ഒരുമ്പെട്ടോളുടെ രാത്രി

ഏതോ പെണ്ണിന്റെ
വിയർപ്പിൽ
മുങ്ങിയ മുല്ലപ്പൂമണം
ഓക്കാനം അടക്കി
പിന്നോട്ട് മാറി നിന്നു.

കള്ളിന്റെ ചൂരിൽ
പുളിച്ച തെറിയോടൊപ്പം
ഏതോ
പെണ്ണിന്റെ പേര് കേട്ട്
തിരിഞ്ഞു നിന്നു;
ചുമന്ന വട്ടപ്പൊട്ട്
ഊരിത്തന്ന ഷർട്ടിൽ
അവളെ നോക്കി
ഊറി ചിരിച്ചു.

തെന്നി
തറയിൽ വീണിട്ടും
താങ്ങാൻ ചെന്ന
കൈയിൽ
പിടിച്ചു ഞെരിച്ച
അയാൾ അലറി,
“എടീ ഒരുമ്പേട്ടോളെ “
കൂടെ
ഒരു ആട്ടിത്തുപ്പലും.

വിയർപ്പിൽ
മുങ്ങിയ
മുല്ലപ്പൂമണം
മരിച്ച വീട്ടിലെ ചന്ദനതിരിയായി.

വട്ടപ്പൊട്ട് അലക്ക് കല്ലിൽ
ഒട്ടിപ്പിടിച്ചു..
അടിച്ച മുറിപ്പാടിൽ
ചോര കിനിച്ചു..
നാലു പെറ്റ വയറിൽ
തൊഴിപാടുകൾ
തിണർത്തു..

പിറ്റേന്ന്,
റേഷനരിയുടെ കഞ്ഞിവെള്ളം
കുടിച്ചിറക്കി,
ഓക്കാനം പിടിച്ചുനിർത്തി,
സ്നേഹം പൊതിഞ്ഞ
ചോറുപൊതിയുമായി
അയാൾ വീണ്ടും ഇറങ്ങി.

പിറവം സ്വദേശിനി. പിറവം ആയുർവേദ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. കവിത, കഥ, അഭിനയം ഇഷ്ടം.