ഒടുവിലത്തെ സാറ്റുകളി

നിലാവില്ലാത്തൊരു രാത്രിയിൽ
നമ്മളൊരുമിച്ചുള്ള യാത്രയ്ക്കായി നീ
നീളമുള്ളയൊരു കറുത്ത വരവരച്ചു,
ഞാനപ്പോളൊരു നൂറ്റിരണ്ടാം നമ്പർ
വാഹനത്തിൻ്റെ ഡ്രൈവറായി,

മിഴിയടപ്പിക്കുന്ന പ്രാണികൾ
രാത്രിസഞ്ചാരം നടത്തുന്ന
ഒറ്റവരിപ്പാതയിൽ
മിന്നാമിനുങ്ങുകളെ
കാണാത്തതിൽ നീ
ഉറക്കമില്ലാത്ത വവ്വാലുകളെ
പഴി പറഞ്ഞു,
ഞാനപ്പോളൊരു കുഞ്ഞുസ്വപ്നങ്ങൾ
നഷ്ടപ്പെട്ട ആകാശത്തിൻ്റെ
കഥപറയുന്ന കഥാകാരനായി,

ഇനിയുള്ള ദൂരം
രണ്ടു നോട്ടങ്ങൾ തെറിച്ചയിടത്ത്
വിരിഞ്ഞുല്ലസിക്കുന്ന
മഴവില്ലിൻ്റെയത്രയുമായി
ഞാനപ്പോളൊരു ആത്മസന്തോഷത്തിൻ്റെ
വരികൾ ആലപിക്കുന്ന ഗായകനായി,

ഇടയ്ക്കിടെ നമ്മൾ
പിന്തിരിഞ്ഞു നോക്കി,
പിന്നെ നമ്മൾ
തിരിഞ്ഞും മറിഞ്ഞും നോക്കി,
പോകുന്ന വഴിയിൽ
ഇതുവഴി പോയവരുടെ പേരുകൾ,
പിറകിൽ..?

പിറകിൽ അവരൊക്കെയും
സ്ട്രെച്ചറിൽ മാറിമാറിക്കിടന്ന്
സാറ്റ് കളിക്കുന്ന കാഴ്ചകൾ!
1,2,3,4,50,80,100,102 സാറ്റ്.

രണ്ടിലൊരാൾ എണ്ണുമ്പോൾ
മറ്റൊരാൾ ഒളിയ്ക്കുന്നു,
മറ്റൊരാളെന്നത് മറവിയുടെ
കുഴിയിയിലിറങ്ങി
മണ്ണുവാരിയിടുമ്പോൾ
എണ്ണിയയാൾ ചേർത്തുപിടിച്ച കൈകളാൽ
മണ്ണ് കോരിക്കളയുന്നു,

സ്നേഹ സാഗരംവരച്ച
പരവതാനിയിൽ
റീത്തുകൾക്കായി വിരിഞ്ഞു നിറഞ്ഞ
ചെണ്ടുമല്ലിപ്പൂക്കളുടെ
ഗന്ധം പിന്നയങ്ങോട്ട് ദുർഗന്ധം..

നമ്മളൊടുവിൽ ഒരിടത്തെത്തുമ്പോൾ
ഞാനും നീയും സഞ്ചരിച്ച വണ്ടി
വിശ്രമത്തിനായി നിർത്തുന്നു
അപ്പോളത് നൂറ്റിരണ്ടാം നമ്പർ മുറിയാകുന്നു,
അകത്തെ കൊടുംചൂടിൽ
ഞാൻ നിനക്ക്
കാറ്റ് വീശിത്തരുമ്പോഴും
നീ വിയർത്തു കുളിക്കുന്നു,
ഒന്നും മിണ്ടാതെയാകുന്നു,
ഊമയെപ്പോലെ!

നേരം പുലരുമെന്നുറപ്പില്ലാത്ത
ചന്ദ്രനുദിക്കാത്ത രാത്രിയെ നോക്കി
ഞാൻ നീയുമൊത്തൊരു
സാറ്റ് കളി,
ഞാനെണ്ണുന്നു നീ ഒളിക്കുന്നു,
ഒളിച്ചോടുന്നു!
നീ പറഞ്ഞ കഥയിലില്ലാത്തയൊരിടത്ത്
രണ്ടായിത്തിരിഞ്ഞ ഹൃദയത്തിന്റെ
മുറിവേറ്റ ഭാഗത്ത്
എൻ്റെ പേരുമാത്രം,

നേരം പുലർന്നാൽ,
ഒരു വെട്ടമണയുവാൻ
ഒരു ചെറുകാറ്റുമതിയെന്ന
ചരമഗീതം കേൾക്കാം,
മറക്കുവാനുള്ള കാരണങ്ങളെ
മറവു ചെയ്യുവാൻ പോകുന്ന ഓർമ്മകളുടെ
വിലാപയാത്രയും കാണാം.

വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശി. കർണാടക മടിക്കേരിയിൽ ജോലി ചെയ്യുന്നു