ഉയിരിന്റെ മറുപാതി

ശവമാടത്തിൽ അർപ്പിക്കപ്പെട്ട
റോസാപ്പൂക്കളെ പറ്റി
ആലോചിക്കുകയായിരുന്നു.

ഉടലിനെ ഉയിരോടെ
കുഴിച്ചുമൂടി കോൺക്രീറ്റ്
പാകുന്നത്ര ക്രൂരത
വേറെയില്ല

ആരും ശവങ്ങളായി
ശവമാടത്തിലേക്കെടുക്കപെടുന്നില്ല.
ഉയിരിനൊപ്പം
ഓർമ്മകൾ കൂടി മാഞ്ഞു പോകുന്നില്ലല്ലോ.
ഓർമ്മകൾ
ഉയിരിന്റെ മറുപാതിയാണ്.

ശവമാടം, പാതി മുറിഞ്ഞ
ഗസലിന്റെ ഈണമാണ്.
അതറിഞ്ഞ നേരം മുതൽ
റോസാപ്പൂക്കൾക്ക്
ജീവൻ തുടിക്കുന്ന പോലെ?

കണ്ണുനിറഞ്ഞ് ആരോ
റോസാപ്പൂക്കളുമായി ശവമാടങ്ങൾ
സന്ദർശിക്കുന്നു

റോസാപ്പൂവിൽ ഹൃദയം ഒളിച്ചു കടത്താൻ
കഴിയുമോ?
കഴിയുമെന്ന്
ഇതളുകളിലെ നനവ്.

റോസാപ്പൂക്കളും ശവമാടവും
തമ്മിൽ പറഞ്ഞ കഥകളൊക്കെയും
എന്തിനെപ്പറ്റിയായിരുന്നിരിക്കും?
അവയൊക്കെയും എപ്പോഴൊക്കെയോ
തമ്മിൽ പറയാൻ വിട്ടു പോയതിന്റെ
കൂട്ടിച്ചേർക്കലുകളായിരുന്നിരിക്കണം.

അന്നത്തെ
ഇമോജികളുടെ കുഞ്ഞുദൂരം പോലും
ഇപ്പോൾ നാഴികകളായി
തോന്നുന്നു.
മൃതിയടഞ്ഞ കിനാക്കൾക്കെല്ലാം
ഇപ്പോൾ ഒരേ രൂപമാണ്
റോസാപ്പൂ.

ശവമാടത്തിലെ റോസാപ്പൂക്കൾക്കെല്ലാം
വിഷാദരോഗമാണെന്ന തെറ്റിദ്ധാരണ
മാറ്റാൻ വലിയ പ്രയാസമില്ല.
കോൺക്രീറ്റ് പാളിയോട് ചേർന്ന്
ഇതളുകൾ കോർത്ത്
ആ കുഞ്ഞു പൂക്കൾ,
സ്നേഹിക്കുകയാണ്.

ശവമാടങ്ങൾ ജീവനറ്റവയല്ല,
ജീവൻ തുടിക്കുന്ന റോസാപ്പൂക്കളുടെ
വിശ്രമ കേന്ദ്രമാണ്.

കണ്ണൂർ ജില്ലയിലെ ഇരിട്ടി കുന്നോത്ത് സ്വദേശി. ഒന്നാം വർഷ ബി. എ മലയാളം വിദ്യാർത്ഥി ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി