രാത്രികളിൽ അവൻ എന്റെ സ്വപ്നങ്ങളിൽ വന്ന് തെളിയാറുമുണ്ട്. ഒരു മാസക്കാലത്തോളം നിത്യവും ഞാൻ അവനെ സ്വപ്നം കണ്ടിട്ടുണ്ട്. ഇതൊരു അത്ഭുത സംഭവമായി എനിക്കും തോന്നാതെയില്ല.
എന്നാൽ അവൻ ഇന്ന് എന്നെ ഓർക്കുന്നുണ്ടോ എന്ന് പോലും എനിക്ക് തീർച്ചയില്ല. കാലങ്ങളായി ഞങ്ങൾ തമ്മിൽ കണ്ടിട്ട്. അതിനിടയിൽ അവൻ വിവാഹിതനായത് ഞാൻ ആരോ പറഞ്ഞ് അറിഞ്ഞിരുന്നു. അല്ലെങ്കിലും അവൻ എന്തിനെന്നെ ഓർക്കണം. ഇപ്പോൾ ഞാനെരിയുന്നത് പോലെ അവനും എരിഞ്ഞമരാനോ. അത് വേണ്ട. അവൻ സന്തോഷമായി എവിടെയെങ്കിലും ജീവിക്കട്ടെ. ഓർമ്മകളിലൂടെ പോലും ഞാൻ അവനൊരു ഭാരമാകാതിരിക്കട്ടെ.
അവന് മറ്റൊരാളെ ഇഷ്ടമുണ്ടെന്ന് തോന്നിയപ്പോൾ എന്റെയുള്ളിൽ ഉദിച്ച ഒരു മണ്ടത്തരമാണ് ഞങ്ങളെ തമ്മിൽ പിരിച്ചത്. അവന് ഒരു പെൺ സുഹൃത്തുണ്ടെന്നും അവൾക്ക് ഞങ്ങളുടെ പ്രണയം അറിയാം എന്നും എല്ലാം അവൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അവളെ എനിക്ക് പരിചയപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ അവൻ എന്നെ കാണുന്നതോ സംസാരിക്കുന്നതോ ഒന്നും അവൾ അറിയാൻ പാടില്ലെന്ന അവന്റെ വിചിത്രമായ നിർബന്ധമാണ് എന്നിൽ സംശയം ജനിപ്പിച്ചത്. അതോടൊപ്പമുള്ള നിന്റെ വീട്ടുകാർ ഇങ്ങനെയൊരു അന്യ മതസ്ഥനെ സ്വീകരിക്കാൻ തയ്യാറാവില്ല, നമുക്കിത് മുന്നോട്ട് കൊണ്ട് പോകണോ തുടങ്ങിയ അവന്റെ ചോദ്യങ്ങളും.
അക്കാര്യത്തിൽ ഒരു തീർപ്പറിയാനും അവനെന്നോടുള്ള പ്രണയം ഒന്നുകൂടി ഉറപ്പിക്കാനും വേണ്ടിയാണ് നമുക്ക് പിരിയാമെന്ന് അവനോട് പറയാൻ ഞാൻ തീരുമാനിച്ചത്. തികഞ്ഞ യാഥാസ്ഥിതികത വച്ചുപുലർത്തുന്ന എന്റെ കുടുംബം ഈ ബന്ധം അംഗീകരിക്കാൻ സാധ്യതയിലല്ലെന്ന് ഞാൻ അവനോട് പറഞ്ഞു. ആ സമയത്തും എന്റെ ഉള്ളിലെ പ്രതീക്ഷ അവന് ഞാനില്ലാതെ ജീവിക്കാനാകില്ലെന്നും പറഞ്ഞ് എന്നെ ചേർത്ത് പിടിക്കുമെന്നായിരുന്നു. എന്ത് തന്നെ സംഭവിച്ചാലും കൂടെയുണ്ടാകുമെന്ന ഒരു വാക്ക് മാത്രമായിരുന്നു അപ്പോൾ എനിക്ക് വേണ്ടിയിരുന്നത്.
എന്നെ തിരിച്ചെടുക്കാനുള്ള ഒരു നീക്കവും അവന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ഈ ഒരു നിമിഷത്തി നായി നാളുകളായി കാത്തിരിക്കുകയായിരുന്നത് പോലെയാണ് അവൻ പ്രതികരിച്ചത്. യാതൊന്നും മറുത്ത് പറയാതെ അവൻ എന്നിൽ നിന്നും പടിയിറങ്ങി. ശിശിരകാല വൃക്ഷത്തിൽ നിന്നും പൊഴിഞ്ഞകലുന്ന ഒരു ഇലയുടെ ലാഘവത്തോടെ.
യുഗങ്ങളോളം നീണ്ടു നിന്ന പതിനഞ്ച് ദിവസങ്ങൾക്കൊടുവിൽ അവന്റെ പെൺ സുഹൃത്തിന്റെ എഴുത്ത് എന്നെ തേടിയെത്തി. എന്റെ അഭാവത്തിൽ അവൻ വല്ലാതെ വിഷമിക്കുന്നുവെന്നും ആയതിനാൽ അവന്റെ ജീവിതത്തിലേക്ക് മടങ്ങി വരണമെന്നുമുള്ള അഭ്യർത്ഥന പ്രതീക്ഷിച്ച് സന്തോഷം തുളുമ്പുന്ന ഹൃദയത്തോടെ ഞാൻ ആ കത്ത് പൊട്ടിച്ചു. എന്റെ അടിവയറ്റിൽ നിന്നും കത്തിത്തുടങ്ങിയിരുന്ന പ്രതീക്ഷയുടെ തീ തല്ലിക്കെടുത്താൻ തക്ക ശക്തിയുള്ള വാക്കുകളായിരുന്നു അതിനകത്ത് എന്നെ കാത്തിരുന്നത്.
ഞാനുമായുള്ള പ്രണയത്തകർച്ച അവനെ വല്ലാതെ ഉലച്ചുവെന്നും ആ കുത്തൊഴുക്കിൽ പിടി വിട്ടു പോയ അവനെ കൈ പിടിച്ചു കരക്കെത്തിച്ച അവളോട് അവന് പ്രണയം തോന്നിയെന്നും ഇപ്പോൾ അവർ തമ്മിൽ പിരിയാനാകാത്തവണ്ണം അടുപ്പത്തിലാണെന്നും ഇനി അവന്റെ ജീവിതത്തിലേക്ക് എനിക്ക് സ്വാഗതമില്ലെന്നും ആയിരുന്നു ആ കത്തിന്റെ സാരാംശം. കത്തു വായിച്ച ഞാൻ എനിക്കിപ്പോൾ സന്തോഷമാണോ സങ്കടമാണോ ഉണ്ടാകേണ്ടതെന്ന് അറിയാതെ ഒരു നിമിഷം തരിച്ചു നിന്നു.
വരാൻ പോകുന്ന വഞ്ചനയെ മുൻകൂട്ടി കണ്ട എന്റെ ബുദ്ധിസാമർത്ഥ്യമായാണോ അതോ കേവലം സംശയ നിവാരണത്തിനായി ഒരു നിഷ്കളങ്ക പ്രണയത്തെ കുരുതി കൊടുത്ത എന്റെ വിഡ്ഢിത്തമായാണോ ഇതിനെ കാണേണ്ടതെന്ന് ഇന്നും എനിക്ക് നിശ്ചയമില്ല.
ഈ അനിശ്ചിതാവസ്ഥ അന്നു തൊട്ടിന്നോളം എന്നെ പിന്തുടരുന്നുണ്ട്. അതുകൊണ്ട് തന്നെയാവാം മൂന്നു പിഞ്ചുങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരിക്കും പതിയുടെ അതിരെഴാത്ത സ്നേഹത്തിന്നും മുകളിൽ അവന്റെ മുഖം വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നത്. വർഷങ്ങൾ കഴിയുംതോറും അവന്റെ ഓർമ്മകൾക്ക് മൂർച്ചയേറി വരുന്നത്.
ആ ഓർമ്മകളുടെ കിണറ്റിൽ വീണ് കിടന്ന് ശ്വാസം മുട്ടുകയാണ് ഞാനിന്നും. മുകളിലേക്ക് കയറി വരാനുള്ള പടവുകൾ തേടി…. പിടിച്ചു നിൽക്കാനൊരു വൈക്കോൽത്തുരുമ്പ് തേടി ….