എന്നും എഴുതി കഴിഞ്ഞാൽ
അക്ഷരങ്ങളെ നനച്ചുകൊണ്ടവൾ
കണ്ണീർ കണം പൊഴിക്കും.
മരിച്ചുവെന്ന് സ്വയം തീർപ്പ് കല്പിക്കും
ആത്മവിശ്വാസമില്ലാതെ വെന്ത് നീറും.
സങ്കടങ്ങൾ ഉള്ളിലേക്ക് വലിഞ്ഞ
വാക്കായ് മാറും…..!
പ്രിയമില്ലാത്തതിനെ പ്രണയിക്കും
പ്രിയമുള്ളവയെ മറവിയിലേക്ക്
കുഴിച്ച് മൂടും,
ഒരുവേള മഹാമൗനത്തിന്
കൂട്ടിരിക്കും.
ലോകം മുഴുവനും ഇരുട്ടാണെന്നും
വെളിച്ചമായ് തന്നിലേക്ക്
നിറയുന്നത് പ്രണയമാണെന്നും
തിരിച്ചറിയും.
തന്റെ പ്രണയം പങ്കുവെക്കുവാൻ
ഇതാ പ്രകൃതി നിറയെ
കാറ്റിനെ കോരിയെടുത്ത് ഉമ്മ-
വെക്കും,
മഞ്ഞിൻ കണങ്ങളെ ,
പുതപ്പിനുള്ളിലെ ചൂടിലേയ്ക്ക്
മാടിവിളിക്കും,
പൂമൊട്ടുകളെ ചുംബനം കൊണ്ട്
തട്ടിയുണർത്തും.
പൂത്തുമ്പികളെ, ശലഭങ്ങളെ,
കുഞ്ഞു കിളികളെ
തൊടിയിലെക്ക് വിളിച്ച് കിന്നാരം ചൊല്ലും.
ഉറക്കമില്ലാ രാവുകളിൽ, അവൾ –
ഇയ്യോബിനെ വായിക്കും.
അവസാനം ഉത്തമഗീതത്തിൽ
മണവാട്ടീയായ്‌തീരും…..
പിന്നെ എഴുതും, വീണ്ടും
ഒരുനിമിഷം ആനന്ദധാരയായ്
മറുനിമിഷം കണ്ണീർധാരയായ്….!
എല്ലാം സാധ്യമാണെന്നും,
ഭൂമിയിൽ അവളൊഴികെ
മറ്റെല്ലാവരും വാഴ്ത്തപ്പെട്ടവരാണെന്നും,
ജ്വലിച്ചുയർന്ന്
കത്തിച്ചാമ്പലായ്
ഒടുവിലവശേഷിക്കുന്ന
ഒരുപിടി ചാരമാണെന്നുമവൾ
വീണ്ടും വീണ്ടും പറയുന്നു.