ഒരുനാള്‍ സിനിമ

പാലക്കാട് ടൌണിലേക്ക് പോകണമെന്ന് അച്ഛന്‍ പറയുമ്പോള്‍ തന്നെ തുടങ്ങും ജോമോന്‍റെ ഒരുക്കം. സാധാരണയായി ഒരുങ്ങുവാന്‍ നേരം അമ്മ നിക്കറിന്‍റെ എലാസ്റ്റിക് വലിച്ചു പിടിച്ചു കൊടുത്താലേ ജോമോന്‍ അതിലേക്കു തന്‍റെ കാലുകള്‍ കടത്താറുള്ളു, എന്നാല്‍ ഈ സുദിനങ്ങളില്‍ മാത്രം ജോമോന് ഒരുങ്ങാന്‍ അമ്മയുടെ സഹായം വേണ്ടിയിരുന്നില്ല. അമ്മയെ വിളിച്ച് സമ്മതം വാങ്ങി ഒരുങ്ങുമ്പോഴേക്കും അച്ഛന്‍ പോയാലോ.

അച്ഛന്‍ ഒരുങ്ങി തന്‍റെ സ്കൂട്ടറിന്‍റെ അടുത്തെത്തുമ്പോൾ തന്നെ മുഖത്ത് പൗഡറും വാരിപ്പൊത്തി ഉടുപ്പിന്‍റെ ബട്ടന്‍സ് തെറ്റിച്ചിട്ട് ജോമോന്‍ നില്‍പ്പുണ്ടാവും സ്കൂട്ടറിന്‍റെ മുന്‍വശത്ത്. മുഖം തുടച്ച് ഉടുപ്പ് നേരെയിട്ടു കൊടുക്കേണ്ടത് അച്ഛന്‍റെ ജോലി ആണ്. ബോണസ് ആയി അച്ഛന്‍റെ വട്ടത്തില്‍ ഉള്ള ചീപ്പുക്കൊണ്ടു മുടിയും ഒതുക്കി കൊടുക്കും. പുറകില്‍ ഇരിക്കാന്‍ പേടിയായത് കൊണ്ട് സ്കൂട്ടറിന്‍റെ മുന്‍വശത്ത് നിന്നാണ് ജോമോന്‍ യാത്ര ചെയ്യാറുള്ളത്. ജോമോന്‍ നില്‍കുന്നതിന്‍റെ തൊട്ടടുത്തു തന്നെ വണ്ടിയുടെ ബ്രേക്ക് ഉള്ളതുകൊണ്ടു ബ്രേക്കില്‍ തൊട്ടുപോകരുത് എന്നു താക്കീത് നല്കിയ ശേഷം മാത്രമേ അച്ഛന്‍ വണ്ടി എടുക്കാറുള്ളൂ. മുന്‍പൊരിക്കല്‍ അപ്രതീക്ഷിതമായി ബ്രേക്കു ചവിട്ടി പുറകില്‍ ഇരുന്ന അമ്മയെ നിലത്തിട്ട ചരിത്രം ജോമോന്‍റെ പേരിലുണ്ട്.  

എന്തുകൊണ്ടാണ് ജോമോന് ടൌണില്‍ പോകാന്‍ ഇത്ര കൊതി?. സ്കൂളും വീടും ആയി കഴിയുന്ന ജോമോന് പുറംലോകം കാണാന്‍ കിട്ടുന്ന ചുരുക്കം ചില അവസരങ്ങളില്‍ ഒന്നാണ് ഇങ്ങനെ ഉള്ള യാത്രകള്‍. ഒരു സിനിമ കാണുന്ന പോലെ ആണ് ജോമോന് ഓരോ യാത്രയും. ഒരു മണിക്കൂര്‍ നീളം ഉള്ള സിനിമകള്‍. ഒരു സിനിമയിലുള്ള പാട്ടും കഥയും കഥാപാത്രങ്ങളും പോലെ ഈ കുഞ്ഞ് യാത്രയിലുമുണ്ട് അതിനെ ആസ്വാദ്യകരമാക്കുന്ന ചില കാര്യങ്ങള്‍. പിന്നെ നല്ലൊരു ക്ലൈമാക്സ് കൂടി ഉണ്ട് ഓരോ യാത്രക്കും. ടൌണില്‍ അച്ഛന്‍റെ ഒപ്പം അടങ്ങിയൊതുങ്ങി നിന്നാല്‍ തിരിച്ചു വരും വഴി അച്ഛന്‍റെ വക നൂര്‍ജഹാന്‍ ഹോട്ടലില്‍ നിന്ന് ഒരു ബിരിയാണി പതിയായിരുന്നു. ആ ബിരിയാണിയാണ് ജോമോന്‍റെ സിനിമയിലെ ക്ലൈമാക്സ്.

അങ്ങനെ അവര്‍ ടൗണിലേക്ക് പുറപ്പെട്ടു. പ്രൊജക്ടര്‍ വീലുപോലെ വണ്ടിയുടെ വീലുകള്‍ കറങ്ങി തുടങ്ങി. മരവും മാനവും മനുഷ്യരും പിന്നോട്ടു പോയി തുടങ്ങി. യാത്രക്കിടയില്‍ ജോമോന് വീണു കിട്ടുന്ന സുവര്‍ണ നിമിഷങ്ങളിലൊന്നാണ് വല്ലപ്പോഴുമൊക്കെ വണ്ടിയുടെ ഹോണ്‍ അടിക്കാന്‍ കിട്ടുന്ന അവസരം. അച്ഛനോട് ചോദിച്ചു സമ്മതം വാങ്ങിയ ശേഷം മാത്രമേ ഉള്ളൂ ഈ രസങ്ങളൊക്കെ. വഴിയോരങ്ങളിലെ ബില്‍ബോര്‍ഡുകള്‍ ജോമോന് എന്നും അതിശയമായിരുന്നു. ഒരിക്കല്‍ ബന്ധു വീട്ടില്‍ പോയപ്പോ അവിടുത്തെ കേബിള്‍ ടീവിയില്‍ കണ്ടു പരിചയം ഉള്ള ഹള്‍ക്ക്ഹോഗന്‍ അതാ ഒരു ബില്‍ബോര്‍ഡില്‍ കൈ നിറയെ സ്വര്‍ണവുമായി മസിലും പെരുപ്പിച്ചു നില്‍ക്കുന്നു. മുന്‍പ് കേട്ടിട്ടില്ലാത്ത പുതിയപുതിയ സിനിമകളുടെ പോസ്റ്ററുകള്‍. ഒറ്റനോട്ടത്തില്‍ തന്നെ സിനിമ പേര് വായിച്ചെടുക്കാന്‍ ജോമോന്‍ ശ്രമിക്കുമെങ്കിലും ഓടുന്ന വണ്ടിയില്‍ നിന്നു വായിച്ചെടുക്കാന്‍ നന്നേ ബുദ്ധിമുട്ടായിരുന്നു. കൂട്ടത്തില്‍ മോഹന്‍ലാലിന്റെ പോസ്റ്റര്‍ ഉണ്ടോന്നാണ് ആദ്യം പരതുക. മമ്മൂട്ടിയെ കാണുമ്പോൾ ചെറിയ കുശുമ്പും തോന്നാറുണ്ട് ജോമോന്. അങ്ങനെ പല പല വര്‍ണചിത്രങ്ങള്‍ ജോമോന്‍റെ കണ്ണില്‍ പതിഞ്ഞു പോയികൊണ്ടിരുന്നു. ചിലതിലെ കൂട്ടക്ഷരങ്ങള്‍ എത്ര ശ്രമിച്ചിട്ടും വായിക്കാന്‍ കഴിഞ്ഞില്ല. സ്കൂളില്‍ കൂട്ടുകാര്‍ പറഞ്ഞറിഞ്ഞ സിനിമയുണ്ടോ എന്നും നോക്കും. പേരറിയാമെങ്കിലും കണ്ടു പരിചയമില്ലാത്ത കുറേ തമിഴ് നടന്മാര്‍ ചുമരുകളില്‍ നൃത്തം ചെയുന്നുണ്ടായിരുന്നു. നഗരത്തോടടുക്കുമ്പോള്‍ വയലുകള്‍ കുറഞ്ഞു കുറഞ്ഞു വന്നു, പോസ്റ്ററുകളുടെ വലിപ്പം കൂടിയും.

നഗരമെത്തിയെന്നു ജോമോന്‍ മനസിലാക്കുന്നത് ടിപ്പു സുല്‍ത്താന്‍റെ കോട്ട കാണുമ്പോൾ ആണ്. കോട്ടയെ വലം വച്ചാല്‍ മാത്രമേ നഗരത്തിനുള്ളിലേക്ക് കടക്കുവാന്‍ സാധിക്കൂ. കോട്ട വലം വെക്കുമ്പോള്‍ ജോമോന്‍ കാലൂന്നി നോക്കും കൂറ്റന്‍ കോട്ടമതിലിനപ്പുറം കാണുവാന്‍ കഴിയുമോ എന്ന്. നഗര മധ്യത്തോടടുക്കും തോറും റോഡില്‍ വാഹനങ്ങള്‍ കൂടിക്കൂടി വന്നു. ട്രാഫിക് സിഗ്നലുകളില്‍ വാഹനങ്ങള്‍ തിങ്ങി ഞെരുങ്ങി നിന്നു. കെ‌എസ്‌ആര്‍‌ടി‌സി ബസ്സുകള്‍ പലപല ദിക്കുകളിലേക്ക് പായുന്നു. ജോമോന്‍റെ മുഖത്ത് കറുത്തു ചൂടുള്ള പുക വന്നു തട്ടികൊണ്ടിരുന്നു. ചുവന്ന കെ‌എസ്‌ആര്‍‌ടി‌സി ബസ്സുകള്‍ എന്നും ജോമോന് കൌതുകം ആയിരുന്നു. കെ‌എസ്‌ആര്‍‌ടി‌സി ബസ്സുകൾക്ക് ജോമോന്റെ സിനിമയില്‍ ഒരു നായക പരിവേഷം ആയിരുന്നു. ചുവന്ന നിറമുള്ള കറുത്ത കട്ടി പുക തുപ്പുന്ന ഏറ്റവും ഉച്ചത്തില്‍ ഇരമ്പല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ബസ്സുകള്‍ ആണ് ജോമോന്‍റെ മനസ്സില്‍ ശക്തരുടെ സ്ഥാനം പിടിച്ചിരുന്നത്.

ഏതോ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ വളപ്പിലേക് സ്കൂട്ടര്‍ തിരിഞ്ഞു. കെട്ടിടത്തിന്‍റെ മുന്നില്‍ വണ്ടിയൊതുക്കി ജോമോനെയും കൂട്ടി അച്ഛന്‍ അകത്തേക്ക് നടന്നു. തിരക്കിട്ട് പായുന്ന നഗരത്തിന്‍റെ നടുവിലുള്ള ആ സര്‍ക്കാര്‍ സ്ഥാപനം വളരെ ശാന്തം ആയിരുന്നു. മതിലിനോടു ചേര്‍ന്ന് നിന്നിരുന്ന കൂറ്റന്‍ മരം അവിടമാകെ തണല്‍ പരത്തിയിരുന്നു. വരാന്തയില്‍ ഉള്ള ബെഞ്ചില്‍ ജോമോനെ ഇരുത്തി അച്ഛന്‍ അകത്തേക്ക് കടന്നു. ബെഞ്ചിലിരുന്നാല്‍ റോഡിലൂടെ പായുന്ന വണ്ടികളുടെ ശബ്ദം കേള്‍ക്കാം. ജോമോന്‍ ജനാലയിലൂടെ എത്തിനോക്കി. ഏതോ ഉദ്യോഗസ്ഥനുമായി കാര്യമായി എന്തോ ചര്‍ച്ചയിലാണ് അച്ഛന്‍. ജനാലകളിലൂടെ നോക്കുമ്പോള്‍ കണ്ട ഫയലുകളുടെ അടുക്കുകള്‍ ജോമോനില്‍ ആകാംഷ ഉളവാക്കി.
ഇരുന്നിരുന്നു മടുത്തപ്പോളാണ് ജോമോന്‍ ചുറ്റുപാടും നിരീക്ഷിക്കാന്‍ തുടങ്ങിയത്. താന്‍ ഇരിക്കുന്ന ബെഞ്ചില്‍ ഒരു ചെറിയ പ്ലാസ്റ്റിക് ട്രേയില്‍ ക്യാമല്‍ എന്നെഴുതിയ നീല പശക്കുപ്പി, സ്റ്റാപ്ലര്, ചുവപ്പ് നീല കറുപ്പ് പച്ച നിറത്തിലുള്ള പേനകള്‍, പെന്‍സിലുകള്‍ പൂരിപ്പിക്കാത്ത കുറെ രസീതുകള്‍. ജോമോന്‍ പശക്കുപ്പി എടുത്തു തുറന്നു നോക്കി, വെറുതെ ഒന്നു മണത്തും നോക്കി ഒരു പ്രത്യേക തരം മണം. തിരിക്കെ വെക്കുന്നതിടയില്‍ വിരലുകളില്‍ പശ പറ്റിയിരുന്നു, ഇട്ടിരുന്ന നിക്കറില്‍ തന്നെ തുടച്ചു. കൈ ഒന്നു മണത്തു നോക്കിയപ്പോള്‍ നേരത്തെ കുപ്പിയില്‍ നിന്നു കിട്ടിയ അതേ മണം. പശ രുചിച്ചു നോക്കണോ വേണ്ടയോ എന്നു ജോമോനൊരു സംശയം, വയറിളകിയാലോ എന്ന ഭയം ആണ് സംശയത്തിനു കാരണം. നാക്കില്‍ ഒന്നു പറ്റിച്ചു നോക്കിയാല്‍ വയറിളകുകയൊന്നുമില്ലെന്നു സ്വയം മനസ്സില്‍ പറഞ്ഞു വിരലില്‍ പറ്റിയിരുന്ന പശ ജോമോനൊന്നു രുചിച്ചു നോക്കി, കുത്തുന്ന കൈപ്പു രുചി. തന്‍റെ പരീക്ഷണം ആരും കണ്ടില്ലലോ എന്നു ചുറ്റും നോക്കി ജോമോനുറപ്പു വരുത്തി.

കെട്ടിടത്തിലേക്ക് ആളുകള്‍ വന്നും പോയും കൊണ്ടിരുന്നു. ദൂരെ ഗെയിറ്റിനപ്പുറത്ത് വാഹനങ്ങള്‍ നിരനിരയായി പായുന്നു. നേരം കുറയേ കഴിഞ്ഞിട്ടും അച്ഛനെ കാണാത്തത് കൊണ്ട് ജോമോന്‍ ജനാലയിലൂടെ നോക്കി. നേരത്തെ കണ്ടിടത്തു അച്ഛനില്ല, ഉദ്യോഗസ്ഥന്‍ മാത്രമിരുന്നു ഫയലുകള്‍ പരിശോധിക്കുന്നു. ജോമോനൊന്നു ഞെട്ടി. അച്ഛന്‍ തന്നെ കുറിച്ചു മറന്നു വീട്ടിലേക്ക് പോയിക്കാണുമോ? ജോമോന്‍ ആശങ്കയോടെ ചുറ്റും നോക്കി. ഓ‌ടി‌വന്നു സ്കൂട്ടര് നിര്‍ത്തിയ ഇടത്തേക്ക് എത്തി നോക്കി. സ്കൂട്ടര്‍ അവിടെ തന്നെ ഉണ്ട്. ജോമോന്റെ ശ്വാസം നേരെ വീണു. കുറച്ചു കഴിഞ്ഞതും കൈയ്യിലൊരു ഫയലുമായി അച്ഛന്‍ തിരിച്ചു വന്നു. “പോകാം” എന്നു ആഗ്യം കാണിച്ചു. ജോമോന്‍ ഓ‌ടി സ്കൂട്ടറില്‍ കേറി.അച്ഛന്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു തിരക്കുള്ള റോഡിലേയ്ക്ക് നീങ്ങി.

ജോമോന്റെ സിനിമയുടെ ക്ലൈമാക്സ് അടുക്കാറായി. ട്രാഫിക് സിഗ്നലുകള്‍ ജോമോനെ അക്ഷമനാക്കി. നല്ല വിശപ്പുണ്ട്. ബിരിയാണിയെ വരവേല്‍ക്കാന്‍ ജോമോന്റെ ആമാശയവും തയ്യാറായിരുന്നു. നൂര്‍ജഹാന്‍ സ്ഥിതി ചെയുന്ന തെരുവിലേക്കു തിരിയേണ്ട ജംക്ഷനില്‍ സ്കൂട്ടര്‍ എത്തി. വലത്തോട്ട് തിരിഞ്ഞാല്‍ നൂര്‍ജഹാന്‍ ഇടത്തോട്ടു തിരിഞ്ഞാല്‍ ബസ്റ്റാന്റ് നേരെ പോയാല്‍ വീട്ടിലേക്കുള്ള വഴി. സ്കൂടെറിന്റെ ഹാന്‍ഡില്‍ വലത്തോട്ട് തീര്‍യുന്നതും കാത്തു ജോമോന്‍ നിന്നു. പക്ഷേ അത് തിരിഞ്ഞില്ല സ്കൂട്ടര്‍ നേര്‍വഴിക്കു ചലിച്ചു തുടങ്ങി.

ജോമോന്‍ ഒന്നു ഞെട്ടിയെങ്കിലും പ്രതീക്ഷ കൈവിടാതെ അച്ഛനോട് ചോദിച്ചു.
“അച്ഛാ അച്ഛന്‍ എന്തെങ്ങിലും മറന്നോ?”
ഒന്നു ചിന്തിച്ച ശേഷം അച്ഛന്‍ പറഞ്ഞു
“ഇല്ലല്ലോ , എന്താ നീ അങ്ങനെ ചോദിച്ചത്?”
“അച്ഛാ നൂര്‍ജഹാന്‍ അവിടെ അല്ലേ , നമ്മള്‍ തിരിയേണ്ട സ്ഥലം കഴിഞ്ഞു”
“ഇന്ന് നൂര്‍ജഹാനില്‍ പോകുന്നില്ല”
“അതെന്താ”
“അച്ഛന്‍റെ കൈയ്യില്‍ കാശ് ഇല്ല”

ജോമോന്‍ തിരിച്ചൊന്നും പറഞ്ഞില്ല. ക്ലൈമാക്സ് ഹാപ്പി എൻഡിങ് അല്ലാതെ വന്നത് ജോമോനെ തളര്‍ത്തി. ഊതിപെരുപ്പിച്ച ബിരിയാണി മോഹം കണ്ണീരായി പുറത്തു ചാടിയെങ്കിലും അച്ഛനറിയാതെ ജോമോന്‍നതു തുടച്ചുമാറ്റി. തുടര്‍ന്നുള്ള നഗര കാഴ്ചകള്‍ ജോമോനെ രസിപ്പിച്ചില്ല. എത്രയും പെട്ടെന്നു വീട്ടില്‍ എത്തിയാല്‍ മതി എന്നായി ജോമോന്. അപ്പോഴാണ് അച്ഛന്‍ വഴിയരികിലെക്കു സ്കൂട്ടര്‍ ഒതുക്കിയത്.
“ഒരു ചായ കുടിച്ചിട്ടു പോകാം”
അച്ഛന്‍ പറഞ്ഞു
വഴിയരികിലെ ഒരു കുഞ്ഞ് മില്‍മ ബൂത്തിലേക്കായിരുന്നു അച്ഛന്‍ ജോമോനെയും കൊണ്ട് കേറിയത്. നീലയും വെള്ളയും നിറത്തിലുള്ള ഒരു പെട്ടിമുറി. മുന്‍പില്‍ നിറയെ ചില്ല് ഭരണികൾ. അതില്‍ പല തരത്തിലുള്ള എണ്ണ പലഹാരങ്ങള്‍. ആവി പൊന്തുന്ന കെറ്റില്‍. നിരത്തി വെച്ചിരിക്കുന്ന ചില്ലു ഗ്ലാസുകള്‍.
“രണ്ടു ചായ രണ്ടു വെട്ട്കേക്ക്” അച്ഛന്‍ ഓർഡർ ചെയ്തു.
ചായയും കേക്കും കൈയ്യില്‍ കിട്ടി. ഒരു പുച്ഛതോടെയാണ് ജോമോന്‍ അതിനെ നോക്കിയത്. നഷ്ടപ്പെട്ടുപോയ ബിരിയാണിയോര്‍ത്തു ജോമോന്‍ മനസില്ലാമനസോടെ ചായയില്‍ മുക്കി കേക്ക് ഒന്നു കടിച്ചു. കേക്കിന്‍റെ രുചി നാവില്‍ തട്ടിയപ്പോള്‍ ആദ്യമുണ്ടായിരുന്ന പൂച്ഛമൊക്കെ അതിനൊപ്പം അലിഞ്ഞു ആമാശയത്തില്‍ എത്തി. നിമിഷനേരം കൊണ്ടു കേക്ക് തീര്‍ന്നു. കേക്ക് തീര്‍ന്ന നിരാശയില്‍ ചായകുടി തുടന്നപ്പോളാണ് അച്ഛന്‍ ചോദ്യം വന്നത്.
“ഒരെണ്ണം കൂടി വേണോ കേക്ക്” ചോദ്യം പൂര്‍ണമാവുന്നതിന് മുന്നേ ജോമോന്‍ വേണമെന്നു തലയാട്ടി. രണ്ടാമത്തെ കേക്ക് വാങ്ങി ചായയില്‍ മുക്കുവാന്‍ നോക്കിയപ്പോള്‍ അതിനു പറ്റുന്നില്ല ചായ ഗ്ലാസ്സിന്‍റെ കീഴ്ഭാഗത്തെത്തിയിരുന്നു. ജോമോന്‍ കേക്ക് മാത്രമായി തിന്നു തീര്‍ത്തു. വിശപ്പിനൊരാശ്വാസം, ജോമോന്‍റെ മനസ്സു ശാന്തമായി. വെട്ട് കേക്കിന് ജോമോന്‍റെ മനസ്സില്‍ മുന്‍നിരയില്‍ തന്നെ ഒരു സീറ്റ് കിട്ടിയിരിക്കുന്നു.

അമ്മക്കുള്ള കേക്കും പൊതിഞ്ഞു മേടിച്ചു അവര്‍ രണ്ടുപേരും വീട്ടിലേക്കുള്ള യാത്ര തുടര്‍ന്നു. നേരം ഇരുട്ടിയിരുന്നു മിന്നാമിനുങ്ങുകള്‍ വഴിയരികുകളില്‍ മിന്നി തെളിഞ്ഞു. ചേറു പ്രാണികള്‍ കാറ്റിനൊപ്പം ജോമോന്‍റെ മുഖത്തു വന്നിടിച്ചുകൊണ്ടിരുന്നു, കണ്ണില്‍ പെടാതിരിക്കാന്‍ കണ്ണു പാതി അടച്ചാണ് ജോമോന്‍ വീടുവരെ ഇരുന്നതു. വീട്ടിലെത്തി അമ്മയോടിന്നു നടന്ന കഥകള്‍ പറഞ്ഞപ്പോള്‍ സ്ഥിരം കഴിക്കാറുണ്ടായിരുന്ന ബിരിയാണിയെക്കാള്‍ രുചിയിലാരുന്നു ജോമോന്‍ വെട്ട് കേക്കിനെ വര്‍ണിച്ചത്.

ആർക്കിടെക്റ്റ് ആയി ജോലി ചെയ്യുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശി. ചെറുകഥകളും ചലച്ചിത്ര നിരൂപണവും ലേഖനങ്ങളും എഴുതാറുണ്ട്