
ഒരുയാത്രപോകുവാൻ
പുലർകാലവേളയിൽ
ഒരു ചത്വരത്തിലായ് വന്നുനിൽക്കേ
ഒരുവണ്ടിവരുമെന്ന് വെറുതേനിനച്ചു ഞാൻ
ഒരുപാടുനേരം കാത്തുനിന്നു
മേനി തളരുന്നിരിക്കാനിടമില്ല
മാരുതൻ വന്നൊന്നു നോക്കിയില്ല
മാമരച്ചോട്ടിൽ വിഷണ്ണനായ് വെറുമൊരു
മാടിനെപ്പോലങ്ങു നിന്നനേരം
അപ്രതീക്ഷിതമായിട്ടൊരുചാറ്റൽമഴവന്നെൻ
തൂവെള്ളവസ്ത്രം നനച്ചനേരം
ഓടിപ്പോയ് പീടികത്തിണ്ണയിൽ കേറുവാൻ
ആവാതില്ലതെ ഞാൻ നിന്നുപോയി.
ശാഖിയിൽ പാറിപ്പറക്കും ശക്കുന്തങ്ങൾ
കളകളശബ്ദം പൊഴിച്ചിടുന്നു
ഒട്ടും നിനക്കാതെ ഏതോകിളിക്കുഞ്ഞെൻ
പുത്തനുടുപ്പിന്മേലിച്ചിയിട്ടു
ഊരിയുടുപ്പിനെ വൃത്തിയാക്കിയെന്റെ
സ്വസ്ഥത യെല്ലാം നശിച്ചനേരം
എത്തിയവണ്ടിയിലേറെപ്പണിപ്പെട്ടു
ഉള്ളിലേക്കൊന്നു കയറിനിൽക്കേ
“അപ്പൂപ്പനിങ്ങോട്ടിരുന്നാട്ടെ”യെന്നുള്ള
സാന്ത്വനവാക്കുകൾ കേട്ടനേരം
നന്മനിറഞ്ഞൊരാ ബാലന്റെകണ്ണിലെ
കാരുണ്യമൊക്കെയും ഞാനറിഞ്ഞു
പുത്തൻപരിഷ്കാരമൊന്നുമില്ലാത്തവൻ
പുഞ്ചിരിച്ചെന്നെയിരുത്തിയെല്ലോ
പുണ്യമേറെചെയ്തോരച്ഛനുമമ്മക്കും
വന്നുപിറന്നവനായിരിക്കാം
അറിയാതെ കണ്ണൊന്നടഞ്ഞുപോയ് മനസ്സിലെ
ജാലകവാതിൽ തുറന്നിരുന്നു
വണ്ടിയോടൊപ്പമെൻ മനസ്സിന്റെയാത്രയിൽ
ക്കണ്ടൊരു ദുസ്വപ്നമെത്രകഷ്ടം
“ഒരുയാത്ര പോകുവാൻ ഒരുനാൽക്കവലയിൽ
ഒരുവണ്ടികാത്തുഞാൻ നിന്നനേരം
ക്ഷണിക്കാതെയെത്തിയ കോമാളിയാണവൻ
എന്നെവിളിച്ചിടുന്നങ്ങുപോകാൻ”.
(ക്ഷണിക്കാതെയെത്തിയ കോമാളി= മരണം)








