ഒഴിവു വേളകള്‍

മൂവന്തിയെ സാക്ഷിയാക്കി
ഞാനൊരിക്കല്‍
നിന്നിലേക്ക് ചേര്‍ന്നിരുന്ന്
മൂകമായൊരു
ചുംബനം നല്‍കും.

ഒഴിവു വേളയിലെ
നിറഞ്ഞ മധുരത്തില്‍
ചെമ്പനീര്‍ ചെടികള്‍ക്ക്
നിറങ്ങളുണ്ടാകും.

നിന്‍റെ പരിഭവങ്ങളില്‍
കറുത്തുപോയ
പുഷ്പങ്ങള്‍ തളിരിടുന്നത്
നേര്‍ത്ത് നേര്‍ത്ത് നീയറിയും.

തേന്മാവിന്‍റെ കൊമ്പിലിരുന്ന്
ഊഞ്ഞാലിലാടുമ്പോള്‍
പഴുത്ത മാമ്പഴം തൊട്ട്
തിരികെയിറങ്ങും.

കുരുന്നുകളുടെ നെറുകയില്‍
തലോടിയുണര്‍ത്തി,
ഞാനും രഹസ്യസ്വര്‍ഗത്തിലെ
കിനാവ് കാണും.

ചവര്‍പ്പുകള്‍ക്ക്
പഞ്ചാരമീട്ടുന്ന ഒരേയൊരുനാള്‍
പഴമകള്‍ക്ക് ഉന്മാദമിറ്റുന്ന
ചില്ല് കൊട്ടാരങ്ങള്‍.

ഓര്‍മ്മകള്‍ക്ക് ഒഴിവു വേളകളില്ല.
നനുത്ത സ്വപ്നങ്ങളുതിരുന്നു.
നീ പോയതില്‍പ്പിന്നെ-
നിത്യവും ഒഴിവു സമയമാണ്.

പരാതികളില്ലാതെ,
നിന്നെയോര്‍ത്തിരിക്കുന്ന
നിറം കെട്ടുപോയ പൂവുകള്‍.

നീ കാണാതെ പോയ
മോഹങ്ങള്‍
എന്‍റെ പക്കലാണ്.

മൂടിപ്പുതച്ച്,
കണ്‍മഷിയെഴുതി
നീയുറങ്ങുമ്പോള്‍
നിനക്ക് വേണ്ടി മാറ്റി നല്‍കാന്‍
ഒഴിവു വേളകളുടെ
കൂമ്പാരങ്ങളുണ്ട്.

കൊല്ലം ജില്ലയില്‍ കടയ്ക്കല്‍ ചുണ്ടയില്‍ സ്വദേശം. നിലവില്‍ മഖ്ദൂമിയ്യ ദഅ് വ കോളേജ് ആറ്റിങ്ങലില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥി. ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയയിലും കവിതകളെഴുതുന്നു