
കവിയവൾ – സ്നേഹമുള്ളവൾ, ഞങ്ങളെ
എഴുതിക്കൊണ്ടേയിരിക്കുന്നു.
കവിയവൾ – ഭാഷയുള്ളവൾ,
അവരെഴുതിക്കൊണ്ടേയിരിക്കുന്നു.” (അവൾ )
കവിതകളുടെ വായന എന്നത് ഒരു അനുഭൂതിയാകുന്നത് വ്യത്യസ്ഥത സ്പര്‍ശിക്കുമ്പോഴാണ് . കവിതകളുടെ രൂപഭാവങ്ങളെ , പരമ്പരാഗതകളെ ഒക്കെ കീഴ്മേല്‍ മറിക്കുന്ന പരീക്ഷണങ്ങളുടെ കാലമാണിത് . അതിനാല്‍ത്തന്നെ കവിതകളെ സമീപിക്കുന്നവര്‍ അല്പം ശ്രദ്ധ വായനയില്‍ കൊടുത്തില്ലെങ്കില്‍ കവിത അവരെ ബലാല്‍ഭോഗം ചെയ്യുകയും മോഹാലസ്യത്തില്‍ അകപ്പെടുത്തുകയും ചെയ്യും. വികാരങ്ങളെ ജനിപ്പിക്കുക , അനുഭവിപ്പിക്കുക , ആനന്ദിപ്പിക്കുക ഇവയൊക്കെ കവിതകളുടെ സ്ഥായിയായ ധര്‍മ്മമായി കാണണം. അതിനാലാണ് കവിതകള്‍ വായിക്കുമ്പോള്‍ പലപ്പോഴും ആസ്വാദകര്‍ കവിയെ പ്രണയിക്കുകയോ കവിയുടെ ആരാധകര്‍ ആയി മാറുകയോ ഒക്കെ ചെയ്യുന്നത് . നിര്‍ഭാഗ്യവശാല്‍ അത്തരം കവികള്‍ ഇന്ന് വളരെ ദുര്‍ലഭമാണ്. നമുക്കിപ്പോഴും പാശ്ചാത്യരെ നോക്കി ഇരിക്കാനാണ് ആ കാര്യത്തില്‍ താത്പര്യവും അനുഭവവും. ഷെല്ലി കീത്ത് , ഇബ്സന് , നെരൂദ , സില്‍വിയ പ്ലാത് ,റൂമീ തുടങ്ങിയ കുറച്ചു ഐക്കണുകള്‍ അല്ലാതെ നമുക്ക് എന്താണ് കൂട്ട് . മലയാളത്തില്‍ മാധവിക്കുട്ടിയും ബാലചന്ദ്രന് ചുള്ളിക്കാടും ഇത്തരം പ്രണയവും ആരാധനയും ആവോളം ആസ്വദിക്കാന്‍ കഴിഞ്ഞവര്‍ ആണെന്നത് മറച്ചു വയ്ക്കുന്നില്ല. ഓണ്‍ലൈന്‍ കവികളിലേക്ക് വരികയാണെങ്കില്‍ അഥവാ സോഷ്യല്‍മീഡിയ കവികളിലേക്ക് വരികയാണെങ്കില്‍ ഇവിടെ കാട്ടിക്കൂട്ടലുകളുടെ അയ്യരുകളിയാണെന്ന് മാത്രം പറയാം. മുലയെന്നോ യോനിയെന്നോ ലിംഗമെന്നോ എഴുതുന്നവളും രതിയെ പറയുന്നവളും, അതുപോലെ രാഷ്ട്രീയമെഴുതുന്നവനും സ്ത്രീ വര്‍ണ്ണനയോ രതിയോ പ്രണയമോ എഴുതുന്നവനും മഹാകവികള്‍ എന്നു പറയുന്ന ഒരു സമൂഹമാണത്. നിമിഷ കവിതകള്‍ ആണ് ഇന്ന് സംഭവിക്കുന്നത് . ഒന്നു വായിച്ചു ഒന്നു കേട്ടു ഒന്നു ആസ്വദിച്ച് മറന്നു പോകാന്‍ വിധിക്കപ്പെട്ട കവിതകള്‍ . വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണു ഇതില്‍ നിന്നും രക്ഷപ്പെട്ടു പോകുക . അവരുടെ വരികള്‍ ചിലപ്പോള്‍ ചിലരെങ്കിലും ഓര്‍മ്മയില്‍ കരുതിവയ്ക്കുകയോ കുറിച്ചു വയ്ക്കുകയോ ചെയ്യാന്‍ തക്കവണ്ണം കാമ്പുള്ള , രസാവഹമായ സ്മരണകള്‍ ആകുന്നതിനാലാണത്.
കൂട്ടത്തില്‍ ഭേദപ്പെട്ടവയെ വായിക്കുക എന്നത് മാത്രമാണു കരണീയമായുള്ളത് . അതിനാല്‍ത്തന്നെ വ്യത്യസ്ഥമായ വായനകളെ ഓര്‍ത്തു വയ്ക്കേണ്ടതുണ്ട് . ഇത്രയും പറഞ്ഞത് നിഷാ നാരായണന്റെ നശാ എന്ന കവിത പുസ്തകത്തെ വായിച്ചത് അടയാളപ്പെടുത്താന്‍ വേണ്ടിയാണ്. സോഷ്യല്‍ മീഡിയകളില്‍ എഴുതുന്ന കവികളില്‍ അകത്തും പുറത്തും അറിയപ്പെടുന്ന ചുരുക്കം എഴുത്തുകാരില്‍ ഒരാള്‍ ആണ് നിഷാ നാരായണന്. അധ്യാപികയായ ഈ കവി , പൊതുവേദികളില്‍ ഒക്കെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടു അധികകാലമാകുന്നില്ല . പ്രസാധകര് ഇല്ലാതെ സ്വന്തം പുസ്തകം സ്വയം പ്രസിദ്ധീകരിച്ചുകൊണ്ടു ശ്രദ്ധാ കേന്ദ്രമായി മാറിയ ഒരാള്‍ കൂടിയാണ് നിഷാ നാരായണന്. നശാ എന്ന കവിത പുസ്തകത്തിലെ 21 കവിതകളെ സമീപിക്കുമ്പോള്‍ , നിഷാ നാരായണന് എന്ന കവിയുടെ വ്യാപ്തി മനസ്സിലാക്കാന്‍ എളുപ്പം സാധിക്കുന്നതാണ്. കാരണം നിഷയുടെ കവിതകള്‍ വായിക്കുമ്പോള്‍ ഇത് ഒരു മലയാളം കവിതയാണോ കവി മലയാളി തന്നെയാണോ ഇതൊരു ആംഗലേയ കവിതകളുടെ മൊഴിമാറ്റങ്ങള്‍ ആണോ എന്നൊക്കെ സംശയം തോന്നിപ്പിക്കുന്ന വിധത്തില്‍ കവിതയുടെ രൂപ ഭാവങ്ങളെ കാല ദേശങ്ങളെ ഭിന്നിപ്പിച്ചു കൊരുത്ത് വച്ചിരിക്കുന്നന്തായി കാണാം.
സാധാരണ നാം കാണുന്ന കവിതകളും, എഴുത്തുകാരും തങ്ങളുടെ ഭൂമികയില്‍ നിന്നുകൊണ്ടുള്ള ഉപമാലങ്കാരങ്ങളില്‍ വിരാജിക്കുക എന്നതാണല്ലോ. നിഷ ഇവിടെ തന്റെ പാദങ്ങൾ മാറ്റി സ്ഥാപിക്കുന്നു. ആഗോളതലത്തില്‍ ഒരു വിശാല കാഴ്ചപ്പാടും ചിന്തയും ആലേഖന രീതിയും നിഷ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത് പരന്ന വായനയുടെയും കാവ്യാഖ്യാന ശൈലി കരഗതമാക്കിയ അറിവിന്റെയും ഒരു തെളിവായി കാണാം. ചിലപ്പോഴൊക്കെ മാധവിക്കുട്ടിയെയും ചുള്ളിക്കാടിനെയും അനുസ്മരിപ്പിക്കുന്ന രചനാ വൈശിഷ്ട്യത്തോടെ നിഷ കവിതകള്‍ എഴുതുമ്പോൾ അത് വായനയെ ഒരു മിസ്റ്റിക് കാഴ്ചപ്പാടില്‍ ജ്വലിപ്പിക്കുന്നതായി കാണാന്‍ കഴിയും. ചിലപ്പോള്‍ ചുള്ളിക്കാടിന്റെ ഭൂതം ബാധിച്ചുവോ നിഷയെ എന്നു തോന്നിപ്പിക്കാതെയിരിക്കുന്നില്ല. പ്രണയമായാലും ജീവിതമായാലും രാഷ്ട്രീയമായാലും അതിനെ അവതരിപ്പിക്കുന്ന രീതിയാണ് ഓരോ എഴുത്തുകാരെയും വേറിട്ട ഒരു തലത്തിലേക്ക് ഉയര്‍ത്തുകയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നത്. നിഷയുടെ കവിതകളുടെ വായനകള്‍ ഒരിയ്ക്കലും ഒറ്റവായനയില്‍ നിന്നും ഉള്‍ക്കൊണ്ട് പോകാന്‍ കഴിയുന്നവ ആണെന്ന് കരുതുന്നില്ല. അതിനെ സമീപിക്കുമ്പോഴൊക്കെ ആദ്യവായനയില്‍ നിന്നും അകന്നു പോകുന്ന പുതിയ ചിന്തകളെ സൃഷ്ടിക്കാറുണ്ട് എന്നു കാണാം. ഇത് കവിതയിലെ മാജിക്കല്‍ റിയലിസം എന്ന സംഗതിയോട് ചേര്‍ത്തു വായിക്കാന്‍ ആണ് ഇഷ്ടം. ആ ഒരു കയ്യടക്കവും മാന്ത്രികതയും നിഷ തന്റെ കവിതകള്‍ക്കുളില്‍ സന്നിവേശിപ്പിച്ചു കാണുന്നു.
ഇരുത്തം വന്ന ചുരുക്കം കവികളേ ഇന്ന് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ കഴിയൂ. അവരിലെ ലിംഗ വ്യത്യാസം എടുത്തു പറഞ്ഞുകൊണ്ടു ഒരു ക്രോഡീകരണം എന്തായാലും നടത്താന്‍ ഉദ്ദേശിക്കുന്നില്ല . കാരണം കാലകാലങ്ങളായി പറഞ്ഞുവരുന്ന ഒരു സംഗതിയാണ് എഴുത്തിലെ ലിംഗ വിഭജനവും അതിലെ അസമത്വവും. ഇവയൊക്കെ പഴയ കാര്യങ്ങള്‍ ആയതിനാല്‍ ഇന്നത് ഒരു ചര്‍ച്ചാ വിഷയമായി കാണുന്നതില്‍ അര്‍ത്ഥമില്ല. ഇന്ന് കരസ്ഥമാക്കിയ ഇടങ്ങള്‍ , കഴിവിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഈ ലിംഗ വിഭജന ചര്‍ച്ചകള്‍ വെറും വാചോടോപങ്ങള്‍ മാത്രമാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ ആ ഭാഗത്തേക്ക് പോകുന്നില്ല. മലയാള സാഹിത്യത്തിന് അഭിമാനിക്കാവുന്ന ചുരുക്കം പുതുകാല എഴുത്തുകാര്‍ വളര്‍ന്ന് വരുന്നുണ്ട്. അവരെ അംഗീകരിക്കാന്‍ വായനക്കാര്‍ തയ്യാറായാല്‍ മതിയാകും. കോക്കസുകളില്‍ കുരുങ്ങിക്കിടന്ന് തുറന്നെഴുതുന്നവനും തുറന്നെഴുതുന്നവളും ആണ് കവി എന്നു വായ്പ്പാട്ട് പാടാതെ എഴുതുന്നതിലെ തുറന്നെഴുത്തുകള്‍ ആ വരികളെ എങ്ങനെ നിങ്ങൾക്ക് അനുഭവവേദ്യമാക്കുന്നു ,നിങ്ങളില്‍ വികാരങ്ങള്‍ ജനിപ്പിക്കുന്നു. എങ്ങനെ അവ സ്വീകരിക്കപ്പെടുന്നു എന്നു മനസ്സിലാക്കി , മാറ്റങ്ങളെ മനസ്സിലാക്കി അവയെ അംഗീകരിക്കുകയാണ് വേണ്ടത്. എഴുത്താളിയെ നോക്കാതെ എഴുത്തിനെ നോക്കി എന്നാണോ ആസ്വാദകര്‍ രചനകളെ വിലയിരുത്തുക അന്നേ ഈ പറയുന്ന അംഗീകാരങ്ങള്‍ ലഭിക്കുകയുള്ളൂ . അതിലേക്കു വായനക്കാരും വികാസം പ്രാപിക്കേണ്ടതുണ്ട് എന്നു മാത്രം,
നിഷയുടെ കവിതകള്‍ നല്ല വായനാസുഖം നല്കി എന്ന സന്തോഷം പങ്കിടുന്നു.
” പാൽക്കടൽത്തിര തള്ളിയേറി-
വരുന്ന പോലെ പദങ്ങളെൻ
നാവിലിങ്ങനെ നൃത്തമാണൊരു
ഭോഷ്ക് ചൊല്ലുകയല്ല ഞാൻ .” എന്ന വരികൾ അന്വർത്ഥമാക്കാൻ നിഷക്ക് കഴിയട്ടെ.
നശാ (കവിതകള്‍ )
നിഷാ നാരായണന്
പുസ്തക പ്രസാധക സംഘം
വില :100 രൂപ
