ഉടുത്തൊരുങ്ങിയ ഭ്രാന്തുകളെ
മനസ്സാം കളിമൺ ഭിത്തിയിൽ
പണ്ടെല്ലാമവളിങ്ങനെ
എഴുതിവച്ചിരുന്നത്രെ..!!
“പെണ്ണാണ്…”
വെറും പെണ്ണ് …”
തിളച്ച പകലിൽ
ചുവന്നുപോയവൾ
അകത്തളങ്ങളിൽ
അടക്കപ്പെട്ട നോവിന്റെ
കൂരമ്പേറ്റവൾ
ഉള്ളിൽ നുരഞ്ഞുപൊന്തും
പ്രണയത്തിന്
കാവലിരിക്കുന്നവൾ
ഇഷ്ടങ്ങളുടെയാകാശത്തിലേക്ക്
പറന്നുയരാൻ മനച്ചിറകുകൾ
തുന്നുന്നവൾ
കാത്തിരിപ്പിൻ സ്മാരകമായി
നെറുകയിൽ ഒരു ചുവപ്പടയാളം
സൂക്ഷിക്കുന്നവൾ…
കാലത്തിന്റെ വെല്ലുവിളികളെ
ഒരു നറുപുഞ്ചിരിയാൽ
ചവിട്ടിമെതിച്ചു പോയവൾ
ഇന്നലെകളിൽ പരാജയപ്പെട്ട
രാജ്യത്തെ അതിഥിയും…
ഇന്നുകളുടെ വിജയരാജ്യത്തെ
രാജ്ഞിയുമാണവൾ…
മഴകൊട്ടിയടച്ച
ഉമ്മറവാതിലിന്റെ
ഓടാമ്പലിൽ കുരുങ്ങിയ
ചോദ്യങ്ങളെയും
ഇന്നലെകളേയുമാണവൾ
അകത്തേക്ക് കയറുമ്പോള്‍
ചവിട്ടിക്ക് ഭോജനമായി നൽകിയത്
മുനിഞ്ഞു കത്തുന്ന
റാന്തൽ വെളിച്ചത്തിൽ
കണ്ണീരുവെന്തൊലിച്ച
മുഖമമര്‍ത്തിത്തുടച്ച്…
ചോദ്യങ്ങളുടെ
മാറാലതൂക്കുന്നതിനായി
ചൂലെടുത്തു
അലമാരയിലെ
പുള്ളിക്കുത്തുക്കളാൽ
മങ്ങിത്തുടങ്ങിയ കണ്ണാടിയില്‍
കണ്ണുരുട്ടിക്കാണിക്കുന്ന
തൊലിപ്പുറത്തെ മുറിഞ്ഞ
ചുവപ്പടയാളങ്ങളെ
തേങ്ങൽത്തൂവാലയാൽ
വേരോടെ പിഴുതെടുത്തെറിഞ്ഞു
അമര്‍ത്തിപ്പിടിച്ചൊരു
ഞെരങ്ങല്‍ പുറത്തെ
കൂരിരുട്ടിലേക്ക്
പുളഞ്ഞിഴഞ്ഞിറങ്ങുന്നു.
വാക്കുകള്‍ക്കതീതമായ കൊഴുത്ത,
വഴുവഴുപ്പുള്ള ഒച്ചകള്‍….
വീണ്ടും തൊലിപ്പുറത്തെ
ചുവന്ന അടയാളങ്ങള്‍ തുറിച്ചു
നോക്കാൻ തുടങ്ങിയപ്പോൾ…
കുളിമുറിയിലെ
അരത്തൊട്ടിവെള്ളത്തിൽ
പിഴച്ചുവെന്ന വാക്കിന്റെ
പൂപ്പുമണത്തെ വാസനാസോപ്പില്‍
കഴുകി അവസാന തുള്ളി
മിഴിനീരിൽ ശുദ്ധമാക്കിയെടുത്തു….
ഉള്ളി തൊലികളഞ്ഞപ്പോൾ
കണ്ണുനിറച്ചുവെന്നൊരു നുണ
അവൾക്കുള്ളില്‍ മുളയ്ക്കുന്നു….
പടർന്നു പന്തലിയ്ക്കുന്നു.
നിഗൂഢമായ നിശബ്ദതയുടെ
കൊടുങ്കാട്ടില്‍
പെരുമഴ പെയ്യുന്നു.
ഇരുട്ടിലേക്ക് വലിച്ചിഴക്കപ്പെട്ട
കാഴ്ചകള്‍ക്കൊപ്പം അവളുടെ
കണ്ണുകളിലെ സൂര്യനസ്തമിക്കുന്നു.
പ്രണയഭാഷ അത്രത്തോളം
വന്യമായതിനെക്കുറിച്ചു
പറയുന്ന മുറിഞ്ഞ ചുണ്ടുകൾ
വെന്തുറഞ്ഞ
നിശയുടെ മടിയിലേക്കു
അതിശൈത്യക്കാറ്റ്
കുന്നിറങ്ങി ഇഴഞ്ഞു
വരുന്നുണ്ടായിരുന്നു….
നിഴലുകളുടെ
വെയിലുണക്കങ്ങളിലെപ്പോഴോക്കെയോ
ചിതറിത്തെറിച്ച വാക്കുകളെ
ഒരുമിച്ചു ചേർത്തപ്പോഴാണ്
അസ്വാസ്ഥ്യത്തിന്റെ
കടവാവലുകൾ
അവൾക്കുള്ളിൽ
ചിറകടിയ്ക്കാൻ തുടങ്ങിയത്…
നഗ്നമാം ഹൃത്തിന്റെ
വെള്ളഭിത്തിയിലവളിന്ന്
കൊത്തിവയ്ക്കുന്നു..!!
“വെറും പെണ്ണോ?”
അല്ല…
ചങ്കുറപ്പിന്റെ ചെമല പൂക്കൾ
പൂത്തുലയുന്ന ഒരു പൂമരം..!!
ഞെട്ടറ്റുവീഴുന്ന പൂക്കളെയൊക്കെ
മണ്ണിൽ ചുവപ്പാക്കിയൊഴുക്കിയ
ചുവപ്പിനാൽ ഹൃദയത്തിലും
നെറ്റിയിലും നൂറായിരം
ഇഷ്ടങ്ങളുടെ ചുവപ്പടയാളം
കരുതിവയ്ക്കുന്നവൾ.
സ്വന്തം കവിതയിൽ തിളച്ചു
തിളച്ചങ്ങനെ ചുവന്ന പെണ്ണ്…
ഹൃദയത്തിൽ നോവുകടലുമായി
ഉറങ്ങുന്നവൾ..!!
മാലോകരുടെ കണ്ണിലെ
ഒരുമ്പെട്ടോൾ..!!”