ജനാല തുറന്നപ്പോൾ ഇളം കാറ്റ് മുഖത്തേക്ക് ആഞ്ഞുവീശി. ശബ്ദം കേട്ടിട്ടാകണം തെച്ചി ചെടിയിലിരുന്ന ചുണ്ട് കൂർത്ത രണ്ടു ചെറുകിളികൾ ദൂരേക്കു പറന്നു പോയി. ഇപ്പോൾ നെൽപ്പാടം നന്നായിട്ടു കാണാം. പാടത്തിന്റെ പച്ചപ്പ് കണ്ടപ്പോൾ തന്നെ മിഴികൾക്കും, മനസ്സിനും വല്ലാത്തൊരു കുളിർമ. അച്ഛന്റെ പഴയ ചാരു കസേര പൊടി തട്ടിയെടുത്തു, അതിൽ ചാരിയിരുന്നു. ഓർമ്മകൾ കടിഞ്ഞാണില്ലാത്ത എങ്ങോട്ടോ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
ദാമ്പത്യ ജീവിതത്തിലെ വിള്ളലുകൾ നാലുചുമരുകളും കടന്നു പുറത്തേക്കു ബഹിർമഗിച്ച കാലം. ഒരിക്കലും യോജിച്ചു പോവാത്ത സമാന്തര രേഖകളാണെന്ന സത്യം തിരിച്ചറിഞ്ഞത് മുതൽ ഗീതുവിന്റെ പിണങ്ങി പോക്ക് ഒരു തുടർക്കഥയായി മാറി. അതിനിടയിലെപ്പോഴോ ക്യാൻസറിന്റെ രൂപത്തിൽ മരണം അവളെ കൊണ്ടുപോയി. ഒരു പത്നിയുടെ സ്നേഹവും, ശ്രദ്ധയും ഒന്നും കിട്ടാത്തതിനാലാവാം ഗീതുവിന്റെ തിരോധാനം എന്നിൽ പ്രത്യകിച്ചൊരു ശൂന്യതയും ഉണ്ടാക്കിയില്ല. ഞാനപ്പോഴേക്കും ഒരു നിർവികാരനോ, നിസ്സംഗനോ ഒക്കെ ആയി മാറിയിരുന്നു. ഗീതു ഉണ്ടായിരുന്നപ്പോഴും മകൾ ഗായത്രിക്കു കൂടുതൽ അടുപ്പം അച്ഛച്ചനോടും, അച്ഛമ്മയോടും ആയിരുന്നതിനാൽ ഗായത്രിയിലും വലിയ വിഷമമൊന്നും ഞാൻ കണ്ടില്ല.
“പപ്പക്ക് ഈയ്യിടെ ആയിട്ട് ആലോചന ലേശം കൂടുതലാ… ആ ചായ അപ്പടി തണുത്തു പോയിക്കാണും. ങ്ങട്ട് തരൂ… ഞാൻ ചൂടാക്കി കൊണ്ട്വരാം”. മിഴികൾ തുറന്നപ്പോൾ മുന്നിൽ ഗായത്രി.
ചായക്കപ്പുമെടുത്തു അവൾ അടുക്കളയിലേക്കു പോയി. ഭൂതകാലസ്മരണകളുടെ വേലിയേറ്റത്തിനിടയിൽ അവൾ കൊണ്ടു വച്ച ചായ കുടിക്കാൻ മറന്നു പോയി. എത്ര പെട്ടെന്നാണ് ഗായത്രി വലുതായത്. അച്ഛച്ചനും, അച്ഛമ്മയും വളർത്തിയതിനാലാവാം പ്ലസ്ടുവിനു പഠിക്കുകയാണെങ്കിലും അതിലേറെ പക്വത അവൾ കാണിക്കുന്നുണ്ട്.
ചൂടാക്കിയ ചായ കയ്യിൽ തന്നിട്ട്, മുടി മാടിയൊതുക്കി അവൾ പുറത്തേക്കു നടന്നു. പെട്ടെന്ന് അവൾ പിൻതിരിഞ്ഞൊന്നു നോക്കി ഒരു കുസൃതി ചിരി ചിരിച്ചു. എന്റെ പഴയ ഒരു വിദ്യാർത്ഥിനി ആയിരുന്ന ഗായത്രിയും ഇതു പോലെ ചെയ്യാറുണ്ടായിരുന്നു. മകളുടെ ചില ചേഷ്ടാ വിശേഷങ്ങൾ ഗായത്രിയുടെ സ്മരണകൾ ബോധമണ്ഡലത്തിലേക്കു വീണ്ടും കൊണ്ടു വന്നു. മകൾക്ക് ആദ്യം തീരുമാനിച്ചുറപ്പിച്ച പേര് മാറ്റി ഗീതു തന്നെയാണ് ‘ഗായത്രി’ എന്നിട്ടത്. അങ്ങനെ മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ആ പേര് വീണ്ടും എന്നെ തേടിയെത്തി.
ചന്ദനത്തിന്റെ നിറമുള്ള, വിടർന്ന കണ്ണുകളോട് കൂടിയ ഒരു കൊച്ചു സുന്ദരിയായിരുന്നു അവൾ. ഇടയ്ക്കിടക്ക് സംശയങ്ങൾ ചോദിക്കുന്നത് കൊണ്ടു മാത്രം ഞാൻ അവളെ…. ഗായത്രിയെ.. ശ്രദ്ധിക്കാൻ തുടങ്ങി. ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിനി ആയിരുന്നു അവൾ.
പഠനം പൂർത്തിയാക്കിയ ഉടനെ തന്നെ കിട്ടിയ ഉദ്യോഗമായതിനാൽ തന്നെ വിദ്യാർത്ഥികളും, ഞാനും തമ്മിൽ വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നില്ല. കുട്ടികളോട് സൗഹാർദ്ദപരമായി പെരുമാറിയിരുന്നത് കൊണ്ടാവാം അവർക്കു എന്നോട് വലിയ കാര്യമായിരുന്നു. വിദ്യ പറഞ്ഞു കൊടുക്കുന്ന തൊഴിലിന്റെ മഹത്വം മറ്റേതൊരു തെഴിലിനേക്കാളും ഒരു പടി മുന്നിൽ തന്നെ ആണെന്നു വിശ്വസിച്ചിരുന്നത് കൊണ്ടും, അദ്ധ്യാപകവൃത്തിയുടെ മൂല്യം മനസ്സിലാക്കി പ്രവൃത്തിച്ചിരുന്നത് കൊണ്ടും “ഒരു മികച്ച അദ്ധ്യാപകൻ”എന്ന പരിവേഷം അധികം താമസിയാതെ തന്നെ എന്നെ തേടി വന്നിരുന്നു.
ഒരു ദിവസം ഗായത്രിയുടെ ക്ലാസ്സിൽ ഷേക്സ്പിയറിന്റ ‘ഒഥല്ലോ’ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. രണ്ടു മൂന്ന് വട്ടം മുന്നറിയിപ്പ് കൊടുത്തെങ്കിലും, ഫസ്റ്റ് ബെഞ്ചിൽ നിന്നുള്ള അടക്കം പറച്ചിലും, ചിരിയും ക്ലാസ്സിന്റെ സുഗമമായ നടത്തിപ്പിന് ഭംഗം വരുത്തിയതിനാൽ, ഗായത്രി ഉൾപ്പെടെയുള്ള നാല്വർസംഘത്തെ ക്ലാസ്സിൽ നിന്നും പുറത്താക്കേണ്ടി വന്നു. ക്ലാസ്സ് കഴിഞ്ഞപ്പോൾ സംഘം പേടിച്ചു വിരണ്ടു സ്റ്റാഫ്റൂമിൽ വന്നു ക്ഷമാപണം നടത്തിയെങ്കിലും ഞാൻ അത്ര പെട്ടെന്നു വിട്ടുകൊടുക്കാൻ തയ്യാറായില്ല.
“എന്റെ ക്ലാസ്സിൽ ശ്രദ്ധിക്കാതെ നിങ്ങൾ ഡിസ്ക്കസ്സ് ചെയ്തുകൊണ്ടിരുന്നത് എന്താണെന്നു പറഞ്ഞിട്ട് ഇനി ക്ലാസ്സിൽ കയറിയാൽ മതി”.എന്റെ രൗദ്ര ഭാവം കണ്ടിട്ടാകണം അതിലൊരാൾ പേടിച്ചു
“സർ ഈ ഗായത്രി ഓരോന്നും പറഞ്ഞിട്ടാണ് “.
ഞാൻ ഗായത്രിയെ രൂക്ഷമായി നോക്കി
“ഇത്ര ചിരിക്കാൻ വേണ്ടി ഗായത്രി എന്തു തമാശയാണ് പറഞ്ഞത് “?
അവളൊന്നു പരുങ്ങി, മുഖം കുനിച്ചു നിന്നു. ആകെ ഒരു നിശബ്ദത…
“കാര്യമെന്താണെന്നു പറഞ്ഞിട്ട് നിങ്ങൾ ക്ലാസ്സിൽ കയറിയാൽ മതി” എന്നു പറഞ്ഞു ഞാൻ തിരികെ നടക്കാൻ തുടങ്ങിയപ്പോൾ അതിലൊരാൾ..
“സർ ഞങ്ങളെ ക്ലാസ്സിൽ കയറാൻ അനുവദിക്കണം, സോറി സർ… ഈ ഗായത്രി സാറിനെ ഇഷ്ടമാണെന്നു പറഞ്ഞു. അതുകൊണ്ടാണ് സർ “. അവൾ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.
“അതിനെന്താ അദ്ധ്യാപകരെ വിദ്യാർത്ഥികൾ ഇഷ്ടപ്പെടുന്നത് സ്വാഭാവികമാണ്, അതിലെന്താണിത്ര ചിരിക്കാൻ ?” ഞാൻ ഗൗരവം വിടാതെ തന്നെ ചോദിച്ചു.
“അങ്ങനത്തെ ഇഷ്ടമല്ല സർ “.
“പിന്നെ?? !!”
എന്റെ ഭാവം കണ്ടിട്ടാകണം നാൽവർ സംഘം ഭയന്നു തലകുനിച്ചു നിന്നു.
പെട്ടെന്ന് സംയമനം വീണ്ടെടുത്ത് ഞാൻ പറഞ്ഞു, “മാതാപിതാ ഗുരു ദൈവം എന്നു പഠിച്ചിട്ടില്ലേ? വിദ്യ പകർന്നു തരുന്ന ഗുരുവിനെ കുറിച്ചാണോ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്? മഹാകഷ്ടം തന്നെ. ഇനി മേലാൽ ഇങ്ങനെ ഒരു സംസാരം ഉണ്ടാവാൻ പാടില്ല. മനസ്സിലായോ? ഫൈനൽ ഇയർ അല്ലേ, ആദ്യം പഠനത്തിൽ ശ്രദ്ധിക്കാൻ നോക്കൂ”. നാൽവരും തല താഴ്ത്തി ക്ഷമ ചോദിച്ചു നടന്നു പോയി.
മാസങ്ങൾ കടന്നു പോയി. നാൽവർ സംഘത്തെ കൊണ്ടു പിന്നീട് ഒരു ശല്യവും ഉണ്ടായില്ല,നല്ല മര്യാദയോട് കൂടിയാണ് ക്ലാസ്സിൽ ഇരിക്കുന്നത്. എങ്കിലും പ്രഥമാനുരാഗത്തിന്റെ തീഷ്ണത ഗായത്രിയുടെ മിഴികളിലും, ശോണിമ കവിൾത്തടങ്ങളിലും വിരാജിച്ചിരുന്നു. സ്റ്റാഫ്റൂമിന് മുന്നിലൂടെ ഇടക്കിടെയുള്ള നടത്തവും അവൾ പതിവാക്കിയിരുന്നു. എല്ലാം ഞാൻ കണ്ടില്ലെന്നു നടിച്ചു.
വാർഷിക പരീക്ഷ ഒക്കെ കഴിഞ്ഞു കലാലയം വീണ്ടും സജീവമായി. ഒരു ദിവസം കാറ്റാടി മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന കലാലയ ഇടവഴിയിലൂടെ നടന്നു നീങ്ങുമ്പോൾ പിറകിൽ നിന്നും “സർ “എന്നൊരു വിളി കേട്ടു, തിരിഞ്ഞു നോക്കിയപ്പോൾ പഴയ ആ നാൽവർ സംഘത്തിലെ രണ്ടുപേർ. വർദ്ധിച്ച ആഹ്ളാദത്തോടെ അവർ അടുത്തേക്ക് വന്നിട്ട് പറഞ്ഞു..
“സർ ഞങ്ങൾക്ക് പി. ജി ക്ക് ഇവിടെ അഡ്മിഷൻ ശരിയായി. ഗായത്രിയും ഉണ്ട്. ‘വിദ്യാർത്ഥി’ യിൽ നിന്നും സാറിന്റെ ‘സഹപ്രവർത്തക’ എന്ന ലേബൽ കിട്ടാൻ വേണ്ടി പി. ജി യും, യു. ജി. സിയും ഒക്കെ എടുത്തു ഗായത്രി ഇവിടെ തന്നെ വരുമെന്ന് പറയുന്നു”. ഒരു പൊട്ടിച്ചിരിയോടെ അവൾ പറഞ്ഞവസാനിപ്പിച്ചു. ഒരു തമാശ കേട്ടത് പോലെ ഞാനതു ചിരിച്ചു തള്ളി. പി. ജി ക്ലാസ്സ് എനിക്കില്ലാതിരുന്നത് വലിയ ഒരു അനുഗ്രഹമായി അപ്പോൾ തോന്നി.
ഓരോ തളിരിലകളിലും ഓർമ്മക്കുറിപ്പെഴുതി ഹേമന്ദം വന്നു. ക്രിസ്മസ് ആഘോഷ പരിപാടിയുടെ റിഹേഴ്സൽ കലാലയത്തിൽ നടന്നുകൊണ്ടിരിക്കുന്ന സമയം. വർണക്കടലാസുകൊണ്ടു മനോഹരമായി അലങ്കരിച്ച ഒരു പൊതിയുമായി ഗായത്രി എന്റടുക്കൽ വന്നു. ആ പൊതി എന്റെ നേരെ നീട്ടി “കുറച്ചു സ്വീറ്റ്സ് ആണ് സർ” എന്നു പറഞ്ഞു കയ്യിൽ വെച്ചു തന്നു. അവളുടെ വിരലുകൾ വല്ലാതെ തണുത്തിരുന്നു. എന്തോ പറയാൻ അവളുടെ അധരങ്ങൾ വെമ്പിയെങ്കിലും, റിഹേഴ്സൽ ചെയ്തു കൊണ്ടിരുന്ന കുറച്ചു കുട്ടികൾ അങ്ങോട്ട് വന്നതിനാൽ “ശരി സർ “എന്നു പറഞ്ഞു അവൾ പോയി. പോകുമ്പോൾ പെട്ടെന്ന് ഒന്നു തിരിഞ്ഞു നോക്കി കുസൃതിച്ചിരിയോടെ കയ്യ് വീശി കാണിക്കുകയും ചെയ്തു.
ആ പൊതിയിൽ നിറയെ ചോക്ലേറ്റ്സ് ആയിരുന്നു, കൂടെ ചെറിയ ഒരു കുറിപ്പും “remember me always” എന്ന്. ഒരു വിദ്യാർത്ഥിനി എന്നതിലുപരി ആ കുട്ടിയോട് പ്രത്യേകിച്ചൊരു വികാരവും എനിക്കു തോന്നാതിരുന്നത് കൊണ്ട് അതൊരു പ്രായത്തിന്റെ ചാപല്യമായി മാത്രം എടുത്തു.
ക്രിസ്മസ് അവധിയൊക്കെ കഴിഞ്ഞു ചെന്നപ്പോൾ, പുതുവർഷത്തെ സ്വീകരിക്കാൻ മനോഹരമായി അലങ്കരിച്ചു വച്ചിരിക്കുന്ന കലാലയ അങ്കണമാണ് കണ്ടത്. പക്ഷെ പുതുവർഷപ്പുലരിയുടെ ആഹ്ളാദമൊന്നും ആരുടേയും മുഖത്ത് കണ്ടില്ല. എല്ലാവരും അവിടവിടെയായി കൂട്ടം കൂടി ദുഃഖാർത്തരായി നിൽക്കുന്നു. അവരുടെ സംസാരത്തിൽ നിന്നും രാവിലെ ഉണ്ടായ ഒരു വാഹനാപകടത്തിൽ ഒരു കുട്ടി മരണപ്പെട്ടു എന്നു മനസ്സിലായി.
“ഫസ്റ്റ് ഇയർ എം. എ യിലെ ഗായത്രിയാണ്, ആ സ്പോട്ടിൽ തന്നെ ……. !”
ഒരു അശരീരി പോലെ ആ വാചകങ്ങൾ എവിടെനിന്നോ എന്റെ കാതിൽ വന്നലച്ചു. ഒരു നിമിഷം പെട്ടെന്നു ‘അതവളായിരിക്കല്ലേ ഈശ്വരാ’ എന്നു പ്രാർത്ഥിച്ചു. അപ്പോഴാണ് വരാന്തയിലൂടെ അവളുടെ കൂട്ടുകാരികൾ പൊട്ടിക്കരഞ്ഞു കൊണ്ടു പോകുന്നത് കണ്ടത്.
സ്റ്റാഫിനു വേണ്ടി വാഹനം അറേഞ്ച് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു ആരെക്കെയോ വന്നു വിളിച്ചു. അടുത്തുള്ള ഒരു ഫ്ലവർ ഷോപ്പിൽ നിന്നും പൂക്കളും, റീത്തും ഒക്കെ വാങ്ങിച്ചു പലരും വാഹനത്തിലേക്ക് കയറുന്നു. ഞാൻ കുറച്ചു പനിനീർപ്പൂക്കൾ മേടിച്ചു വാഹനത്തെ ലക്ഷ്യമാക്കി നടന്നു. പക്ഷെ പെട്ടെന്നൊരു ചിന്ത മനസ്സിലേക്ക് കടന്നു വന്നു. ജീവിച്ചിരിക്കുമ്പോൾ നൽകാത്ത പനിനീർ പുഷ്പങ്ങൾ ഇനി അവൾക്കെന്തിനാണ്? പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയിൽ ഞാനാ പനിനീർ പുഷ്പങ്ങൾ വഴിയരുകിൽ ഉപേക്ഷിച്ചു. വാഹനത്തിലിരുന്ന സഹപ്രവർത്തകരോട് “ഞാൻ വരുന്നില്ല, നിങ്ങൾ പൊയ്ക്കോളൂ “എന്നു പറഞ്ഞു ആരുടേയും മറുപടിക്ക് കാത്തുനിൽക്കാതെ സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു.
ദിവസദളങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒരു ദിവസം എം. എ ഫസ്റ്റ് ഇയർ ക്ലാസ്സിന്റെ അടുത്തു കൂടി പോയപ്പോൾ വെറുതെ ആ ക്ലാസ്സിലേക്കൊന്നു പാളി നോക്കി. ഡിഗ്രി ക്ലാസ്സിലേതു പോലെ ഫസ്റ്റ് ബെഞ്ചിൽ തന്നെയായിരുന്നോ അവളിരുന്നിരുന്നത്?. മുൻപ് അതിലൂടെ പോകുമ്പോൾ ആ ക്ലാസ്സിലേക്കേ നോക്കില്ലായിരുന്നു. ഒരു നോട്ടം കൊണ്ടു പോലും അവൾ തെറ്റിദ്ധരിക്കാൻ പാടില്ലെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. എന്തോ പറയാനാവാത്ത ഒരു വിങ്ങൽ മനസ്സിൽ നിറഞ്ഞു നിന്നു. കീറ്റ്സിന്റെ വരികൾ പോലെ “വിരിയാത്ത പനിനീർപ്പൂവിന്റെ സാഫല്യമടയാത്ത സ്വപ്നമായി” തീർന്നു അവളുടെ ജീവിതം.
ഋതുക്കൾ ഓരോന്നും വന്നുപോയിക്കൊണ്ടിരുന്നു. പിന്നീട് ആ കലാലയത്തിന്റെ ഓരോ മുക്കും മൂലയും വല്ലാതെ വീർപ്പുമുട്ടിച്ചപ്പോൾ ഡെപ്യുട്ടെഷനിൽ കൊൽക്കത്തയിലേക്ക് പോയി. രണ്ടു വർഷം അങ്ങനെ വംഗനാട്ടിൽ.
ഇതു വരെ കണ്ട ജീവിതം ഒന്നുമല്ലെന്ന സത്യം അവിടെ ഞാൻ തിരിച്ചറിഞ്ഞു. പല തലങ്ങളിലുള്ള ജീവിതം, പച്ചയായ മനുഷ്യർ, പശുക്കൾ തിന്നു ബാക്കി വെച്ച റൊട്ടി കഷ്ണങ്ങൾ പെറുക്കിയെടുത്തു വിശപ്പ് മാറ്റുന്ന ശൈശവങ്ങൾ, മുഖത്ത് ചമയങ്ങൾ പൂശി ആഡംബര കാറിൽ വന്നിറങ്ങി, റോഡിൽ മേയുന്ന പശുക്കൾക്ക് റൊട്ടിയും, പഴവും കൊടുത്തു അതിനെ വണങ്ങി പോകുന്ന കൊച്ചമ്മമാർ മുതൽ വിശപ്പ് മാറ്റാൻ വേണ്ടി മുഖത്ത് വില കുറഞ്ഞ ചായങ്ങൾ പൂശി റോഡിന്റെ ഓരം ചേർന്നു കസ്റ്റമേഴ്സിനെ ആകർഷിക്കാൻ പാടു പെടുന്ന ചില സ്ത്രീജന്മങ്ങൾ വരെ..! നഗ്നമായ ജീവിത യാഥാർഥ്യങ്ങൾ.
ഏകാന്തതയുടെ വിരസത അകറ്റാൻ ആരംഭിച്ച പ്രഭാത സവാരിക്കിടയിൽ സർക്കാർ ദാദാ, നിലോയ് ബസു, മൃണാളിനി ചാറ്റർജി തുടങ്ങി കുറേ നല്ല സൗഹൃദങ്ങൾ എനിക്ക് ലഭിച്ചു. ഒരേ വേവ് ലെങ്ങ്തിൽ ചിന്തിക്കുന്നവർ തമ്മിലുള്ള സൗഹൃദങ്ങൾ വർണനാതീതമാണല്ലോ.
എസ്പ്ലനേഡിൽ നിന്നും മെട്രോയിൽ ശോഭ ബസാർ ഇറങ്ങി അവിടെ നിന്നും ‘215 A’ ബസിൽ കയറി വേണം സാൾട്ട് ലേക്കിലെ എന്റെ ക്വാർട്ടേഴ്സിലെത്താൻ. ഒരുദിവസം ശോഭ ബസാറിൽ ബസ് കാത്തു നില്കുമ്പോളാണ് ഞാൻ അവളെ കണ്ടത്. മുഖത്ത് ആവശ്യത്തിലേറെ ചമയങ്ങൾ ഇട്ട, തിളങ്ങുന്ന ഏതോ വിലകുറഞ്ഞ സാരിയുടുത്ത ഒരു കൊച്ചു സുന്ദരി. ഏറിയാൽ ഒരു പത്തൊമ്പതോ, ഇരുപതോ പ്രായം തോന്നും. ഒറ്റനോട്ടത്തിൽ എന്റെ പഴയ വിദ്യാർത്ഥിനി ഗായത്രിയുടെ രൂപസാദൃശ്യമുള്ളതുകൊണ്ടു മാത്രം ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി.
ഋതുവിസ്മയത്തിന്റെ വർണ്ണകാഴ്ചകളൊരുക്കി പാതയോരത്തു നിന്നിരുന്ന ഗുൽമോഹറിന്റെ തണലിൽ ആരെയോ പ്രതീക്ഷിച്ചെന്ന മട്ടിൽ ‘അവൾ’ നിൽക്കുന്നു. സമീപത്തു കൂടി പോവുന്ന പുരുഷൻമാരെ നോക്കി അവൾ വശ്യമായി മന്ദഹസിക്കുന്നു. ചിലർ അവളുടെ അടുത്തു വന്നു ശബ്ദം താഴ്ത്തി എന്തെക്കെയോ സംസാരിക്കുന്നു, അവൾ പറ്റില്ല എന്നു തലയാട്ടുന്നു. എന്നിട്ടും പോരാൻ കൂട്ടാക്കാതെ നിന്നവരോട് അവൾ കയർക്കുന്നു. അവിടെ ഒരു ‘വിലപേശൽ ‘ആണ് നടക്കുന്നതെന്ന് എനിക്ക് മനസ്സിലായി.
“ദാദാ.. ഇതികേ ആഷൂൻ ” (ചേട്ടാ.. ഇങ്ങോട്ടു വന്നാലും). പെട്ടെന്നാണ് എനിക്ക് പോകേണ്ടുന്ന ബസ് വലിയൊരു ശബ്ദത്തോടെ മുന്നിൽ വന്നു നിർത്തിയത്. സ്ഥിരം കയറുന്ന ബസ് ആയതു കൊണ്ടു കിളി പരിചയ ഭാവത്തിൽ വിളിച്ചു.
ശോഭ ബസാറിൽ ബസ് കാത്തു നില്കുമ്പോളൊക്കെ ഗായത്രിയുടെ രൂപസാദൃശ്യമുള്ള ആ പെൺകുട്ടിയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. ചില ദിവസങ്ങളിൽ അവളവിടെ ഉണ്ടാവാറില്ല, ചിലപ്പോൾ ആരുടെയെങ്കിലും കൂടെ നടന്നു പോകുന്നത് കാണാം.
ഒരു ദിവസം ഞാൻ ബസ് കാത്തു നിൽക്കുമ്പോൾ വഴിയോരത്തെ ഒരു ദോശ കച്ചവടക്കാരൻ ആരോടോ കയർത്തു സംസാരിക്കുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ ആ പെൺകുട്ടിയോടു അയാൾ ക്രുദ്ധനായി പറയുന്നു , “ആഗെ ജിയാ ടകാ ദിദേ ആസ്ചെ ശെയ്ട്ടാ ദിയെ ദാബോ താർ പോർ തുമാർ ദോശ ദേബുൻ “. അപ്പോൾ വളരെ ദയനീയമായി അവൾ, “അമർ കാച്ചേ കൊനോ ടാകാ നഹിം, ദോ ദിനേ മോദ്ധ്യേ അമി പൂരുട്ടാ ദിയാ ദേബോ “. അവരുടെ സംഭാഷണത്തിൽ നിന്നും അവൾ അയാൾക്കു കൊടുത്തു തീർക്കാനുള്ള പണം മുഴുവനും കൊടുത്താലേ അവൾക്കു ഇനി ദോശ കൊടുക്കുകയുള്ളു എന്നാണ് അയാൾ പറയുന്നതെന്നു മനസ്സിലായി. തന്റെ കൈയ്യിലെ പണം എല്ലാം തീർന്നെന്നും, രണ്ടു ദിവസത്തിനുള്ളിൽ തന്നുതീർക്കാമെന്നും അവൾ കെഞ്ചി പറഞ്ഞിട്ടും അയാൾ കൊടുത്തില്ല. നന്നേ ക്ഷീണിതയായി തോന്നിയ അവൾ വേച്ചു വേച്ചു ആ ഗുൽമോഹർ മരച്ചുവട്ടിൽ പോയിരുന്നു.
കാറ്റിന്റെ ലാളനയേറ്റു കൊഴിഞ്ഞു വീഴുന്ന ചുവന്ന ഗുൽമോഹർ പൂക്കൾ അവൾക്കു ചുറ്റും ഒരു ചുവന്ന പരവതാനി വിരിച്ചു. അവളുടെ ദയനീയ ഭാവം എന്നിൽ ഗായത്രിയുടെ സ്മരണകൾ നിറച്ചു. “പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക” എന്നാണല്ലോ. മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും, അതനുസരിക്കാതെ മിഴികൾ വീണ്ടും ഗുൽമോഹറിന്റെ ചുവട്ടിലേക്ക് പോയി. പക്ഷെ അവൾ അവിടെ ഇല്ലായിരുന്നു. എന്തോ ഒരു ഉൾപ്രേരണയാൽ പെട്ടെന്ന് ഞാൻ അങ്ങോട്ടേക്ക് നടന്നു.
എന്നെ കണ്ടപ്പോൾ ഉടനെ ആ ദോശക്കാരൻ “യെ ഖൂബ് ഭാലൂ ഗരം മസാല ദോശ ആസ്ചെ…. ഐസേ ഖാൻ “(നല്ല ചൂട് മസാല ദോശ വന്നു കഴിക്കൂ..) എന്നു പറഞ്ഞു കൊണ്ടിരുന്നു. അയാളോട് എനിക്ക് അതിയായ ദേഷ്യം തോന്നി. ആ നടപ്പാത അവസാനിക്കുന്നിടത്തു ഉള്ളിലോട്ടായി ഒരു ഗള്ളിയാണ്. സൈക്കിൾ റിക്ഷകൾ അവിടവിടെ നിർത്തിയിട്ടിരിക്കുന്നു. പക്ഷെ അവൾ അവിടെയെങ്ങും ഇല്ല. ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അതാ അവൾ. റോഡിന്റെ ഓരത്തുള്ള പൈപ്പിൽ നിന്നും ആർത്തിയോടെ വെള്ളം കുടിക്കുന്നു.
ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു. എന്നെ കണ്ട ഉടനെ അവൾ ഒരു ക്ഷീണിച്ച പുഞ്ചിരി സമ്മാനിച്ചു. ഞാൻ പെട്ടെന്ന് പഴ്സിൽ തപ്പി, കയ്യിൽ തടഞ്ഞ അഞ്ഞൂറിന്റെ നോട്ട് അവളുടെ നേർക്ക് നീട്ടി. അവൾ അത്ഭുതത്തോടു കൂടി നോട്ടിനെയും, എന്നെയും മാറി മാറി നോക്കി
“തുമാർ നാം കി? “(നിന്റെ പേരെന്താ? ) ഞാൻ അവളോട് ചോദിച്ചു.
“ഗായത്രി ” അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു.
എനിക്കത്ഭുതം തോന്നി. ‘Remember me always ‘എന്ന ആ കുറിപ്പ് പെട്ടന്ന് എന്റെ മനസ്സിലേക്ക് ഓടി വന്നു.
അതെ.. ഗായത്രിമാർ എന്റെ ജീവിതത്തിലേക്ക് ചേക്കേറി കൊണ്ടിരിക്കുന്നു.
“ഖബർ ഖിനെ ഖാൻ” (ഭക്ഷണം വേടിച്ചു കഴിച്ചോളൂ) എന്നു പറഞ്ഞു പണം അവൾക്കു കൊടുത്തിട്ട് ഞാൻ തിരികെ നടന്നു.
“സർ അമി കോതായി ആസ്ബൂ? ” (സർ ഞാൻ എങ്ങോട്ടാണ് വരേണ്ടത്?) തിരിഞ്ഞു നോക്കിയപ്പോൾ അവൾ വേച്ചു വേച്ചു എന്റെ പിറകെ വരുന്നു.
ഞാൻ പെട്ടെന്ന് സ്തബ്ധനായി പോയി. അരിശത്തോടെ ഞാൻ അവളുടെ നേരെ കൈയ്യ് കൂപ്പിക്കൊണ്ട് പറഞ്ഞു, “തുമി കോതായോ ഗിയെ പേട് ഫോരെ ഖബർ ഖിയെ ജാ “(കുട്ടി.. നീ എവിടെ എങ്കിലും പോയി വയറു നിറച്ചു ഭക്ഷണം വാങ്ങി കഴിക്കൂ). അവളുടെ മിഴികൾ ഈറനണിഞ്ഞു. ഞാൻ പെട്ടെന്ന് തിരികെ നടന്നു. പിറകിൽ അവളുടെ ഇടറിയ സ്വരം എന്റെ കാതുകളിൽ വന്നലച്ചു
“സർ.. അപ്നി അമർ ഭഗവാൻ” (സർ താങ്കൾ എന്റെ ദൈവമാണ്) തിരിഞ്ഞു നോക്കാതെ നടന്നു.
ബസിൽ ഇരിക്കുമ്പോൾ അവളെ കുറിച്ച് തന്നെയായിരുന്നു ആലോചിച്ചു കൊണ്ടിരുന്നത്. ചിലപ്പോൾ ആദ്യമായിട്ടായിരിക്കും ഒരു പുരുഷൻ ഭക്ഷണം കഴിച്ചോളൂ എന്നു പറഞ്ഞു അവൾക്കു പണം കൊടുക്കുന്നത്. അവളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല സ്വന്തം ശരീരത്തിന് വിലയിടുന്ന പുരുഷന്മാരെയല്ലേ അവൾ ഇതുവരെയും കണ്ടിട്ടുണ്ടാവുക. വിശക്കുന്നവന്റെ മുമ്പിൽ അന്നത്തിന്റെ രൂപത്തില്ലല്ലേ ദൈവത്തിന് പ്രത്യക്ഷപ്പെടാൻ പറ്റുകയുള്ളു.
പിന്നീടവൾ എന്നെ കാണുമ്പോഴൊക്കെ “നമസ്തേ സർ “എന്നു പറഞ്ഞു കൈ കൂപ്പുമായിരുന്നു. ഒരിക്കൽ ഞാൻ ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ഗുൽമോഹറിന്റെ ചുവട്ടിൽ ക്ഷീണിതയായിട്ടിരിക്കുന്ന ഗായത്രിയെ കണ്ടു.
“തുമാർ ബാഡി കോതായി മാ? “(നിന്റെ വീടെവിടെയാണ് കുട്ടി? ) ഞാൻ ചോദിച്ചു. സൈക്കിൾ റിക്ഷകൾ നിർത്തിയിട്ടിരിക്കുന്ന ഗള്ളിയിലേക്കു അവൾ വിരൽ ചൂണ്ടി. അവളുടെ മുഖം വല്ലാതെ വിളറി വെളുത്തിരിക്കുന്നു. “ഭക്ഷണം ഒന്നും കഴിച്ചില്ലേ “എന്ന എന്റെ ചോദ്യത്തിന് അവൾ ‘ഇല്ല’എന്നു തലയാട്ടി. പോക്കറ്റിൽ പരതിയപ്പോൾ കിട്ടിയ നോട്ടുകൾ എല്ലാം എടുത്തു അവളുടെ കൈയ്യിൽ വെച്ചു കൊടുത്തു. എല്ലാം കൂടി ആയിരം രൂപയോളം വരുമായിരിക്കും. നിറഞ്ഞ മിഴികളോടെ അവൾ പറഞ്ഞു “സർ ആപ്നി അമാർ ഭഗവാൻ “. ഒരു കൊച്ചു കുട്ടിയോടെന്ന പോലെ അവളുടെ നെറുകയിൽ ഞാൻ മൃദുവായി തലോടി, പിന്നെ ബസിനെ ലക്ഷ്യമാക്കി നടന്നു.
പിന്നീട് കുറേ കാലത്തേക്ക് അവളെ കണ്ടതേ ഇല്ല. ചുവന്ന വർണ്ണപ്രഭ പൊഴിച്ചു കൊണ്ടു ഗുൽമോഹർ മാത്രം അവിടെ ഉണ്ടായിരുന്നു. ഇനി അവളെ കാണുമ്പോൾ ഈ തൊഴിൽ നിർത്തി, മാന്യമായ വേറെ ഏതെങ്കിലും തൊഴിൽ സ്വീകരിക്കാൻ പറയണമെന്ന് മനസ്സിൽ ഉറപ്പിച്ചു.
ഒരു ദിവസം ഗായത്രിയെ കാണുക എന്ന ലക്ഷ്യത്തോടെ തന്നെ സൈക്കിൾ റിക്ഷകൾ നിർത്തിയിട്ടിരിക്കുന്ന ഗള്ളിയിലൂടെ ഞാൻ വെറുതെ നടന്നു. പക്ഷെ അവളെ അവിടെയെങ്ങും കണ്ടില്ല. നിരാശനായി തിരികെ നടക്കുമ്പോൾ ആണത് കണ്ടത്. രണ്ടുപേർ ആരെയോ താങ്ങി സൈക്കിൾ റിക്ഷയിലേക്കു ഇരുത്തുന്നു. അതെ അതവൾ തന്നെ, ഗായത്രി. ഞാൻ ധൃതിയിൽ റിക്ഷയുടെ അടുത്തേക്ക് നടന്നു. എന്നെ കണ്ടയുടനെ അവൾ കൈകൾ കൂപ്പി വിറയാർന്ന ശബ്ദത്തിൽ അടുത്തിരുന്ന സ്ത്രീയോട് എന്തോ മൊഴിഞ്ഞു, തീരെ സുഖമില്ലാത്തതിനാൽ അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോവുകയാണെന്നു ആ സ്ത്രീ പറഞ്ഞു. പെട്ടെന്നു പേഴ്സിൽ നിന്നും ആയിരത്തിന്റെ രണ്ടു നോട്ടുകൾ എടുത്തു ഞാനവളുടെ കൈയിൽ വെച്ചു കൊടുത്തു. അവളുടെ വിരലുകൾ വല്ലാതെ തണുത്തിരുന്നു. സജല മിഴികളോടെ തളർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു “സർ ആസ്ച്ചീ “(സർ പോയിട്ട് വരാം ). റിക്ഷ കണ്ണിൽ നിന്നും മറയുന്നത് വരെ നിർന്നിമേഷനായി ഞാൻ നോക്കി നിന്നു.
ഇപ്പോൾ മൂന്നാഴ്ച്ചയിൽ കൂടുതലായി അവളെ കണ്ടിട്ട്. പലപ്പോഴും അവളുടെ വിളറി വെളുത്ത മുഖം എന്റെ നിദ്രക്ക് ഭംഗം വരുത്തികൊണ്ടിരുന്നു. ഒരു ദിവസം ഞാൻ വെറുതെ അവൾ സ്ഥിരം നിൽക്കാറുള്ള ഗുൽമോഹറിന്റെ ചുവട്ടിൽ പോയി നിന്നു. ഇളം തെന്നലിൽ ചുവന്ന പൂവിതളുകൾ എന്റെ ശിരസ്സിലേക്കു വന്നു വീണുകൊണ്ടിരുന്നു. ആ പഴയ മസാലദോശക്കാരൻ പരിചയ ഭാവത്തിൽ എന്നെനോക്കി ചിരിച്ചു. വഴിയോരത്തുകൂടി പോകുന്നവരെ അയാൾ ദോശ തിന്നാൻ ക്ഷണിക്കുന്നു. പെട്ടെന്നാണ് ഒരു സൈക്കിൾ റിക്ഷ എന്റെ മുൻപിൽ വന്നു നിന്നത്. റിക്ഷാക്കാരൻ എന്റെ അടുത്തേക്ക് വന്നു. ആ മുഖം പെട്ടെന്നെന്റെ ഓർമയിൽ വന്നു, അതെ, അന്നു ഗായത്രിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയ അതേ റിക്ഷാക്കാരൻ.
ഞാൻ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപായി അയാൾ പറഞ്ഞു
“സർ, വൊ മോരെഗെയ്ച്ചി, ന്യൂമോണിയ ഹോയെ ചിലം. സർ കെ നിയെ സബ് സമായ് കൊഥ ബോൽതോ “(അവൾ മരിച്ചു പോയി. ന്യൂമോണിയ ആയിരുന്നു. സാറിനെ കുറിച്ച് അവൾ എപ്പോഴും പറയുമായിരുന്നു)
കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ. അയാൾ പിന്നെയും എന്തെക്കെയോ പറഞ്ഞു. ഞാൻ ഒന്നും കേട്ടില്ല. ഗുൽമോഹർ അപ്പോഴും രക്തപുഷ്പങ്ങൾ പൊഴിച്ചുകൊണ്ടേയിരുന്നു.
*** ***
അറിയാതെ ഈറനണിഞ്ഞ മിഴികൾ ഞാൻ പതുക്കെ തുടച്ചു. നരച്ച ഇടതൂർന്ന താടി സാവധാനം തലോടിക്കൊണ്ടിരുന്നതിനിടയിലാണ് ഗായത്രിയും, കൂട്ടുകാരികളും കളി കഴിഞ്ഞ് പാടവരമ്പിലൂടെ നടന്നു വരുന്നത് ജനലഴികൾക്കിടയിലൂടെ കണ്ടത്. പെട്ടെന്നു ചായക്കപ്പ് കയ്യിലെടുത്തു, തണുത്ത് തുടങ്ങിയ ചായ കുടിച്ചിറക്കി.
ചിന്തകളിൽ ഗുൽമോഹർ മരങ്ങൾ അപ്പോഴും രക്തവർണാഭമായ ഇതളുകൾ പൊഴിച്ച് കൊണ്ടേയിരുന്നു. ഇത്രയും ഋതുക്കൾ ഉണ്ടായിട്ടും ഓരോ വേനലിലും ഇതളുകളിൽ പ്രണയം നിറച്ചു പൂക്കുന്നതെന്തേ എന്നു പരിഭവം പറഞ്ഞു വന്ന മഴയിൽ പൊഴിഞ്ഞുവീണു നിറം മങ്ങിയ ആ പൂക്കൾക്ക് പറയാൻ ഇനിയും ഒരു പാടു കഥകളുണ്ടാവാം.