ഒരു സൂഫിയെ എവിടെവെച്ചാണൊരു ഫാഷിസ്റ്റ് കണ്ടുമുട്ടുന്നത്?

കശ്‌മീരിനും
കന്യാകുമാരിക്കുമിടയിൽ
ഒരേ ഭൂനിരപ്പ് ,
വഴിനിയമങ്ങൾക്ക്
ഒരേവണ്ണം, വലിപ്പം.
നാട്ടിയകൊടികളിലെല്ലാം
ഒരൊറ്റനിറം !

ഒരു ഫാഷിസ്റ്റിന്
ഋതുഭേദങ്ങളെ
അനുഭവിക്കാനോ
ആസ്വദിക്കാനോ കഴിയാറില്ല.

മഴയിൽ തുടികൊട്ടാതെ
വേനലിൽ പരിതപിക്കാതെ
തിരമാലകളുടെ
ആർപ്പുവിളികളറിയാതെ
മേഘഗർജ്ജനമേൽക്കാതെ
നിതാന്തമൊരേ ധ്യാനനിമഗ്നതയിൽ
ഒരു സൂഫി
സ്വന്തത്തെയും കാലത്തെയും
ഉപേക്ഷിക്കുന്നു !

അയാൾ
ഋതുഭേദങ്ങളെ
അനുഭവിക്കുകയോ
ആസ്വദിക്കുകയോ ചെയ്യുന്നില്ല.  

മലപ്പുറം ജില്ലയിലെ തിരൂരിനടുത്തു തിരുനാവായ സ്വദേശി. കഴിഞ്ഞ പതിനൊന്നു വർഷമായി അബുദാബിയിൽ ജോലി ചെയ്യുന്നു. വിവിധ സാഹിത്യ സാംസ്കാരിക കൂട്ടായ്മകളിൽ അംഗമാണ്.