
രാത്രികാല തൊഴിൽ തീർത്ത്
പുലർച്ചെ മടങ്ങുമ്പോൾ
ഇന്നാട്ടുകാരനായ
സുഹൃത്തിൻ്റെ സന്ദേശം മെസഞ്ചറിൽ
‘തണുപ്പിൻ്റെ കൊടുമയാണ്.
പക്ഷേ പ്രതീക്ഷ വെടിയരുത്,
വസന്തം ഇങ്ങടുത്തെത്തിയിരിക്കുന്നു’
ജോലിക്ഷീണം കാരണം
മറുപടിയൊന്നും നൽകിയില്ല
പകലുറക്കം കഴിച്ച്
വൈകുന്നതിന് മുൻപ്
ജോലിക്ക് പോകാനിറങ്ങിയപ്പോൾ
മഞ്ഞ് പെയ്തു കൊണ്ടേയിരിക്കുന്നു
മഞ്ഞിൽ മൂടി മുഴുവൻ പ്രദേശവും.
കെട്ടിടങ്ങൾ, അവയുടെ പടിക്കെട്ടുകൾ,
റോഡുകളും വഴികളും,
ചെടികളും മരങ്ങളും..
ശൈത്യത്തിൽ
ഉണങ്ങിയ വൃക്ഷങ്ങളുടെ
ശിഖരങ്ങളെ അവയുടെ അന്ത്യകാലത്ത്
പൊതിഞ്ഞുചേർത്ത്
കുളിർപ്പിക്കുന്ന മഞ്ഞ്
പുറം മുതൽ ഉള്ളുവരെ
തണുപ്പിൽ അലിയുമ്പോഴും
ചുറ്റും വ്യാപിച്ചു കിടക്കുന്ന മഞ്ഞ്
വിശുദ്ധിയുടെ
അഭൗമമായ ഒരു മാസ്മരികത സൃഷ്ടിക്കുന്നു
നിൻ്റെ മാറിടങ്ങൾ
ദർശിക്കുമ്പോളെന്ന പോലെ പ്രിയേ,
മനസ്സും ശരീരവും വിമലീകരിക്കുന്ന
ഒരാത്മീയ അനുഭവമായി
അത് എന്നെ ഉയർത്തുന്നു








