ഒഴിവാക്കപ്പെടുമ്പോൾ

പ്രധാനവീഥികളതിവേഗം
പാർശ്വവീഥികളാകും.
വിളറിയ മുഖങ്ങൾ
പ്രതികരണങ്ങളെ
തൊണ്ടയിൽ മറവുചെയ്യും.
പാരതന്ത്ര്യത്തിന്റെ കാരഗൃഹങ്ങളിൽ
സ്വാതന്ത്ര്യം ശിക്ഷിക്കപ്പെടും,.
അവനവന്റെ അധ്വാനത്തിന്റെ
സ്വേദകണങ്ങളിൽ നിന്നന്യർ
കൊട്ടാരം പണിയും.

പൂവിടും മുന്നേ മുറിക്കപ്പെട്ട
വൃക്ഷ ശിഖരങ്ങളിൽ
കണ്ണീരുപ്പിന്റെ മുറിപ്പാടുകൾ
അവശേഷിക്കും..
വളരുന്നത് വടവൃക്ഷങ്ങളാണ്.

ഇറച്ചിക്കഷണങ്ങളിൽ പ്രലോഭിതരെങ്കിലും  
എല്ലിൻകഷണങ്ങൾ തിന്ന്
നായകൾ തൃപ്തിയടയും.

ദൗത്യമുപേക്ഷിക്കും പർവതാരോഹകർ
ഇച്ഛാഭംഗത്തിന്റെ താഴ് വരകളിൽ
കൊടുമുടികളെ സ്വപ്നം കാണും.

പെരുവിരലറ്റ ഏകലവ്യൻമാർ
പകച്ചു നിൽക്കും..
കുലമഹിമയ്ക്കു തെളിവുകളില്ലാതെ
കർണൻമാർ ഉച്ചസൂര്യനു കീഴെ
വിയർത്തൊഴുകും..

ലോകം കാംക്ഷിക്കുന്നത്
വിജയശ്രീലാളിതനായ പാർത്ഥനെയാണ്..
അന്നും ഇന്നും
ചരിത്രം കണ്ടില്ലെന്നു നടിച്ച
പേരുകൾ ആരുമറിയില്ല..
ഇല്ലെങ്കിൽ അറിയിക്കില്ല.

ഓച്ചിറ സ്വദേശി. ഇപ്പോൾ മൃഗസംരക്ഷണവകുപ്പിൽ സീനിയർ വെറ്ററിനറി സർജൻ. ആനുകാലിക പ്രസിദ്ധീകണങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.