ഒറ്റമരം

ആയിരം ശാഖകൾ,
അതിലേറെയാണിലകൾ,
വിറയാർന്ന് പൊഴിക്കുന്നുണ്ടാർദ്രം ഗീതം….
കാഴ്ചക്ക്
പൂക്കളില്ലെന്നാലും,
ഒരോ ദലചാതുരിയിന്നറ്റത്തും
കളിപുഞ്ചിരികൾ,
നിറഭേദ പൂക്കളാണീയൊറ്റ മരത്തിൽ.

ജൈവനൈസർഗ്ഗിക തത്വങ്ങൾ,
മന്ത്രങ്ങൾ, ഈ പടവുകളുടെ
നെറുകയിൽ നിന്നനുസ്യൂതം
ഉയർന്നല്ലോ…!!

മഞ്ഞിന്റെ വെൺലാവണ്യം പോലെ
എത്രയോ വിദ്യാകാലങ്ങളെ
ചിട്ടയായുയർത്തിയതും
ഈയൊരൊത്ത സാക്ഷി…!
നീതിവിചാര സുകൃതങ്ങളിൽ,
അനന്തഭേദങ്ങളിൽ,
ഭാവതാളം വരച്ചു ചേർത്തു
ഈയൊരസുലഭ വൃക്ഷം.

കിളികൾ പറക്കാത്ത മാനം, പദചലനം മറന്ന
കളിയിടങ്ങൾ,
പാട്ടുകളുയരാത്ത വരാന്തകൾ,
ശബ്ദങ്ങൾ കൂട്ടിമുട്ടാത്ത
ക്ലാസ്സുമുറികൾ,
പാത്രങ്ങൾ വരിയൊഴിഞ്ഞ ഊട്ടുപുര ..!!

ഇപ്പോൾ, വിഹ്വലമായ ഹൃദയത്തുടിപ്പാൽ
പിടയുന്നീയിലകൾ,
ഒരു ചെറുകാറ്റിനു പോലും;
വാക്കുകൾ പൂത്ത് വെളിച്ചമാകാൻ.

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് ചുങ്കത്തറ സ്വദേശി. എരത്തി മങ്ങാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനാണ്. വായന, എഴുത്ത്, നാടക പ്രവർത്തനങ്ങൾ എന്നിവ ഇഷ്ടമുള്ള മേഖലകളാണ്. സോഷ്യൽ മീഡിയയിൽ കവിതകൾ എഴുതാറുണ്ട്.