ആവതില്ല നിനക്ക് പൂക്കാത്തിരിക്കുവാൻ
പരിഭവം പൂണ്ട് നീ പൂക്കാതിരുന്നാലും
കാലം നിന്നിൽ പൂക്കും, നീപോലുമറിയാതെ.
ആവതില്ല നിനക്ക് പൂക്കാത്തിരിക്കുവാൻ.
നിൻ കാൽക്കൽ വീഴും ഒരോ പൂവിനും
ചുണ്ടിലേറും കരിവാളിപ്പുമായി
വീണ്ടുമൊരു പുനർജന്മത്തിനായ്…
ജനന മരണങ്ങൾക്കിടയിൽ പരിഭവം മറയായിനിന്ന്
ശേഷിച്ച ജീവിതം വിരഹമായി മാറുന്നു.
ഹേ പൂക്കാലമേ…
നീ വീണ്ടുമോർക്കുന്നു…
അണഞ്ഞുപോയ പൂവിനേയോർത്ത്…
രാകിച്ച സ്വർണ്ണകഠാരയും കൊണ്ട്
തെരുവിൽ അലയും നിന്നെയോർത്ത്…
നിലാവത്തഴിച്ചിട്ട പക്ഷിയെ പോലെ…
ഞാൻ ഓർക്കാതെയോർത്ത്
പൊഴിയും പൂക്കളെ നോക്കി പറയും
പൂക്കാതെനിക്കാവതില്ല;
വീണ്ടും
കാലം നിന്നിൽ പൂക്കുന്നു, നീ പോലുമറിയാതെ.
നിണമിറ്റു വീഴും വഴിത്താരയിൽ
ഓടിമറയുന്ന സ്നേഹവും, മനുഷ്യത്വവും.
കൊച്ചു പൈതലിൻ
മാറത്തുനഖമാഴ്ത്തി നിൽക്കുന്ന നിശ്ചല രൂപം
പൂക്കാതെ, ഒരിക്കലും പൂക്കിലെന്നുറച്ച്
നെരിപ്പോടുകളിൽ ജലമിറ്റ് വീണു.
വീണ്ടും തളിർക്കുന്നു…
ആവില്ല, നിനക്ക് പൂക്കാതിരിക്കുവാൻ