ഒരുവളാം പലരിലൂടെ…

ഉഷ്ണക്കാറ്റിനെയേറ്റുവാങ്ങി
ചരിത്രത്തിൽ വെയിൽ തിന്നുന്നവൾ

രക്ഷകനാകേണ്ടുന്ന കൈകൾ
ശിക്ഷനാകുമ്പോൾ രാവിൻറെ
ഇറയത്ത് ഭയപ്പാടോടൊരുവൾ

കത്തിയമരും ശവമായൊരുവൾ
കണ്ണീർപ്പുഴയിലൊലിക്കുന്നവൾ  

തുളുമ്പും മധുചഷകമായൊരുവൾ
ചിലപ്പോൾ, ചുംബനപ്പൂവായ് വിരിയുന്നൊരുവൾ

കുഞ്ഞധരങ്ങൾക്ക് അമൃതേത്തായി  
വരണ്ട മുല ചുരന്നയൊരുവൾ  

പ്രണയമില്ലാ രതിയിൽ ഉടൽ
ചുണ്ടാല്‍പ്പൊള്ളി കരിഞ്ഞവൾ

ശരീരം വിറ്റു പണമാക്കുന്നൊരുവൾ  
പാപമുൾക്കിരീടം ചൂടുന്നൊരുവൾ

നൊമ്പരച്ചോര വയലിൽ കവിതയുടെ
വിത്ത് പാകി മുളപ്പിക്കുന്നവൾ

പൊഴിഞ്ഞയിലകളും കരിഞ്ഞചിറകുമായി
പെണ്മയെ കാക്കാൻ സമരം ചെയ്യുന്നവള്‍

അക്ഷരങ്ങളുടെ ലോകത്ത്
സ്വയം നട്ടുവച്ച ഒരുവൾ

ഇഴ കീറി പലതായി അയയിൽ
തൂക്കി സ്വയം പ്രദർശനപ്പെടുന്നവൾ

അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത
ഒരുവളുകളിലൂടെയുള്ള യാത്ര ഒടുങ്ങുന്നത്  
പല ഒരുവളുകളെക്കൊണ്ടു തീർത്ത
ഉണ്മയാം പെണ്മയിൽ

കോഴിക്കോട് വെസ്റ്റ് ഹില്ലിൽ സ്വദേശിനി. ഇപ്പോൾ കുടുംബത്തോടൊപ്പം ബാംഗളൂരിൽ താമസം. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്.