അയാൾക്ക് ഉറക്കമില്ല, ഉണർവിന് തെളിച്ചവും. കുറെ ദിവസങ്ങളായി ഇത് തുടരുന്നു. കാര്യമായ ആധികളോ വ്യാധികളോ ഭാര്യ-കാമുകി-കുഞ്ഞുകുട്ടി പരാധീനങ്ങളോ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകളോ അവനില്ല. ചികിത്സ കിട്ടാതെ മരിച്ച കുഞ്ഞും കുഴഞ്ഞു വീണു മരിച്ച വൃദ്ധനും പൊരിവെയിലിൽ ക്യൂ പാലിച്ച ചക്രവർത്തി മാതാവും അവനെ അലട്ടിയതേയില്ല.
ഉറക്കമില്ലായ്മ പണമില്ലായ്മയ്ക്കു മുമ്പേ തുടങ്ങിയതാണ്. നന്നായൊന്നുറങ്ങിയാൽ തീരുന്ന പ്രശ്നങ്ങളാണോ മനുഷ്യർക്കുള്ളത്, അയാൾ അതു തന്നെ ആലോചിച്ചു. വീണ്ടും വീണ്ടും. ഉറക്കം നഷ്ടപ്പെട്ടവരെല്ലാം ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരിക്കണം. വാസന സോപ്പിൽ അലക്കിയെടുത്ത് കഞ്ഞിപ്പശയിട്ടുണക്കിയെടുത്ത വിരിപ്പാണ് തലേന്ന് കിടക്കയിൽ വിരിച്ചത്. പാറപ്പുറത്ത്, ഒത്ത സൂര്യന് കീഴിലാണ് വിരിപ്പ് ഉണക്കാനിട്ടത്. ചെറിയ മണൽത്തരി പെട്ട് കാണണം, അല്ലെങ്കിൽ കഞ്ഞിപ്പശ കൂടിപ്പിടിച്ച് കനം വച്ച ചുളിവുകൾ. എന്തായാലും അയാൾ വിരിപ്പെടുത്ത് കുടഞ്ഞ് നിവർത്തി ഇസ്തിരിയിട്ടു.
ഉറക്കപ്രാന്തനായിരുന്നു. പറയുന്നത് അയാളുടെ മുത്തശ്ശിയാണ്. മുത്തശ്ശി ഇപ്പോഴും ജീവനോടെയുണ്ട്. കേൾക്കുന്നത് ചെറിയമ്മയാണ്. കുംഭകർണ്ണൻന്നാ എല്ലാരും വിളിച്ചേർന്നേ. ചെറിയമ്മ ഓർമ്മിച്ചെടുത്തു. എന്താ ചെയ്യാ, ഇപ്പോ ഒരു പോള കണ്ണടയ്ക്കാൻ പറ്റാണ്ട് അങ്ങട്ടിങ്ങട്ടും ഓട്യോണ്ട് നടക്കാ എന്റെ കുട്ടി. അടുക്കളയിൽ അമ്മ നെടുവീർപ്പിട്ടു.
കാള്യാറമ്പലത്തില് ഇടതും വലതുമായി രണ്ട് കവുകളാണ്. കാളിയുടെ അറ ആണ് കൂട്ടിപ്പറഞ്ഞും നീട്ടിപ്പറഞ്ഞും ചുരുക്കിപ്പറഞ്ഞും കാള്യാറയായി മാറിയത്. കാള്യാറക്കാവുകളുടെ നിറം പകൽ പച്ച രാത്രിയിൽ കറുപ്പ്, കരിംപച്ച, കറുംകറുപ്പ്. ചെമ്പരത്തിപ്പൂവോ ചോകചോകപ്പ്. ഏതേത് മരങ്ങളുണ്ട് കാവിൽ എന്ന് ചോദിച്ചാൽ കുട്ടികൾ കൈ മലർത്തും കണ്ണ് മിഴിക്കും. അവർ കണ്ട കാവിന് നിറം ഭക്തി, മനം ഭക്തി. എങ്കിലും ഓർത്തോർത്തെടുത്ത് അവർ പറയും മുറ്റത്ത് വലിയൊരാലുണ്ട്. കൂറ്റനൊരാൽ മരം.അതിന് തറയുണ്ട്. തറയിൽ വിളക്കുവയ്ക്കാനിടമുണ്ട്. തറയ്ക്കു ചുറ്റിനും ഓടിക്കളിക്കാൻ വിശാലമായ മണൽമുറ്റം. അമ്പലമുറ്റത്ത് വെള്ളംവറ്റാകിണറുണ്ട്, ഇടത് വശത്ത് വലിയൊരു കുളവും.
അയാൾ കുളത്തിൽ നിന്നും കയറാറേയില്ല.(കൊല്ലം കുറച്ച് മുമ്പാണ്) കൊട്ട് പഠിത്തം കഴിഞ്ഞ് മാരാർ കുട്ടികൾ വന്നെത്തി നോക്കുമ്പോൾ അവൻ പറയും, നിങ്ങള് വിട്ടോ, ഞാൻ വന്നോളാം. വെള്ളത്തിൽ മദിച്ച് അമ്പലമുറ്റത്ത് കളിച്ച്, മൂക്ക് മുട്ടെ തിന്ന് എന്തൊരൊറക്കാർന്നു. ഉറങ്ങിത്തീർത്ത കാലങ്ങളോർകുമ്പോൾ ഇപ്പോൾ അയാൾക്ക് വിഷമമാണ്. നെഞ്ചിൽ ഒരു കനം പിടുത്തം.
അമ്പലത്തിന് പിന്നിലാണ് വൈദ്യുടെ വീട്. പിന്നിലെന്ന് പറഞ്ഞാൽ ഒരു പാട് വഴി നടക്കണം. വൈദ്യരെ ചെന്നു കണ്ടാൽ ഉറക്കമില്ലായ്മയ്ക്കെന്തെങ്കിലും പ്രതിവിധി കാണാതിരിക്കില്ല. ആറടിയിൽ കുടുതൽ ഉയരം, വിരിഞ്ഞ നെഞ്ച്, കനത്ത മീശ. ആറെട്ട് വർഷങ്ങൾക്ക് മുമ്പാണ് അയാൾ വൈദ്യരെ അവസാനമായി കണ്ടത്. അമ്പലക്കമ്മറ്റിക്കാരോട് തർക്കിച്ചുകൊണ്ട് വൈദ്യർ ആൽമരച്ചോട്ടിൽ നിന്ന് കിതച്ചു. ആകെ നരച്ച് നെഞ്ച് ഉഴിഞ്ഞ് വൈദ്യർ പറഞ്ഞുകൊണ്ടിരുന്നു, ഇനി ഉത്സവത്തിന് ഒരു തുള്ളി എണ്ണ ഞാൻ തരില്ല. പോയി പോയി എന്തും ആവാന്നായീച്ചാ എന്താ ചെയ്യാ. അയാൾക്ക് കാര്യം പിടികിട്ടിയില്ല. അയാൾ വെള്ളം വറ്റാക്കിണറിന്റെ തണ്ടിലിരുന്ന് അമ്പലമുറ്റത്ത് ചുവപ്പും മഞ്ഞയും ടൈലുകൾ വിരിക്കുന്നത് നോക്കിയിരിക്കുകയായിരുന്നു. ചുറ്റിനും നിൽക്കുന്ന പലരും പല അഭിപ്രായങ്ങളും പറഞ്ഞു കൊണ്ടിരുന്നു. കുഞ്ഞുനാൾ മുതൽക്കോടിക്കളിച്ച, വളപ്പൊട്ടു പെറുക്കിയ, സൈക്കളു ചവിട്ടിയ മണ്ണ് മാഞ്ഞ് പോകുന്ന കാഴ്ച കണ്ട് അയാൾ പുഞ്ചിരിച്ചു. പുത്തൻ പണക്കാരുടെ വീട് പോലെയുണ്ട്. പറഞ്ഞത് പാടത്തെ പണിക്കാരാണ്. പാടത്ത്ന്നും ചെളീന്നും കേറാത്ത ഇവനൊക്കെ ഇതൊക്കെ എങ്ങനെ പിടിക്കാനാണ്. കർഷകർ തീരെ ആധുനികരല്ല എന്ന് പറയാൻ വയ്യ. നാണം തുടങ്ങുന്നതിന് തൊട്ടു മുകളിൽ ചേർത്ത് വരിഞ്ഞ ഒറ്റമുണ്ടെടുത്ത് കരിയുന്ന വെയിലിനിടയിലും ഫേസ് ബുക്കിൽ പോസ്റ്റുകളിടും, വഴിയോരങ്ങളിൽ മൊബൈലും പിടിച്ച് പോസ്റ്റായി നിൽക്കുന്നതും കാണാം. ഇളം വെയിലിൽ ഇത്തിരി നേരം. പോസ്റ്റുകൾക്ക് സാഹിത്യ ഭാഷയിൽ അടിക്കുറിപ്പുകളുമുണ്ട്. എന്തായാലും കർഷകർ നടത്തിയ പുത്തൻപണക്കാർ പരാമർശത്തോട് കൂടി ചെറുപ്പക്കാർ കുട്ടത്തോടെ അവർക്ക് നേരെ തിരിഞ്ഞു.
വൈദ്യർ വെല്ലുവിളിച്ചു കൊണ്ട് അവർക്കിടയിൽ നിന്നും ഇറങ്ങി നടന്നു. നോക്കിക്കോ, ഈ കിണറും വറ്റും. കിണറിനിവിടെ എന്ത് കാര്യമെന്ന് അയാൾക്ക് പിടികിട്ടിയില്ല. അയാൾ കിണറ്റിലേക്ക് എത്തി നോക്കി. തെളിനീര് തോൽക്കുന്ന വെള്ളമാണ്. കടഞ്ഞ് ചന്തേരിട്ടുവച്ചിരിക്കുന്ന ചന്ദനത്തിന്റെ തണുപ്പും സുഗന്ധവുമാണ് അമ്പലമുറ്റത്തെ നീരുവയ്ക്ക്.
എത്ര പെട്ടെന്നാണ് ടൈലുകൾ വിഷയമല്ലാതായത്. ചങ്ങലയ്ക്കിട്ട് കെട്ടിവരിഞ്ഞ് മുറ്റത്ത് നിരത്തിയ ആനകളാണ് പലകുറി കാലുകൾ എടുത്തുയർത്തി മാറ്റി മാറ്റി ചവിട്ടി പരസ്പരം സങ്കടം പറഞ്ഞത്, കരഞ്ഞത്. ആയുർവേദവും ഇംഗ്ലീഷ് മരുന്നും സോറി പറഞ്ഞപ്പോഴാണ് വൈദ്യരെ ചെന്നു കാണാൻ മാഷ് പറഞ്ഞത്. നീ ചെന്ന് കാണ്, ഒക്കെ ശര്യാവുംന്നേ. മാഷ് തോളിൽ തട്ടി ആശ്വസിപ്പിച്ചു. പിന്നേയ്, ഉറങ്ങുമ്പോ ഒരുഗ്ലാസ് പാല് കുടിച്ച് കിടക്കുന്നത് നല്ലതാ. തനിക്കറിയാവുന്ന വിദ്യ മാഷും കൈമാറി. ഉറക്കം താനേ വരണ്ടതാണ്.
മാഷുടെ വീട്ടിൽ നിന്ന് തിരികെ നടക്കുമ്പോൾ അയാൾ വീണ്ടും ചിന്താധീനനായി. അമ്പലക്കമ്മറ്റിക്കാർക്ക് വൈദ്യര് വീണ്ടും എണ്ണ കൊടുത്തിരുന്നു. എങ്കിലും ഓരോ ഉടക്കിനും എണ്ണ തരില്ല, തരില്ല എന്ന പ്രഖ്യാപനം തുടർന്നു. കാള്യറക്ഷേത്രത്തിൽ പോരാഞ്ഞിട്ട് നാലര കിലോമീറ്ററപ്പുറത്ത് അയ്യപ്പക്ഷേത്രത്തിലും വൈദ്യര് വാഴക്കിന് ചെന്നിരുന്നു. കർഷകർ വീടിനോട് ചേർന്ന പാടം വാങ്ങി മുറ്റം കൂട്ടി മതില് കെട്ടിയപ്പോൾ ദേശവലത്ത് നടക്കാൻ അയ്യപ്പന് വഴിയില്ലാതായി. അയ്യപ്പൻ തൊട്ടിലിറങ്ങി നടക്കട്ടെ എന്നൊരു കർഷകൻ. ഞങ്ങടെ അയ്യപ്പൻ തോട്ടിലിറങ്ങില്ല എന്ന് കമ്മറ്റിയിലെ ന്യൂജെൻസ്. എന്ന് മുതലാ നിങ്ങടെ അയ്യപ്പനെന്ന് കർഷകൻ. ഉത്തരം മുട്ടുന്ന കമ്മറ്റിപ്പിള്ളേർ. ഇടതും വലതും സ്വർണ്ണം പൂശുന്നതല്ലേ, സ്വന്തമായി അയ്യപ്പനിത്തിരി വഴി വാങ്ങിച്ചാലെന്താ എന്ന് കർഷകൻ. ചെകുത്താനും കടലിനും ഇടയ്ക്ക് നഖവും ദംഷ്ട്രയും മുരൾച്ചയും തേഞ്ഞ വെളിച്ചപ്പാട് കണക്കെ മധ്യസ്ഥതയ്‌ക്കെത്തുന്ന വൈദ്യർ. വൈദ്യരോട് പഴയ തലമുറക്കാർക്ക് ബഹുമാനം കൂടുതലായിരുന്നു. പുതിയ തലമുറയ്ക്ക് കാട്ടിക്കൂട്ടലും.
ഇതെന്ത് മനുഷ്യനാണ്? എന്താണ് അയ്യാളുടെ യഥാർത്ഥ പ്രശ്നം? എന്തിനാണ് സദാ ദൈവങ്ങളോട് തല്ല്പിടിത്തത്തിനു വരുന്നത്? ചോദ്യങ്ങൾ എപ്പഴേ കൂടുതലാണ്. അയാൾ സ്വയം തിരുത്തി. അധികം ചിന്തിക്കരുതെന്ന് സ്വാമികൾ പറഞ്ഞിരുന്നു. ചിന്തകളാണത്രെ ഉറക്കം കെടുത്തുന്നത്. മനുഷ്യ മനസ്സിന്റെ ഏറ്റവും വലിയ പരിമിതിയും ചിന്തകളാണെന്ന് സ്വാമികൾ പറഞ്ഞു.
അതങ്ങനെതന്നെയാകട്ടെ. പക്ഷേ ചിന്തിക്കാതിരിക്കാൻ എന്താണ് വഴി. അതിനെക്കുറിച്ച് സ്വാമികൾക്കൊന്നും പറയാനില്ല. ധ്യാനിക്കൂ, ഒരു പരിധിവരെ കാര്യങ്ങൾ ശരിയാകും. ഇതിപ്പോൾ തന്നെ പരിധിവിട്ട പോക്കാണ് സ്വാമീ. പലപ്പോഴും ആത്മഹത്യ ചെയ്താലോ എന്ന് വരെ ഞാൻ ചിന്തിച്ചു തുടങ്ങി.
വൈദ്യർ ഉച്ചമയക്കത്തിലാവുമോ? സംശയത്തോടെയാണ് അയാൾ പടിപ്പുര കടന്നത്. പടിപ്പുരയ്ക്കകത്ത് കാടാണ്. ഇതിനുള്ളിൽ എവിടെയാണ് വീട്. അയാൾ ചെടികൾക്കിടയിലൂടെ നൂഴ്ന്ന് നടന്നു. പണ്ടത്തെ അമ്പലമുറ്റത്തെ തണുപ്പാണ് വൈദ്യരുടെ വീട്ടുമുറ്റത്ത്. വലിയ സിദ്ധനാണ്. സംശയമില്ല. അമ്പലമുറ്റത്തെ വെള്ളംവറ്റാക്കിണർ വറ്റിയിട്ട് ഒന്നൊന്നര വർഷമായി. ഭയഭക്തിബഹുമാനത്തോടെ അയാൾ കോളിങ്ങ്ബെല്ലിൽ വിരലമർത്തി.
ആരാ? വൈദ്യർ സൗമ്യമായി ചോദിച്ചു. വരൂ. ഇരിക്കൂ.
തറവാട്ട് പേരും വീട്ടുപേരും അച്ഛൻ പേരും ഒറ്റ ശ്വാസത്തിലാണ് അയാൾ പറഞ്ഞത്.
എന്തേ പോന്നത് ?
ഉറക്കല്ല്യ. ഇല്ല്യാന്ന് പറഞ്ഞാൽ ഉറങ്ങാൻ തീരെ പറ്റ്ണില്ല്യാ.
എന്തെങ്കിലും ദുഃഖങ്ങളോ ഭയമോ മനസ്സിനെ അലട്ടുന്നുണ്ടോ?
യാതൊന്നും തന്നെയില്ല. കണ്ണടയ്ക്കുന്ന മാത്രയിൽ കണ്ണു താനെ തുറക്കും. കഷ്ടി ഒരു മണിക്കൂർ എപ്പോഴെങ്കിലുമൊക്കെ ഉറങ്ങിയാലായി.
പറഞ്ഞതിൽ അതിശയോക്തി കൂടുതലാണെന്ന് അയാൾക്കറിയാം. എങ്കിലും ഉറക്കഗുളികകളില്ലാതെ വെട്ടിയിട്ട വാഴ പോലെ സ്വസ്ഥമായുറങ്ങണം. വൈദ്യർ സഹായിക്കണം. മറ്റൊരിടത്തും ഇനി സങ്കടം പറയാനില്ല. അയാൾ പ്രതീക്ഷയോടെ വൈദ്യരെ നോക്കി.
കാള്യാറക്കാവിനടുത്തല്ലേ വീട്?
അതേ. പത്തടി നടന്നാൽ മതി.
ഞാൻ രാവിലെ അതുവഴി വന്നിരുന്നു. അവിടെയെന്തോ പണി നടക്കുന്നുണ്ട്. ഇല്ല്യേ?
ഉവ്വ്. പഴയ ഓടുകൾ പെയിന്റടിക്കുന്നുണ്ട്.
എന്താ നിറം?
കാവി. അല്ലാ കാവിയും ചുവപ്പുമൊക്കെ കലർന്ന ഒരുതരം ഓറഞ്ച് നിറം. നിറങ്ങളെക്കുറിച്ചുള്ള തനിക്കുള്ള അറിവ് പരിമിതമാണല്ലോ എന്നയാൾ ലജ്ജിച്ചു.
എങ്ങിന്യാ, കിടക്കയിലാണോ ഉറങ്ങാറ്? അതോ പായിലോ?
കിടക്കയിൽ.
നിലത്താണോ, കട്ടിലിലോ?
കട്ടിലിൽ. വീട്ടിക്കട്ടിലാണ്.നല്ല കിടക്കയും.
അതിരിക്കട്ടെ. കാള്യറക്കാവിലെത്ര മരങ്ങളുണ്ടെന്നറിയോ തനിയ്ക്ക്?
അയാൾ ഒന്ന് പരിഭ്രമിച്ചു. പല വഴിവെട്ടി, പല വഴി അടച്ചതാണ്. പല മതിലുകൾ കെട്ടി പല മതിലുകൾ പൊളിച്ചതുമാണ്. പണ്ട് കാവുമരങ്ങൾ കരിം പച്ച കരിം കറുപ്പായിരുന്നു. ഇപ്പോൾ ഇടയിൽ വെയിൽ ഇടയിൽ നിലാവും.
അവിടെ കാഞ്ഞിരം ഉണ്ടോ? വൈദ്യർ ചോദിച്ചു.
കാഞ്ഞിരം എന്ത് എന്ന് അയാൾ തല പുകച്ചു. മനസ്സിൽ തെളിയുന്നത് മരോട്ടിക്കായാണ്. കാഞ്ഞിരക്കായക്ക് ഒരുവലിയ നെല്ലിക്കയുടെ അത്രയ്ക്ക് അല്ലെങ്കിൽ ഒരു ചെറുനാരങ്ങയുടെ അത്രയ്ക്കും വലിപ്പം കാണും. ഓറഞ്ചിന്റെ നിറമായിരിക്കും മിക്കവാറും കായ്കൾക്ക്. അങ്ങനെയൊന്ന് ശ്രദ്ധിച്ചിട്ടുണ്ടോ താൻ?
ഉണ്ടെന്നോ ഇല്ല്യെന്നോ അയാൾ പറഞ്ഞില്ല.
അതിൽ രണ്ടെണ്ണം പറിച്ചെടുക്കണം. കേട്ടോ?
കേട്ടു. രണ്ട് കാഞ്ഞിരക്കായ്കൾ.
ശ്രദ്ധിക്കണം. ഓരോന്നും മുഷ്ടിക്കുള്ളിലൊതുങ്ങണം. ഒരു തരിപോലും പുറത്ത് കാണരുത്. വലിപ്പം കൃത്യമായിരിക്കണം.
ശരി. അയാൾക്ക് കൗതുകവും ഉത്സാഹവും തോന്നി.
മൂന്ന് രാത്രിയും രണ്ട് പകലും നല്ലെണ്ണയിൽ ഇട്ട് വയ്ക്കണം.
ഉവ്വ്.
മൂന്നാമത്തെ ദിവസം കാഞ്ഞിരക്കായ്കളെടുത്ത് നല്ല വെയിലത്ത് വച്ച് ഉണക്കണം. അങ്ങനെ തുടർച്ചയായി മൂന്നു പകലുകൾ ഉണക്കിയെടുക്കണം.
ഞാനിതൊക്കെയൊന്ന് കുറിച്ചെടുത്തോട്ടെ, അയാൾ വൈദ്യരോട് ചോദിച്ചു.
ഇതൊരു തയ്യാറെടുപ്പാണ്. ഈ പ്രതിവിധി വളരെ പഴയതാണ്. കാലാകാലങ്ങളായി പലരും പലരോടും പറഞ്ഞുകൊടുക്കുന്നതാണ്. ഒട്ടുമിക്കവരിലും ഇത് ഫലിക്കാറുണ്ട്.
അയാൾ നന്ദിപൂർവ്വം തലയാട്ടി.
അങ്ങനെ ഉണക്കിയെടുത്ത കാഞ്ഞിരക്കായ്കൾ അതീവശ്രദ്ധയോടെ തുടച്ചെടുത്ത് ഏഴാം രാത്രി തലയിണയ്ക്കടിയിൽ വയ്ക്കണം. എന്നിട്ട് ഉറങ്ങാൻ കിടന്നോളൂ. ഉറക്കം വരും.
അയാൾ പടിയിറങ്ങിയപ്പോൾ വൈദ്യരുടെ ഭാര്യ അദ്ദേഹത്തോട് ചോദിച്ചു, എന്നാൽ നിങ്ങൾക്കും അങ്ങനെയൊന്ന് ചെയ്ത് നോക്കിക്കൂടെ. കാഞ്ഞിരം നമ്മുടെ തെക്കേ വളപ്പില് നിൽപ്പുണ്ടല്ലോ. നിറയെ കായ്കളുമുണ്ട്.
എത്ര ദിവസങ്ങളായി മര്യാദക്കൊന്നുറങ്ങിയിട്ട്.
ചൂണ്ടുവിരലിൽ സംശയത്തിന്റെ മഷി പുരണ്ട് മുഖം മുഷിഞ്ഞ് കൂട്ടം കൂട്ടമായി നടന്ന് വരുന്ന ജനങ്ങൾക്കെതിരെ അമ്പലം ലക്ഷ്യമാക്കി അയാൾ നടന്നു. അമ്പലപരിസരത്ത് പുതിയ പെയിന്റിന്റെ മണമാണ്. കാവിയും ചുവപ്പും കലർന്ന വൃത്തികെട്ട ഫ്ളൂറസെന്റ് നിറം. എങ്കിലും മുഴുവൻ ഓടുകളും മേൽക്കൂരയിൽ നിരന്നു കഴിഞ്ഞാൽ നിലത്തു വിരിച്ചിട്ടുള്ള ടൈലുകളോട് നല്ല ചേർച്ചയായിരിക്കും. ടൈലുകളുടെ നിറം മങ്ങിത്തുടങ്ങിയത് അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്.
വൈകിട്ട് വരൂ. കാഞ്ഞിരക്കായ സംഘടിപ്പിക്കാം. ചങ്ങാതി വാക്ക് പറഞ്ഞു. ഇന്ന് മുതൽ വൈദ്യര് പറഞ്ഞത് പോലെ അയാൾ തയ്യാറെടുപ്പിലാണ്. കാര്യസാധ്യത്തിനു വേണ്ടി ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ഏകാഗ്രമായ ശ്രമം. ഏഴു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ അയാൾക്കുറക്കം. ജീവിതം തയ്യാറെടുപ്പുകളോട് കൂടിയേ മുന്നോട്ട് പോകൂ. വൈദ്യർ ഓർമ്മിപ്പിക്കുന്നു. എണ്ണയിൽ കുളിച്ച കാഞ്ഞിരക്കായ്കൾ അയാൾ മനസ്സിൽ പേറുന്നത് വൈദ്യർ മാനത്ത് കണ്ട് കാണണം.
വലിയ കാവിലെ വലിയ മരങ്ങൾ വെട്ടിയാണ് കാളിയറ എന്ന വമ്പൻ ബോർഡ് വച്ചതും സിമന്റ് റിലീഫിൽ നർത്തകികളെ കൊത്തിവച്ചതും. ചുവപ്പും സ്വർണവും നിറങ്ങളിൽ തിളങ്ങുന്ന ബോർഡിന് താഴെ നിന്നാണ് വൈദ്യർ എണ്ണ തരില്ലാ, എണ്ണ തരില്ലാ എന്ന് വിളിച്ച് കൂവുന്നത്. അയാൾക്ക് അത്ഭുതമായി. ഉച്ചയ്ക്ക് വീട്ടിൽ കണ്ട ആളേയല്ല. കണ്ണുകളിൽ ക്രോധം, പുച്ഛം. തനിയെ നിന്ന് ആളിക്കത്തുന്ന ഒരു വൃദ്ധൻ. ചുറ്റിനും കാഴ്ചക്കാർ. ചങ്ങാതിയും കൂട്ടത്തിലുണ്ട്. കാഞ്ഞിരക്കായ അവനാണ് ഏറ്റത്. അയാൾ ആൾക്കൂട്ടത്തിലേക്ക് നടന്നു.
കാഴ്ച്ചക്കശ്രീകരം. അത് പോട്ടെ. ഈ ചായം പുറത്ത് വിടുന്ന വിഷമെത്ര എന്ന് നിങ്ങൾക്കറിയാമോ? ചോദിക്കുന്നത് വൈദ്യരാണ്.
ഒരു വൈദ്യർ സ്ഥലത്തെ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സദാ ജഗരൂകനായിരിക്കണം. ജനങ്ങൾ കണ്ണ് മിഴിച്ചു.
ആ കിണറ് വറ്റും എന്ന് ഞാൻ പറഞ്ഞിരുന്നില്ലേ? തന്റെ നാട് തെളിനീര് കുടിക്കണമെന്ന് വൈദ്യർ ആഗ്രഹിക്കുന്നുണ്ട്. കിണറിൽ നിന്ന് ചപ്പിലകൾ പുറത്തേയ്ക്ക് പാറി. ഒരു തുള്ളി വെള്ളം പോലും താഴേയ്ക്കിറങ്ങാത്ത രീതിയിലാണ് ചുവപ്പും മഞ്ഞയും ടൈലുകൾ പതിച്ച് സിമന്റിട്ടുറപ്പിച്ച് ഇക്കണ്ടകാണായ ഭൂമി മുഴുവൻ ഉണക്കിയെടുത്തത്.
വ്രതമെടുത്ത് ചെരിപ്പിടാതെ കാട് കയറി തിരിച്ചിറങ്ങുമ്പോൾ ഒരാൾ ശ്വസിക്കുന്ന ശുദ്ധവായു എത്രയാണെന്ന് നിങ്ങൾക്കറിയാമോ? ആലും കുളവും കാവുമുള്ള അമ്പലമുറ്റത്ത് വന്ന് തൊഴുതുമടങ്ങിപ്പോവുമ്പോൾ മനസ്സിന് കുളിർമയും തെളിമയും എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? പറയട്ടെ, വൈദ്യർക്ക് പറയാനുള്ളത് മുഴുവൻ പറയട്ടെ അയാൾ തിക്കിത്തിരക്കി ചങ്ങാതിയുടെ അടുത്തേയ്ക്ക് ചേർന്ന് നിന്ന്, പരിചയ ഭാവത്തിൽ വൈദ്യരെ നോക്കി. വൈദ്യർ തന്നെ നോക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാതെ തന്നെ വെറുതെയൊന്ന് പുഞ്ചിരിച്ചു. രാവിലെ മുതൽ എടിഎമ്മിനു മുൻപിൽ കാത്തു നിൽപ്പാണ്. ജനങ്ങൾ വൈദ്യർക്ക് ചുറ്റിനും ചുവപ്പും മഞ്ഞയും ടൈലുകളിൽ ഇരിപ്പുറപ്പിച്ചു. നേരം ഇരുട്ടാൻ തുടങ്ങിയപ്പോൾ അയാൾ ചങ്ങാതിയുടെ ഷർട്ടിൽ പിടിച്ചു വലിച്ചു. കാഞ്ഞിരക്കായകിട്ടിയേ പറ്റൂ ചങ്ങാതി. അത്രയ്ക്കും അർജന്റാണ്.
വൈദ്യരുടെ പ്രസംഗം മുഴുവൻ കേൾക്കാൻ നിൽക്കാതെ അവർ ആൾക്കൂട്ടത്തിൽ നിന്നും ഇറങ്ങി നടന്നു. എണ്ണത്തിരികളും ഏഷ്യൻ പെയിന്റും കൂടി വല്ലാത്തൊരു മണം അമ്പലമുറ്റത്ത് കെട്ടിപ്പരന്നു.
പറിച്ചെടുത്ത കാഞ്ഞിരകായ്കൾക്കൊക്കെ ഒന്നുകിൽ വലിപ്പം തീരെ കുറവ് അല്ലെങ്കിൽ കൂടുതൽ. ചങ്ങാതിക്കു മുഷിഞ്ഞു തുടങ്ങി. തനിയ്ക്കു ചുറ്റിനും ഓറഞ്ച് നിറത്തിൽ കാഞ്ഞിരമല ഉയർന്നിട്ടും അയാൾ ഉത്സാഹം വിട്ടില്ല. ഇത് ഒരു തയ്യാറെടുപ്പിന്റെ തുടക്കമാണ്. ഏകാഗ്രതയും സൂക്ഷ്മതയും കാത്തിരിപ്പുമാണ് അയാൾക്കാവശ്യം. വഴിയരികിൽ കൂട്ടം കൂടി നിൽക്കുന്ന ജനങ്ങളെ അയാൾ ശ്രദ്ധിച്ചില്ല. ആശുപത്രിയിൽ പണമടയ്ക്കാനില്ലാതെ പുലർച്ചയ്ക്ക് നിലച്ച ജീവനെക്കുറിച്ചായിരുന്നു ജനസംസാരം. കാഞ്ഞിരക്കായ്കൾ വീണുപോകാതെ അതീവശ്രദ്ധയോടെ അയാൾ വീട്ടിലേക്ക് നടന്നു.
മൂന്ന് ദിവസം എണ്ണയിൽക്കിടന്ന കാഞ്ഞിരക്കായ്കൾ തുടച്ചെടുത്ത് നാലാം ദിവസം അയാൾ പൊരിവെയിലിൽ ഉണങ്ങാൻ വച്ചു. അന്ന് വൈകിട്ടാണ് നെഞ്ചുവേദനയെത്തുടർന്ന് വൈദ്യർ ഇന്റൻസീവ് കെയർ യൂണിറ്റിൽ അഡ്മിറ്റായത്. ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ട വൈദ്യർ അന്നാണ് ഉറക്കഗുളികളുടെ സഹായത്താൽ ഒന്ന് കണ്ണടയ്ക്കുന്നത്.
ഏഴാം ദിവസം രാത്രി ഉണക്കിത്തുടച്ചെടുത്ത കാഞ്ഞിരക്കായ്കൾ തലയിണയ്ക്കടിയിൽ വച്ച് അയ്യാൾ ഉറങ്ങാൻ കിടന്നു. കിടന്നപാടെ അയാളുറക്കമായി.
പുറത്ത് ഇരുട്ടിൽ ജനങ്ങൾ ഉറക്കമില്ലാതെ ചൂട്ട് കത്തിച്ച് വരി വരിയായി നടന്നു നീങ്ങി. വടക്കെവിടെയോ പലചരക്ക് കടകൾ തല്ലിത്തകർത്തെന്നു പത്രത്തിൽ വന്നിരുന്നു. ഇവരുടെ കയ്യിലും ആയുധങ്ങളുണ്ട്. കണ്ണുകളിൽ നിരാശയും.