ഒരു അനാമികൻ്റെ (ഭ്രാന്തൻ്റെ ) തൂലിക

ശീവോലുപ്പാണി മരിച്ചു.

മുട്ടുച്ചിറക്കടവിൽ നിന്നും അളകാ തെരുവിലേയ്ക്ക് ഒഴുകി വന്ന ചെറു കാറ്റാണ് കുള്ളൻ കാർത്തികേയനെ ഈ മരണവാർത്ത ആദ്യം അറിയിച്ചത്. അളകാത്തെരുവിൻ്റെ ഒത്ത നടുവിൽ ഓടയിലേയ്ക്ക് മൂക്കുകുത്തി ഒരു വശം ചരിഞ്ഞ് ശീവോലുപ്പാണി കിടക്കുന്നു

കല്പനയിൽ വർണനയുടെ തൊങ്ങൽ ചാർത്തി, പദങ്ങളിൽ ആരോഹണ അവരോഹണ ക്രമങ്ങൾ നിരത്തി സമൂഹ മനസാക്ഷിക്കു മുമ്പിലെ തെറ്റിനേയും ശരിയേയും വേർതിരിച്ചളന്നെടുക്കുന്ന പരമ്പരാഗത നടപടി ഇവിടെ സ്വീകാര്യമല്ലെന്നുറപ്പിക്കുന്നു. കാരണം, മരിച്ചു കിടക്കുന്നത് ഒരു മനുഷ്യ ജീവനാണ്. ഈ തെരുവിന് അത്യന്താപേക്ഷിതരല്ലാത്ത അനേകരിലൊരുവൻ,
ശീവോലുപ്പാണി.. i

ഓടയിൽ തളം കെട്ടി നിൽക്കുന്ന വൃത്തിഹീനമായ വെള്ളത്തിൽ അയാളുടെ മൂക്കിൽ നിന്നും ഒഴുകിയിറങ്ങിയ ചോര അസ്തമനത്തിൻ്റെ മറ്റൊരു ശോണിമ തീർത്തിരിക്കുന്നു. അരികിൽ കുള്ളൻ കാർത്തികേയൻ്റെ ദൈന്യ വിലാപം.

“ങ്ങ് ള് വഴക്കു കൂടും, തല്ലുണ്ടാക്കും. ഇന്നലേം ഈച്ചേടടുത്ത്ന്ന് മൂലവെട്ടി മേടിച്ച് ഒന്നിച്ചടിച്ചു
ഒറ്റമനമല്ലാർന്നോടാ … ന്ന് ട്ടും നീ പോയി…” കാർത്തികേയൻ്റെ പതം കൊണ്ട വിലാപങ്ങൾ നീളുകയാണ്.

അളകാച്ചന്തയിലെ വഴിയോരക്കച്ചവടക്കാരുടെ ചൂടുപിടിച്ച തിരക്കുകൾക്കോ, ജോയ് സവ് മില്ലിലെ അറക്കുശാലയിൽ കറങ്ങുന്ന വാൾച്ചക്രങ്ങൾക്കുള്ളിൽ കദനം പേറുന്ന കനത്ത തടികൾക്കോ, ഈ മരണവും വിലാപവും ഒരു ബാധ്യതയായില്ല.

അളകയുടെ നിത്യസ്പന്ദനങ്ങളറിഞ്ഞ തെരുവിൻ്റെ ദാദമാരായിരുന്നില്ലേ ശീവോലുപ്പാണിയും കുള്ളൻ കാർത്തികേയനും ? ഇന്നലെ വരെ ഇവരുടെ തെറിവിളികൾക്കും അടിപിടികൾക്കും മൂകസാക്ഷിയായി നിന്ന അളകാ, ആത്മാവിൽ കനത്ത ഉഷ്ണത്തിൻ്റെ തീവേർപ്പാറ്റി മൗനമായി ചിരിക്കുകയാണോയിപ്പോൾ….

ആകാശം അസ്തമനത്തിൻ്റെ ശോകച്ഛവി പൂണ്ടു. ഇപ്പോൾ ഓടയ്ക്കരികിലായി നിർത്തിയിട്ടിരിക്കുന്ന ആംബുലൻസിലേയ്ക്ക് രണ്ടു പേർ ചേർന്ന് ആത്മാവു നഷ്ടപ്പെട്ട ശിവോലുപ്പാണിയെ വാരിയെടുക്കുന്നു.
കാർത്തികേയൻ്റെ വിലാപം അവസാനിച്ചിട്ടില്ല. കൊണ്ടും, കൊടുത്തും, കുടിച്ചും ദിനങ്ങൾക്കിരുട്ടു വീണ പൂർവ്വ സ്മൃതികളെ വികലമായി കോറി വായിക്കുന്ന പാഴ് വാക്കുകളായി അയാൾ അയവിറക്കി
ക്കൊണ്ടേയിരിക്കുന്നു.

രക്തബന്ധങ്ങളുടെ നൂലിൽ കോർക്കാനാവാത്ത അർത്ഥം പിറക്കാത്ത ആത്മാവിൻ്റെ അന്വേഷണം തുടർന്നു കൊണ്ടേയിരിക്കട്ടെ. അനാഥത്വങ്ങളുടെ വിതുമ്പൽ ഈശ്വരനെ നോക്കിയാവാം. കാരണം, ഭൂമിയിൽ അവർക്ക് ബന്ധങ്ങളില്ലല്ലോ.. !

അളകാച്ചന്തയിലെ വഴിയോരക്കച്ചവടക്കാരുടെ മണ്ണെണ്ണ വിളക്കുകൾ അണഞ്ഞു തുടങ്ങി. ശ്മശാന മൂകയായ അളകാ കത്തിയെരിഞ്ഞ ചിതയിലെ അസ്ഥിവാരങ്ങളായി. കണ്ണടച്ച മണ്ണെണ്ണ വിളക്കുകളിൽ നിന്നും കുടിയിറക്കി വിട്ട പുകകൾ എരിഞ്ഞൂ തീരാത്ത ചിതകളായി പരിണമിച്ചു. രാവേറുമ്പോൾ മാഞ്ഞ മുറിവുകളും, ത്രസിക്കുന്ന ചിരിയുമായി ശീവോലുപ്പാണിയും, അളകായിലെ സ്വപ്നസുന്ദരി ഗോതമ്പു നിറമുള്ള ഷീജാദത്തും നിർവേദങ്ങളുടെ അടങ്ങാത്ത ജ്വാലയായി ഇതുവഴി കടന്നു വരും..!

അതിനു മുമ്പ് നിങ്ങളുടെ മൗനാനുവാദത്തോടെ, തത്ക്കാലം ഈ വിഷ്ക്കമ്പത്തിനു തിരശീലയിടുന്നു.

*****************************

അളകായും മുട്ടുച്ചിറക്കടവും, ജ്വാല ഗിരിയിലെ കടലാസു പൂക്കളുടെ വർണ്ണങ്ങളും, ശിവോലുപ്പാണിയും, കുള്ളൻ കാർത്തികേയനും അതോടൊപ്പം എന്നെ പ്രണയിച്ച ഷീജാദത്തുമൊക്കെ നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുമ്പ് എൻ്റെ തൂലികയിലൂടെ സ്ഥലകാലസീമകൾ ലംഘിച്ച് ഇവിടെ ജന്മം കൊണ്ടവരാണ്.

ഞാനിപ്പോൾ പുതിയ മേച്ചിൽപ്പുറങ്ങളിലേയ്ക്കുള്ള ഒരു യാത്രയിലാണ് അതിനു മുമ്പ് സൃഷ്ടിച്ചവയെ തിരിച്ചെടുക്കാനുള്ള ധാർമ്മികമായ ബാധ്യതയുമായാണ് ഞാനിവിടെ വണ്ടിയിറങ്ങിയിരിക്കുന്നത്.

എൻ്റെ പരീക്ഷണ കാലാവധി കഴിഞ്ഞ് ശീവോലുപ്പാണി നിത്യമയക്കത്തിൻ്റെ കാണാക്കയത്തിലേയ്ക്ക് തളർന്നു വീണിരിക്കുന്നു. ശേഷിക്കുന്നവർ നിലനിൽപ്പിൻ്റെ പാത പിന്തുടരുമ്പോൾ അവരെ അനുനയിക്കാനാവാതെ എന്നെ അലട്ടുന്ന അസ്വസ്ഥതകൾക്കും ഭയാനതകൾക്കും നടുവിൽ ഉത്തരമില്ലാതെ ഞാൻ നിലകൊള്ളുകയാണ്. ഒരു പക്ഷേ ഞാൻ സൃഷ്ടിച്ച ഈ സ്ഥലകാലസീമയിൽ എനിക്കു നേരെ അവർ എത്തപ്പെട്ടേക്കാം.

കൂടുതൽ ഫോർമാലിറ്റികളില്ലാത്ത ഒരു ഫൈനൽ എഗ്രിമെൻ്റിന് അടിവരയിടാൻ ഞാനിപ്പോൾ ഹൈവേമാൻ ലോഡ്ജിൻ്റെ പടികൾ കയറുന്നു.

കർട്ടൻ വീണ്ടുമുയർന്നു. ഞാൻ ലോഡ്ജിലെ ശീതീകരിച്ച പതിമൂന്നാം നമ്പർ മുറിയിലാണിപ്പോൾ. ഒരു ഡബിൾ കോട്ട് കട്ടിലും, ഒരു ഡൈനിംഗ് ടേബിളും, നാലു കസേരകളും, ഒരു ചെറിയ മേശയും അതിനു മുകളിൽ ഒരു ടേബിൾ ലാംബും. എനിക്കിത് ധാരാളമാണ്. ബാഗിൽ നിന്നും കയ്യിൽ കരുതിയ നാലഞ്ചു പുസ്തകങ്ങൾ ഞാൻ മേശമേൽ ചേർത്തുവച്ചു.അതിലൊന്ന് ഷേക്സ്പീയരുടെ മാക്ബെത്താണ്.

ഞാനിപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നത് മാക്ബെത്തിലെ അവസാന രംഗമാണ്. അതിൻ്റെ ക്ലൈമാക്സ് മനസ്സിൽ വെറുതെ ഒന്നു വിഭാവനം ചെയ്തു നോക്കി. പക്ഷേ ഇപ്പോൾ വായനയിലേയ്ക്കുള്ള എൻ്റെ ആകാംക്ഷയെ സ്വയം തടുത്തു കൊണ്ട് മുറിയിലെ പടിഞ്ഞാറേയ്ക്കുള്ള ജാലകം ഞാൻ മെല്ലെ തുറന്നു.
കാലഭേദങ്ങളെ മറികടന്ന് ഒരു നേർത്ത താളമായി പുറത്ത് മഴ പെയ്യുന്നു. അണിയറയിലാരോ ഓർമ്മകളുടെ പിൻകർട്ടൻ പതുക്കെയുയർത്തുന്നു.

ഇത് പോലൊരു മഴയുള്ള രാത്രിയിൽ ഇതേ മുറിയിലിരുന്ന് നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുമ്പാണ് ഞാൻ ഷീജാദത്തിനെ സൃഷ്ടിച്ചത്. വട്ട മുഖവും, വിസ്താരമേറിയ നെറ്റിത്തടങ്ങളും, ഗോതമ്പുനിറമുള്ള മേനിയഴകും നൽകി എൻ്റെ തൂലികയിലൂടെ അവൾ ജന്മം കൊണ്ടു. ഹൈവേ മാൻ ലോഡ്ജിൻ്റെ ഈ മുറിയിൽ ഒരു ജ്വലിക്കുന്ന നക്ഷത്രമായി അവൾ നിലകൊണ്ടപ്പോൾ, കാലങ്ങളായി ഞാൻ പ്രണയിച്ച എൻ്റെ സ്വപ്നനായിക താനാണെന്ന് അവളും ഉറപ്പിച്ചിരുന്നു.

ബെക്കാടി വോഡ്ക്കയ്ക്കൊപ്പം ഞാൻ പുറത്തേയ്ക്ക് ഒഴുക്കിയ സിഗരറ്റിൻ്റെ ധൂമ പടലങ്ങൾക്കു നടുവിൽ കീറ്റ്സിൻ്റെ ബെസ്സായി അവൾ എൻ്റെ മനസിലേയ്ക്കാപതിച്ചു.

”നീ കണ്ണാടിയെ നോക്കു. ചേതോഹരമായ വദനവും, അഴകാർന്ന മാറിടങ്ങളും, വടിവൊത്ത നിതംബഭംഗിയും നൽകി ഞാൻ തീർത്ത ശില്പ്പത്തെ നീ തന്നെ നോക്കിക്കാണൂ…! യെസ് … ഐ ഫീൽ….
യു ആർ മൈ ബിലോവ്ട് …. യെസ്…….

മൈ ബെസ്സ്…!”

“ബെസ്സ്…?” ചോദ്യഭാവത്തിൽ അവൾ പുരികങ്ങളുയർത്തിയപ്പോൾ അതിനെ ഖണ്ഡിച്ചു കൊണ്ട് ഞാൻ പറഞ്ഞു

“നോ…. അതല്ല …. അതല്ല … നിൻ്റെ പേര്….” ഞാൻ പറയാം. നിൽക്കൂ.” മേശപ്പുറത്ത് അലസമായിക്കിടന്ന
കടലാസുകൾക്കിടയിൽ ഞാൻ പരതി.

“യെസ് .. കിട്ടി… കിട്ടി. നീ ദത്താണ്; ദത്ത് .. ഷീജാദത്ത്.ഈ അളകായിൽ ജോയ്സവ് മില്ലിലെ തടി ശാലയിൽ നിൻ്റെ അച്ഛനായി ശിവാനന്ദനുണ്ട്. ചൊവ്വരപ്പാടത്തെ ഞാറിൻകൂട്ടങ്ങളുടെ നടുവിൽ ഭാസുരാമ്മയെ കാണാനാവും. പക്ഷേ ഷീജാ … നീ അറിയണം. … ബെസ്സിനെ…. ക്രൂരന്മാരായ പട്ടാളക്കാരുടെ നടുവിൽ നിന്നു് നെഞ്ചിലേയ്ക്ക് സ്വയം നിറയൊഴിച്ച്, തൻ്റെ പ്രാണപ്രിയനായ ഹൈവേ മാനെ സ്വാതന്ത്ര്യത്തിൻ്റെ കതിരപ്പുറത്തേറ്റിയ ദുരന്ത നായിക… ബെസ്സ് ….” അവളെ സൃഷ്ടിച്ച അതിരറ്റ സന്തോഷം മദ്യലഹരിയിൽ ഞാൻ ആഘോഷിക്കുകയായിരുന്നു.

പക്ഷേ ഒരു നോട്ടം കൊണ്ടു പോലും അവളെ കളങ്കിതയാക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. കാരണം, അത്രമേൽ ശക്തിയാർന്നതായിരുന്നു എൻ്റെ തൂലിക. എന്നിട്ടും മഴക്കാറുകളൊഴിഞ്ഞ് മഞ്ഞു തുള്ളികൾ മറ്റൊരു മഴയായി പെയ്ത ഒരു രാവറുതിയിൽ എൻ്റെ അനുവാദത്തിന് കാത്തുനിൽക്കാതെ മറ്റൊരാൾക്കൊപ്പം അവൾ കൽക്കട്ടയിലേക്ക് യാത്രയായി. എൻ്റെ നായിക വാക്കുകൾ നഷ്ടപ്പെട്ടവളായി. നായകന്മാരും, പ്രതി നായകന്മാരും എനിക്കു നേരെ വാളോങ്ങി നിന്നു. രംഗമവസാനിക്കുന്നതിനു മുമ്പ് പൊട്ടിവീണ തിരശീല എന്നെ നോക്കി അപഹസിച്ചു. ഞാൻ ഭ്രാന്തനായി .. !

പിന്നീടെപ്പോഴോ ക്ലീൻ ബൻഡിറ്റിൻ്റെ സിംഫണിയുടെ നേർത്ത സംഗീതത്തിൽ വീണ്ടും തിരശീലയുയർത്താൻ എനിക്കവളെ കൊല്ലേണ്ടി വന്നു…
അതെ… കൽക്കട്ടയിൽ വച്ച് ഒരു കാറപകടത്തിലൂടെ … ഞാൻ പതുക്കെ ജാലകമടച്ചു.

ഞാനിപ്പോൾ മഴയെ പ്രണയിക്കുന്നില്ല. മഴ എനിക്കെന്നും ഷീജാദത്തായിരുന്നു. ഭാസുരാമ്മയുടെ ചൊവ്വരപ്പാടം പോലെ വരണ്ടുണങ്ങിയ നീർച്ചാലുകളിൽ പുതിയ രചനയ്ക്കുള്ള തൂലികയെടുക്കാൻ പോയ താളുകളെയറുത്ത് എനിക്ക് നിണച്ചാലുകൾ നിറയ്ക്കേണ്ടിയിരിക്കുന്നു. മഴയ്ക്ക് മനുഷ്യൻ ചോരയുടെ നിറം നൽകിയത് എന്നു മുതലായിരിക്കും? ഉത്തരങ്ങൾ വരും വരട്ടെ…!

“യെസ്.. കമിൻ …’
വാതിൽ തുറക്കപ്പെട്ടു.
ഒരു ട്രേയിൽ ബെക്കാടി വോഡ്കയുടെ ബോട്ടിലും, ഐസ് ക്യൂബ്സും ലെമണും … കൂടെ രണ്ടു ചപ്പാത്തിയും കുർമ്മയും. എൻ്റെ പ്രാണായാനത്തിൻ്റെ ചഷകമാണോയിത്…!

ഒരു കരുത്താർന്ന മായിക ലോകത്തേയ്ക്കായിരിക്കണം എൻ്റെ അതിഥികൾ വന്നെത്തേണ്ടത്. ഞാൻ എൻ്റെ ഡ്രിങ്ക് പകർന്നു. കൂട്ടത്തിൽ ഒരു സിഗരറ്റും. ചുണ്ടിൽ തിരുകിയ സിഗരറ്റിലേയ്ക്ക് വെയിറ്റർ തീ പകർന്നു. അയാൾ പിന്തിരിഞ്ഞു; ഭവ്യതയോടെ വാതിലടച്ചു.

“നിൽക്കു… ഒരു നിമിഷം … ഒരു കഥാപാത്രത്തെക്കൂടി നിങ്ങളറിയണം.

ഷീജാദത്തിൻ്റെ മരണശേഷം അവളുടെ മകളുടെ സംരക്ഷണം എനിക്കേറ്റെടുക്കേണ്ടി വന്നു. ആ കൈക്കുഞ്ഞിനെ തോളിലിട്ട് ഇരുപത് വർഷങ്ങൾക്കു മുമ്പ് ഞാൻ അളകായിൽ നിന്നും യാത്ര തിരിക്കുമ്പോൾ, അവസാനിപ്പിക്കാനാവാത്ത ഒരു കഥാപാത്രമായി, എന്നിലെ പിടയുന്ന വേരായി അത് പരിണമിക്കുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.

കാരണം, കാളിന്ദി ഇന്ന് എൻ്റെ ജീവൻ്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. പOനാർത്ഥം വിശാഖപട്ടണത്തിൻ്റെ പുറം കാഴ്ചകളിലേയ്ക്ക് ഞാനവൾക്ക് സ്വാതന്ത്ര്യ മനുവദിച്ചപ്പോഴും ഹോസ്റ്റൽ വാർഡൻ്റെ ഒരു ഫോൺ കോളിന് ഇടയ്ക്കെങ്കിലും ഞാൻ കാതു കൂർപ്പിക്കുന്നു.

അവളുടെ ജീവൻ്റെ വേരറുക്കാൻ എനിക്കാവുന്നതല്ല. അവൾക്ക് സ്വയമവസാനിക്കാനുള്ള വലയമൊരുക്കാനും കൂടിയാണ് എൻ്റെയീ തിരിച്ചു വരവ്.

ശീതീകരിച്ച ഈ മുറിയിലും എൻ്റെ രോമഗ്രന്ഥികളിൽ നിന്നും വിയർപ്പിൻ്റെ മുകളങ്ങളുതിർന്നു. അല്ലെങ്കിലും അകാരണമായ ഒരു ഭയം കുറെ നാളുകളായി എന്നെ വേട്ടയാടുന്നു. ഞാൻ വേട്ടയാടപ്പെടേണ്ടവനാണെന്ന സത്യം എൻ്റെ ഭയം ഉറപ്പിക്കുന്നുണ്ട്. ഉറക്കം നഷ്ടപ്പെട്ട രാത്രികളിലെ അവസാന യാമങ്ങളിൽ എനിക്കു നേരെ മണം പിടിച്ചെത്തുന്ന കുരയ്ക്കുന്ന മുഖങ്ങൾ നഷ്ടസഹനത്തിൽ വെന്തുരുകുന്ന അദൃശ്യരൂപികളായ ആത്മാക്കളാണെന്ന സത്യത്തിന് ഞാൻ അടിവരയിടുന്നു.

ഞാൻ ഒരു പെഗ്ഗ് കൂടി ഗ്ലാസിലേയ്ക്ക് പകർന്നു. പതുക്കെ മാക്ബെത്തിലെ അവസാന രംഗത്തിലേയ്ക്ക് കൺതുറന്നു. മരണം തോളിലേറ്റിയ ഡങ്കൺ രാജാവിൻ്റെയും, പരമ്പരകളുടെയും ചോരക്കറയാൽ പുസ്തകത്താളുകളിലെ അക്ഷരങ്ങൾ വിതുമ്പി നിൽക്കുന്നു.

Here ‘ s this Smell of blood still
All the perfumes of Arabia will not
Sweeten this Little hand …

ലേഡി മാക്ബെത്തിൻ്റെ ഹൃദയ വിലാപത്തിലേക്കെത്തിയപ്പോൾ എൻ്റെ ഇരു കൈകളും രക്തക്കറ പുരണ്ട രണ്ടു തീപ്പന്തങ്ങളാവുന്നത് ഞാനറിഞ്ഞു. ഞാൻ വാഷ്ബേയ്സനിലേയ്ക്കോടി.

എത്ര കഴുകിയിട്ടും മായാത്ത രക്തക്കറകൾ. നോക്കി നിൽക്കുമ്പോൾ, രംഗപടം മാറുന്നതും, ഒരു കഥാപാത്രത്തിൻ്റെ സാന്നിധ്യം ഒരു നിഴലായി എന്നിലേയ്ക്കിറങ്ങുന്നതും ഞാനറിഞ്ഞു.

“ആരാണത്?”

ഉത്തരമില്ല.അനങ്ങാത്ത കൈകാലുകളുമായി പുകമറയ്ക്കിടയിൽ നിന്നെന്ന പോലെ കുനിഞ്ഞ ശിരസുമായി എൻ്റെ മുമ്പിലേക്ക് ആ രൂപം ഒഴുകിയെത്തുന്നു. കരിങ്കൽപ്പാളികൾ കൊണ്ട് തീർത്ത ഈ ഒളിമടയിലേയ്ക്ക് എൻ്റെ ആത്മാവിൻ്റെ ദാഹം തീർത്ത് എന്നെ സ്വതന്ത്രനാക്കാൻ വന്ന അതിഥി.

“മുഖമുയർത്തൂ ആരാണു നീ..? അയാൾ ശിരസുയർത്തി.

അപ്രതീക്ഷിതം. ഒരു ഞെട്ടലിൽ ഞാൻ പുറകോട്ടു പോയി. ഉടൽ പിന്നിലെ ഭിത്തിയിലിടിച്ച് നിന്നു.

മടക്കിക്കുത്തിയ കൈലിമുണ്ട്, കറുത്ത മുറിക്കയ്യൻ ബനിയൻ, തലയിൽ. തോർത്തുകൊണ്ടുള്ള വട്ടക്കെട്ട്, മുഖത്ത് മുറിവുകളില്ല., ചോരപ്പാടുകളില്ല ….!

ശീവോലുപ്പാണി … ! മണിക്കൂറുകൾക്ക് മുൻപ് ഞാൻ ജീവൻ്റെ വേരറുത്ത് സ്വതന്ത്രനാക്കിയവൻ.

ഭീതിദമായ ഒരു നിലവിളി എൻ്റെയുള്ളിൽ നിറഞ്ഞിരിക്കുന്നു.

“അതെ… നീ ശീവോലുപ്പാണി തന്നെയാണ്…

“വീണ്ടും നിനക്കാരാണ് ഈ ശരീരം നൽകിയത്? ഉണ്ട് … പോക്കറ്റിൽ എൻ്റെ തൂലിക സുരക്ഷിതമായുണ്ട്. …. എനിക്ക് പകർത്തെഴുത്തുകാരില്ല…. ശീവോലൂ … പറയേണ്ടതു നീയാണ്.’

ശീവോലുപ്പാണി ശബ്ദിക്കുന്നില്ല. അയാൾ ഒരു മാർഗ്ഗതടസം പോലെ എനിക്ക് മുമ്പിൽ നിലകൊള്ളുകയാണ്. മുഖം താഴ്ത്തി, കൈകൾ നെഞ്ചിനു മുകളിൽ വരിഞ്ഞുകെട്ടി, തെറ്റുകൾ കണ്ടു പിടിക്കപ്പെട്ടു പോയ ഒരു സ്കൂൾ കുട്ടിയെപ്പോലെ.

മേശപ്പുറത്ത് തുറന്നുവച്ച പുസ്തകത്തിനുള്ളിൽ നിന്നും മാക്ബെത്തിനുനേരെ നടന്നു വരുന്ന ആയിരക്കണക്കിനു ഒലിവുമരങ്ങളുടെ പ്രചണ്ഡമായ ഘോഷം ഉഗ്രശബ്ദത്തിൽ എൻ്റെ മുറിയിൽ മുഴങ്ങി.

മേഘക്കീറുകൾ കരിമ്പടം പരത്തിയ ആകാശം ഭൂമിയെ കറുപ്പിക്കുന്നു. ഭൂമിയുടെ ഗോളാകാരം സ്ഥാനഭ്രംശത്താൽ പതുക്കെ ഒരു മൊട്ടക്കുന്നായി പിന്നീട് ഒരു ഗുഹയായി എന്നിലേയ്ക്കൊതുങ്ങുകയാണ്.

ആർത്തനാദങ്ങൾ അലയടിക്കുന്ന ഈ സ്ഥലകാലം എൻ്റെ തലച്ചോറിനെ ഒരു ഉന്മാദത്തിലേയ്ക്കെത്തിക്കുന്നു.

ഞാൻ അലറി.

“നോ ….”

ശബ്ദവും കാലവും മിന്നി മറഞ്ഞു. പുകപടലങ്ങൾക്കുള്ളിൽ നിലകൊള്ളുന്ന ശീവോലുപ്പാണിയ്ക്കരികെ നിഴലായി മറ്റൊരു രൂപം കൂടി….! ഞാൻ മേശപ്പുറത്തു നിന്നും പാതി കഴിച്ച വോഡ്കാ ഗ്ലാസ്സെടുത്ത് ആ നിഴൽരൂപങ്ങളിലേയ്ക്ക് ശക്തിയായി എറിഞ്ഞു. ഗ്ലാസ് ഭിത്തിയിൽ തട്ടി ഛിന്നഭിന്നമായി. നിഴൽ എനിക്കു മുന്നിലേയ്ക്ക് പതുക്കെ അടുക്കുന്നു..

ഒരു ജ്വാലയായി…. പ്രകാശമായി …. എൻ്റെ സിരകളിലേയ്ക്കരിച്ചിറങ്ങിയ, എന്നിലേയ്ക്കാപതിച്ച ഷീജാ ദത്ത്…!

എനിക്കിപ്പോൾ ഭയപ്പാടുകൾ തോന്നുന്നില്ല.

നിരൂപക പക്ഷം ഒന്നടങ്കം ശക്തി ക്ഷയിച്ച എൻ്റെ തൂലിക്കയ്ക്കു നേരെ വിരൽ ചൂണ്ടുന്നു. പക്ഷേ എനിക്ക് സ്വയം സമർത്ഥനെന്നു ന്യായീകരിക്കാനേ സാധ്യമാവൂ. ഞാൻ വാദിക്കുന്നു.

“ഞാൻ നിന്നെ കൊന്നതാണ്. നിന്നെ മാത്രമല്ല ഈ ശീവോലൂപ്പാണിയെ, ശിവാനന്ദനെ, ഭാസുരാമ്മയെ.” ഞാൻ പതുക്കെ ചിരിച്ചു.

ഐസ് ക്യൂബ്സും ലെമണും ചേർക്കാത്ത ഡ്രൈ വോഡ്കാ ബോട്ടിലിൽ നിന്നും ഒരു കവിൾ എന്നിലേയ്ക്ക് പകർന്ന് പാതിയടഞ്ഞ കണ്ണുകളോടെ ഞാൻ ഷീജാദത്തിനെ നോക്കി.

“ഒരു ജനനവും ഒരു മരണവും പൂർത്തിയാക്കിയ നീ ഇപ്പോഴും സുന്ദരിയായിരിക്കുന്നു. ഞാൻ ഇതുവരെ ഒരിക്കലും പറയാത്തവ ഇന്നു നിന്നോടു പറയും. അറുത്തെറിഞ്ഞിട്ടും എന്നെ പിന്തുടരുന്ന നിൻ്റെ പാവന പ്രണയത്തെ ഞാൻ അഭിമാനത്തോടെ നോക്കിക്കാണുന്നു.

വീണ്ടും നീ മഴയായി പെയ്തിറങ്ങിയ ഈ ലോഡ്ജുമുറിയിൽ, എൻ്റെ സിരകളിൽ പുതിയൊരു രസന നിറച്ച് ഇന്നു നീ എനിക്കൊപ്പമുറങ്ങും. നാലാം യാമത്തിന് മുമ്പ്, ചന്ദ്രൻ്റെ ഉച്ചസ്ഥായിയിൽ ശേഷിക്കുന്ന രണ്ടു പേരിൽ കുള്ളൻ കാർത്തികേയനെ തിരശീലയ്ക്കു പിന്നിലേയ്ക്ക് ഞാൻ ഒളിപ്പിക്കും. ഒരു ട്രെയിനപകടത്തിലൂടെ… ‘
ഒരു സിഗരറ്റുകൂടി കത്തിച്ചു കൊണ്ട് ഞാൻ ഷീജാ ദത്തിനെ നോക്കി.

അവൾക്ക് അഭൗമമായ ഒരു പുഞ്ചിരി. ഭീതികളലട്ടാത്ത ആ നിർജീവജഡത്തെ എനിക്ക് ഏറെ നേരം നോക്കി നിൽക്കുവാൻ തോന്നി.

“ഷീജാ … ഇതു കൂടി.. .. ഇതു കൂടി നീ കേൾക്കുക. ജന്മബന്ധങ്ങളുടെ വേരറുത്തത് ഞാനാണെന്ന് അറിയുന്ന നിമിഷം എന്നെ സ്നേഹിക്കുന്ന നിൻ്റെ മകൾ കാളിന്ദി… അവളും രാവിലെ നിന്നോടൊപ്പം അലിഞ്ഞു ചേരും. അതെ… അവൾ ആത്മഹത്യ ചെയ്യും.”

ഷീജാദത്ത് ചെറുതായൊന്നു തേങ്ങി. ഗദ്ഗദങ്ങൾക്കു ശേഷം അവൾ ചിരിച്ചു. അത് ഒരു പൊട്ടിച്ചിരിയായപ്പോൾ അതുവരെ നിശബ്ദനായി നിന്ന ശീവോലുപ്പാണിയും അതിലേയ്ക്ക് പങ്കുചേർന്നു.

ഞാൻ പുറം തിരിഞ്ഞു. വേഗം ജന്നാലകൾ തുറന്നു. പുറത്ത് മഴ തകർക്കുന്നു . രക്തവർണ്ണങ്ങളുടെ തീമഴ ..!

ഞാൻ അലറി.

”നോ… നെവർ … നീ … നീ ഷീജയല്ല. നീ ഷീജാദത്തല്ല.

പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അവളുടെ ശബ്ദമുയർന്നു. അതയാൾ രംഗവേദിയിൽ പറയാനനുവദിച്ച പ്രേമപൂർവ്വ പദങ്ങളായിരുന്നില്ല. ശ്രവണ സാന്ദ്രതയിൽ ഓരോ മനവും തേങ്ങിയ കാരുണ്യ വചസ്സുകളുമായിരുന്നില്ല. മറിച്ച് …!

അളകാത്തെരുവിലെവിടെയോ ഇരുന്ന് ഒരു കാലൻ കോഴി കൂവുന്നു. ദൂരെയേതോ മരത്തിലിരിക്കുന്ന ഇണപ്പക്ഷിയെത്തേടി; അവൾ അരികിലുണ്ടെന്നറിയാതെ….!

“ഹേ.. മിസ്റ്റർ…” ഞാൻ ഞെട്ടിത്തിരിഞ്ഞു.

എഴുതപ്പെടാത്ത സംഭാഷണങ്ങൾ എൻ്റെ ഉത്തരം മുട്ടിച്ചേക്കാം. കരുതിയിരിക്കുക. കഥാപാത്രങ്ങൾക്ക് ചിലപ്പോൾ കൂടുമാറ്റം സംഭവിക്കും. നിശബ്ദനാവുക; അവർ കഥയിലേയ്ക്കു തിരിച്ചെത്തും വരെ.

“ഹേ മിസ്റ്റർ… എഴുത്താണിയിൽ തളച്ചിട്ട ജന്മങ്ങൾ ചങ്ങലകൾ പൊട്ടിച്ച് പുതിയ അധിനിവേശത്തിലെത്തിയതറിയാത്ത താങ്കൾ വിഡ്ഡിയല്ലേ.? മേശപ്പുറത്തേയ്ക്കു നോക്കൂ… നിങ്ങളുടെ ചഷക പാത്രങ്ങളും മറ്റ് ദ്രവ്യങ്ങളും; എന്തിന്, ഒരു യുഗത്തിൻ്റെ വേദന സൃഷ്ടിച്ച നിങ്ങളുടെ തൂലിക പോലും
കാലം കവർന്നെടുത്തിരിക്കുന്നു..! “

ഞാൻ മേശപ്പുറത്തേയ്ക്ക് നോക്കി.

അവിടെ നിന്നും വോഡ്കാ ബോട്ടിൽ അപ്രത്യക്ഷമായിരിക്കുന്നു, തൂലിക കൈമോശം വന്നിരിക്കുന്നു. ജനാലയ്ക്ക് പുറത്ത് നിണമണമുള്ള കറുപ്പു മാത്രം..!

ലോഡ്ജുമുറിയിലെ കരിങ്കൽ ഭിത്തികൾക്ക് വിള്ളൽ വീഴുമെന്ന് ഞാൻ ഭയന്നു. അത്രമേൽ ഘനമുറ്റിയതായിരുന്നു അവളുടെ വാക്കുകളും ചോദ്യങ്ങളും.

“ഇവിടുത്തെ ചരാചരങ്ങൾക്ക് നിങ്ങൾ നിറഭേദം വരുത്തിയിരിക്കാം. അതിലപ്പുറം നിങ്ങൾ അഹങ്കാര വികൃതമായുച്ചരിക്കുന്ന സൃഷ്ടികർമ്മങ്ങൾ ചെയ്യാൻ നിങ്ങളാര് …?

“സ്ഥലകാലങ്ങൾ ലംഘിച്ച്, തെറ്റിദ്ധാരണകളുടെ വാക്ച്ചുരുളുകൾ നിവർത്തി, ഒരു സമൂഹത്തിന് വേദന സൃഷ്ടിക്കുവാനുള്ള അധികാരം നിങ്ങൾക്കാരാണു തന്നത് …?”

“എൻ്റെ അംഗലാവണ്യത്തെ വാണിജ്യവൽക്കരിക്കുന്ന നിങ്ങളറിയുന്നുണ്ടോ… നിങ്ങൾക്കായി ആടിത്തളർന്ന എൻ്റെ ശരീരഭേദങ്ങളെക്കുറിച്ച്..? നിങ്ങൾ ഒന്നറിയുക, ഞങ്ങളുടെ ജീവിതഗതിയും, മരണവും കുറിക്കുവാൻ നിങ്ങൾക്കവകാശമില്ല. ചുടുവേർപ്പിൽ ആടിത്തളർന്ന ഞങ്ങളുടെ ജന്മങ്ങൾക്ക് ഒരിക്കലും നിങ്ങൾ അത്താണിയുമല്ല. മരീചിക പോലെ നിങ്ങൾ കാണുന്ന മായക്കാഴ്ചകൾക്കപ്പുറം ഞങ്ങൾ ജീവിക്കുന്നു. അന്തപ്പുരങ്ങളും, കൊടി കെട്ടിയ ശകടങ്ങളുമൊഴിഞ്ഞാൽ നിങ്ങളും ഞങ്ങൾക്കൊപ്പമാവും. ഉഗ്രമായ തിരമാലകളിൽ നിങ്ങളുടെ പാപക്കറയും, അതിൽ തീർത്ത അക്ഷര ഗോപുരങ്ങളും ഒലിച്ചുപോയാൽ മാത്രം..!”

എനിക്ക് അപരിചിതമാണീ വാക്ധോരണി. ഈ വാക്കുകൾ എഴുതപ്പെട്ടത് എന്നിലൂടെയല്ല. ഞാൻ പതറുകയാണ്.

ലോഡ്ജുമുറി നിറയുകയാണെന്നു തോന്നി. എന്നന്നേയ്ക്കുമായി ഞാൻ തിരശീലയുടെ പിന്നിലേയ്ക്കയച്ചവർ ഇപ്പോൾ എനിക്ക് മുൻപിൽ നിലകൊണ്ടപ്പോൾ, ശക്തി ക്ഷയിച്ച് എന്നിൽ നിന്നകന്ന തൂലിക മാത്രം എനിക്കപ്രാപ്യമായ ഏതോ ഇരുളിലിരുന്ന് തേങ്ങി.

പക്ഷേ ജയിക്കേണ്ടവനല്ലേ ഞാൻ …?

“നോ… പാടില്ല. എൻ്റെ ശരികൾക്ക് മീതെയുള്ള നിൻ്റെ നീരസങ്ങൾ…. പ്രതിഷേധങ്ങൾ… നിർത്തുക, രംഗവേദി വിടുക. ഇതെൻ്റെ ആജ്ഞയാണ്”.

അവൾ ശബ്ദത്തിൽ അഗ്നിജ്വാല സൃഷ്ടിച്ചു.

എൻ്റെ വാക്കുകൾ നിലയുറയ്ക്കാതെ പിന്തള്ളപ്പെടുന്നു.

“ആജ്ഞ നൽകാൻ നീയാര്? ഇത് നീ സൃഷ്ടിച്ച കല്പിത കഥയല്ല. നീ തീർത്ത രംഗ വേദിയിൽ ഇപ്പോൾ ചടുലതാളങ്ങളില്ല. നിൻ്റെ സിംഹാസനം നിലയില്ലാക്കയത്തിലേയ്ക്കമരുന്നത് നീ കാണുന്നില്ലേ? നീ അനാമികനാണെന്നറിയാത്ത വിഡ്ഢീ… ഒരു നിമിഷം നീ ആ കണ്ണാടിയിലേയ്ക്ക് നോക്കൂ…”

സത്യങ്ങൾ വേർതിരിച്ചറിയേണ്ടിയിരിക്കുന്നു. എന്നിൽ നിന്നകലാൻ ഇവർക്കു വേണ്ടി നിലയുറപ്പിച്ചിരിക്കുന്ന ആ കണ്ണാടിയെവിടെ? ഞാൻ മുറിയുടെ അറ്റത്തേയ്ക്കോടി.

കണ്ണാടിക്കു മുൻപിൽ നിൽക്കുന്ന ഞാൻ ഇപ്പോൾ വല്ലാതെ കിതയ്ക്കുന്നുണ്ട്. സിംഫണിയുടെ താളത്തിൽ ഉയർന്നു പൊങ്ങുന്ന തിരശീലയ്ക്കൊപ്പം മെല്ലെ ഞാനും ശിരസ്സുയർത്തി. പതുക്കെ കണ്ണുകൾ തുറന്നു.

ഒരു ഞെട്ടലോടെ ഞാൻ പുറകോട്ട് മാറി. എൻ്റെ ഉടലും, ശിരസ്സും പൊഴിച്ച വിയർപ്പു ജാലങ്ങൾ ഒരു കടലായി മാറി. അലയടിച്ചെത്തിയ തിരമാലയിൽത്തട്ടി ചാരുശില്പങ്ങൾ തീർത്ത എൻ്റെ തൂലിക ഒരു ചെറു കണികയായി അകലുന്നു. എനിക്കു നേരെ ചോദ്യശരങ്ങളെറിഞ്ഞവർ നിഴൽച്ചിത്രങ്ങളായി പരിണമിച്ചു.

ഞാൻ….?

അവസാന രംഗം അളകാ ചന്തയാണ്. തിരക്കുകൾക്കിടയിൽ കേൾക്കുന്ന ശീവോലുപ്പാണിയുടെയും ,കുള്ളൻ കാർത്തികേയൻ്റെയും അസഭ്യവർഷങ്ങൾ അതിനു സാക്ഷി.

പ്രതിബിംബം നഷ്ടപ്പെട്ട മുഖവുമായി ഞാൻ അളകാത്തെരുവ് കടന്നിരിക്കുന്നു.

മഴയൊഴിഞ്ഞ് പ്രസന്ന പൂരിതമായ നീലാകാശം. ചിറകുകൾ നഷ്ടപ്പെട്ടു പറക്കാനാവാതെ നിശബ്ദനായി ഞാൻ ആകാശത്തേയ്ക്കു നോക്കി.

അവിടവിടെ ചിന്നിച്ചിതറിക്കിടക്കുന്ന ചെറു മേഘച്ചാലുകളിൽ ഞാൻ എൻ്റെ പ്രതിബിംബത്തെ കാണുന്നു.

ഇനി അധിനിവേശത്തിൻ്റെ പുതിയ മേച്ചിൽപ്പുറങ്ങളിലേയ്ക്ക് മുഖം നഷ്ടപ്പെട്ട എൻ്റെ യാത്ര…….

എനിക്ക് പിന്നിൽ, സിംഫണിയുടെ താളത്തിൽ തെരുവിലേയ്ക്കുള്ള തിരശ്ശീല മെല്ലെ താണു തുടങ്ങി….. !

എറണാകുളം ജില്ലയിലെ വെളിയനാട് സ്വദേശി. സ്വന്തമായി ബിസിനസ് ചെയ്യുന്നു. നവ മാധ്യമങ്ങളിൽ സജീവം.