1. വാകകൾ
വേനലാളിപ്പടരുന്ന
നേരത്ത്
വ്യോമമാകെ
നിറയുന്നു
വാകകൾ
നന്മ പൂത്തിരി
കത്തിച്ച പൂവുകൾ
കൺകുളിർക്കേ
വിരിച്ചിട്ടു പാതകൾ.
2. പ്രണയം
വേഗത്തിന്റെ വേദന
തിമിരത്തിന്റെ തീവ്രത
വിട്ടയച്ച പ്രണയം
കെട്ടഴിച്ച പ്രളയം
അഴിയാത്ത കുരുക്ക്
ഇളകാത്ത കരുത്ത്
തീ പിടിച്ച കുന്ന്
പേ പിടിച്ച തീ
തളയ്ക്കുവാൻ പോയ കാറ്റ്
കൊടുങ്കാറ്റിനെ അഴിച്ചിടുന്നു.
3. അസാധ്യം
വെള്ളിമേഘങ്ങൾ
നീന്തുന്ന പാടത്ത്
കൊണ്ടുപോകുകയാണ്
കിനാവുകൾ
കുമ്പ വീർപ്പിച്ചുവരുമവ
ചന്ദനപ്പൊട്ടുതൊട്ടു
കുളിർത്തുള്ള
സന്ധ്യയിൽ
മുല്ലപൂത്തുനിറയുന്ന
രാത്രിയിൽ
മുങ്ങിമുങ്ങി കുളിക്കും
നിലാവുകൾ
പൂവിറുക്കുവാനാകാതെ
ഞാൻ
ജാലകപ്പാളി
പറ്റിപ്പിടിച്ചിരിക്കുന്നു.
4. ചന്ത
വിട്ടുപോകുന്നു ചന്ത
വിറ്റുതീരാതെയാളുകൾ.
5. നിർവൃതി
ഇന്നലെ ഉടഞ്ഞ
രക്തത്തിൽ
ഇന്നെനിക്ക്
6. ഒരു ദിനംകൂടി
ഒരുദിനം കൂടി
ഒന്നും
മിണ്ടുവാനാവാതനങ്ങാതെ
ചെങ്കനലാളിപ്പടർന്നുകെട്ടു.
–
7. അരിഞ്ഞെടുത്ത പൂക്കളുടെ തല
കൊത്തിയുടച്ചു
കരിച്ചുകളഞ്ഞെൻ
നെഞ്ചിലെ നോവിൽ
നീറിയെരിഞ്ഞു
വിടർന്നൊരു പൂവ്
പകലിൽ വെയിലിൻ
ചൂരൽ വീശലിൽ പൊള്ളിയുണർന്നൊരു
കനവ്
കൊത്തിയരിഞ്ഞു
ചവിട്ടിയരച്ചുകളഞ്ഞൊരു
പൂത്തറ
വാളിൻ വക്കിൽ പറ്റിയ ചോരത്തുള്ളികൾ
നക്കിയെടുക്കും
ഇരുളിൻ നാവ്.
8. മഴവിൽപ്പൊട്ടുകൾ
മഴ നീർത്തുവിരിച്ചിട്ടു
പച്ചപ്പുൽ
പരവതാനികൾ
ഇളവെയിൽ
പിച്ചവെയ്ക്കുന്നു
അതിനൊപ്പം
വയൽക്കിളി
നിറയെ പൂവ് ചൂടി
കാറ്റ് മെല്ലെ
നടന്നുപോയി.
ആൽത്തറയിൽ
ഞാൻ മാത്രം
മഴവിൽപ്പൊട്ടെടുക്കുവാൻ.