മഴപ്പെരുക്കങ്ങളിൽ
മിഴി കൊരുക്കാതിരിക്കുവാൻ
മരിച്ചുവെന്നാണോ ഞാൻ.
കുറുമ്പുകാലമൊന്നെന്നുളളിൽ
കുട നിവർത്തിടുമ്പോൾ
ഈയിടവഴി ദൂരമത്രയും
നിറഞ്ഞു കവിഞ്ഞ് മഴ .
ചിരിനുരകൾ തീർക്കുമ്പോഴും
മഴ കൂട്ടുന്ന കലമ്പലുകൾ
ചിതറിത്തെറിയ്ക്കാനാണ്,
ഉണ്ണിക്കാലുകൾ തേടിയാണ്.
എങ്ങുനിന്നോ കേൾക്കുന്നു
ഒരൊറ്റത്തവളയുടെ പ്രണയരാഗം
കാതോർക്കുന്ന മഴ
കൂടെ ഞാനും.
അരയാലിലകളിൽ
വിറച്ച് വിറച്ച്
ഊർന്നിറങ്ങുന്നു
വെളുത്ത മഴ .
ടാറിട്ട വഴി മിനുക്കി കറുപ്പിച്ച്
പറന്നകന്നു പോകുന്നു ,
പ്രാന്തൻ മഴ
ചിറകടിക്കാറ്റിനോട് ചിറികോട്ടി
ചാലിയോടം ചാടും പോലെ
മഴപ്പാച്ചിൽ .
ഇടയ്ക്കിടെ
പാച്ചുന്നാരുടെ വഴിക്കടയിൽ
എത്തിനോക്കുന്നു, മഴ .
എണ്ണയിൽ തുടുത്ത
രുചിക്കുടങ്ങളെ
തൊട്ടു തൊട്ടേ പോയ്
കൊതിയൻ മഴ.
കുഞ്ഞാപ്പയുടെ
ജവുളിക്കടയ്ക്കു മേൽ
വിതാനിച്ച തകരഷീറ്റിനു മേലെ
മഴയുടെ ഏറു പടക്കങ്ങൾ.
എത്താദൂരെ കണ്ണുംനട്ട്
മഴയോടു കിന്നരിക്കുന്ന
കരിമിഴിയാളിനുള്ളിൽ
കടമ്പിൻ പൂമഴ .
മഴയുടെ ദൃശ്യഭേദങ്ങൾ
ഇനിയുമെന്തൊക്കെയെന്നോർത്ത്
ഇരുണ്ട ഗോവണി കേറി
എന്റെ ചതുരത്തിലെത്തുമ്പോൾ
മഴത്തിമിർപ്പിൽ
കറന്റിൻ കണ്ണുപൊത്തിക്കളി .
മഴയിപ്പോഴെനിക്ക്
താരാട്ടുമഴ .
മഴയേറ്റങ്ങളിൽ
മയങ്ങിയുറങ്ങാതിരിക്കാൻ
മരിച്ചു പോയെന്നാണോ ഞാൻ.