ഒരു കവിതക്കൊലപാതകത്തിന്റെ കഥ

അവളെ, ഈ കവിതയിലെങ്കിലും
കൊല്ലുക എന്ന ലക്ഷ്യത്തോടെ
പാതിരാവിൽ അയാൾ എഴുതുന്നു.

അതീവ രഹസ്യസ്വഭാവമുള്ള
ഒരു കൊലപാതക കവിതയാണെങ്കിലും
ഇരുണ്ട നിറത്തിനു പകരം
തവിട്ടു ഭാവവിന്യാസത്തെയാണ്
എന്തുകൊണ്ടോ അയാളപ്പോൾ
കവിതയ്ക്കായി തെരഞ്ഞെടുത്തത്.

അതിനാൽത്തന്നെ അവളെക്കൊല്ലാൻ
ഏല്പിക്കപ്പെട്ട വാടകക്കൊലയാളിയുടെ
മുഴുക്കുപ്പായത്തിനുപോലും
കടുംതവിട്ടുനിറമായിരുന്നു,
ഒപ്പം ഇളംതവിട്ടായൊരു
പെൺ ലാബ്രഡോറും.

ദുരൂഹ കവിതയിൽനിന്ന്
ഇടയ്ക്കുയരേണ്ടതായ
പശ്ചാത്തല ശബ്ദങ്ങളിൽ
അനാവശ്യ ഇടപെടലുകൾക്കു മുതിരാതെ
തികച്ചും പ്രകൃതിദത്തമായി,
തനതു സന്ദർഭങ്ങളിൽ
സ്വാഭാവികമായി രൂപപ്പെടുന്നവ
മാത്രം മതിയെന്നയാളുറപ്പിച്ചു.

നിങ്ങളുദ്ദേശിക്കുന്നത് ശരിയാണ്,
അയാളുടെ മുൻകാമുകിതന്നെയാണവൾ.

കൊല്ലപ്പെടുവാൻ അതൊരു
കാരണമാണെങ്കിലും അല്ലെങ്കിലും
നിയോഗിതനായ
കൊലയാളിക്കഥാപാത്രമെന്ന നിലയിൽ
ഞാൻ കുറച്ചുകൂടി സുപ്രധാനമായ
വിശദാംശങ്ങളിലേക്കു ചുഴിയേണ്ടതുണ്ട്.

അനന്യസാധാരണമായ അവളുടെ
സാഹിത്യവളർച്ചയെ നോക്കി നോക്കി
അയാൾ, അസൂയയുടെ
കനിഭക്ഷിക്കുന്നത് ഞാൻ കണ്ടെടുക്കുന്നു.

അവരുടെ പൂർവ്വദൃശ്യ
തിരനാടകങ്ങളൊന്നാകെ
അയാളിലിപ്പോൾ മിന്നുന്നുണ്ട്.

അതെല്ലാം എഴുതിയും പറഞ്ഞും
കാണിച്ചുതന്നും
നിങ്ങളെ വിരസരാക്കാതെ,
ഞാൻ കവിയിൽനിന്നും
അച്ചാരംവാങ്ങി,
ആ പഴയ കാമുകീനിഗ്രഹത്തിനായി
നിർദ്ദയംപുറപ്പെടുന്നു.

നാട്ടുവെളിച്ചത്തിൽ,
വിഹഗ ദൃശ്യത്തിൽ,
വിദൂര ദൃശ്യത്തിൽ,
ഇപ്പോൾ സമീപ ദൃശ്യത്തിൽ
അവളുടെ കവിതകളാൽപ്പടുത്ത
പുതുപുത്തൻ കൊട്ടാരം.

[ഇടനേരമാണ്, വേണമെങ്കിൽ
നിങ്ങൾക്കല്പവിശ്രാന്തിനേടി തിരിച്ചെത്താം.]

തല്ക്കാലം ലാബ് പുറത്തെല്ലാം
കറങ്ങിനടക്കട്ടെ…

ചേമ്പിലയിലെ ജലംപോലെ
അവളുടെ കവിതകളീന്ന് ആദ്യമൊക്കെ
ഞാനെത്ര വഴുതിപ്പോയെന്നോ!

അവളുള്ള കവിതകളെ മനസ്സിരുത്തി
എത്രയോവട്ടം വായിച്ചുവന്നോ,
ആമത്താഴുകളുള്ള ഈ കൊട്ടാരവാതിലും
ഉള്ളറകളും തുറക്കപ്പെടുവാൻ.

ഒടുക്കം പൂട്ടില്ലാത്ത പള്ളിയറയ്ക്കുള്ളിൽ
അവളെനിക്കു ദൃഷ്ടിപ്പെട്ടിരിക്കുന്നു.

ഞാനൊരു മെഴുകുതിരി കത്തിച്ചുവച്ചു.
ആ നഗ്നദേഹിയിലെ സാമുദ്രികങ്ങളിൽ
ആകാശഗംഗപോൽ തുടിക്കുന്നു

കവിതകൾ, കവിതകൾ…
ഇവിടെമാകെ അവൾകാണും
കിനാവിന്റെ നിശാഗന്ധി സൗരഭ്യം.

ഈ നിമിഷത്തെ മുറിച്ചതിനുള്ളിൽ
ഇവൾക്കൊപ്പമനന്തമായ് ശയിക്കണം.

ഘടികാരശബ്ദത്തിൽ മുറികൂടിയെത്തും
നിമിഷമേ, നിന്നെ ശപിച്ചുപോകുന്നു.

ഇവൾ എന്റെയും പ്രണയിനിയായിരുന്നല്ലോ.
ഞാനും കവിയായിരുന്നുവോ,
ഉലകിതിലെല്ലാം കവിതയായിരുന്നുവോ!

ഹ്രസ്വയാമങ്ങളെയളന്നു രണ്ടാം
മെഴുതിരിയുമന്ത്യശ്വാസംവലിക്കുന്നു.

ശീതരാശിയിൽ, നീല ശയ്യയിൽ
ഊഷ്മള ശ്വാസങ്ങളൊന്നായ്ക്കലർത്തുവാൻ
ചുംബിച്ചു ചുംബിച്ചവളെക്കൊല്ലുവാൻ,
മുഖമവളിലേക്കാഞ്ഞപ്പോൾ…

അവൾ കൺതുറക്കുന്നു,
അവൾ ചിരിക്കുന്നു,
ദയാമസൃണമായ്…
വേവുനിലംപോൽ
മിടിച്ചോരുടലിലിപ്പോൾ
ഹിമക്കട്ടയേക്കാൾ
തണുത്ത പ്രശാന്തത!

എന്റെ കീഴ്ത്താടിയിൽ
കോച്ചും മരണ ലോഹത്തണുപ്പ്.

കവിയുടെ കടലാസിലേക്കിപ്പോൾ
തലച്ചോറു നീറി
വിടർന്നുവീഴുന്നു ചോരപ്പൂവുകൾ.

എനിക്കൊപ്പം അയാളുടെ
അവസാന കവിത അപൂർണ്ണമാകുന്നു,
അവ്യക്തവും!

KSEBLTD ൽ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലിചെയ്യുന്നു, ഇപ്പോൾ കണ്ണൂർ, അഴീക്കോട് ഓഫീസിലാണ്.'മാജിക് മഷ്റൂം' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്