എന്നിലെ ചുറ്റുപാടുകൾ

നീ ജനിച്ചപ്പോഴാണ്
ഞാനുണ്ടെന്നും
എന്നിലെ ചുറ്റുപാടുകൾക്ക്
ജീവനുണ്ടെന്നുമറിഞ്ഞത്

നീ വളർന്നപ്പോഴാണ്
ഞാനിനിയും വളർന്നില്ലെന്നും
എന്നിലെ ചുറ്റുപാടുകൾക്ക്
വളർത്താനുള്ള സൗകര്യമുണ്ടെന്നുമറിഞ്ഞത്

നീ തളർന്നപ്പോഴാണ്
ഞാൻ കിടപ്പിലാണെന്നും
എന്നിലെ ചുറ്റുപാടുകൾ
തളർത്താനുള്ള സൂചിമുനങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നുമറിഞ്ഞത്.

നീ സന്തോഷിച്ചപ്പോഴാണ്
ഞാൻ ഭാഗ്യവാനാണെന്നും
എന്നിലെ ചുറ്റുപാടുകൾക്ക്
സന്തോഷത്തിൻ്റെ പനിനീരലരുകളുണ്ടെന്നുമറിഞ്ഞത്.

നീ സങ്കടപ്പെടപ്പോഴാണ്
ഞാൻ സമുദ്രത്തിലാണെന്നും
എന്നിലെ ചുറ്റുപാടുകൾക്ക്
സങ്കടത്തിൻ്റെ ഉപ്പുപരലുകളുണ്ടെന്നുമറിഞ്ഞത്.

നീ വീണപ്പോഴാണ്
ഞാൻ അഗാധഗർത്തത്തിലാണെന്നും
എന്നിലെ ചുറ്റുപാടുകൾക്ക്
വീഴ്ത്തുന്നവരുടെ മുഖമാണെന്നുമറിഞ്ഞത്.

നീ പറന്നപ്പോഴാണ്
ഞാൻ ആകാശത്തിലെ നക്ഷത്രമാണെന്നും
എന്നിലെ ചുറ്റുപാടുകൾക്ക്
പറക്കലിൻ്റെ വിസ്തൃതിയുണ്ടെന്നുമറിഞ്ഞത്.

നീ മരിച്ചപ്പോഴാണ്
ഞാൻ പതാളത്തിലാണെന്നും
എന്നിലെ ചുറ്റുപാടുകൾക്ക്
മരണത്തിൻ്റെ ശൂന്യതയുണ്ടെന്നുമറിഞ്ഞത്.

തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.