ഏതോ ഒരു തല

“ഞാനപ്പോഴേ പറഞ്ഞതല്ലേ ഫോട്ടോ വേണ്ടെന്ന്. നിനക്കായിരുന്നല്ലോ നിർബന്ധം.” മൂന്നാമത്തെ സിഗരറ്റുകുറ്റിക്കു സ്ഥലമില്ലാഞ്ഞ് ആഷ്ട്രേ നിറഞ്ഞു കവിഞ്ഞിരുന്നു.

“ഇപ്പൊ കുറ്റം എൻ്റേതായോ? നിങ്ങളോടാരെങ്കിലും പറഞ്ഞോ ഫോൺ കൊണ്ടുപോയി…” അവൾക്കു മുന്നിലിരുന്നു ബിയർഗ്ലാസ്സു വിയർത്തു.

“പിന്നെ കേടു വന്നാ നന്നാക്കണ്ടേ. കോൺടാക്ട്സ് ഒക്കെ അതിലാ.. ഒരു മിനിട്ടു മാറ്റിവച്ചാ നഷ്ടം ലക്ഷങ്ങളാ… അറിയോ ” നാലാമത്തെ സിഗരറ്റ് എരിയാൻ തുടങ്ങി.

“ലക്ഷങ്ങളു പോലും. എൻ്റെ മാനത്തിനു വിലയില്ലേ…”

“എൻ്റെ കൊച്ചേ.. അങ്ങനെ പറഞ്ഞോ ഞാൻ? ഞാനും പെട്ടുപോകില്ലേ..”

“നിങ്ങളെങ്ങനെ പെടാൻ.. ഞാൻ മാത്രമല്ലേ…”

“നിനക്കറിയില്ലേ എല്ലാം? ഗോസ്സിപ്പൊന്നും കേൾക്കാറില്ലെന്നു മാത്രം പറയരുത്. നിർമ്മാതാവും നടിയും തമ്മിൽ എന്തോ ഉണ്ടെന്നു സംസാരം തുടങ്ങിയിട്ടു നാളു കുറേയായി. ഇതും കൂടി ചേർത്തു പൂരിപ്പിക്കും എല്ലാവരും. അങ്ങനെ എന്തെങ്കിലും കേൾക്കേണ്ട താമസം അവളു പിള്ളേരെ വിളിച്ചു വീട്ടിൽ പോകും. അവൾടെ തന്തപ്പടി ഫിനാൻസിങ്ങു നിർത്തിയാൽ തീർന്നു. ഈ പടം മുടങ്ങും. പിന്നെ കെട്ടിത്തൂങ്ങാം രണ്ടാൾക്കും.”

“എന്തായാലും സംഗതി കൈവിട്ടുപോയി. ഫോൺ ഓഫ് ചെയ്തു വച്ചു. തുറന്നാൽ മൊത്തം അന്വേഷണങ്ങളാ – കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്. നാളെ എഫ് എമ്മില് ഇൻ്റർവ്യൂ ഉണ്ട്. ഇതിനെപ്പറ്റി ചോദിച്ചാൽ എന്തുപറയും.”

“അതും ഞാൻ പറഞ്ഞു തരണോ? ഫേക്കെന്നു പറ. “

” ശരി. അങ്ങനെ ചെയ്യാം. ” ബിയർ പ്രവർത്തിച്ചു തുടങ്ങിയതോടെ അവളുടെ സ്വരത്തിന് ഒരൽപം ലാഘവം വന്നതു പോലെ.


റേഡിയോ സ്റ്റേഷനിൽ നിന്നും തിരിച്ചുള്ള യാത്രയിലാണ് അവളുടെ ഫോൺ ശബ്ദിച്ചത്. അയാളായിരുന്നു.

“നീയെന്തിനാ ഇൻ്റർവ്യൂവില് അങ്ങനെ പറഞ്ഞത്?”

“എങ്ങനെ പറഞ്ഞത്?” ഡ്രൈവർ ശ്രദ്ധിക്കുന്നോണ്ടോയെന്ന് പാളിനോക്കിക്കൊണ്ടവൾ ചോദിച്ചു.

“അപകീർത്തിക്കേസു കൊടുക്കാൻ പോകുന്നു എന്നൊക്കെ..”

“അവനെന്നെ ചോദിച്ചു പെടുത്തിയതാണ്. അതെങ്കിലും പറയാതെ വിഷയം മാറ്റുന്നില്ലായിരുന്നു. “

“അതിപ്പൊ തലവേദനയായി. ഒരു സ്ത്രീ വിമോചന എൻ ജി ഓ വന്നിട്ടുണ്ട്. കേസ് കൊടുത്താൽ അവരു കക്ഷി ചേരാമെന്ന്.. ഫേക്ക് ഫോട്ടോസ് കാരണം അപകീർത്തിപ്പെടുന്ന കുറേ പെണ്ണുങ്ങളുണ്ടുപോലും…”

“കേസ് കൊടുക്കുന്നില്ലെന്നു പറഞ്ഞാൽ പോരേ..?”

“അതു ശരിയാകുമെന്നു തോന്നുന്നില്ല. ഇങ്ങനെ പബ്ലിക്കായി പറഞ്ഞ് പിന്നെ മാറ്റിപ്പറഞ്ഞാൽ നിൻ്റെ ഇമേജിനെ ബാധിക്കും.”

“തൽക്കാലം മിണ്ടാതിരിക്കാം. ഇതു പതുക്കെ തണുത്തോളും.”

കുറച്ചു നേരം മറുവശത്ത് മൗനമായിരുന്നു.

“ഹലോ..”

“തണുപ്പിക്കണ്ട.” അയാളുടെ ശബ്ദം കനത്തു.

“എന്ത്?”

“ഈ സംഭവം ഇങ്ങനെ ലൈവായിത്തന്നെ നിൽക്കട്ടെ. “

“എന്നിട്ട്…?” പതഞ്ഞു വന്ന അമർഷത്തൊടൊപ്പം തൻ്റെ ഒച്ചയും ഉയരാതിരിക്കാൻ അവൾ പാടുപെട്ടു. “അപ്പൊ ഞാനിനിയും നാണം കെടണമെന്നാണോ..?”

“ക്ഷമയോടെ കേൾക്ക്. ഇതു കാരണം പടത്തിനു കിട്ടിയ ഹൈപ്പ് ചില്ലറയല്ല. അഞ്ചുപൈസ മുടക്കില്ലാതെ സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നീയാണ്. കൂടെ ഈ പ്രോജക്റ്റും. ഒരു സിംപതി വേവ് ഉണ്ടായിട്ടുണ്ട്. അതു മുതലാക്കണം. “

“പക്ഷേ ഞാൻ..”

അവളെ മുഴുമിക്കാൻ അയാളനുവദിച്ചില്ല. “പറയുന്നതു കേൾക്ക്.. ഇതു ഞാൻ ഹാൻഡിൽ ചെയ്തോളാം. ചോദ്യങ്ങളിനിയും വരും, നീ നിൻ്റെ സ്റ്റാൻഡിൽ ഉറച്ചു നിന്നാൽ മാത്രം മതി..” സംഭാഷണം നിലച്ചു.


“തല വെട്ടിയൊട്ടിക്കുന്ന പണി നല്ല വെടിപ്പായി ചെയ്യുന്ന ഒരു എക്സ്പേർട്ടുണ്ട്. അവനെക്കൊണ്ട് നിൻ്റെ തലയ്ക്കു പകരം വേറെ ഏതോ ഒരു തല ആ ഫോട്ടോയിൽ ഒട്ടിപ്പിച്ചു. ഒറിജിനലാന്നേ തോന്നൂ. ഇനി അതാണു ഒറിജിനൽ.” പിറ്റേന്നു ഷൂട്ടിങ്ങിൻ്റെ ഇടവേളയിൽ അവളുടെ കാരവാനകത്തുവച്ചാണ് അയാളതു പറഞ്ഞത്.

“അതു കൊണ്ട് എന്തു പ്രയോജനം?”

“ഇനി സംഗതി ആകാശത്തൂന്നു പൊട്ടിവീണ പോലെ ഇൻ്റർനെറ്റിൽ പരക്കും. വൈറലാവും. അതും അവൻ ചെയ്തോളും. അല്ലെങ്കിലേ ഇത്രേം ഫേമസ് ആയ ഒരു നടിയുടെ ഇതു പോലൊരു പിക് ഒറിജിനലാന്ന് ഭൂരിഭാഗം ആളുകളും വിശ്വസിക്കില്ല. ഈ പുതിയ പടം കൂടി ഇറങ്ങുന്നതോടെ പഴയ പടത്തിനു പ്രസക്തിയില്ലാതാവും. “

“ഇതു വല്ലതും നടക്കുമോ?”

“നടത്തും. ഇനി വരാനുള്ള ഇൻ്റർവ്യൂകളില് നീയിതൊക്കെയൊന്നു പൊലിപ്പിച്ചു തന്നാൽ മതി.”


മൂന്നു മാസങ്ങൾക്കു ശേഷം..

ഒരു കാർ യാത്രയ്ക്കിടയിൽ…

“ഫോൺ ഓഫ് ചെയ്തു വയ്ക്കാം. ചെവി വേദനിച്ചു തുടങ്ങി. സിറ്റിയില് നാലു സെൻ്ററും ഹൗസ്ഫുള്ളാണെന്ന്. സ്ത്രീകളാണ് ഇടിച്ചു കയറുന്നത്. “

“ബാക്കിയെല്ലായിടത്തും എങ്ങനെയാ?”

“സൂപ്പർഹിറ്റ് ഉറപ്പാണു കൊച്ചേ. കണ്ടോ നമ്മുടെ വേറിട്ട മാർക്കറ്റിംഗിൻ്റെ ഗുണം. എല്ലാം ആ ഫോട്ടോ കാരണമാ..”

“പക്ഷേ ആ സ്ത്രീവിമോചന ഗ്രൂപ്പ് ഇപ്പോഴും പുറകെയുണ്ട്. കേസിനും വക്കാണത്തിനും പോകണോ..”

“ധൈര്യമായിട്ടു കേസു കൊട്. ഒരു നല്ല കാര്യത്തിനല്ലേന്ന്. വൃത്തികെട്ട ഫോട്ടോകളില് സെലിബ്രിറ്റികളുടെ തല വെട്ടി ഒട്ടിക്കുന്ന ഞരമ്പൻമാര് അനുഭവിക്കട്ടെ.”

റേഡിയോ പതിഞ്ഞ ശബ്ദത്തിൽ വാർത്തകൾ പറഞ്ഞുകൊണ്ടിരുന്നു. ഒരു പെൺകുട്ടിയെ ആത്മഹത്യയിലേക്കു നയിച്ചു എന്ന സംശയത്തിൽ മുൻകാമുകനെ പോലീസ് അറസ്റ്റു ചെയ്തെന്ന വാർത്തയായിരുന്നു അപ്പോൾ കേട്ടുകൊണ്ടിരുന്നത്. തൻ്റെ നഗ്നചിത്രം പ്രചരിച്ചതിൽ മനം നൊന്തായിരുന്നത്രേ ആ കുട്ടി ജീവനൊടുക്കിയത്. വിജയാഹ്ളാദങ്ങൾക്കിടയിൽ നടിയും നിർമ്മാതാവും എന്തായാലും അതൊന്നും ശ്രദ്ധിച്ചേയില്ല. അവർക്കെന്ത്? ഏതോ ഒരു പെൺകുട്ടി. ഏതോ ഒരു തല.

കൊച്ചി വിപ്രോയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി നോക്കുന്നു. പെരുമ്പാവൂർ സ്വദേശി. 'ദു:സ്വപ്നം പൂക്കുന്ന മരം' എന്നൊരു കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ആനുകാലികങ്ങളിൽ കഥകൾ എഴുതാറുണ്ട്.