അത്ര വലിയ അങ്ങാടി ഒന്നുമല്ലത്. എല്ലാ നാട്ടിൻ പുറങ്ങളിലും ഉള്ളത് പോലൊന്ന്.! ഒരു ചായക്കട ഒരു ബാർബർ ഷോപ്പ് രണ്ടുമൂന്ന് പലചരക്ക് കടകൾ. അങ്ങേ തലയ്ക്ക് ഒരു വർക്ക് ഷോപ്പ് ഉള്ളത് കൂടി കണക്ക് കൂട്ടിയാൽ തീർന്നു. അതാണ് കവളപ്പാറ കവല..!
കവലയിൽ ആളും അനക്കവും നിന്നു കഴിഞ്ഞതിനു ശേഷം ഏറ്റവും ഒടുവിലാവും ‘വിചാരം മൊയ്തീൻ’ കുഞ്ഞിന്റെ പലചരക്ക് കടയുടെ പലക വീഴുക. ചെറിയ കടയാണ്. എന്നാലും കവളപ്പാറക്കാർക്ക് വേണ്ട ഒരു വിധം സാധനങ്ങൾ മുഴുവൻ മൊയ്തീന്റെ കടയിൽ നിന്ന് തന്നെ കിട്ടും.
കടയുടെ നേരെ എതിർ വശത്ത് പച്ചപായൽ ഭൂപടങ്ങൾ വരച്ചു വച്ച ഇരുത്തിയിൽ ഇരുന്ന് കൊണ്ട് നാരായണൻ കുട്ടി ഒരു വിചിത്ര ജീവിയെ എന്നപോലെ അതി സൂക്ഷ്മമായി മൊയ്തീൻ കുഞ്ഞിനെ നോക്കിക്കൊണ്ടിരുന്നു, ഒരു നേരം പോക്ക്.
ഈ മൊയ്തീൻ അതെന്താവും ഇത്രേം ഉണങ്ങി പോയത് എന്നൊക്കെ മുമ്പ് ഇതേ അരഭിത്തിയിൽ ഇരിക്കുമ്പോൾ തന്നെ ഒരു പാട് വട്ടം ആലോചിച്ചവിഷയം ആണെങ്കിലും നാരായണൻ കുട്ടിക്ക് പൊതുവെ ഉള്ള വിഷയദാരിദ്ര്യം കൊണ്ടാവും ഇന്നും ആലോചിച്ചത് അത് തന്നെ..!. സംസാരം തീരെ കുറവായത് കൊണ്ട് തന്നെയാണ് പേരിനു മുന്നിൽ മറ്റൊരു ഏച്ചുകെട്ടൽ കൂടി നാട്ടുകാർ ചാർത്തിനൽകിയത്. ആലോചിക്കുമ്പോൾ തമാശയുണ്ട്. പലപ്പോഴും വിളിപ്പേരിലെ മൊയ്തീൻ മുങ്ങി പോകാറാണ് പതിവ്.! വെറും ‘വിചാരം’ മാത്രമായി അയാൾ സൂചിപ്പിക്കപ്പെടുന്നത് കാണാം.
“ഞാനൊന്നു വിചാരത്തിന്റെ കട വരെ പോയെച്ച് വരാം” എന്നോ അതല്ലെങ്കിൽ “നിങ്ങ വരുമ്പോ വിചാരത്തിന്റെ കടയില്ന്ന് പഞ്ചാര വാങ്ങാൻ മറക്കല്ലേ” എന്നൊക്കെ ഉള്ള സംഭാഷണ ശകലങ്ങൾ ഏത് ഇടവഴിയിൽ കൂടി നടന്നു പോയാലും കവളപ്പാറക്കാർ പറയുന്നത് കേൾക്കാമല്ലോ!. സംസാരം കുറവായവർ പൊതുവെ ആലോചന കൂടുതൽ ഉള്ളവരാണെന്ന കവളപ്പാറക്കാരുടെ നിഷ്കളങ്കമായ പുറം ബോധ്യമാവും വെറും മൊയ്തീനെ ‘വിചാരം മൊയ്തീൻ’ ആക്കി മാറ്റിയത്.! അയാൾക്കതിൽ പരിഭവം തീരെ കാണില്ല, മറ്റു പലരുടെയും നടപ്പ് വിളിപ്പേരുകൾ ഓർക്കുമ്പോൾ ചിലപ്പോ മൊയ്‌തീൻ ആശ്വസിക്കുന്നുമുണ്ടാവും. അത്ര കണിശമായ കൃത്യത കാണിക്കാറുണ്ട് നാട്ടുകാർ സ്വന്തം നാട്ടുകാരിൽ പെട്ട ചിലർക്ക് വിളിപ്പേര് സമ്മാനിക്കുമ്പോൾ..! ‘അന്താരാഷ്ട്രം ഗോപാലനും’ ‘ബിബിസി മാണിക്യവും’ ഒക്കെ അതിൽ ബഹുമാന്യപദവികൾ നേടിയ നാട്ടിലെ മഹാന്മാർ !
വിചാരം കട പൂട്ടി, പുറത്തെ റോഡ് മുഴുവൻ കണ്ണോടിച്ചു കൊണ്ട് താക്കോൽ കൂട്ടം അരയിൽ തിരുകുന്നത് കണ്ണിൽ പെട്ട നിമിഷം തന്നെ നഗരത്തിൽ നിന്ന് കടവ് വരെ പോകുന്ന ‘സോപാനം’ ബസ്സ് സ്റ്റോപ്പിൽ വന്നു നിന്നു. മൊയ്തീൻ കുഞ്ഞിന്റെ താക്കോൽ കൂട്ടത്തിനും റോഡരികിലെ അര ഭിത്തിയിൽ ഇരിപ്പുള്ള നാരായണൻ കുട്ടിക്കും ഇടയിൽ കവളപ്പാറ കവലയിൽ ഇറങ്ങാനുള്ള ആർക്കോ വേണ്ടി അത് നിന്ന് കിതച്ചു. സോപാനത്തിന്റെ ലാസ്റ്റ് ട്രിപ്പ് ആണത്.
ബസ്സ് വീണ്ടും അതിന്റെ വഴിയേ പോയപ്പോൾ ആണ് കവലയിൽ ഇരുട്ട് വന്നുനിറഞ്ഞത് നാരായണൻ കുട്ടിക്ക് അനുഭവപ്പെട്ടത്. ബസ്സ് വന്നു നിന്ന അതേ നേരത്താവും വിചാരം അയാളുടെ കടവരാന്തയിലെ മഞ്ഞ വെളിച്ചം പിശുക്കി പ്രകാശിപ്പിക്കുന്ന ബൾബ്ബ് ഓഫാക്കിയതും. അത് കെട്ടുപോയപ്പോൾ ആണ് ഏതോ എഴുത്തുകാരൻ പറഞ്ഞത് പോലെ ആ വെളിച്ചത്തിനു ഇത്ര വെളിച്ചം ഉണ്ടായിരുന്നല്ലോ എന്നത് നാരായണൻ കുട്ടിക്ക് ബോദ്ധ്യപ്പെടുന്നത്. ആ ഇത്തിരി വെളിച്ചത്തിന്റെ മഞ്ഞ നിറമുള്ള തിരശ്ഛീലയ്ക്ക് മുകളിൽ രാത്രിയുടെ കരിമ്പടം പുതപ്പിച്ചുകൊണ്ടാണ് ബസ്സ് നീങ്ങി പോയത്. വെളിച്ചത്തിന്റെ ചെറുചതുരങ്ങളുമായി സോപാനം ബസ്സ് ഇരുട്ടിനെ പേടിപ്പിച്ചോടിക്കാൻ മുരണ്ടുകൊണ്ട് നീങ്ങിപോയി.
വെളിച്ചചതുരങ്ങൾ ദൂരെ വളവ് തിരിഞ്ഞപ്പോഴാണ് ഇരുട്ടിൽ താൻ ഒറ്റയ്ക്കാണ് എന്ന് ഓർമ്മ വരുന്നത്. വേഗം എഴുനേൽക്കുമ്പോൾ ആണ് നാരായണൻ കുട്ടി ഞെട്ടുന്നത്.
അല്ലല്ലോ.! ഒറ്റയ്ക്കല്ലല്ലോ..!. ഒരാൾ കൂടിയുണ്ടല്ലോ റോഡിന് അപ്പുറമെന്ന ഞെട്ടൽ.! ഇറങ്ങിയ പാടെ ഇരുട്ടിലേക്ക് നടന്നു തുടങ്ങിയ ഒരു പെൺകുട്ടിയെ താൻ കണ്ടില്ലല്ലോ എന്ന അമ്പരപ്പ് നാരായണൻ കുട്ടിയുടെ കണ്ണുകളെ കൂടുതൽ ജാഗരൂഗമാക്കി. അതൊരു പെൺകുട്ടി തന്നെയാണ് എന്നയാളുടെ ബോധമണ്ഡലം ആവർത്തിച്ചു. സുന്ദരിയായ പെൺകുട്ടി ഒറ്റയ്ക്ക് ഇരുട്ട് വീണ വഴിയിലേക്ക് നടന്നു തുടങ്ങിയിട്ട് മീറ്ററുകൾ കഴിഞ്ഞുവല്ലോയെന്ന് അയാൾ അളന്നെടുത്തു. അവൾ ആ ദൂരത്തു നിന്ന് തിരിഞ്ഞു നോക്കിയത് തന്നിലേക്ക് ആവും എന്ന് ഊഹിക്കാവുന്നതെ ഉള്ളുവല്ലോ. അകലേക്കു നടന്നു നീങ്ങുന്ന സുന്ദരിയായ പെൺകുട്ടിക്ക് മുന്നിലും പിന്നിലും ഇരുട്ട് വീണ വഴി. പിന്നെ താനും മാത്രം .! അയാളുടെ കാലുകൾ നിന്നിടത്ത് ഉറച്ചു നിന്നില്ല. അവൾ പോയ വഴിയിലൂടെ ഉള്ളിന്റെ ഒരു വിളി കേട്ട്കൊണ്ടെന്ന പോലെ അയാളും നടന്ന് തുടങ്ങി. നിലാവെളിച്ചം വഴിയിൽ പരവതാനി വിരിച്ചത് പോലെ അവൾക്ക് മുന്നിൽ നീണ്ടു കിടക്കുന്നത് അയാൾ പിറകിൽ നിന്ന് കണ്ടു. ഇരുട്ട് വീണ വഴിയിൽ തങ്ങൾ അല്ലാതെ മറ്റാരും ഇല്ലല്ലൊയെന്ന് നാരായണൻ കുട്ടി വീണ്ടും വീണ്ടും തിരഞ്ഞു. മുന കൂർത്ത നോട്ടം ഒരു പിച്ചാത്തി പോലെ അവൾക്ക് മുന്നിൽ ഒരു അപരനെ തിരഞ്ഞു. അവിടെ അവൾക്ക് മുന്നിൽ പക്ഷെ നാട്ടിൻ പുറത്തിന്റെ രാത്രിവഴി ഉറങ്ങി തുടങ്ങിയിരുന്നു. പിറകിൽ ആരാണ്.? അവൾക്ക് പിറകിൽ താനും തനിക്ക് പിറകിൽ ഇരുട്ടും മാത്രം എന്ന വിശ്വാസം ഉറപ്പിക്കാൻ അയാൾ തിരിഞ്ഞു നോക്കിയ നിമിഷം തന്നെ ഒരു കറുത്ത ജീവി രണ്ടു കണ്ണുകൾ കൊണ്ടു മാത്രം സ്വയം അടയാളപെടുത്തിയിട്ട് ഇരുട്ടിൽ മിന്നായം പോലെ ഓടി മറഞ്ഞു. മനുഷ്യനല്ല…!, കാട്ടുപൂച്ചയാവും.. ആശ്വാസം !
വേറെ ഒരു പൂച്ചകുഞ്ഞു പോലും അവൾക്കും തനിക്കും ഇടയിലോ മുന്നിലോ പിറകിലോ ഇല്ലെന്ന് അറിഞ്ഞപ്പോൾ അയാൾക്ക് ഒരു മൂളി പാട്ട് തൊണ്ടയോളം വന്നു മുട്ടി. അവളപ്പോൾ ഇലക്ട്രിക് പോസ്റ്റിലെ പൊതുവിളക്കിന്റെ ഇത്തിരി വെളിച്ചം വരച്ചു വച്ച വൃത്തത്തിനുള്ളിൽ കൂടെ കടന്നു പോയത് അയാൾ കണ്ടു. നൂറു മീറ്റർ ദൂരം കാണുമല്ലോ അകൽച്ച എന്നത് അയാളെ ധൃതി പെടുത്താൻ തുടങ്ങി. ഒരു ദിനേശ് ബീഡി കത്തിക്കാൻ തലച്ചോർ അയാളുടെ കൊതിയെ മുട്ടി കൊണ്ടിരുന്നു. അയാൾ അപ്പോൾ ഡിസംബർ തണുപ്പിൽ ഇതേവഴി നടന്ന പഴയൊരു യൗവനരാത്രിയാണ് ഓർത്തത്. കുന്നുംപുറം കാവിലെ ഉത്സവപറമ്പിൽ നിന്ന് മടങ്ങും വഴി കൂടെ അയച്ചു വിട്ട ഒരു പെണ്‍കുട്ടിയെ അയാൾ കൂടെ നടത്തി. എത്ര വർഷം മുമ്പാണ് അത്…? ആന്ന് ഇരുട്ടിനെ വല്ലാതെ പേടിച്ച ആ പഴയ നന്ദിനിക്കുട്ടിയുടെ കുട്ടികൂറാ പൗഡറിന്റെ മണം അയാൾക്ക് തൊട്ടടുത്ത് ഉണ്ടായിരുന്നു. അയാൾ ഇരുട്ടിനെ നോക്കി ഇപ്പോഴും പുഞ്ചിരിച്ചു പോയി. അന്നത്തെ നന്ദിനി കുട്ടിയെ ഓർത്തപ്പോൾ അയാൾക്ക് കാലുകൾ വേഗത കൂടി കൊണ്ടിരുന്നു. വെളിച്ചത്തിന്റെ ഇത്തിരി വട്ടത്തിൽ കയറാതെ അയാൾ റോഡരികിൽ കൂടെ മാത്രം ആ പെണ്‍കുട്ടിയെ അനുയാത്ര ചെയ്തു.
ഇരുട്ടിൽ മിന്നാമിന്നികൾ ആയിരം കണ്ണുകൾ കൊണ്ട് നോക്കുന്നത് പോലെ ചുറ്റിലും ചിതറി നിൽക്കുന്നുണ്ട്. എവിടെ നിന്നെന്ന് അറിയാത്ത ഒരു മൂളൽ ഇരുട്ടിന്റെ ഗീതം പോലെ ചുറ്റിലും നിറഞ്ഞു നിൽക്കുന്നത് നാരായണൻകുട്ടി കേട്ടു. അയാൾ ഷർട്ടിന്റെ കൈകൾ മുകളിലേക്ക് തെരുത്തു കയറ്റി വച്ചു. പോക്കറ്റിൽ ഉള്ള കുഞ്ഞു മൊബൈൽ ഫോണ് ശബ്ദമുണ്ടാക്കുമോ. ആരാനും ഈ നേരത്തു വിളിക്കാൻ തോന്നിയാൽ അതിന്റെ ശബ്ദം കാതങ്ങൾ അകലെ വരെ തുളച്ചു പായുമെന്നയാൽ ഭയന്നു. അത് പാടില്ലല്ലോ. ഫോണ് പോക്കറ്റിൽ നിന്ന് എടുത്ത് ഉറക്കികിടത്തി. അവൾ തീരെ വേഗമില്ലാതെ നടക്കുന്നല്ലോ എന്ന് അയാൾ ഒന്ന് ആശ്ചര്യപെട്ടു. വഴി അവർക്കു മുന്നിലും പിന്നിലും ഇരുട്ടിനെ പുതച്ച് ഉറങ്ങാൻ കിടന്നപ്പോൾ വളവ് തിരിഞ്ഞൊരു മുന കൂർത്ത വെളിച്ചം ഓടി വന്നു. ഒരു വാഹനം വേഗത കുറച്ചതായി അയാൾക്ക് തോന്നിപ്പിച്ചു കൊണ്ടു ഓടി അടുത്തു. അവളുടെയടുത്ത് എത്തുമ്പോൾ അത് ഓട്ടം നിൽക്കുമോ എന്ന് അയാൾ സംശയിച്ചത് വെറുതെയായി. അത് അതിന്റെ പാട്ടിന് പോയ ശേഷംറോഡിൽ അയാളും മുന്നിൽ അവളും അവരുടെ ചുറ്റും ഇരുട്ടും മാത്രം നടപ്പ് തുടർന്നു.
കുറേയൊന്നും നടന്നില്ല. അതിനു മുന്നേ റോഡരികിൽ ഒരു വീട് അവളെ കാത്തു കിടക്കുന്നത് അയാൾ കണ്ടു. അതിന്റ ഗേറ്റ് രണ്ട് കൈകളും വിരിച്ചു വെച്ചിട്ട് അവളെ ഉള്ളിലേയ്ക്ക് സ്വാഗതം ചെയ്തു. അയാൾ പുറത്തു റോഡിൽ നിന്നപോൾ മുറ്റത്തെ കൊന്ന മരം നിറയെ ഡിസംബർ മിന്നാമിന്നി കുഞ്ഞുങ്ങളെ കൊണ്ട് നക്ഷത്രദീപം ചാർത്തുന്നത് കണ്ടു. അവളും അവളുടെ അമ്മയും വീടിന്റെ വരാന്തയിൽ അയാളെ കാത്തിട്ടെന്ന പോലെ ഒന്നും മിണ്ടാതെ റോഡിലെ ഇരുട്ടിലേക്ക് നോക്കി നിന്നു.
നാരായണൻ കുട്ടി ആ മുറ്റത്തേക്ക് കടന്നു കയറി. ബന്ധത്തിൽ ഉള്ള ആരുടെയോ വീടെന്ന പോലെ അയാൾ ഇറയത്തേക്ക് കയറിയപ്പോൾ അവളുടെ അമ്മ കസേര നീക്കിയിട്ട് അയാളെ നോക്കി. അയാൾ അവളെ നോക്കി കൊണ്ട് പറഞ്ഞു “മോൾ കുറച്ചു വെള്ളം എടുക്കാമോ..” അവൾ അകത്തേക്കു പോയപ്പോൾ നാരായണൻകുട്ടി ആ സ്ത്രീയുടെ കണ്ണുകളിൽ നോക്കി. പിന്നെ പെൺകുട്ടി അകത്തേക്കു പോയ വഴി നോക്കി കൊണ്ട് പറയാൻ തുടങ്ങി.
“അവൾ ബസ്സിറങ്ങി ഇരുട്ടിൽ ഒറ്റയ്ക്ക് വരുന്നത് കണ്ടപ്പോൾ പിറകെ വരാം എന്ന് വച്ചു. എന്തിനാണ് ഇത്ര വൈകും വരെ …….?” ചോദ്യം പൂർത്തിയാക്കും മുന്നേ അവൾ വെള്ളവുമായി വന്നു.
“ഞാൻ ബാംഗ്ലൂരിൽ പഠിക്കുകയാണു അങ്കിൾ… രാത്രി വൈകുമെന്നത് അറിഞ്ഞിരുന്നു. പിന്നെ ഇവിടെ ഏതു രാത്രിയിലും നടക്കാൻ എനിക്ക് ഭയം തോന്നാറില്ല അങ്കിൾ…” അവൾ ചിരിച്ചു.
അവളുടെ അമ്മയും ചിരിച്ചു. അയാൾ വഴിയിലെ ഇരുട്ടിലേക്ക് വീണ്ടും ഇറങ്ങുമ്പോൾ അയാളും ചിരിച്ചു. അവൾ കുടിക്കാൻ തന്ന വെള്ളം നന്നേ തണുത്തത് ആയിരുന്നുവല്ലോ എന്നാണ് അയാൾ അപ്പോൾ ആലോചിച്ചത്.
തീരെ തിരക്കില്ലാതെ നടക്കുമ്പോൾ നോക്കിയ ഫോണിന് വീണ്ടും ജീവൻ നൽകി. അതിലൂടെ അങ്ങേ തലയ്ക്കൽ ഒരു പെണ്കുട്ടിയുടെ ശബ്ദത്തിനു മറുപടിയായി അയാൾ പറഞ്ഞു തുടങ്ങി.
“മോളെ..ഇതച്ഛനാണ്…… ഇനി നീ എന്നാണ് പരീക്ഷ കഴിഞ്ഞു നാട്ടിൽ വരുന്നത്…?”
അവളുടെ ഉത്തരം കേട്ടു കൊണ്ട് വീട്ടിലേക്കുള്ള പാതയുടെ ഇരുട്ടിൽ അയാൾ അലിഞ്ഞു ചേർന്നു.