ഏകാന്ത നിലവിളികൾ

തെരുവിന്റെ ഒഴിഞ്ഞ തിണ്ണകളിൽ
ഉപേക്ഷിക്കപ്പെട്ട ജന്മങ്ങൾ
വേഗതയെ നോക്കി അന്ധാളിച്ചിരിപ്പുണ്ട്.

ചൂട്, പൊടിക്കാറ്റ്,
വിലപേശലുകളുടെ ശബ്ദ താളങ്ങൾ…
എനിക്കൊരു വിലയിടാനാവാതെ ഞാനും,
കഴിഞ്ഞ കാലവും
ഈ തെരുവിലെ ഒരു പുതിയ ചിത്രമാണ്.

മരിച്ചുപോയവരുടെ ഉറ്റവർ ഉപേക്ഷിച്ച
ഒരു ജോഡി ചെരുപ്പ് കിട്ടി
പ്രായം ഊറ്റിക്കുടിച്ചു തുപ്പിയ
ശരീര വില്പനക്കാരിയെ പരിചയപ്പെട്ടു
മകളുടെ മരുന്നിനായി മാജിക്ക് കാണിച്ചു
ഉള്ളിൽ കരയുന്ന വൃദ്ധനെ ഒന്നു തൊട്ടു.

ഓരോ തെരുവും
എഴുതിത്തീർക്കാനാവാത്ത ഓരോ ലോകമാണ്,
മരുന്നില്ലാത്ത ചില രോഗങ്ങളുമാണ്
ആർക്കും ആരെയും
ഏതു നിമിഷത്തിലും
നഷ്ട്ടപ്പെടാവുന്ന,
ഇരയാക്കപ്പെടാവുന്ന
ഈ തെരുവിന്റെ ഏതു കോണിലാണ്
എനിക്കെന്നെ  ഉപേക്ഷിക്കാനാവുക.?

ഉപേക്ഷിക്കപ്പെട്ടവരുടെ
മൗനനിലവിളികളാൽ  
ഒന്നു ചതഞ്ഞമർന്നാൽ മതിയായിരുന്നു.
പക്ഷെ,
ഉപേക്ഷിക്കുന്നവരെ വിരഹിക്കാൻ വിടുന്ന,
മേൽവിലാസം ചോദിക്കാതെ
ഒരു തെരുവാക്കി മാറ്റുന്ന
മറ്റൊരു തെരുവാണ് ഓരോ മനസ്സും,
ഓരോ ജന്മവും.

എന്റെ ഉള്ളിലെ തെരുവിൽ നിന്ന്
പുറത്തുകടക്കാനാവാതെ
ഈ തെരുവിൽ നിൽക്കുമ്പോൾ
ഇനി ഏതു തെരുവിലേക്കാണ് ഞാൻ
എടുത്തെറിയപ്പെടുക.!

മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ജനനം. മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം. ഇപ്പോൾ കുവൈറ്റിൽ ഒരു മൾട്ടിനാഷണൽ ഓയിൽ കമ്പനിയിൽ ക്വാളിറ്റി അഷുറൻസ് എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. മലയാളത്തിന്റെ 130 പ്രണയ കഥകൾ എന്ന പുസ്തകത്തിന്റെ എഡിറ്ററാണ്.