കണ്ടത്തിന്ററ്റത്ത് കുഴിച്ചുമൂടുമ്പോ
വെയിലിന് പതിനാറ് വയസ്സ് തെകച്ചൂല്ല
കുഴികുത്തി നെലമിടിച്ചൊറപ്പാക്കുന്നേന്റിടെ
കാറ്റ് ഒച്ചയില്ലാതെ കരഞ്ഞു
ന്റെ കുട്ടി …ന്റെ കുട്ടി …
അലറി വിളിച്ചു, മണ്ണ്.
വെട്ട്യതാണത്രേ, കുത്ത്യതാണത്രേ
തൊട്ടാവാടികൾ അടക്കം പറഞ്ഞു.
പത്താം ക്ലാസ്സിലെ പാഠം
പഠിച്ചു തീരാത്ത കൊച്ചിന്
കൊടിയുടെ നെറം കണ്ണിലുറച്ചില്ലായിരുന്നു
അവന്റെ കേരള പാഠാവലി പുസ്തകത്തിലെ
ഗാന്ധിയും ക്രിസ്തുവും
ചോരയൊലിപ്പിച്ച് പിന്നെയും പിന്നെയും മരിച്ചു
തൊണ്ട വരളുന്നു, നെറ്റി നനയുന്നു
സിരകളിൽ വെയിലോടുന്നു.
കഴുകാൻ മറന്ന ചോറ്റുപാത്രം പോലെ
ജഡങ്ങൾ അളിഞ്ഞു നാറുമ്പോഴും
നിങ്ങൾക്ക് ഓക്കാനം മാത്രമേ വരൂ.
ചില്ലുകൊട്ടാരത്തിലെ തണുപ്പിൽ സുഖിക്കുന്നവരെ
ഉച്ചവെയിലിൽ ഉരുകിത്തീരുന്നവന്റെ
നെഞ്ചിലെ നെരിപ്പോടുകൾക്ക്
തൊടാൻ പോലുമാകില്ലല്ലോ
എന്റെ മുറ്റത്തും പെയ്യുന്നുണ്ട് ,
തൊണ്ട പൊട്ടിയൊരു വേനൽ മഴ ..!