ഒരു ചരമവാർത്ത

പത്രത്തിൽ
ഒരു വീടിന്റെ ചരമവാർത്തയുണ്ടായിരുന്നു..
ആത്മഹത്യ ചെയ്തതാണ്              
വിഷാദരോഗത്തിന് അടിമയായിരുന്നുവത്രേ..
പ്രിയപ്പെട്ട ആരുടെയോ
ആക്സ്മിക വിയോഗമാണ് കാരണം.

ശബ്ദങ്ങളിലും നിശ്വാസങ്ങളിലും
ഓരോ മുറിയിലുമുണ്ടായിരുന്ന ഒരാൾ
പെട്ടെന്നങ്ങ് ഇല്ലാണ്ടാവുക..
സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല..

ആദ്യമൊക്കെ
ആശ്വാസവചനങ്ങളുമായി
എല്ലാവരുമെത്തിയിരുന്നു..
പിന്നെ പിന്നെ ആരും ചെല്ലാതായി.
മുറ്റത്തെ ചെടികളൊക്കെ ഉണങ്ങിപ്പോയി…
കിളികൾ ദൂരേയ്ക്കു പറന്നു പോയി..
ശബ്ദങ്ങളും ശ്വാസോച്ഛാസങ്ങളും പടിയിറങ്ങി..
ചിലന്തിവലകൾ
മാറാലകൾക്ക് കൂട്ടായി.

ആർക്കും വേണ്ടാതായെന്ന തോന്നലിലാകാം
ആ വീട് ആത്മഹത്യ ചെയ്തത്..
ജെ. സി. ബി അതിന്റെ അസ്ഥിവാരത്തിലെ
അവസാനത്തെ കല്ലും പെറുക്കി മാറ്റി.

വീടങ്ങനെ
പൂർണ്ണമായുമതിന്റെ
ശ്മശാനത്തിലേയ്ക്ക് യാത്രയായിരിക്കുന്നു.
അയൽവാസിയാണ് ആ സത്യം വെളിപ്പെടുത്തിയത്..
അതൊരു ആത്മഹത്യയല്ല.
ആസൂത്രിത കൊലപാതകമായിരുന്നുവത്രേ..

തെളിവുകൾ അവശേഷിപ്പിക്കാതെ
അനന്തരാവകാശികളാരോ
നടത്തിയ ആസൂത്രിത കൊലപാതകം.

ഓച്ചിറ സ്വദേശി. ഇപ്പോൾ മൃഗസംരക്ഷണവകുപ്പിൽ സീനിയർ വെറ്ററിനറി സർജൻ. ആനുകാലിക പ്രസിദ്ധീകണങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.