അച്ഛനുള്ളപ്പോൾ
ഇടയ്ക്ക്
ഞാൻ
അമ്മയോട്
വഴക്കിടുമായിരുന്നു.
അച്ഛനില്ല
അമ്മയ്ക്ക് വേണ്ടി
എന്നെ ശാസിക്കുവാൻ
ഇപ്പോൾ ഞാൻ
എന്നോട് തന്നെ
വഴക്കിടുന്നു
അന്തരാ
കാതോർക്കുന്നു
ഒരു ശാസനാസ്വരം.
അച്ഛനുള്ളപ്പോൾ
അച്ഛനോട് വഴക്കിട്ട്
അമ്മ
വേറെ മുറിയിൽ
ഉറങ്ങി
വാശിയിൽ,
വയ്യാത്ത സമയത്തും
ഒരുമിച്ച് പോയില്ല
ഇപ്പോൾ അമ്മ
അച്ഛന്റെ മുറിയിൽ
ഉറങ്ങുന്നു
അവിടെ
അച്ഛൻ
തനിച്ചാണെന്ന്
അച്ഛൻ
ഉറക്കിയിരുന്ന
എന്റെ മകൾ
ഉറക്കത്തിലിടയ്ക്ക്,
ഞെട്ടിയെണീക്കുന്നു
അച്ഛച്ഛൻ
വന്നുമ്മവെച്ചെന്ന്.
കുഞ്ഞു കവിളിൽ
ഒറ്റ സ്പർശപ്പൂ
വിരിയിച്ച
സ്വപ്നത്തണുവിരൽ
കാറ്റല്ലയെന്നൊ…
അച്ഛനുള്ളപ്പോൾ
എന്റെ
കുഞ്ഞു മകൻ
എപ്പോഴും
അച്ഛന്റെ കൂടെ
അവൻ അച്ഛന്റെ
കണ്ണടയെടുത്ത്
സ്വകാര്യമായ്
സൂക്ഷിച്ചു വെച്ചിട്ടുണ്ട്,
കാണാതെ പോയ
അച്ഛച്ഛനെ
കണ്ണട വെച്ച്
തിരയുവാനെന്ന്.
സ്വച്ഛനിർഭരാനന്ദം
ഒരു
മഹാനിമിഷദൂരത്ത്
കുഞ്ഞിക്കണ്ണ്
തിരഞ്ഞ്
തിരഞ്ഞവൻ
കണ്ടെടുത്തെങ്കിലൊ
ഉയിർപ്പകർച്ചയിൽ.
അച്ഛന്റെ
വിരൽ പിടിച്ച്
കടൽ
കണ്ടതോർക്കുന്നു,
അച്ഛൻ
കടലിലേക്കിറങ്ങിയപ്പോൾ
കൈപിടിച്ച്
വലിച്ചു ഞാൻ
അച്ഛനെ
കടലെടുത്താലൊ,
നിമജ്ജനത്തിന്
അച്ഛനെ
കടലെടുക്കുമ്പോൾ
അച്ഛന്റെ
വിരൽ പിടിച്ച്
ഞാൻ കണ്ട കടൽ
അളവറിയാത്ത
ആഴത്തിലെന്നിൽ.
ഞാനറിയുന്നു
ഞാൻ
മുങ്ങി നിവരുമീ
കടൽപോലെയച്ഛൻ.
അതീവ ശാന്തം
അനുക്ഷണം
കഠിനഭ്രമണ
ചുഴികളുൾചൂഴ്ന്ന്
അത്യഗാധവ്യഥാ
വിസ്തരം
മഴ വെയിൽ
മഞ്ഞ് കാറ്റ്
അന്തി പുലരി
രാത്രികൾ പകലുകൾ
ഏറ്റമേറ്റുമരച്ചും,
കിതച്ചും, തപിച്ചും,
ഗാഢലവണാഭരം
ദുരിതജീവിതലയ
ത്വരിത
ജ്വലനാവർത്തനം.
അതിക്ഷുബ്ധ
മൊരുതരി
കടൽപോലെ
യങ്ങനെയങ്ങന
അച്ഛൻ
നിശ്ശബ്ദം,
നിരന്തരം,
നിരാമയം.
തുടർപ്പാണാ
ഉൾക്കടലെന്നിലും.