ഉച്ചിയിൽ
വെയിൽപരക്കുമ്പോൾ
കണ്ണൊന്ന് ചിമ്മിതുറക്കും
ഉലയൂതിപ്പഴുത്ത
മുറിയിൽ
ഇന്നലെ കണ്ട
ആകാശത്തെ കുടഞ്ഞിടും
പകലുറക്കങ്ങളിലേക്ക്
മരുഭൂമികൾ
അത്രമേൽ മേഹനമായ്
ഓളം വെട്ടി
പൊന്തി കിടക്കും
ശകാരതോറ്റങ്ങളുടെ
അരുകുപറ്റി
ഇളകാൻപോലുമാവാതെ
ആവിയോടെ
**ലിപ്റ്റൺ ചേക്കേറും
വിയർത്ത
ആറുദിവസങ്ങളെ
**ടൈഡിൽമുക്കുമ്പോൾ
വരപോലും
വീഴ്ത്താനാകാതെ
എല്ലാ പിരിമുറുക്കങ്ങളും
ഒരൊറ്റ കിതപ്പിൽ
മായ്ച്ചുകളയും
ഒറ്റപ്പെട്ടുപോകുന്നവന്റെ
ദൂരങ്ങളിലേക്ക്
കുറെനുണകളെ
കുടഞ്ഞെറിഞ്ഞ്
**കൂബൂസിൽ ദാൽപരത്തും
അങ്ങ്
അക്കരകളിൽ
തലശ്ശേരി ബിരിയാണിയുടെ
കാക്കക്കരച്ചിലിനിടയിൽ
ചിരിക്കാൻ പഠിക്കുന്ന
പരസ്യങ്ങൾ
നിരത്തി നിർത്തും
ഒഴിഞ്ഞ വിരൽകൊണ്ട്
ഉച്ചയ്ക്ക് ഞങ്ങൾ
ഒറ്റൊരു ഇന്ത്യക്കാരാകും
ലിപിയില്ലാത്ത ഭാഷയിൽ
ദേശീയഗാനം പാടും
ഭ്രാന്തുകളുടെ വർത്തമാനത്തിനിടയിൽ
ഇന്നോ ,ഇന്നലെയോ
കണ്ണുകളിൽ
ഒളിച്ചുവെച്ച പാടുകളെ
കൂട്ടത്തോടെ
കാർന്നു തിന്നും.
*ടൈഡ് -സോപ്പുപൊടി
*-കുബൂസ് -ഒരുതരം റൊട്ടി
*-ദാൽ -പരിപ്പ്
*-ലിപ്റ്റൺ -ചായബാഗ്