അയാളൊരു എഴുത്തുകാരനായിരുന്നു.
എഴുത്തിലും ജീവിതത്തിലും ലാളിത്യം മുഖമുദ്രയാക്കിയ, തന്റെ രചനകളിലൂടെ സമൂഹത്തെ മൊത്തം ലളിതവൽക്കരിക്കാം എന്ന് സ്വപ്നം കണ്ട എഴുത്തുകാരൻ. അയാൾക്ക് മറ്റൊരു സ്വപ്നം കൂടിയുണ്ടായിരുന്നു. വളരെ ചെറിയൊരു വീട്. ആർഭാടങ്ങളില്ലാത്ത രണ്ടോ മൂന്നോ മുറികൾ മാത്രമുള്ള ഒറ്റനില വീട്. ഭാര്യക്കും മക്കൾക്കും അത് മതിയോ എന്നറിയില്ലെങ്കിലും അയാൾക്കത് മതിയായിരുന്നു.
വീടിനെ പറ്റി എഴുത്തുകാരന് വേറെയും കുറച്ച് സങ്കല്പങ്ങളുണ്ട്. അതൊരു പക്ഷെ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കും. ഗ്രിൽസിന്റെ തടവറയില്ലാതെ ഉമ്മറപ്പടിയിൽ കട്ടൻ ചായയും കുടിച്ച് പത്രം വായിക്കാൻ കഴിയണം. മുറ്റത്ത് ഇന്റർലോക്കിനു പകരം ഹരിതവർണ്ണത്തിലുള്ള പുല്ല് പിടിപ്പിക്കണം. പിന്നെയൊരു കൊച്ചു പൂന്തോട്ടം. അകത്ത് ചെറിയൊരു വായനാമുറി. അവിടെ സ്വദേശികളും വിദേശികളുമായ ഒരുപാട് എഴുത്തുകാരുടെ പുസ്തകങ്ങൾ അടുക്കി വെക്കണം. പിന്നെ ജാലകത്തിനഭിമുഖമായി ഒരെഴുത്ത് മേശ. പുറത്ത് ഗേറ്റിന് പകരം പഴയ രീതിയിലുള്ള സിമന്റ് തേച്ച കണ്ടി മതി. അയൽക്കാരന് ഗേറ്റ് തുറക്കാതെ പട്ടിയെ പേടിക്കാതെ അകത്തേക്ക് കടന്നു വരാൻ കഴിയട്ടെ.
തികച്ചും കാല്പനികമായ സ്വപ്നങ്ങളാണയാൾക്ക്. മുറ്റത്ത് നിന്നും പന്ത്രണ്ട് പടികളിലൂടെ താഴെക്കിറങ്ങി ഒരാൾക്ക് മാത്രം നടന്നു പോകാൻ കഴിയുന്ന ഇടവഴിയിലൂടെ തൊട്ടാവാടികളെ തളർത്തി വയലിലേക്കിറങ്ങാൻ കഴിയണം. തുലാമാസത്തിൽ വയലിൽ മഴ പെയ്യുന്നത് കണ്ടിയിലിരുന്ന് അനുഭവിക്കണം. അതിന്റെ ഒരു ഭാഗത്തു മഞ്ഞപ്പന്തൽ പോലെ കൊന്നമരവും മറ്റേ ഭാഗത്ത് ചുവന്ന മുത്തുക്കുട പോലെ വാകമരവും വേണം. മഞ്ഞയും ചുവപ്പും കലർന്ന പൂക്കൾ നടവഴിയിൽ പരവതാനി പോലെ ചിതറിക്കിടക്കണം.പിറകിൽ, അടുക്കളയിലൂടെ നോക്കിയാൽ ഇടതൂർന്ന വൃക്ഷങ്ങളിൽ നിന്ന് പക്ഷികളുടെ കുറുകൽ കേൾക്കണം. വായനാമുറിയിലിരുന്ന് ജനാലയിലൂടെ നിശബ്ദമായി ഒഴുകുന്ന പുഴയുടെ മനോഹാരിത ദർശിക്കണം. പുഴയെ നോക്കി കഥകൾ വായിക്കണം. എന്താല്ലേ.. തികച്ചും കാല്പനികം.
ഒരിക്കൽ അയാൾ കൂട്ടുകാരന്റെ വീട്ടുകൂടലിനു ഭാര്യയെയും കൂട്ടി പോയി. വീടിനെക്കാൾ ഉയരമുള്ള ഗേറ്റിന് മുന്നിൽ ഇതികർത്തവ്യതാമൂഢനായി സാഹിത്യകാരൻ നിന്നു. ഗേറ്റിന്റെ ഇടതു ഭാഗത്ത്, അയാളുടെ സ്വപ്നത്തിലെ ചെറിയ വീടിനെക്കാൾ വലിയ ഔട്ട്ഹൗസ് കഥാകാരനെ അമ്പരപ്പിച്ചു എന്ന് പറയാതെ വയ്യ. അപ്പോൾ അകത്ത് കാണാൻ പോകുന്നതിന്റെ വലുപ്പം എത്രയായിരിക്കും? ‘എത്ര പൈസ ആയണേ ഈ വീട്ടിന്?’ എന്ന ഭാര്യയുടെ ചോദ്യത്തിന് ‘അഞ്ച് കോടീന്റെ അടുത്തായീന്നാ ഓർ പറഞ്ഞിനി.” എന്ന ഗൃഹനാഥയുടെ മറുപടിക്ക് മുന്നിൽ അത്ഭുതവും അസൂയയും നിരാശയുമൊക്കെ കുഴഞ്ഞു മറിഞ്ഞ ഭാവവുമായി ഭാര്യ നിൽക്കുന്നത് കണ്ടപ്പോൾ അയാളിലൂടെ കടന്നു പോയത് പുച്ഛവും സഹതാപവുമായിരുന്നു എന്ന് പിന്നീടൊരു കഥയിൽ അയാൾ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ലോണെടുത്ത് ഇത്ര വലിയ കൊട്ടാരം പണിത് മറ്റുള്ളവർക്കും കൂടി പണി കൊടുത്ത ‘ഓറോ’ ട് കഥാകൃത്തിന് കലശലായ ദേഷ്യം തോന്നി.
അയാൾക്കൊരു ചെറിയ വീട് മതി. അത് നഗരത്തിൽ വേണ്ട. ഗ്രാമത്തിൽ. നഗരത്തിൽ ജീവിക്കുന്നത് അയാൾക്കിഷ്ടമല്ലായിരുന്നു. നഗരജീവിതം അസഹനീയമാണ്. പെട്രോളിന്റെ രൂക്ഷഗന്ധം, അക്ഷമയുടെ ഹോണടികൾ, മുന്നോട്ട് ഗമിക്കാനാവാത്ത ട്രാഫിക്ക്, തിരക്ക് പിടിച്ച മനുഷ്യർ. നഗരം മടുപ്പാണ്. അയാൾ എന്നും നഗരത്തെ വെറുത്തുകൊണ്ടിരുന്നു. അതുകൊണ്ടാണല്ലോ നഗരത്തിലെ നല്ലൊരു ജോലി നിർദാക്ഷീണ്യം വലിച്ചെറിഞ്ഞ് അയാൾ മുഴുസമയം എഴുത്തുകാരനായത്. കാപട്യത്തിന്റെയും മനുഷ്യത്വമില്ലായ്മയുടെയും ഇടം. കറുത്ത പുകയുടെ ആകാശം, പണി തുടർന്നു കൊണ്ടിരിക്കുന്ന റോഡുകൾ, പണി തീരാത്ത ബഹുനില കെട്ടിടങ്ങൾ, അഴുക്കുചാലുകൾ, ബഹളങ്ങൾ.. നഗരം മനുഷ്യനെ ഭ്രാന്തനാക്കും.
ശാന്തമായ ഗ്രാമത്തിൽ ചെറിയൊരു വീട് എന്ന സ്വപ്നം അയാൾ താലോലിച്ചു കൊണ്ടിരുന്നു. മുറ്റത്ത് ഒരു ഭാഗത്ത് പേരക്കമരവും വലിയൊരു നാട്ടുമാവും വളർത്തണം. നാട്ടുമാവിൻ തൈ എവിടെ കിട്ടുമെന്ന് അറിയില്ല. ഈ കഥ വായിക്കുന്ന ആരുടെയെങ്കിലും കൈകളിൽ അങ്ങനെയൊന്ന് ഉണ്ടെങ്കിൽ ദയവ് ചെയ്തു കവിക്ക് എത്തിക്കണം. സോറി. പറയാൻ വിട്ടുപോയി. അയാളൊരു കവി കൂടിയായിരുന്നു. അയാൾ അത് നട്ടു വളർത്തി മധുരമൂറും നാട്ടുമാങ്ങകൾ നിങ്ങൾക്കും തരും. മരുന്നടിക്കാത്ത നിർബന്ധിച്ചു പഴുപ്പിക്കാത്ത കോഴിമുട്ടകളുടെ മാത്രം വലുപ്പമുള്ള മധുരമൂറും നാട്ടുമാങ്ങകൾ. വീടിനു പിറകിൽ ചെറിയൊരു പച്ചക്കറി തോട്ടം. വിഷമില്ലാത്ത തക്കാളിയും വെണ്ടക്കയും മുരിങ്ങക്കയും വേണം. അതും ചെറുത് മതി. പറഞ്ഞല്ലോ മികച്ച കവിതക്കുള്ള യുവശബ്ദം അവാർഡ് കിട്ടിയ അയാൾക്ക് പണ്ടേ ചെറുതിനോടാണ് താല്പര്യം.
മിക്കവാറും ആളുകൾ എല്ലാം വലുത് ആഗ്രഹിക്കുമ്പോൾ ചെറുത് ആഗ്രഹിക്കാനും ആരെങ്കിലുമൊക്കെ വേണ്ടേ സുഹൃത്തേ? ചെറിയ വീട്, ചെറിയ വണ്ടി, ചെറിയ സ്ഥലം അങ്ങനെ.
ഓ.. സ്ഥലത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത്. വീടെടുക്കാൻ സ്ഥലം നോക്കാൻ പോയ സംഭവം. മൂന്നോ നാലോ സെന്റ് മതിയാവും. ഗ്രാമത്തിലാവുമ്പോൾ വില കുറച്ച് കിട്ടുമല്ലോ. “നിനക്ക് പറ്റിയ സ്ഥലമുണ്ട്.” കൂട്ടുകാരൻ രമേശനാണ് ആ സ്ഥലം കാണിച്ചു കൊടുത്തത്. പക്ഷെ സെന്റിന് രണ്ടര ലക്ഷം രൂപ വേണമത്രേ. അത് കൂടാതെ രമേശനും, രമേശന് സ്ഥലം കാണിച്ചു കൊടുത്ത ദിനേശനും, ദിനേശന്റെ ചങ്ങായി സതീഷനും എപ്പോഴോ പറമ്പിലേക്ക് എത്തി നോക്കിയ ഗണേശനും കമ്മീഷൻ കൊടുക്കണം. പാവം കവിയുടെ കൊച്ചു ഗ്രാമത്തിന് ഇത്രയും വിലയുണ്ടെന്ന് അയാൾക്ക് മനസ്സിലായത് അപ്പോഴാണ്.
ഭാര്യ പറയുന്നത് ബാങ്കിൽ നിന്നും ലോൺ കിട്ടുമെന്നാണ്. സ്വീകരണമുറിയിൽ സീരിയലിന്റെ ഇടവേളകളിൽ പൊഴിഞ്ഞു വീഴുന്ന കോർപ്പറേറ്റ് പരസ്യങ്ങൾ തൊണ്ട തൊടാതെ ആവാഹിച്ചിറക്കുന്ന അവൾക്ക് അങ്ങനെയല്ലേ പറയാൻ കഴിയൂ. പക്ഷെ ലോണിന് തല വെച്ചു കൊടുക്കാൻ പ്രശസ്ത പത്രത്തിലെ കോളമിസ്റ്റ് കൂടിയായ അയാൾക്ക് പണ്ടേ താല്പര്യമില്ല. അയാൾ ഫാസിസത്തിനെതിരെയും കോർപ്പറേറ്റ് വികസനനയങ്ങൾക്കെതിരെയും ലേഖനങ്ങളും എഴുതാറുണ്ട്. ഇനി അഥവാ ലോൺ എടുക്കുന്നുണ്ടെങ്കിൽ കോടികൾ എടുത്തു തിരിച്ചടക്കാതെ മുങ്ങാൻ പറ്റണം. അയാൾ പാവപ്പെട്ടവനായത് കൊണ്ട് അതും നടപ്പില്ല. ഇവിടെ പാവങ്ങൾ എങ്ങനെ ജീവിക്കും സുഹൃത്തേ? പറഞ്ഞല്ലോ ചെറിയ വീട് മതി.
നിങ്ങൾക്ക് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമല്ലോ എഴുത്തുകാരൻ ചെറുത് മാത്രം ആഗ്രഹിക്കുന്ന ആളാണെന്ന്. അല്ലെങ്കിൽ ഈ കഥ നോക്കൂ. ഇതൊരു ചെറിയ കഥയല്ലേ? തിരക്കു പിടിച്ചൊരു സമൂഹത്തിൽ വായിക്കാൻ സമയമില്ലാത്ത മനുഷ്യർക്ക് വേണ്ടി കഥാകൃത്തിന് ഇതല്ലാതെ വേറെന്ത് ചെയ്യാൻ പറ്റും? ഇത് വായിക്കാൻ നിങ്ങൾക്ക് വെറും മൂന്നു മിനുട്ടല്ലേ നഷ്ടപ്പെട്ടുള്ളൂ. ഈ സത്യാനന്തര കാലത്ത് സത്യം പറയുന്നവരും ഉണ്ടെന്ന് മനസ്സിലായില്ലേ? ഈ ആഗോളവൽക്കരണ, ഉദാരവൽക്കരണ, കമ്പോള വൽക്കരണ.. അല്ലെങ്കിൽ വേണ്ട, അങ്ങനെയുള്ള കടുകട്ടി വാക്കുകളിലേക്കൊന്നും അയാൾ നിങ്ങളെ കൊണ്ടു പോകില്ല. അതെ ചങ്ങാതീ, അയാൾക്ക് ലാളിത്യമാണ് ഇഷ്ടം.
ചെറുത് ആഗ്രഹിക്കുന്നവർക്കും ഈ ലോകത്തിലൊരിടം കിട്ടട്ടെ. എഴുത്തുകാരന് ചെറിയ വീട് വേണം. പക്ഷെ ഇപ്പോഴും അതിനാവശ്യമായ സ്ഥലം വാങ്ങിക്കുക എന്നത് അയാൾക്കൊരു സ്വപ്നം മാത്രമാണ്.